Subhakshitha Sakalangal

സുഭാഷിത ശകലങ്ങൾ


റയുന്നു ‘വിജ്ഞാനി’; ഹൃദയത്തിൽ പതിയേണ്ട 

കുറവുറ്റ സത്യങ്ങൾ ശ്രദ്ധിച്ചാലും. 

അവയെല്ലാമധരങ്ങൾ വഴിയായിട്ടെമ്പാടും 

പ്രവഹിച്ചാലുളവാകും ശുഭസാകല്യം 

 

വിപണിക്കു വിജ്ഞാനവില്പനസാദ്ധ്യമ-

ല്ലപശങ്കമോതിടാമെന്നിരിക്കെ

ഒരു ഭോഷൻ ധനമേറെയാർജ്ജിച്ചു വച്ചാലും 

നരകീടം ധനവാനാം വിഡ്ഢിതന്നെ.

 

അറിയേണം വിജ്ഞാനലവമേറെ ശ്രേഷ്ഠമാ- 

ണറമുറ്റിക്കവിയുന്ന കനകത്തേക്കാൾ

വിലയേറി പ്രഭചിന്നും മണിമാല്യത്തെക്കാളും 

തുലയറ്റ വിജ്ഞാനം ശോഭിക്കുന്നു.

 

അധരം വിട്ടുതിരുന്ന ഹിതവാക്യം ഹൃദയത്ത 

മധുരിപ്പിച്ചീടുന്ന മധുകോശംപോൽ 

പതമായിപ്പരിഷത്തിൽ സംസാരിച്ചീടുന്നോൻ 

ഹിതകാരി സകലർക്കും സഹജൻ തന്നെ. 

 

ഉഴലുന്ന നിധനന്റെ വിളിയിന്നു വകവയ്ക്കാൻ 

കഴിയാത്ത മുതലാളി കരയും നാളെ 

അനുഭൂതിയതുതന്നേയവനും; തൻ വിളികേൾക്കാ-

നനുകമ്പാകുലരാരുമുണ്ടാകില്ല.

 

കലഹിച്ചു മുഖമേറ്റം വഷളാക്കി നല്കുന്ന 

വലുതായ സൽക്കാരനികരത്തേക്കാൾ

ഒരു നല്ലവാക്കോടേയൊരുനുള്ളു വറ്റുമി-

ട്ടുരിവെള്ളമർത്ഥിക്കു നിറവേകുന്നു.

 

കുളിരോർത്തു വയലിൽ പോയി പണിയാത്ത മടയന്മാർ 

വിളവിന്റെ കാലത്തു യാചിച്ചീടും.

സുലഭമായ് വരികില്ല യാതൊന്നും, പശിയാലേ 

വലയായ്‌വാൻ വഴിയൊന്നും ദൃശ്യമാകാ.

 

സമരത്തിൽ മുന്നേറിക്കൊടിനാട്ടുന്നവനെക്കാൾ 

ക്ഷമയുള്ളോൻ വിജിതാത്മാവധികം മാന്യൻ. 

ക്ഷമയാലേയറിയേണം മനുജന്റെ വിജ്ഞാനം 

ക്ഷമയല്ലോ സവിശേഷഭൂഷയാർക്കും. 

 

ഒരുനൂറു താഡനം വിഡ്ഢിക്കു ഫലമാ-

ണൊരു വാക്കു മതിമാനു മതി; യെന്നാലും 

വടികൊണ്ടു ശിക്ഷിക്കാം കൗമാരപ്രായത്തി-

ലടികൊണ്ടു ബാലന്മാർ മൃതരാകില്ല.

 

‘അഹ’മെന്നുള്ളൊരു ഭാവം നാശത്തിന്റെ സ്രഷ്ടാവായ്

വിഹരിക്കും കലഹത്തിൻ നേതാവായി.

അഹിതങ്ങൾ നിശ്ശേഷമകലത്തുമാറ്റീട്ടു

മഹിമയ്ക്കു വഴികാട്ടും വിനയശീലം. 

 

                                                                      (ക്രൈസ്തവകാഹളം, ആഗസ്റ്റ്, 1969)