Sookthimalyam

സൂക്തിമാല്യം


നിസ്സാരമായ് കരുതൊലാ ഭൂവിധൂളിയേയും

നിസ്സംശയം സകലതും വിലയുള്ളതത്ര. 

കുത്സാർഹമെന്നു കരുതുന്നവയെച്ചിലപ്പോൾ

സത്സാരവേദികൾ നമിപ്പതു കണ്ടിടും നാം

കീടം വമിപ്പൊരു വിസർജനവസ്തുവാലേ

മോടിപ്പകിട്ടൊടു ചമച്ചൊരു പട്ടുവസ്ത്രo

കൂടും പ്രിയത്തോടു തികഞ്ഞ വിലയ്ക്കുവാങ്ങി-

ക്കോടീശ്വരപ്രമുഖരാകെയണഞ്ഞിടുന്നു.

കണ്ടാൽ ചിലന്തി ചെറുതെങ്കിലുമെത്ര ഭംഗി-

ക്കുണ്ടാക്കിടുന്നു വലിയാവിധമൊന്നുതീർക്കാൻ

കാണ്ടാമൃഗം,മദഗജം മുതലായവറ്റെ-

ക്കൊണ്ടാവതോ? ചെറിയ ജീവിയഗണ്യനെന്നോ?

വാനത്തുയർന്നു വിലസും ഗരുഡൻ നിനച്ചാൽ

തേനീച്ചചെയ്യുമൊരു ജോലിയസാദ്ധ്യമല്ലോ.

മാനിപ്പതിന്നുമടികാട്ടരുതൊന്നിനേയും

സ്ഥാനത്തുതക്കവിലയേതിനുമുണ്ടു നൂനം.

ഏണാങ്കബിംബമതുവാനിലുയർന്നു തെല്ലും

ക്ഷീണംവിനാ വിലസിടും സമയത്തുപോലും 

ചേണാർന്ന ദീപ്തിയറ തന്നകമേ ശരിക്കു

കാണിപ്പതിന്നു ചെറുദീപമടുത്തുവേണം.

കൊത്തുന്ന പക്ഷിയുടെ ചുണ്ടിനിടയ്ക്കുനിന്നും

പാർത്തട്ടിലേക്കു പൊഴിയും ചെറുതായബീജം

ഉത്തുംഗവൃക്ഷമതിനേയൊരുനാൾ ജഗത്തിൽ

പ്രത്യക്ഷമാക്കുവതിനും കഴിവുള്ളതത്ര. 

ഉത്പത്തിയിങ്കലൊരു കൊച്ചുകിശോരനും തൻ

കൈപ്പത്തികൊണ്ടു തടയാൻ കഴിയുന്നചോല

പില്പാടഹോ പെരിയവാഹിനിയായ് ചമഞ്ഞു

കെല്പേറിടും മലകളേയുമിളക്കിടുന്നു.

തൊട്ടാൽ കെടുന്നചെറുതീപ്പൊരി വല്ലപാടും

പെട്ടെന്നു കാറ്റിലിടപെട്ടു പറന്നുപോയാൽ

ഒട്ടല്ലനാശമിഹ നിശ്ചയമായ് ചിലപ്പോൾ 

ചുട്ടീടുമായതൊരു പട്ടണമാകമാനം.

മണ്ണിൽ ചവിട്ടുമൊരു കാലുകൾ നിന്ദ്യമെന്നാ-

യെണ്ണാവതോനിലയുയർന്ന വിലോചനങ്ങൾ? 

പൊണ്ണത്തമാർന്നൊരു വപുസ്സുവഹിപ്പതിന്നായ്

കണ്ണിന്റെ മേന്മയതിനാൽ കഴിയുന്നതാണോ?

ബുദ്ധിപ്രഭാവമിയലാത്തൊരു ഗർദ്ദഭത്തേ

വിദ്വജ്ജനാവലിഹസിക്കുകിലെന്തു കഷ്ടം!

അദ്ധ്വാനമീശ്വരനവയ്ക്കു വിധിച്ചു ലോകേ

നിർദ്ദേശമായതു ശരിക്കവ  നിർവഹിപ്പൂ

ദന്തി പ്രവീരനൊരു വൻതടിപേറുമെങ്കിൽ

പൊന്തിച്ചിടും ചെറുപിപീലികധാന്യഖണ്ഡം.

എന്താണുഭേദമിവതമ്മി,ലഹന്തയുള്ളിൽ

ദന്തിക്കുദിക്കുവതിനെന്തവകാശമോർത്താൽ!

പൂവിൽപ്പന്നണയുമീച്ചകൾ കാലിലേന്തി-

പ്പോവും പരാഗമതുപാർക്കുകിലെത്ര തുച്ഛം! 

ആ വസ്തുവാണു ചെടികൾക്കിഹ വംശവൃദ്ധി-

ക്കാവശ്യമെന്നതറിയാത്തവരേറെയില്ല.

ഓരോ മണൽത്തരിയുമീവിധമോർത്തിടുമ്പോൾ 

പാരം മികച്ചവിലയുള്ളവയാണു നൂനം.

പാരിന്റെ സുസ്ഥിതിയതിൽ പരമാണുപോലും

ചേരുംവിധം സഹകരിച്ചു വരുന്നു നിത്യം. 

വിജ്ഞാനിയാമുലകശില്പിയിതൊക്കെയേറ്റം

പ്രജ്‌ഞവിലാസമൊടുതന്നെ നയിപ്പതത്രേ

 ജ്ഞാനഘോരതിമിരത്തിലുഴന്നിടുംനാം

 ജ്ജാവിഹീനമവയിൽ കുറവോതിടല്ലേ!

                        (നസാണി ദീപിക, ജൂലായ് 10, 1936)