Rasalarajan

രസാലരാജ


രുപ്രവീര, മുമ്പൊരിക്കലീ വഴിക്കു വന്നുഞാ- 

ന്നിരുന്നതാണു നിന്റെ കീഴിലോർമ്മയുണ്ടുസംഭവം. 

വിരിച്ചു ശാഖ ചുറ്റിലും യുവപ്രഗല്ഭനായ് വളർ- 

ന്നിരുന്നനീ രസാലമെന്നറിഞ്ഞുടൻ നമിച്ചുഞാൻ. 

 

വിശാലമായ് വിരിച്ചിടുന്നശാഖകൾ നിനയ്ക്കുകിൽ 

വിശാലമാനസന്റെ സൽപ്രതീതിഹ്യത്തിൽ വന്നിടും

അശോകകിംശുകങ്ങളും ദ്രുമങ്ങളെന്നിരിക്കിലും 

പ്രശസ്തമാം പരോപകാരശീലമിത്ര കാണ്മതോ? 

 

തണൽകൊടുത്തുയാത്രികർക്കുതാവളങ്ങൾ നല്കി നീ 

തുണച്ചിടുന്നു, വീഴ്ത്തിടുന്നിടയ്ക്കു സൽഫലങ്ങളും

തൃണങ്ങളല്പതാപമെന്നി ‘രാജരാജ’നായനിൻ

തണുപ്പിൽനാമ്പുണങ്ങിടാതെ നില്പതേസമൃദ്ധിയിൽ 

 

കളസ്വരംമുഴക്കിഗാനമാലപിച്ചുമാനസം

കുളുർത്തു നിത്യമെത്രയോ വിഹംഗമങ്ങൾ ഭൂരുഹ, 

വളർന്നിടുന്നു നിൻ മനോജ്ഞശാഖതോറും,മാശ്രിതർ- 

ക്കെളുപ്പമായ്സുരക്ഷിതത്വമേകിടുന്നുസജ്ജനം 

 

അടുത്തണഞ്ഞിടുന്ന മന്ദമാരുതന്റെ ഗാനവും

തുടർച്ചയായിനിൻകരങ്ങളാട്ടിയുള്ളതാളവും 

മിടുക്കരായകുട്ടികൾ പൊഴിഞ്ഞിടുംപഴത്തിനാ- 

യെടുത്തുചാടിയോടിമത്സരിച്ചിടുന്ന രംഗവും

 

കുലച്ചുപൂക്കൾപുഞ്ചിരിച്ചിടുന്നനാളിൽമക്ഷികാ-

കുലത്തെയങ്ങുസരിച്ചുനല്കിടുന്ന സദ്യയും 

കവിത്വമുള്ളകണ്ണുകൾക്കു കൗതുകപ്രദായകം

ഭവാദൃശപ്രതാപികൾ പ്രിയംകരപ്രമാണികൾ (യുഗ്മകം)

 

നിരന്നുനിന്നുനീരദങ്ങളങ്ങെയിൽപ്രഹൃഷ്ടരായ്

ചൊരിഞ്ഞിടുന്നവൃഷ്ടിയെന്തു? പുഷ്പവൃഷ്ടിതന്നെയോ? 

ആലിപ്പഴങ്ങൾ ദുർല്ലഭം ഭവൽപ്പദത്തിലായതും 

ചിലപ്പൊഴാവലാഹകങ്ങൾ കാഴ്ചവച്ചിടുന്നഹോ! 

 

പരോപകാരശീലരേയകംകുളിർത്തു നിത്യവും 

ധരാതലംവഹിച്ചിടും നമിച്ചുനില്ക്കുമംബരം 

വിരഞ്ഞിടും മഹാജനങ്ങളൊറ്റനോക്കുകാണുവാൻ 

ചിരംരസാലരാജ, നീയലങ്കരിക്കഭൂമിയേ. 

 

ജയിക്കനീരസാലരാജ! നിന്റെ തേൻപഴംപരം 

പ്രിയംകരംനുകർന്നിരുന്നബാലവൃന്ദമൊക്കെയും 

വയസ്സരാകിലും യുവപ്രഗല്ഭനായ് ചിരംഭവാൻ

ജയിക്ക! കൈതൊഴുന്നു ഞാൻ കൃതജ്ഞയായ് സുമംഗളം!

                            (വടക്കുംകൂർ രാജരാജവർമ്മ സപ്തതി സ്മരണിക, 1962)