സ്വാഗതം കുഞ്ഞിക്കാറ്റേ

സ്വാഗതം കുഞ്ഞിക്കാറ്റേ, പൊന്നിളങ്കാറ്റേ, നിന്റെ-
യാഗമം പ്രതീക്ഷിച്ചു തന്നെ ഞാനിരിക്കുന്നു.
വന്നിടാമകത്തേയ്ക്കു സംശയം വേണ്ട, നല്ല
സന്ദേശമെന്തൊക്കെയോ കൊണ്ടുവന്നിട്ടുണ്ടാവാം.
ചന്ദനക്കുന്നിൽ നിന്നോ വന്നിടുന്നതു? സുധാ-
സ്യന്ദിയാണല്ലോ ഭവാൻ ചിന്തുന്ന പരിമളം
അല്ലെങ്കിലാരാമങ്ങൾ പലതും വാസന്തശ്രീ-
യുല്ലസിച്ചീടുന്നവ തടവിപ്പോന്നിട്ടുണ്ടാം.
നല്ലവരോടു വേണ്ടും സമ്പർക്കം പുലർത്തുന്ന
നല്ലവൻ ഭവാനെന്നു ഞാനറിഞ്ഞിരിക്കുന്നു.
കണ്ടില്ലേ മധ്യേമാർഗ്ഗം നല്ല പത്മാകരങ്ങൾ?
വേണ്ടുമ്പോൽ വികസിച്ചു നില്ക്കുന്നോ പൂക്കളെല്ലാം?
സുന്ദരനളിനങ്ങൾ കുണുങ്ങിച്ചാഞ്ചാടുന്ന-
തെങ്ങനെയെന്നു ഭവാനൊന്നു വർണ്ണിച്ചീടാമോ?
പറക്കും മധുപങ്ങൾക്കിരയേകുവാനായി
തുറന്ന ഭണ്ഡാരങ്ങളവയിൽ കാണുന്നില്ലേ?
ഇരമ്പിപ്പാടിപ്പാടിപാറയിൽ തട്ടിത്തട്ടി
യൊഴുകും സ്രവന്തികളങ്ങയെക്കണ്ടനേരം
എങ്ങനെ സല്ക്കാരങ്ങൾ നൽകിയെന്നതും ഭവാൻ
ഭംഗിയായ് പറഞ്ഞെന്നെയൊന്നു കേൾപ്പിക്കില്ലയോ?
പറയുന്നില്ലെങ്കിലോ ഭാവനാമുകുരത്തി-
ലറിയാം; ജലകണമണി മാല്യങ്ങളാലേ
ഭൂഷിതനാക്കിയങ്ങേ സ്വീകരിച്ചിരിക്കണം
ശേഷിപോലന്തരംഗം കുളുർപ്പിച്ചിരിക്കണം.
ആവനസ്ഥലികളും പച്ചിലച്ചാർത്തിനുള്ളിൽ
പൂവുകൾ കൂട്ടിച്ചേർത്തു മഞ്ജരിയർപ്പിച്ചില്ലേ?
ഫുല്ലമാം സൂനങ്ങളേയുച്ചിയിൽ ചാർത്തിക്കൊണ്ടു
വല്ലികൾ മനോഹര നൃത്തങ്ങളാടിയില്ലേ?
സഹ്യന്റെ സാനുക്കളിൽ പ്രകൃതീശ്വരിയേറ്റം
ലോഹ്യമായ് നിലകൊള്ളും രംഗമെപ്പോഴും കാണ്മാൻ
എത്ര ഞാനാശിക്കുന്നു! കുഞ്ഞിളങ്കാറ്റേ, നിന്നോ-
ടൊത്തുഞാൻ വരട്ടെയോ? കൊണ്ടുപോകുമോ എന്നെ
നീയൊരു സൗഭാഗ്യവാൻ ഏതിടത്തിലുംപോവാൻ
വാഹനമൊന്നും വേണ്ടാ മറ്റൊരുക്കങ്ങൾ വേണ്ടാ.
കാണുകില്ലാരും നിന്നെ സാന്നിദ്ധ്യമറിഞ്ഞീടും
പ്രീണിതരായെല്ലാരും സ്വാഗതമരുളീടും.
മഞ്ഞണിമലമുകൾ വിശ്വമോഹനരംഗം
ഒന്നുകാണിച്ചീടാമോ എന്നെയെൻ കുഞ്ഞിക്കാറ്റേ?
സമ്മാനമാശിക്കുന്നുണ്ടെങ്കിലോ തരുവൻ ഞാൻ
ഉമ്മറത്തു നില്ക്കുന്നോരിലഞ്ഞി കാണുന്നില്ലേ?
ഞാനെന്റെ കൈകൾ കൊണ്ടു നട്ടതാണതുപൂത്താ-
ലാനന്ദം വളർത്തുന്ന സൌരഭ്യമെന്തുചൊല്ലാം!
അല്ല, ഞാൻ നോക്കിയില്ലമൊട്ടിട്ടുകഴിഞ്ഞല്ലോ
നല്ലസൌരഭ്യം നിനക്കൊന്നാകെസ്സമർപ്പിക്കാം.
പൂമണത്തെക്കാളെന്തു കാമ്യമായ് നിനക്കുള്ളു?
നാമിരുവരും തമ്മിൽ സൌഹൃദമുറപ്പിക്കാം.
മുല്ലയും മന്താരവും പിച്ചിയുമെല്ലാം സൂന-
തല്ലജങ്ങളെന്നാലും വാടിയാൽ നിർഗ്ഗന്ധങ്ങൾ
ഇലഞ്ഞിയോമൽച്ചെറുസൂനമാമട്ടിലല്ല
നിലനിന്നീടും ഗന്ധമുണങ്ങിക്കരിഞ്ഞാലും.
ആ നല്ല പുഷ്പത്തിന്റെ സൌരഭ്യസാകല്യത്താൽ
ഹാ! നിന്റെ സൌഹിത്യവും സമ്പൂർണ്ണമാവില്ലയോ?
പോകല്ലേ സുഹൃത്തേ, എൻ കുഞ്ഞിളങ്കാറ്റേ, ഇനി
നാകലോകത്തേയ്ക്കാണോ യാത്രയൊന്നറിഞ്ഞോട്ടെ.
വിസ്തൃതജലാശയം-സാഗരം-കാണാറില്ലേ?
വിസ്തരിച്ചൊന്നു പാടൂ കേൾക്കട്ടെയതിൻ ഗീതം.
സൂര്യനസ്തമിക്കുമ്പോൾ പതുക്കെപ്പതുക്കെയാ
വാരിധിപ്പരപ്പിൽ നീ സഞ്ചരിക്കാറുണ്ടല്ലൊ.
നിന്നെയൊന്നെത്തിപ്പിടിച്ചൊന്നിച്ചു കളിക്കുവാൻ
തന്നെയക്കല്ലോലങ്ങളിളകിച്ചാടുന്നതും
കണ്ടു ഞാൻ ഗ്രഹിച്ചിട്ടുണ്ടെത്രയോവട്ടം, നിന്നെ –
ക്കൊണ്ടുപോരുവാൻ വേണ്ടിയെത്ര ഞാൻ ശ്രമിച്ചീല
എത്രപേരെന്നെപ്പോലെ നിന്നിരുന്നിട്ടും ചാരേ-
യെത്തി നീ സമാശ്ലേഷിച്ചെന്നെയുമെല്ലാരെയും.
ആരെയുമാശ്ലേഷിക്കും വിശ്വപ്രേമിയാണു നീ
യാരിലുമസ്വാസ്ഥ്യമുണ്ടാക്കുകില്ലൊരിക്കലും.
പൊയ്കയിൽ പൊൽത്താമരപ്പൂക്കളെക്കളിപ്പിക്കും
പോകുന്ന വഴിനീളെക്കാട്ടുപുഷ്പങ്ങളേയും
മണിമേടപോൽത്തന്നേ ചെറ്റമാടവം നിന, –
ക്കണയും നീ രണ്ടിലും നടത്തും സന്ദർശനം.
നിഷ്പക്ഷമനസ്ക്കനാം ലോകോപകാരി നീയെ-
ന്നെപ്പൊഴും മഹാജനം നിന്നെയാദരിക്കുന്നു
സാവധാനത്തിലങ്ങു പോവുകയാണോ? എനി-
ക്കാവതില്ലല്ലോ നിന്നെത്തടഞ്ഞുവച്ചുകൊൾവാൻ.
നാളെയുമീനേരത്തു വന്നിടേണമേ വഴി-
നീളെയുള്ള പൂക്കളെത്തടവിക്കളിയാട്ടി.
സൌരഭ്യവാഹിയായ നിൻ സമാഗമംമൂലം
ചേരട്ടെ പരിശുദ്ധി, നിത്യമെൻ നികേതത്തിൽ,
അല്ലയോ കുളിർക്കാറ്റേ തെന്നലേ, മഹാശയ-
നല്ലയോ വരേണമേ, കൂപ്പുകൈ നമോവാകം!
(ദീനബന്ധു വാർഷികപ്പതിപ്പ്, 1961)
