ഉത്തരമോതാമോ?

ഉത്തരമോതു സൂരികളേ,യീ
ലോകം തകരായ് വാൻ
ഒത്തവിധം ബലമുറ്റൊരു പിൻതാ
ങ്ങെന്തായാൽ പോരും?
പാരാവാരംപോലെ പദാവലി
യുള്ള നിഘണ്ടുവിൽ നാ
മാരായുക, പദമേതിനു പ്രഥമ
സ്ഥാനം കല്പിക്കാം?
ഏതൊരുമർത്യനുമേതിനെയാശി
ച്ചെപ്പോഴുമുഴലുന്നു?
നീതിസുരക്ഷിതമാകുവതേതിൻ
കുളിർ തണലേല്ക്കുമ്പോൾ?
മായമകന്നതു കിട്ടാനില്ല
കൊടുക്കാൻ ചെന്നാലോ
ന്യായവിലയ്ക്കതു വാങ്ങാനാളി-
ല്ലെന്തെന്നോതാമോ?
കഷ്ടം! പാഴ്നിലമാർക്കും ജീവിത-
മാനിധികൂടാതെ
ഒട്ടേറെപ്പേർക്കനുഭവമാണതു;
നിധിയുടെ പേർ പറയൂ.
വീട്ടിൽ കലഹം, നാട്ടിൽ സമര
മതിന്റെയഭാവത്തിൽ
വിഷ്ടപലോകം നരകം; ശക്തിയ-
തെന്തെന്നുരചെയ്യൂ.
എല്ലാം കൈയിലടക്കിശ്ശാന്തി
ജഗത്തിന്നരുളീടുവോ-
ന്നല്ലോ നിസ്തുലശക്തിയതെന്തെ-
ന്നാലോചിച്ചാലും.
പറയണമുത്തരമനുവാചകരിതി-
നെല്ലാമൊരു വാക്കിൽ
ചെറിയപദം, രണ്ടക്ഷരസീമയിൽ
നില്ക്കാവുന്ന പദം.
“സ്നേഹം വിശ്വവ്യാപകമാകും
സ്നേഹം, ചിന്തിച്ചാ-
ലൂഹിക്കാമീപ്രശ്നാവലിയുടെ
യുത്തരമതുമാത്രം.
(ദീപനാളം, ഡിസംബർ 14, 1972)
