വെടിയേറ്റ പടയാളി

ഭടനൊരു തരുണൻ പടപൊരുതുമ്പോൾ
ഭീകരശക്തിയോടേ
വെടിയൊന്നേറ്റൊരു കാലു തകർന്നു
വീണു പടനടുവിൽ
ഉടനവനാതുരശാലയിലാക്ക
പ്പെട്ടു, പരാക്രമവും
ചൊടിയും പടുതയുമറ്റവനെപ്പോൽ
ശയ്യാലംബിയുമായ് 1
അങ്ങനെ നാളുകൾ നീങ്ങീടുമ്പോൾ
സമയം ഫലവത്താ-
യെങ്ങനെ പോക്കണമെന്നവനോർത്തു
വായനയവനിഷ്ടം
വേദനയറിയില്ലാഹ്ലാദപ്രദ
വായന തുടരുമ്പോ-
ളാതുരനതിനാൽ ചില നോവലുകൾ
കിട്ടാനാശിച്ചു. 2
ഒന്നു മനുഷ്യൻ ചിന്തിക്കുമ്പോൾ
മറ്റൊന്നീശ്വരനും
നന്നായ് ചിന്തിക്കുന്നതു മാനവ
നറിയുന്നില്ലേതും
കിട്ടാനവനാശിച്ചതു നോവൽ
യാദൃശ്ചികമായി
കിട്ടിയതോ ചില സിദ്ധന്മാരുടെ
ജീവചരിത്രങ്ങൾ 3
നല്ലൊരു ഭടനാ’ണിഗ്നേഷ്യസ്സ ‘തു
കണ്ട മഹാസമ്രാ-
ട്ടെല്ലാമറിയുന്നവനിതു ചെയ്തു
വെറുമൊരു കളിയല്ല
മിശിഹാരാജനുനിജസാമ്രാജ്യം
വിസ്തൃതമാക്കിടുവാൻ
നിശയിലുമടർ ചെയ്തീടേണ്ടതിനൊരു
സേനാനിയെ വേണം. 4
വായനമുമ്പോട്ടങ്ങനെ നീങ്ങി,
കരളിലുമൊരു മാറ്റം
മായാപേതം വന്നുഭവിച്ചു
സുസ്ഥിരമായിത്തന്നെ.
ജീവിതശേഷം ക്രിസ്തുവിനായി
ത്തുനിവോടർപ്പിച്ചു
ഭാവിയിലെപ്പരിപാടികൾ രേഖയി
ലാക്കീ ഹൃദയത്തിൽ. 5
ആതുരനായിക്കഴിയും കാലം
കന്യകമാതാവും
പ്രീതിപുരസ്സരദർശനമേകി
പത്രോസ് ശ്ലീഹായും
ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു
‘മൻറിസാ’യിൽ പോയ്
നേരേപള്ളിയിലെത്തി, മരിയാം
ബികയുടെ സന്നിധിയിൽ. 6
സൈനികഖഡ്ഗം തൃച്ചേവടികളിൽ
സാദരമർപ്പിച്ചു.
വാനവർ തൊഴുമപ്പദതാരിണയിൽ
നമിത ശിരസ്കനുമായ്
“അമ്മേ, മേലാലിഗ്നേഷ്യസ്സിവ
നങ്ങേച്ചേടക”നെ-
ന്നാത്മാർത്ഥതയൊടു വാഗ്ദാനം ചെ
യ് തവിടുന്നെഴുന്നേറ്റു. 7
പിന്നെപ്പലനാളേകാന്തതയിൽ
മൻറിസാഗുഹയിൽ
ധന്യൻ വാണുതപോനിഷ്ഠയിലും
ദൈവികചിന്തയിലും
ഉന്നതമായ സമാധി കഴിഞ്ഞൊരു
ശലഭത്തെപ്പോലെ
പൊന്നിൻ ചിറകുകൾ വീശിയിറങ്ങ
ലോകവെളിച്ചത്തിൽ 8
ധ്യാനവരം, വിജ്ഞാന വരം, പല
ദൈവികവരമെല്ലാം
ഊനമകന്ന തപസ്സിൻ ഫലമായ്
കരഗതമായതിനാൽ
മാനവലോകമഹാസംസ്കാരം
സാധിക്കേണ്ടതിനായ്
മാനസചോദനമവനുണ്ടായി
നിസ്തുലശക്തിയോടേ. 9
ഒത്തുപൊരുത്തപ്പെട്ടവരായ് ചില
യുവജനപുംഗവരേ
ചേർത്തുടനേ സുസ്ഥാപിതമായി
നല്ലൊരു സംഘടന
അന്നു തിരുസ്സിംഹാസനമേറി
ഭരിച്ചരുളും പൗലോസ്
മൂന്നാമനിൽ നിന്നംഗീകാരവു
മാശിസ്സും വാങ്ങി 10
പാരീസിൻ ചെറുകടുകിൻ മണിപോൽ
മുളയിട്ടന്നുമുതൽ
പാരിൽ പടരും വൃക്ഷവിശേഷമ
‘തീശോസഭ’യല്ലൊ
ധീരഭടൻ മിശിഹാ സമ്രാട്ടിൻ
സേവനനായകനാ-
യാരാട്ടിൻ കൊടിയെങ്ങുമുയർത്തി
പാറിക്കുകയത്.
11
“ദൈവമഹത്വം’ കേവലമിശോ
സഭയുടെയാദർശം.
സേവനതത്പരരാണെല്ലാവരു
മതിലേയംഗങ്ങൾ
പാവനചരിതരുമവിരളമല്ലോ
പ്രഖ്യാതൻ ഫ്രാൻസീസ്
സേവ്യറിനെപ്പോൽ കല്പദ്രുമമിതു
മേന്മേൽ പടരട്ടെ. 12
(കേരള ജസ്വിറ്റ്, ഡിസംബർ, 1970)
