ത്യാഗാദർശം

കണ്ടാലപൂർവ്വതരരത്നമിതെന്നു ലോകം
കൊണ്ടാടുമാറധികകോമളനായ ബാലൻ,
വണ്ടാറണിക്കുഴലിതന്റെയുരസ്സിനാഭ
യുണ്ടാക്കി വാഴുവതു കണ്ടിതു വൃദ്ധതാതൻ.
1
ആമോദബാഷ്പമുടനേ തറയിൽ ചൊരിഞ്ഞു
രോമാഞ്ചകഞ്ചുകമണിഞ്ഞിതു മെയ്യിലെല്ലാം
ഓമൽകുമാരനെയെടുത്തു തലോടി മന്ദം
വാമാക്ഷിതൻ കരതലങ്ങളിൽനിന്നു വാങ്ങി.
2
മെല്ലെപ്പിടിച്ചുതഴുകിപ്പലചുംബനങ്ങൾ
ചെല്ലക്കിടാവിനുകൊടുത്തതുകൊണ്ടുമാത്രം
കല്യന്റെ ഹൃത്തു കൃതകൃത്യതപൂണ്ടിടാതെ
സ്വർലോകനാഥസവിധത്തിലണഞ്ഞു ശീഘ്രം.
3
“ലോകത്രയം സപദിതീർത്തു ഭരിച്ചുപോരും
നാകാധിനാഥാ, സകലേശ, വിഭോ, നമസ്തേ!
ഹാ! കീടതുല്യനിവനിൽ കൃപ മാരിപോലെ
തൂകീടുമുന്നതഗുണാലയ, ഭോ, നമസ്തേ!
4
ധർമ്മസ്വരൂപനവിടുന്നു ദയാസ്വരൂപൻ
ശർമ്മപദൻ തവപദാംബുജസേവകർക്ക്;
നിർമ്മായമായ് വലിയമായകളൊട്ടനേക-
മിമ്മന്നിലങ്ങു ദിവസംപ്രതി കാട്ടിടുന്നു.
5
അങ്ങേയ്ക്കസാദ്ധ്യമൊരുകാര്യവുമില്ലൊരിച്ഛാ-
ഭംഗം വരാനുമിടയില്ല തവാശ്രിതർക്ക്.
എങ്ങും നിറഞ്ഞവ,നനന്ത,നനന്തശക്ത-
നങ്ങേയുപാസനമഹത്തരഭാഗധേയം.
6
അന്തംവിനാകരുണയെന്റെ ശിരസ്സിലങ്ങു
ചിന്തിത്തുണച്ചതിനു വേണ്ടൊരുനന്ദികാട്ടാൻ
എന്താണു ചെയ്ക! തവദാസനശക്തനത്രേ,
യന്തർഗ്ഗതങ്ങളവിടുന്നറിയുന്നുവല്ലോ.
7
ഓമൽകുമാരനിവനീശ്വരഭക്തനായും
ഭൂമിക്കുഭൂതിയരുളുന്നൊരുഭൂഷയായും
ക്ഷേമം കലർന്നുവളരാൻ തവതൃക്കടാക്ഷ
പ്പൂമാരിതൂകുവതിനഞ്ജലി കൂപ്പിടുന്നേൻ.”
8
ചില്ക്കാതലിന്റെ കരുണയ്ക്കനുയോജ്യനായി-
ട്ടുൾക്കാമ്പിലുറ്റൊരു കൃതജ്ഞത സീമതന്നിൽ
നില്ക്കാതെമെത്തിയൊഴുകീട്ടു വെളിക്കുവന്ന
വാക്കീവിധം ചിലതുരച്ചിതുഭക്തരം.
9
ലോലാക്ഷിമാർ മണിജനിത്രിയുമീ ദയയ്ക്കായ്
കാലസ്വരൂപനുടെ കാൽതളിർതാണുകൂപ്പി;
കാലോചിതം മതപരം ശുഭകർമ്മമെല്ലാം
ചേലോടു ചെയ്തുവിധിപോൽ ചെറുപൈതലിന്ന്.
10
ബാലന്നു നാമ “മിസഹാക്ക്”തുതൽപിതാക്കൾ-
ക്കാലാപമാധുരി പരം ചൊരിയുന്ന ഗീതം,
ഓലുന്ന തൂമധുവതാണധരത്തിനേവം
തൈലാഭിഷേകമകതാരിനു രണ്ടുപേർക്കും.
11
വീട്ടിന്നു വൈദ്യുതവിളക്കവനെന്നുവേണ്ടാ
നാട്ടാർക്കുദിച്ചു വിലസുന്നൊരു ബാലചന്ദ്രൻ,
ശ്രേഷ്ഠത്വമാർന്നൊരു കുലത്തിനു ദിവ്യരത്ന-
പ്പൊട്ടാണു വത്സലതയേറിടുമക്കിശോരൻ.
12
താതന്റെ കണ്ണിനകതാരിനുമൊന്നുപോലെ
ശീതോപചാരമരുളും പനിനീരു ബാലൻ;
മാതാവിനോ, മഹിമയാർന്നു വിളങ്ങി മാറിൽ
ചേതസ്സുഖത്തെയരുളുന്ന മണിപ്പതക്കം.
13
കൈവല്യനാഥനകതാരുതെളിഞ്ഞുതന്ന
ദിവ്യത്വമാർന്ന മണിയെന്നു നിനച്ചു നിത്യം
ആ വന്ദ്യനാം ജനകനും ജനയിത്രിതാനു-
മാവുംവിധം പരിചരിച്ചവനേ വളർത്തി.
14
തിങ്കൾകലയ്ക്കഴണപ്പൊരു പൂവൽമെയ്യും
പങ്കംപെടാത്ത മനതാരുമൊരേ തരത്തിൽ
തങ്കും വിശുദ്ധിയോടുതന്നെ വളർന്നുവന്നു
തങ്കം പരം സുരഭിയായ് വിലസുംവിധത്തിൽ.
15
തൂമന്ദഹാസ നവചന്ദ്രികതൂകി, നല്ല
പൂമൊട്ടുപോൽ രദനപംക്തി വെളിക്കുകാട്ടി,
ആ മുഗ്ദ്ധമായ ചെറുഗാത്രമിളക്കിയാട്ടി-
ക്കാമം തകർത്തു വിഹരിച്ചുതുടങ്ങി ബാലൻ.
16
അഞ്ചാതെയോടി ജനകന്റെയടുക്കലെത്തി-
“പഞ്ചാരയുമ്മ”യൊരു നൂറു മുഖത്തണച്ച്
കൊഞ്ചിക്കുഴഞ്ഞു ധവളാഭകലർന്ന മീശ
പിഞ്ചാം കരങ്ങളിലണച്ചവനോമനിക്കും.
17
മെല്ലെക്കുനിഞ്ഞു ചെറുതാം മുഖപങ്കജത്തെ-
കല്യാണഗാത്രനതിനുള്ളിൽ മറച്ചുകൊണ്ട്
മല്ലാക്ഷിയാം ജനനിയെത്തുന്നയായ് വിളിച്ച്
സോല്ലാസമൊന്നവനൊളിച്ചുകളിക്കുമല്പം.
18
പാകപ്പുരയ്ക്കകമണഞ്ഞു തനിക്കു പാലു
പാകപ്പെടുത്തുമൊരു വൃദ്ധജനിത്രി തന്റെ
വാർകോലുമാമിഴികൾ പൊത്തിടുമെന്നുവേണ്ടാ
വാർകൂന്തലും കഴിയുമെങ്കിലഴിച്ചുലയ്ക്കും.
19
കാച്ചിക്കുറുക്കി മധുരംകലരുന്ന പാലും
മെച്ചം കലർന്ന പലഹാരവുമോമനയ്ക്ക്
ഇച്ഛയ്ക്കുചേർന്നപടിയമ്മ കൊടുത്തിടുമ്പോൾ
വച്ചീടുമമ്മയുടെവായിലുമക്കിശോരൻ.
20
ആരോമലുണ്ണിയെയുറക്കുവതിന്നുവേണ്ടി-
ത്താരാട്ടുപാടിയവളങ്ങു കിടത്തിടുമ്പോൾ
സ്വൈരം ജനിത്രിയെയുറക്കുവതിന്നു ബാലൻ
പാരം വിനോദമൃദുഗീതകളാലപിക്കും.
21
വാത്സല്യമേറുമജപോതഗണത്തെയെല്ലാ-
മുത്സംഗസീമനി പിടിച്ചുകിടത്തി മോദാൽ
വത്സൻ മനോഹരവിഭൂഷകളും ധരിപ്പി-
ച്ചുത്സാഹമാർന്നവയൊടൊത്തഥ കേളിയാടും.
22
തൂവെണ്ണിലാവുപൊഴിയും നിശയിങ്കലെല്ലാം
രാവിന്നധീശ്വരനെയുണ്ണി വിളിച്ചുനോക്കും
ആവുംവിധം മധുരമേറിയ സാമവാക്യ-
മാവൻപനോടു പറയും ഫലമേതുമെന്യേ.
23
വാരിക്കളിപ്പതിനു കാന്തികലർന്ന നല്ല
താരങ്ങളെത്തളികയിൽതിറമായ് നിറച്ച്
ചാരത്തുവച്ചുതരുവാനൊരു കൂസലെന്യേ
പാരം പിതാവിനെയലട്ടിയടുത്തുകൂടും.
24
ഉത്തുംഗകാന്തികലരുന്നൊരു പഞ്ജരത്തിൽ
ചിത്തം തെളിഞ്ഞു മൃദുഗാനവുമാലപിച്ച്
പാർത്തീടുമാ നയനമോഹനയായ നല്ല
തത്തമ്മയോടു കളിയാടിടുമൊട്ടുനേരം.
25
ചേലേറിടുന്ന പലവർണ്ണ മനോജ്ഞപക്ഷം
ചാലേയിളക്കി വെയിലത്തു പറന്നിടുന്ന
ശ്രീലപ്രഭാലസിതമാം ശലഭങ്ങളേയും
ലീലയ്ക്കു കൂട്ടിനു പതുക്കെ വിളിച്ചുനോക്കും.
26
മാതാപിതാക്കളവരൊത്തു ജപിച്ചിടുമ്പോൾ
ജാതാദരം സുതനവർക്കിടയിൽ കടന്ന്
സ്വാതന്ത്ര്യലീലകളടക്കിയടുത്തിരുന്നി-
ട്ടേതാനുമാമൊഴികളൊക്കെയുരച്ചുനോക്കും.
27
ദുശ്ശാഠ്യമെന്നതവനില്ല, കരച്ചിലില്ല,
ദുശ്ശീലരാം സഖികളോടിടപാടുമില്ല.
വിശ്വത്തിലുള്ള വഷളത്തരമൊന്നുമേതും
സ്പർശിച്ചിടാതെ യിസഹാക്കു വളർന്നിതേവേം.
28
ഓരോദിനത്തിലുമഹോ ശശിലേഖയെപ്പോ-
ലാരോമലുണ്ണി വളരുന്നൊരു കാഴ്ചകണ്ട്
പാരം കൃതാർത്ഥത കലർന്നു വസിച്ചിരുന്നു
പൂരിച്ച പുണ്യനിധി താതനുമമ്മതാനും.
29
ഉണ്ണിക്കു വേണ്ട പരിചര്യകൾ ചെയ്യുവാനും
പുണ്യത്തിനൊത്ത ദിനചര്യ നടത്തുവാനും
വർണ്ണിപ്പതല്ലവരിലുള്ളഭിവാഞ്ഛയേതും
മണ്ണാശ തൊട്ടതവരേ നിഴലിച്ചുമില്ല.
30
ചെല്ലക്കിടാവു ലളിതാകൃതിപൂണ്ട ബാലൻ
ബാല്യം കഴിഞ്ഞഥ കുമാരവയസ്സിലെത്തി;
എല്ലാ ഗുണങ്ങളുമിണങ്ങി വിളങ്ങിയേറ്റ-
മുല്ലാസമച്ചെറുകുടുംബമതിന്നു ചേർത്തു.
31
കാലസ്ഥിതിക്കനുസരിച്ചൊരു വിദ്യയെല്ലാം
മാലേശിടാതെയവനങ്ങു ഹൃദിസ്ഥമാക്കി
ആലസ്യലേശമിയലാതെ പിതാക്കളേയും
ജോലിത്തിരക്കിലതിമോദമോടെ തുണച്ചു.
32
“ഏതും കളങ്കമിയലാത്തൊരു സൽസ്വഭാവം,
ചേതസ്സുഖത്തെയരുളും തനു സൌകുമാര്യം
ആതങ്കലേശമിയലാത്തൊരു ധീപ്രഭാവം,
മാതാപിതാക്കളൊടു ഭക്തിയവർണ്ണനീയം.
33
സർവ്വേശഭക്തിയതുലം ബഹു കീർത്തനീയം,
സർവ്വംസഹയ്ക്കരിയ ഭൂഷണമിക്കുമാരൻ.
ഏവം വിശിഷ്ടതരമായൊരപത്യലാഭം
ദൈവേച്ഛയാ സുകൃതികൾക്കു ഭവിച്ചതത്രേ.”
34
എന്നീവിധം സ്തുതിവചസ്സുകൾ ലോകരെല്ലാ-
മന്നാക്കുമാരനുടെ പേരിലുരച്ചിരുന്നു.
നന്നായിരിക്കുമൊരു വസ്തുവതിന്റെ പേരിൽ
വന്നീടുമാർക്കുമൊരു കൗതുക,മില്ലവാദം (വിശേഷകം)
35
ലോകത്തിലുള്ള ചെറുകുട്ടികളാകമാനം
പാകത്തിലിച്ചെറുകുമാരനു തുല്യരായാൽ
ശോകങ്ങളൊക്കെയുമകന്നു വിളംബമെന്യേ
നാകത്തിനൊത്തവിധമായ് ചമയും ധരിത്രി.
36
വല്ലാത്തമക്കളൊരു നൂറു ജനിപ്പതേക്കാ-
ളെല്ലാഗുണങ്ങളുമിണങ്ങിയ പുത്രനേകൻ
കില്ലേതുമെന്നിയെ പിതാക്കളെയുൾപ്രമോദ
കല്ലോലമാലയണിയിച്ചതിധന്യരാക്കും.
37
ഓരോദിനങ്ങളഥ മാസവുമാണ്ടുമെല്ലാം
ചാരത്തണഞ്ഞു ജവമങ്ങു കടന്നുപോയി.
ആരോമലുണ്ണി സുകൃതാംബുധിയക്കുമാരൻ
നേരേവളർന്നു നവയൗവനയുക്തനായി.
38
ആകാശദേശമതിലങ്ങു ഗമിച്ചിടുന്ന-
രാകാശശാങ്കനവനുച്ചയിലെത്തിടുമ്പോൾ,
ലോകാധിവാസികളകമേതെളിവാർന്നിടുമ്പോ-
ലാകെത്തെളിഞ്ഞഖിലസജ്‌ജനലോകമപ്പോൾ.
39
“താരാവലിക്കു സമമായൊരു സംഖ്യയെന്യേ
പാരാകവേ പെരുകു”മെന്നു വരംലഭിച്ച
നേരായസന്തതി കുലദ്രുമതല്ലജത്തിൻ
നാരായവേരു സുതനെന്നു നിനച്ചുതാതൻ
40
പൂർവ്വീകപുണ്യമതു മൂർത്തിധരിച്ചു മോദാ-
ലുർവ്വീതലത്തിലൊരു മാനുഷനായ് ജനിച്ച്
നിർവ്വാണമാർഗ്ഗമവനിക്കു തെളിച്ചിടുന്ന
സർവ്വജ്ഞനെന്നവനെയോർത്തിതു മിത്രലോകം.
41
കാണുന്ന കണ്ണിനു,മവന്റെ വിശിഷ്ടമായ
വാണീവിലാസമതു കേൾപ്പൊരു കാതുകൾക്കും
കാണിക്ഷണം സഹവസിപ്പൊരു മാനുഷർക്കും
ക്ഷോണീനിവാസമതിനാൽ സഫലീഭവിക്കും.
42
എല്ലാം ശുഭസ്ഥിതിയിലേവമിരുന്നിടുമ്പോൾ
വല്ലായ്മയൊന്നഥ പൊടുന്നനെ വന്നുകൂടി;
കല്യാണകാന്തി ചൊരിയുന്ന സുധാംശുപോലും
തെല്ലും കളങ്കമിയലാതെ ലസിപ്പതുണ്ടോ?
43
ഈശപ്രസാദമതിനുത്തമകേളിഭൂവായ്
നാശങ്ങളൊന്നുമരികത്തണയാത്തതായി
ആശാസ്യമാം നില വഹിപ്പൊരു വീട്ടിനുള്ളി-
ലാശ്വാസഭംഗമതിനെന്തൊരു ബന്ധമോർത്താൽ
44
ഏതാകിലും വിധി വിധിച്ചതിനൊക്കെ മർത്യൻ
ജാതാദരം തല കുനിക്കുകതന്നെവേണം
ഏതും വരേണ്ടതു ശരിക്കു വരും, തടസ്സം
ചെയ്തീടിലും വഴിയിലായതു തങ്ങുകില്ല.
45
കൃത്യപ്പടിക്കൊരു ദിനം ദിനചര്യയെല്ലാം
തീർത്തിട്ടുറക്കമുറിയിൽ സമയത്തിനെത്തി
പ്രാർത്ഥിച്ചു ദേവപദയുഗ്മമകക്കുരുന്നിൽ
ചേർത്തിട്ടു തല്പമതിലങ്ങു കിടന്നു വൃദ്ധൻ.
46
ഓരോ വിനാഴിക മുറയ്ക്കു ഗമിച്ചു മുമ്പോ-
ട്ടാരാത്രി മദ്ധ്യദശയോടു സമീപമെത്തി
ഘോരാന്ധകാരപടത്തിനകത്തൊതുങ്ങി-
പ്പാരാകെ നല്ല സുഖനിദ്രയിലാണ്ടിതപ്പോൾ.
47
സർവ്വത്ര നിശ്ചലത, നിസ്തുല മൗനഭാവം
നിർവ്വിഘ്നമങ്ങിനെ നിറഞ്ഞു പരന്നിടുമ്പോൾ
“അബ്രാഹമേയുണരുകെ”ന്നൊരു ശാന്തശബ്ദ-
മബ്രാഹമിന്റെ ചെവിയിൽ തരസാപതിച്ചു.
48
ആരാണിതെന്നൊരു പരിഭ്രമമുള്ളിലുണ്ടായ്
നേരേ തുറന്നു ജOരൻ നയനങ്ങൾ രണ്ടും
പാരം പ്രകാശമിയലുന്നൊരു മേഘമല്പം
ദൂരത്തിലായി വിലസുന്നതു കണ്ടു വന്ദ്യൻ.
49
“കാണുന്ന കാഴ്ചയിതു വാസ്തവമോ കിനാവോ!
ചേണാർന്ന മേഘമിതിലുള്ള രഹസ്യമെന്തോ
താണാലുമിത്രനില തെറ്റിയധഃപതിച്ചു
കാണാവതല്ല ജലദങ്ങളെയീവിധത്തിൽ.
50
ഏതാണ്ടൊരത്ഭുതമഹത്തരദിവ്യവിദ്യാ
ചൈതന്യമുണ്ടിതിനകത്തതിനില്ലവാദം:
ഏതാകിലും പരമപാവനശക്തിയേ ഞാ-
നേതും വിളംബമണയാതെനമിച്ചിടട്ടെ!”
51
ഇത്ഥം നിനച്ചു സുകൃതാംബുധി ഭക്തരത്‌ന-
മുത്താനശായികുതികൊണ്ടെഴുനേല്ക്കുവാനായ്.
അത്യത്ഭുതം! ചലനശക്തി നശിച്ചഭാവം
പ്രത്യക്ഷമാക്കി ജഡ,മേതുമനങ്ങിയില്ല.
52
വെള്ളപ്പളുങ്കാളിയെഴും നവനീരദത്തി-
നുള്ളിൽ കളിച്ചു വിലസുന്നൊരു ദിവ്യശക്തി,
ഉള്ളം കുളുർക്കുമൊരു ശാന്തമൃദുസ്വരത്തിൽ
ഭള്ളറ്റധാർമ്മികനെയൊന്നു വിളിച്ചു വീണ്ടും.
53
ദൈവം വിളിച്ച വിളിയെന്നുടനേയറിഞ്ഞി
ട്ടാവന്ദ്യനോതി മറുവാക്കതിനീവിധത്തിൽ:-
“സർവ്വേശ്വരാ! തവ പദാംബുജദാസനീ ഞാൻ,
സർവ്വത്തിലും തവ ഹിതത്തിനു ഞാൻ വിധേയൻ.
54
എന്താണു വേണ്ടതിഹ? കല്പന തന്നിടേണം
സന്തുഷ്ടിപൂർവ്വമുടനേയതു നിർവഹിക്കാം.
എന്താകിലും ഭവദനുഗ്രഹമൊന്നുമാത്രം
ചിന്തീടുകെന്റെ തലയിൽ കരുണാഗുണാബ്‌ധേ.”
55
“എൻപാദഭക്തജനതയ്ക്കവതംസമാം നീ
നിൻപുത്രനാകുമിസഹാക്കിനെ മോറിയാ*യിൽ
കമ്പംവിനാ ബലിയണച്ചതിനാലെനിക്കു
സമ്പൂർണ്ണമോദമുളവാക്കുക വേണ്ടമട്ടിൽ.
56
ഇത്ഥംവദിച്ചരവിനാഴിക നിന്നിടാതെ
പ്രത്യക്ഷമായ നവനീരദമങ്ങുയർന്നു
നേത്രങ്ങളെത്തുമകലംവരെ,നിർന്നിമേഷം
ശ്രദ്ധിച്ചുനോക്കിയതിനേ ജഗദീശഭക്തൻ.
57
എന്തോരുവാർത്ത! മറുവാക്കവനെന്തുരയ്ക്കും?
സന്താപമേതുവിധമുള്ളിലൊതുക്കിവയ്ക്കും?
ചെന്തീയുലയ്ക്കടിയിലിട്ടവനേയൊരുത്തൻ
ബന്ധിച്ചമട്ടവനു താപമസഹ്യമായി.
58
“ആരോടിതൊന്നു പറയേണ്ടതു, സാന്ത്വനങ്ങ-
ളാരോതിടുന്നിവനുതെല്ലു സമാശ്വസിപ്പാൻ
കൂറേറിടുന്ന സുതനോടിതു ചൊന്നിടാമോ?
സാറാമ്മ സാധു, അബലയ്ക്കിതു സഹ്യമാമോ?
59
മിത്രങ്ങളീ വിവരമിന്നറിയുന്നതാകിൽ
പുത്രന്റെ മേലമിതപക്ഷമിരിക്കമൂലം,
ശത്രുക്കളായി വരുമീ ക്രിയ ചെയ്തതിങ്ക-
ഇത്രയ്ക്കുമീശവിധിയോടെതിരിട്ടിടാമോ?”
60
ഏവം നിനച്ചു വിധിയേ വെളിവാക്കിടാതെ-
യാവന്ദ്യനായ സുജനാഗ്രണിയന്തരംഗം
വേവുന്നതിന്നിടയിലും തനിയേ സഹിച്ചാൻ,
ദൈവേച്ഛയെന്നതു നിനച്ചു സമാശ്വസിച്ചാൻ.
61
തത്തിത്തിളയ്ക്കുമൊരു വെള്ളമടച്ചുവച്ചാൽ
പാത്രം തകർത്തു പുറമേയൊഴുകും വിധത്തി-
ലെത്തിത്തുടങ്ങി ചില ചിന്തകളുള്ളിലപ്പോൾ
മർത്യസ്വഭാവമതു മാനുഷനുള്ളതല്ലോ.
62
“കാരുണ്യവാരിധിയനാദിപിതാവു, സാക്ഷാ-
ലാരോടുമല്പമൊരു ദുഷ്ടത ചെയ്തിടാത്തോൻ
തീരാത്ത ദുഃഖമിവനിങ്ങു വരുത്തിവയ്ക്കാൻ,
ചേരുന്നൊരീ വിധി വിധിച്ചതു വിസ്മയം താൻ.
63
സന്താനമൊന്നു ലഭിയാതെയിരുന്നകാലം
സന്താപമുള്ളിലുളവായത സഹ്യമെന്നായ്
ചിന്തിച്ചു ഞാൻ, ഇവിടെയിപ്പൊഴുതായവസ്ഥ
സന്തോഷമെന്നു കരുതുന്നതിനു സത്യമായി.
64
കോടീശ്വരസ്ഥിതിയിൽ നിന്നുമധഃപതിച്ചു
നാടാകെ ഭിക്ഷയുമിരന്നു നടന്നിടുന്നോൻ
വീടും ധനസ്ഥിതിയുമറ്റൊരു യാചകന്റെ
കേടറ്റ നല്ലൊരു മനസ്സുഖമാസ്വദിക്കാ.
65
ഹാ ദൈവമേ, കൊടിയദുർവിധിയീവിധത്തിൽ
ഭേദംവിനാ വരണമെങ്കിലുമെന്റെകൈയാൽ
ഈ ദുഷ്ടകൃത്യമതു ചെയ്യണമെന്നതുണ്ടോ?
പാദാദികേശമൊരുപോൽ തളരുന്നു ദേഹം.
66
താൻ നട്ടതായ വിഷവൃക്ഷമതിന്നുപോലും
സന്ദേഹമറ്റൊരുവനായുധമോങ്ങുകില്ല.
ചെന്നായുമാത്മശിശുവേ ദയവേതുമെന്യേ
കൊന്നീടുകില്ലതിലുമെന്റെയവസ്ഥ കഷ്ടം!
67
കൂറോടു വത്സനുടെ കോമളഗാത്രമെന്റെ
മാറോടുചേർത്തു തഴുകുമ്പോഴുമെൻ കരങ്ങൾ
ആരോമനയ്ക്കധികവേദനചേർക്കുമെന്നു
പാരം ഭയന്നു പിടി ശീഘ്രമയച്ചിടും ഞാൻ.
68
സർവ്വേശ്വരാ! പറവതെന്തിനിയെന്റെ കൈയാൽ
നിർവ്വാണമായവനു ചേരുകവേണമെന്നോ?
ദുർവ്വാര ദുർവ്വിധിയിതിൽപരമെന്തു പാർത്താ-
ലുർവീതലത്തിലൊരു മർത്യനു സംഭവിപ്പൂ.
69
ഹാ കഷ്ടമേ! കരളെരിഞ്ഞു ദഹിച്ചിടുന്നു
ശോകാഗ്നിതന്നിലതിനെന്തു നിവൃത്തിമാർഗ്ഗം!
ലോകത്തിലും നരകജീവിതമെന്നുവന്നോ?
നാകാധിനാഥ! തുണ നീ ദയനീയബന്ധോ!”
70
ചിന്താഗതിക്കിവിടെയല്പവിരാമമിട്ടു
വെന്തീടുമുള്ളൊടു കിടന്നൊരുമാത്രനേരം,
സന്താപഭാരമകലെക്കളയേണ്ടതിന്നായ്
സ്വാന്തം തകർന്നിടറിയൊന്നഥ നിശ്വസിച്ചു.
71
യാമങ്ങളും സപദി മൂന്നുകഴിഞ്ഞു,നാലാം
യാമത്തിലെത്തി നിശ, നിസ്തുലഭക്തരത്‌നം
ക്ഷേമാസ്പദം പരമദൈവഹിതം നടത്താ-
നാമോദപൂർവ്വമെഴുനേറ്റു മടിച്ചിടാതെ.
72
മുമ്പോട്ടു നീങ്ങുവതിനായ് പണിപ്പെട്ടിടുമ്പോൾ
തൻപാദയുഗ്‌മമിടറിക്കുഴയുന്നുപാരം.
തൻപുത്രനേ ബലികഴിപ്പൊരു കാര്യമല്ലേ?
വൻപന്റെ ഹൃത്തുമിവിടെത്തകരുന്നതില്ലേ?
73
പാരം ശ്രമിച്ചൊരുവിധം സുതനോടടുത്തു,
സ്വൈരംശയിച്ചു സുഖനിദ്രയിലാണ്ടിരുന്ന
പൂരിച്ച പുണ്യനിധി തന്റെ മുഖത്തുനോക്കി,
ധൈര്യം വെടിഞ്ഞവിടെ നിന്നു കുറച്ചുനേരം.
74
മന്ദസ്മിതപ്രഭചൊരിഞ്ഞിടുമാമുഖാബ്‌ജo,
നന്നായ് തടിച്ചൊരു ഭുജങ്ങൾ, വിരിഞ്ഞമാറും,
ഒന്നോടുമറ്റതിടയുന്നൊരു നീണ്ടകൈകൾ,
ഒന്നാകെനോക്കി നയനങ്ങൾ നിറഞ്ഞു, ശീഘ്രം.
75
“എന്റെ പുത്രനേകനിവനെന്റെ പ്രിയ കണ്ണിലുണ്ണി,
സമ്പൂർണ്ണസൽഗുണപയോധി കുടുംബദീപം,
അൻപുറ്റ നല്ല സുഭഗാംഗ,നവർണ്ണനീയൻ
സമ്പത്തിലേക്കു വിലയേറിയ ദിവ്യരത്നം.
76
“പത്മായതാക്ഷി ജനനിക്കിവനോർത്തിടുമ്പോ-
ളാത്മാവുതന്നെ,യിവനെപ്പിരിയുന്നതാകിൽ
പില്പാടു ജീവനരമാത്രയുമാജഡത്തിൽ
നില്പാനസാദ്ധ്യമുടനേ ത്രിദിവം ഗമിക്കും.
77
“എന്നല്ല സന്തതിപരമ്പരയാലെ ലോകം
നന്നായ് നിറയുവതിനീശനനുഗ്രഹിച്ചു
തന്നോരു ദിവ്യകുലതന്തുവിവൻ നശിച്ചാൽ
വന്നീടുമാസ്ഥിതി ധരയ്ക്കു സഹിപ്പതാമോ?
78
“നാശം ജഗത്തിനിവനിന്നു വരുത്തിടാമോ?
ഈശന്റെ കല്പനമറുത്തു ചരിച്ചിടാമോ?
ക്ലേശാംബുധിക്കടിയിലാണ്ടിഹ കൃത്യബോധം
ലേശം വിനാ മരുവിടുന്നിവനന്ധനെപ്പോൽ.
79
“അല്ലെങ്കിലെന്തിനുവിശങ്ക,ജഗന്നിയന്താ,
വെല്ലാമറിഞ്ഞുലകമാകെ നിറഞ്ഞിരിപ്പോൻ
തെല്ലും കുഴപ്പമിയലാതഖിലാണ്ഡഭാരം
കില്ലേതുമെന്നിയെ വഹിച്ചുവരുന്നു നിത്യം.
80
“എല്ലാം വരുന്നതുകണക്കുവരട്ടെ, പുത്രൻ
പുല്ലാണു, ദൈവഹിതമിപ്പൊളെനിക്കു കാര്യം!
കൊല്ലാനുമായതു കഴിഞ്ഞുയിരേകിടാനും
കല്യാണസിന്ധു കരുണാംബുധിശക്തനല്ലോ.
81
“വേണ്ടാത്തതൊക്കെ ജഗദീശനു പൂജചെയ്താ-
ലുണ്ടാകയില്ലതിനു സൽഫലമേതൊരാൾക്കും;
പണ്ടാദി താതനുടെ മൂത്തമകന്റെ പൂജ
കൊണ്ടീശകോപമുളവായതു സുപ്രസിദ്ധം.
82
“ജീവാധികപ്രിയതയാർന്നൊരു പുത്രനെത്താൻ
ദൈവത്തിനായ് ബലിചെയ്യുകവേണമിപ്പോൾ.
ഏവം മഹത്ത്വമിയലുന്നൊരു പൂജയാലേ
ഭൂവിൽ പിറന്നവരിലിന്നതി ധന്യനാം ഞാൻ.”
83
“വേണ്ടാവിളംബമിനിയേതു”മിദം നിനച്ചി-
ട്ടുണ്ടായ ഖേദമളവേയകലെത്യജിച്ച്
നീണ്ടോരു കൈയുടനിളക്കിയുയർത്തിനേത്രം
രണ്ടും തുടച്ചുടനേ കുക്കുടമൊന്നു കൂവി.
84
പെട്ടെന്നു കണ്ണുകൾ തുറന്നിസഹാ,ക്കവന്റെ
നോട്ടം ശരിക്കു ജനകന്റെ മുഖത്തുതന്നെ
പെട്ടോരുനേരമൊരു തെല്ലു പരിഭ്രമത്താൽ
ഞെട്ടുന്നഭാവമതുകണ്ടെഴുനേറ്റു ശീഘ്രം.
85
എന്താണു താതനെതിരേയിഹവന്നതെന്നു
ചിന്തിച്ചു ഭക്തിഭയവിസ്മയയുക്തനായി
വന്ദിച്ചുതാതപദയുഗ്മമതിന്റെ ശേഷം
നിന്നാനടുത്തുതലതാഴ്ത്തി വിനീതനായി.
86
“വത്സാ! നമുക്കൊരു ബലിക്കു പുറപ്പെടേണ്
മുത്സാഹമോടതിനൊരുക്കുക വേണ്ടതെല്ലാം.
നിസ്സാരസംഗതിയിതല്ലതിരാവിലേ താൻ
നിസ്സംശയം വസതിവിട്ടകലേണ്ടതത്രേ.
87
“ആട്ടിൻകിടാവതു നമുക്കവിടത്തിലൊന്നു
കാട്ടിത്തരും കരുണയേറിയ സർവ്വശക്തൻ;
വെട്ടീടുവാൻ നിശിതഖർഗവുമിന്ധനത്തിൻ
കെട്ടും വിശുദ്ധിയെഴുമഗ്നിയുമോർമ്മവേണം.
88
“ഒട്ടേറെയുണ്ടകലമാമലയിങ്കലെത്താൻ
കഷ്ടപ്പെടും ചുമടു നാം തനിയേ വഹിച്ചാൽ;
കൂട്ടീടണം കഴുതയേയുമതിൻപുറത്ത-
ങ്ങിട്ടീടണം സപദി ജീനിതുടങ്ങിയെല്ലാം.
89
“വീട്ടിൽ തിരിച്ചുവരുവാനൊരുവാരകാല-
മൊട്ടും കുറഞ്ഞിടുകയില്ലതു നാൾ വരെയ്ക്കും
മുട്ടാതശിപ്പതിനു ഭക്ഷ്യപദാർത്ഥമൊന്നും
കിട്ടാവഴിക്കതുമെടുത്തു തയാറുചെയ്ക.
90
“വിശ്വസ്തരായ പരിചാരകർ രണ്ടുപേരേ
പാർശ്വത്തിലാക്കിടുക നമ്മുടെ പിൻതുണയ്ക്ക്.
വിശ്വൈകനാഥനുടെ കല്പനയാണു കുഞ്ഞേ
നാശംവരും ചെറുതുകാലവിളംബമാർന്നാൽ.
91
ഏവം പറഞ്ഞു വിരമിച്ചു വയോധികൻ; “ഞാ
നാവുന്നമട്ടധികവേഗതയോടിതെല്ലാം
ചെയ്‌വ”നിദം സുതനുരച്ചതി ഭക്തിപൂർവ്വ-
മാവന്ദ്യതാതനെ നമിച്ചുതിരിച്ചു ശീഘ്രം.
92
മർത്യസ്വഭാവമതിനേതുമടുത്തിടാത്ത
കൃത്യം നടത്തിടുവതിനതിയായ ധൈര്യം
സത്യസ്വരൂപനരുളേണ്ടതിനായി വൃദ്ധൻ
പ്രാർത്ഥിച്ചുകൊണ്ടു നിമിഷങ്ങൾ കഴിച്ചുകൂട്ടി.
93
എല്ലാമൊരുക്കിയിസഹാക്കരികത്തണഞ്ഞു,
ചൊല്ലാർന്ന ഭക്തമുടിമുത്തെഴുനേറ്റു ശീഘ്രം.
നല്ലാർജനങ്ങളണിയും മണിയായ സാറാ
യുല്ലാസപൂർവ്വമവരേയഥ യാത്രയാക്കി.
94
തൻ കണ്മണിക്കു സമനായൊരു പുത്രനോടും
ശങ്കിച്ചിടാതെ കഴുതപ്പുറമേറി വൃദ്ധൻ,
പങ്കംപെടാത്തൊരു ബലിക്കു തിരിച്ചു ശീഘ്രം;
തൻകാര്യചിന്ത സുജനങ്ങളിലില്ലതെല്ലും.
95
സൂര്യോദയത്തിനിനിയില്ലവിളംബമെന്നു
മര്യാദയോടവരെയൊന്നറിയിപ്പതിന്നായ്
ആര്യാശയത്വമിയലുന്നൊരു ദൂതനെപ്പോൽ
സ്‌ഫാരാഭയോടു പെരുമീനുദിച്ചുയർന്നു.
96
ചിന്നിത്തുടങ്ങിയൊരു മങ്ങിയ ദീപ്തി പൂരം
മന്നിൽപ്പതുക്കെ,യഴകേറിയ പൂർവ്വദിക്കാം
ധന്യത്വമാർന്ന വധുവിന്റെ മുഖത്തുനിന്നും;
മിന്നാമിനുങ്ങുകളൊളിച്ചു തുടങ്ങിയപ്പോൾ
97
മങ്ങിത്തുടങ്ങി കുമുദങ്ങൾ സരസ്സിലെങ്ങും,
പൊങ്ങിത്തുടങ്ങി കളനിസ്വനമംബരത്തിൽ,
ഭംഗംവെടിഞ്ഞിതൾ വിരിച്ചുതുടങ്ങി പത്മം,
ഭൃംഗാളിയും ചുഴലമങ്ങു പറന്നു മന്ദം.
98
തൂകിത്തുടങ്ങി ചെറുപുഞ്ചിരി കോരകങ്ങൾ,
കൂകിത്തുടങ്ങി കളകണ്ഠകുലം തെളിഞ്ഞ്
കോകങ്ങളും വിരഹതാപമകുന്നു കൂട്ടിൽ
പാകത്തിനെത്തിയിണയോടൊരുമിച്ചു ചേർന്നു
99
പൂർവാധികപ്രഭകലർന്നുതുടങ്ങിയപ്പോൾ
പൂർവാശയാംകമനിതന്റെ മുഖാംബുജത്തിൽ
സർവം സഹയ്ക്കുജളബാധയൊഴിഞ്ഞു മന്ദം
സർവേശ്വരന്റെ പരിപാലനചിത്രമല്ലൊ.
100
ഉന്നമ്രകാന്തികലരും ചെറുതാരകങ്ങൾ
മന്നിൽ പതിച്ചു വിലസുന്നതുപോലെതന്നെ,
മിന്നിത്തുടങ്ങിയഴകാർന്ന തുഷാരബിന്ദു
ധന്യാഭചേർന്നു ചെറുതാം തൃണപംക്തിതോറും.
101
കൂറേറിടുന്ന സുതനോടൊരു വാരകാലം
വേറായ്‌വസിപ്പതിനു സംഗതിയാകയാലേ
സാറാമ്മയാളിലുളവായൊരു താപമെല്ലാ-
മാറേണ്ടതിന്നു കുളിർകാറ്റവിടത്തിലെത്തി.
102
പൊന്നോമനത്തനയനേ ബലിചെയ്വതിന്നായ്
തന്നോടുചേർത്തു നടകൊണ്ടിടുമപ്പുമാന്റെ
സന്നദ്ധതയ്ക്കൊരഭിനന്ദനമെന്ന മട്ടിൽ-
ത്തന്നേ കുലുക്കി തല ശാഖീകുലങ്ങളപ്പോൾ.
103
എന്നല്ല നല്ല കുസുമാവലി മോദമോടെ
വന്ദ്യന്റെ പാതകളിലങ്ങു പൊഴിച്ചുകൊണ്ട്
“നന്നായ് വരട്ടെയഖിലം ശുഭമായ് വരട്ടെ-”
ന്നൊന്നാകെയോതിയവസംശയമേതുമെന്യേ.
104
വീടും വിശിഷ്ടതരമാമയൽദേശവും തൻ
നാടും വെടിഞ്ഞു മടിയെന്നതറിഞ്ഞിടാതെ
ഓടിത്തുടങ്ങി യജമാനഹിതത്തിനൊത്തു
സാടോപമക്കഴുത; ഭൃത്യരുമാവിധത്തിൽ.
105
പാടം, പറമ്പു, വിമല പ്രകൃതിപ്രഭാവം
കൂടുന്ന താഴ്വരകൾ, പുൽത്തകിടിപ്രദേശം
മേടും കിടങ്ങുമിടനാടുകളെന്നുവേണ്ട
കാടും നിരത്തുമൊരുപോലവർ പിന്നിലാക്കി.
106
മേയുന്നു കാലികൾ, കുതിച്ചിളക്കിക്കളിച്ചു
പായുന്നു നല്ല ചൊടിയോടു പശുക്കിടാക്കൾ,
വായുംപരം തിറമൊടേ വയറും നിറച്ചി-
ട്ടായാസമറ്റജഗണം വിഹരിച്ചിടുന്നു.
107
സാഹിത്യഗന്ധമിയലാത്തൊരു പാട്ടുപാടി
ദാഹത്തിനൂറ്റുകളിലേ ജലവും കുടിച്ച്
ദേഹം ശരിക്കു മറയാത്തൊരുടുപ്പുമായി-
ട്ടാഹ്ളാദമോടു പശുപാലർ നടന്നിടുന്നു.
108
പാടുന്നു പക്ഷികളിരുന്നു മരങ്ങൾതോറും
ചാടിക്കളിച്ചുമരുവുന്നിതുവാനരങ്ങൾ.
ആടുന്നു കേകികൾ മനോഹരമായ പീലി
പാടേ വിരിച്ചിതരചിന്തകളേതുമെന്ന്യേ.
109
കുന്നിന്റെ താഴ്‌വരകൾ വിട്ടുകുതിച്ചുപാഞ്ഞി-
ട്ടൊന്നാന്തരം വിമലമാംജലവും വഹിച്ച്,
വന്നെത്തിടുന്ന ചെറുചോലകളന്തികത്തിൽ
ചെന്നെത്തിടുന്ന പഥികർക്കഴലാറ്റിടുന്നു.
110
കാണുന്നൊരാസഹൃദയർക്കകതാരശേഷം
പ്രീണിക്കുമാറു തുലയറ്റൊരു കാഴ്ചയെല്ലാം,
കാണാതെതന്നെയവരങ്ങു കടന്നുപോയി;
കാണിക്കുമില്ലതിലൊരത്ഭുതമോർത്തുകണ്ടാൽ.
111
മൂന്നാംദിനത്തിലവരാസെഹിയോൻ പ്രദേശ
ചെന്നെത്തി ദൈവമറിയിച്ച മലയ്ക്കടുത്ത്
സന്ദേഹമറ്റുമലനോക്കിയറിഞ്ഞുവൃദ്ധൻ
ചൊന്നാനനന്തരമിദംനിജഭൃത്യരോടായ്.
112
“ഞാനെന്റെ പുത്രനൊരുമിച്ചൊരു തെല്ലുദൂര
സ്ഥാനത്തുപോയ് ബലിയണച്ചു വരുംവരെയ്ക്കും
ദൂനത്വമറ്റിവിടെ നിങ്ങൾ വസിച്ചിടേണം
തീനുംശരിക്കു കഴുതയ്ക്ക് കൊടുത്തിടേണം.
113
ഇത്ഥം വദിച്ചു വിറകങ്ങുടനേയെടുത്തു
പുത്രന്റെ തോളിലവനേറ്റി മടിച്ചിടാതെ;
കത്തുന്ന തീ, നിശിതഖഡ്ഗവുമേന്തി കൈയിൽ
സത്തുക്കൾകാലിണ നമിച്ചിടുമാവിശുദ്ധൻ.
114
ഓർക്കുമ്പോളാ വിറകു തന്റെ ബലിക്കുവേണ്ടി
ത്തൽകാലമാമലവരെയ്‌ക്കു വഹിച്ചിരുന്ന
നിഷ്കന്മഷത്വമിയലുന്ന യുവാവു പാർത്താൽ
പില്ക്കാലമാർന്ന മിശിഹായൊടു തുല്യനത്രേ.
115
തൂക്കായ കുന്നു, വഴി ദുർഘട,മായതൊന്നും
നോക്കാതെതന്നെയതിനുച്ചിയിലെത്തിയപ്പോൾ
മുക്കാലുമായി പക,ലെങ്കിലുമാശ്വസിപ്പാൻ
നില്ക്കാതെകണ്ടു ബലിപീഠമുടൻ ചമച്ചു.
116
“ആട്ടിൻകിടാവെവിടെയെന്നതു താതനെന്നെ-
ക്കാട്ടിത്തരാൻ കനിവുദിച്ചിടുമെങ്കിലിപ്പോൾ
ഒട്ടും വിളംബമണയാതതിനെപ്പിടിച്ചു
കെട്ടിത്തരത്തിലിഹകൊണ്ടുവരുന്നതുണ്ട്.”
117
ഏവംവദിച്ച സുതനോടുരചെയ്തു താതൻ
“ദൈവം ശരിക്കതിനു വേണ്ടതുനോക്കിടുന്നു.
നീവന്നുപീഠമിതിലേറിടുമെങ്കിലിപ്പോൾ
കൈവന്നുഭാഗ്യമതുതാൻ ജഗദീശചിത്തം.
118
മായംവിനാ വിശദമായിസഹാക്കിനപ്പോൾ,
ചെയ്യേണ്ട പൂജയുടെ മട്ടുമനസ്സിലായി.
മെയ്യാകവേ സപദിയൊന്നു വിയർത്തു, കാലും
കൈയും തളർന്നു ജനകന്റെ മുഖത്തുനോക്കി.
119
ജീവച്ഛവത്തിനു സമം നിലംകൊണ്ടിടുന്നോ-
രാവന്ദ്യനായ ജനകന്റെയകക്കുരുന്നിൽ
താവുന്ന ഖേദഭരമപ്പൊളറിഞ്ഞു പുത്രൻ;
ഭാവം മനുഷ്യഹൃദയത്തെ വെളിപ്പെടുത്തും.
120
കെട്ടിപ്പിടിച്ചു ജനകന്റെയുരസ്സുചേർന്നു
കഷ്ടിച്ചു രണ്ടു വചനങ്ങളുരച്ചു പുത്രൻ.
“സൃഷ്ടിച്ചവന്റെ ഹിതമീവിധമെങ്കിലെന്തേ
ശിഷ്ടൻ പിതാവിനു സംശയമാർന്നിടുന്നു?”
121
നീറുന്ന ഹൃത്തിനൊരു നല്ലമൃതപ്രവാഹം
മാറത്തൊഴുക്കുമൊരുവത്സനെവിട്ടകന്ന്
മാറേണ്ടതിന്റെ വിഷമം, ഹൃദയം പറിച്ചു
കീറുന്നമട്ടു ജനകന്നനുഭൂതമായി.
122
ആശ്ലേഷമങ്ങരവിനാഴികയിൽക്കഴിഞ്ഞു,
വിശേഷമാർന്നുജവമോടു പിതാസുതന്മാർ;
പാശം കരത്തിലുടനേന്തിയടുത്തു താതൻ
ആശങ്കവിട്ടു സുതനും ബലിപീഠമേറി.
123
നീട്ടിക്കൊടുത്തു ചരണങ്ങൾ കരങ്ങൾ രണ്ടും,
കെട്ടിക്കിടത്തി ജനകൻ മടിയേതുമെന്ന്യേ
വെട്ടുന്നതിനു നിശിതായുധമേന്തി കൈയിൽ,
പിട്ടല്ലകൃത്യമുടനേ നിറവേറുമിപ്പോൾ.
124
മിന്നിത്തിളങ്ങുമൊരു വാളുയരുന്നു വാനിൽ,
ധന്യാത്മജന്റെ നയനങ്ങളടഞ്ഞിടുന്നു.
പിന്നെക്കഥിച്ചിടുവതെന്തഖിലാണ്ഡമപ്പോ-
ളൊന്നാകെഞെട്ടിനിലവിട്ടുവിറച്ചിടുന്നു.
125
താഴുന്നു വാളതിനിടയ്ക്കൊരു ദീപ്തിപൂരം
വീഴുന്നു വാനുലകിൽനിന്നു ജഗത്തിലേക്ക്
കീഴെത്തിടുന്നതിനു മുമ്പതിനുള്ളിൽനിന്നും
പാഴറ്റവെള്ളിടികണക്കൊരു ശബ്ദമുണ്ടായ്.
126
“വെട്ടീടൊലാ തനയനെ,ത്തരുണന്റെ മെയ്യിൽ
തൊട്ടീടൊലാ സഫലമായ് തവ പൂജയിപ്പോൾ;
മുട്ടാടതാ വിടപശാഖയതിൽക്കുരുങ്ങി-
ക്കെട്ടിക്കിടപ്പതതിനേ ബലിചെയ്തുകൊള്ളാം.”
127
വെട്ടാനോങ്ങിയ ഖഡ്ഗമായതുടനേ
താഴത്തുവീണു, കരം
കൂട്ടിക്കൂപ്പിനിറഞ്ഞ നേത്രയുഗളം
മേലോട്ടുയർത്തീടവേ,
കേട്ടു പിന്നെയുമാസ്വരം പറവതാ-
മാശ്വാസവാക്കീവിധം
“കേട്ടാലും ജഗദീശ്വരന്റെ വചനം
നിന്നോടുചൊല്ലുന്നു ഞാൻ.”
128
“നീയീകല്പന നിർവ്വഹിപ്പതിലിദം
വിശ്വസ്തനായ്കാൺകയാൽ
ചെയ്യുന്നേനൊരു സത്യമിന്നു നിതരാം
നിന്നിൽ പ്രസാദിച്ചു ഞാൻ;
പെയ്യിക്കും ശുഭമാരി ഞാനനിശമീ
വംശദ്രുമത്തിന്നുമേൽ
മായാപേതമതി ജഗത്തിലഖിലം
വ്യാപിച്ചു ശോഭിച്ചിടും.”
129
വിണ്ണിൽ കാൺമൊരു താരകാവലികണ-
ക്കെന്നല്ല പാർത്തട്ടിലേ-
യെണ്ണംവിട്ട മണൽത്തരിക്കു സമവും
വർദ്ധിക്കുമീ സന്തതി;
കണ്ണിൽ കാണൊരു ശത്രുരാജ്യമഖിലം
സ്വായത്തമാക്കിച്ചിരം
വർണ്ണിപ്പാനരുതാത്തമട്ടവർ ഭരി-
ച്ചീടും പ്രതാപത്തോടേ.”
130
എല്ലാം മംഗളമെന്നുകണ്ടു ഹൃദയം
തിങ്ങുന്നമോദത്തൊടേ
സ്വർല്ലോകാധിപനെ സ്തുതിച്ചു വിധിപോൽ
പൂജിച്ചുമേഷത്തെയും,
കല്യാത്മാകൃതകൃത്യനായ് സുതനൊടും
ശീഘ്രം മടങ്ങീടിനാൻ
നല്ലോർക്കെന്നുമിതേവിധത്തിലുളവാം
“ഈശപ്രസദാം; ശുഭം.
131
