തച്ചിൽ കൊച്ചുമാത്തു

ആലങ്ങാട്ടരചന്റെയമാത്യൻ
തച്ചിൽ തരിയതിനേ
കാലക്കേടാൽ കഷ്ടമരാതികൾ
തോക്കിന്നിരയാക്കി;
നാലാണ്മക്കൾ വിധവ ജനിത്രിയു
മവരുടെ കണ്ണീരും
മേലാലത്തറവാടു പുലർത്തണ
മെന്നായ് ദൈവഹിതം.
1
താരുണ്യത്തികവന്നും കുറവി
ല്ലാത്തൊരു പെൺകൊടിയാൾ
വൈരികൾ മദ്ധ്യേ ജീവിക്കുകയോ?
സാഹസമതു പാരം.
ജനകൻ ധനികനുദാരൻ മകളേ
പ്പിഞ്ചുകിടാങ്ങളെയും
നിജഗേഹത്തിൽ സ്സംരക്ഷി
ച്ചതിവാത്സല്യത്തോടേ.
2
ഉല്ലാസത്തികവോടേതന്ന
വളർന്നു കുമാരന്മാർ,
നല്ലവരാകാൻ മാതാമഹനഭി
വാഞ്ഛയിരുന്നാലും
മെല്ലെ വളർന്നുവരുന്തോറും ചില
ദുസ്വാതന്ത്ര്യങ്ങൾ
ചില്ലറ മദിരാസേവനവും തല
പൊക്കിയിരുന്നവരിൽ.
3
ഒരുനാളഭിമാനക്ഷയഹേതുക
മായ ശകാരത്താൽ
ഇരവിൽത്തന്നെയൊളിച്ചോടിപ്പോയ്
മാത്തു രണ്ടാമൻ;
പിതൃഭവനത്തിൽ ചെന്നവിടത്തെ
സ്വത്തുക്കൾക്കെല്ലാം
മുതലാളിയുമായവിടെത്തന്നെ
സ്ഥിരതാമസമാക്കി.
4
നേരമുഷസ്സായ്, മകനെക്കണ്ടി
ല്ലമ്മയ്ക്കാധിയുമായ്,
നാരീമണിയാൾ സദനം ചുറ്റി
നടന്നു വിളിച്ചിട്ടും
മറുപടിയി,ല്ലവൾ വൈധവ്യത്താൽ
പണ്ടേയാകുലയാ
ണെരിയും വഹ്നിയിലെണ്ണകണക്കേ
യിപ്പോളിതുമായി.
5
എന്താ ചെയ്യുക? മകളുടെ പേരിൽ
ജ്ജനകനു കരളേറ്റം
നൊന്തു പിടഞ്ഞു ‘കുത്തിയതോട്ടി’
നൊരാളേ വിട്ടുടനേ
മാത്തുവിനെക്കണ്ടമ്മ പറഞ്ഞെ
ന്നോതി വിളിച്ചിട്ടും
ഹൃത്തിലെ വാശിക്കയവില്ലേതും,
തനയൻ വന്നില്ല.
6
“സ്വന്തം താതനു മുതലുണ്ടിവിടെ
ക്കുറവില്ലാത്തവിധം
സന്താനങ്ങൾക്കർഹതയുണ്ടിതു
കൈകാര്യം ചെയ്യാൻ
എന്തിനു വെറുതേയഭിമാനത്ത
പ്പണയം വയ്ക്കുന്നു?”
ചിന്തകളിങ്ങനെ പൊന്തിയിരിക്കാ-
മായുവഹൃദയത്തിൽ.
7
അപകടസന്ധിയിൽ നിലകൊള്ളുകയാ
ണവനെന്നറിയുന്നി-
ല്ലൊരുവനുമില്ല നിയന്ത്രിക്കാനും;
പണമോ ധാരാളം
മതിഗുണപക്വതയെത്തിപ്പുണരാൻ
പ്രായവുമായില്ല
പിതൃഘാതകരുടെ മദ്ധ്യേ വാസം,
സ്ഥിതി പരിതാപകരം.
8
ഒരു കാര്യസ്ഥൻ, ജനകനെ വിശ്വ
സ്തതയൊടു സേവിച്ചോൻ
പരിതസ്ഥിതികളറിഞ്ഞു യുവാവിനു
പിന്തുണയായ് നിന്നു
കഴിവതുപോലെ നിയന്ത്രിച്ചിട്ടും
കൊള്ളരുതായ്മകളിൽ
മുഴുകും പോക്കവനെങ്ങനെ തടയും?
മുതലാളിയുമല്ലേ?
9
ജനനീമണിയാളരുമസ്സുതനെ
പ്പറ്റി ദിനന്തോറും
മനതാരുരുകും വാർത്തകൾ കേട്ടു
പൊഴിക്കും കണ്ണീരിൽ
നനയും വദനം ലോകത്തോടൊരു
തത്ത്വമുരയ്ക്കുന്നു
സഹനം, സ്നേഹം രണ്ടിലുമമ്മയെ
വിജയിക്കില്ലാരും.
10
അവളെത്തന്നേ ബലിയർപ്പിച്ചവൾ
പിതൃഗേഹം വിട്ടു
മകനോടുകൂടിത്താമസമാക്കി
ത്തച്ചിൽത്തറവാട്ടിൽ
അനുസരണത്തിനൊന്നാം പാഠവു
മറിയാത്തൊരു സുതനെ,
വിധവജനിത്രി നയിച്ചാലുണ്ടോ
ഫലവത്താകുന്നു?
11
സാമം, ദാനം, ഭേദമിതെല്ലാം
നിഷ്ഫലമായ്ക്കണ്ടു
ക്ഷേമം വരുവാൻ ധീമതി മറ്റൊരു
വഴിയാലോചിച്ചു.
പൂമകളെപ്പോലൊരു സുകുമാരി,
കുലീന, സുശീലയുമാ-
ണാമകനവളെസ്സഹധർമ്മിണിയായ്
ച്ചേർത്തു ഹിതം പോലെ
12
പെണ്മണിയാളിൽ പ്രേമമനല്‌പം,
കാഴ്ചയിലവളെത്തൻ
കണ്മണിയെന്നാണവനോർക്കുന്നതു
ജനനി കൃതാർത്ഥയുമായ്.
ഇങ്ങനെ വന്നൊരു സുസ്ഥിതി പക്ഷേ
നിലനിന്നില്ലധികം
രംഗം വീണ്ടും വഷളായ്, നെടുവീർ
പ്പൊന്നിനു രണ്ടായി.
13
സ്ത്രീലമ്പടനായ് ചൂതിൽ പ്രിയനായ്
മദിരയിലാറാടി-
ക്കാലം പോക്കും ധൂർത്തനു ‘വീടൊ’ രു
കഥയില്ലാത്ത പദം.
സ്വന്തജനിത്രി, നവോഢ കുടുംബിനി,
യിരുവരുമാ വീട്ടിൽ
ചിന്തും കണ്ണീർത്തുള്ളികൾ ദൈവം
കൈകളിലേല്ക്കുന്നു.
14
കൈവശമുള്ള പണം തീരുമ്പോ
ളെത്തും ഭവനത്തിൽ
സേവകരായിട്ടനുഗതരാകും
വളരെപ്പേരപ്പോൾ
തൽക്ഷണമവിടെസ്സദ്യ നടക്കണ
മേതും കുറവെന്യേ-
യക്ഷയപാത്രം കൈയിലിരുന്നാ
ലെന്നവിധം തന്നെ.
15
അങ്ങനെ പത്തോ പതിനഞ്ചോ
ദിവസങ്ങൾ കഴിഞ്ഞപ്പോ-
ളന്നൊരു ദിവസം വീട്ടുടമസ്ഥൻ
മാത്തു സഹചരരും
ഒന്നിച്ചെത്തി, ഭവനകവാട
മടഞ്ഞു കിടക്കുന്നു
നന്നായ് തട്ടി വിളിച്ചുടനമ്മയെ,
മറുപടിയില്ലേതും.
16
ചുറ്റിനടന്നു വിജനം ഗൃഹ
മെന്നല്പം ശങ്കിച്ചു
ചെറ്റു വിഷാദിച്ചേതോ വിടവിൽ
കണ്ണിണചേർത്തപ്പോൾ
ഊറ്റക്കാരൻ മാത്തുവിനുള്ളിൽ
ക്കിടിലംകൊണ്ടതുപോൽ
മാറ്റം കാണായ്, നിശ്ചലജഡനായ്
നിന്നവനൊരു നിമിഷം.
17
പരിതസ്ഥിതികൾ ശുഭമല്ലെന്നു
ധരിച്ചാ ഗൃഹനാഥൻ
പരിസാഹങ്ങൾക്കിടയിൽ പാരം
മ്ലാനമുഖത്തോടേ
അരികിൽച്ചെന്നിട്ടതിഥികളോടു
പരാജയമേറ്റു പറ-
ഞ്ഞൊരുവിധമെല്ലാം മാപ്പുമപേക്ഷി
ച്ചവരൊടു വിടവാങ്ങി
18
നടുമുറ്റത്തേക്കിടമതിൽ ചാടി
യിറങ്ങിയകത്തെത്തി,
ഝടിതി നടന്നൊരു മുറിയിൽച്ചെന്നു,
കാലുകൾ നീങ്ങാതായ്
ഹൃദയസ്പന്ദനമധികവുമായ്,
കണ്ണീരുറവകളായ്
നയനദ്വന്ദം, ജീവനിലർദ്ധം
പോയൊരുമട്ടായി.
19
കൈയിൽത്താടിയമർത്തിച്ചേർത്തു
കുനിഞ്ഞ മുഖത്തോടേ
ശയ്യ വിരിക്കാതുള്ളൊരു കട്ടിലി-
ലമ്മയിരിക്കുന്നു.
അറിയാതിഴയുകയാണൊരു കൈയിൽ
പാവനജപമാല
നറുമുത്തുകൾ പോൽ ബാഷ്പകണങ്ങളു
മിടവിട്ടുതിരുന്നു.
20
ആരെച്ചൊല്ലീട്ടിക്കണ്ണീരീ
പ്രാർത്ഥന? യാത്ത നയൻ
ചാരത്തെത്തിയതേതുമറിഞ്ഞി
ല്ലസ്ത്രപ്രജ്ഞയവൾ
വാരിച്ചേർത്തു പുണർന്നവ ‘നമ്മേ’
യെന്നൊരു വിളിയോടേ
നേരേ നിറുകയിലൊരു ചുംബനവും
സസ്നേഹം നല്കി.
21
“ആരാ മാത്തൂ, കന്യാംബികതുണ!
വന്നോ നീ മകനേ?
ആരോടെന്റെ മനോവേദന ഞാ
നോതും പൊന്മകനേ?
ആലങ്ങാട്ടരചന്റെയമാത്യൻ
നിന്റെ പിതാവല്ലേ?”
ആലിലപോലെ വിറച്ചുതളർന്നവൾ
ബാക്കിയുരച്ചില്ല.
22
“അമ്മേയമ്മേ”യെന്നുവിളിച്ചവ
നാത്മാർത്ഥതയോടേ
ജന്മം നല്കിയ സതിയുടെ മുമ്പിൽ
കാൽമുട്ടുകളൂന്നി.
അപ്പരിപാവനകാലിണ ചുംബി
ച്ചനുതാപാകുലനായ്
കൂപ്പിയ കൈകളോടർത്ഥന ചെയ്തവ-
“നമ്മേ കരയരുതേ”.
23
“തച്ചിൽത്തറവാടിന്റെ മഹത്ത്വം
പോയല്ലോ മകനേ
കാച്ചിയ പാലിൽതേനിനുപകരം
താർമഷി നീ ചേർത്തു
മച്ചികളത്രേയെന്നെക്കാളും
ഭാഗ്യത്തികവുള്ളോർ
നിശ്ചയ, മെന്നെക്കരയിക്കുന്നതു
മകനേ നീയല്ലേ?
24
പഞ്ഞം പട്ടിണിയൊന്നുമറിഞ്ഞി
ട്ടില്ലാത്തൊരു വീട്ടിൽ
കഞ്ഞിക്കരിയില്ലാതെ കഴിക്കു
ന്നേകാകിനിയായ് ഞാൻ.
സുഖജീവിതമെൻ പിതൃഗൃഹത്തിൽ
കുറവായിട്ടാണോ
മകനേയിവിടം വിട്ടതു നിന്നെ
വിചാരിച്ചല്ലേ ഞാൻ.”
25
“കുഞ്ഞന്നാമ്മ’യെ വീട്ടിലയച്ചു
ജനകൻ വന്നപ്പോൾ
പഞ്ഞംകൊണ്ടവൾ സഹനത്താലും
പാരം ക്ഷീണിതയായ്;
എന്നെപ്പോലെ സഹിക്കാനാവി
ല്ലവളെക്കൊണ്ടിപ്പോൾ
നിന്നെക്കാണാനില്ല, കുറച്ചവ
ളവിടെപ്പാർക്കട്ടെ.”
26
“അമ്മേ, സത്യം ചെയ്യുന്നിത ഞാൻ;
പൂർവ്വികരെപ്പോലെ
മേന്മേൽ നല്ലവനായ് ജീവിക്കാൻ
തന്നെയുറപ്പിച്ചു.
തന്നീടണമാശിസ്സുകളതിനായ്
ദൈവാനുഗ്രഹവും
ചേർന്നിടുമെങ്കിൽച്ചെന്നെത്തും ഞാൻ
ശുഭപരിണാമത്തിൽ.”
27
അമ്മയ്ക്കുള്ള കുളുർത്തൊരു കുരിശു
പിടിപ്പിച്ചാ സത്യം
ചിന്മയനാമം ചൊല്ലിച്ചവനെ
ക്കൊണ്ടഥ ചെയ്യിച്ചു
മാറോടവനെയണച്ചു മുലപ്പാ
ലൂട്ടിയ കാലത്തെ-
ക്കുറോടാശ്ലേഷിച്ചു കരഞ്ഞവൾ
സന്തോഷത്താലേ.
28
ഭാസുരഭാവിയിലെത്തിയ മാത്തു-
ത്തരകനിവൻ തന്നേ-
യീ സംഭവമാ ധൂർത്തനു മാനസ-
നേത്രം തെളിയിച്ചു.
ആദ്യത്തെക്കാലടിവയ്പാണിതു
നേർവഴിയേ പോകാൻ;
ഉത്തമജനനീ, നിൻ പ്രാർത്ഥനകൾ
ശുഭഫലമണിയുന്നു.
29
(തൊഴിലാളി, ആഗസ്റ്റ്, 1969)
