സഖുഭായ്

ഇങ്ങനെയുണ്ടോ പ്രസവിത്രികളെ-
ന്നാരും ഞെട്ടിടുമിക്കഥകേട്ടാ-
ലംഗനമാരെക്കിടിലം കൊള്ളി-
ച്ചിടുമെന്നാലിതു സംഭവകഥ താൻ.
ഭാരതചരിതം പിറകോട്ടൊന്നു
മറിച്ചു, ശതകംപലതുകടന്നി-
ല്ലോരോതാളുകളോരോ പാഠം
സ്മരണയിൽ വച്ചു പതിച്ചു മറിഞ്ഞു.
അന്നൊരുനാളൊരു രാജകളത്രം,
സുന്ദരി യൌവനയുക്തയുമാണവ-
ളൊന്നേസന്തതിയുള്ളു, കുമാരൻ
കണ്മണി, ദുർഭഗവിധവയുമത്രേ.
പതിയാം ഭൂപതിമൃതനായപ്പോൾ
സുതനൊരു ബാലകനാണതുമൂലം
പ്രതിനിധിഭരണം തന്നെവരണേ;
മതിശാലിനിയാൾ നാടുഭരിച്ചു.
ഭരണനയങ്ങളറിഞ്ഞ വിദഗ്ധൻ
സചിവോത്തമനതിനാലേതന്നേ
തരുണീമണിയുടെ മകുടത്തിൽകീഴ്
ഭരണം ശോഭനമായിനടന്നു
അവളുടെ പേരു ‘സഖഭായ്’; നാളുക-
ഉങ്ങനെയൊട്ടുകഴിഞ്ഞു കുമാരൻ
നവയൌവനസുഭഗശ്രീമാനായ്
ചെങ്കോലേന്തി ഭരിച്ചുതുടങ്ങി.
സിംഹാസനമതിലേറിയിരിക്കും
മകനെക്കാണുവതിൽപരമോർത്താ-
ലമ്മയ്ക്കെന്തൊരു പരമാനന്ദം
ധരണിയിലാശിച്ചീടാൻ കഴിയും?
കണ്ണുകുളിർക്കും കരളു കുളിർക്കും
ജന്മംതന്നെ സഫലമിതെന്നാ
പെണ്മണിയോർക്കും, പക്ഷേയനുഭവ-
മിവിടെമറിച്ചാണത്ഭുതമോർത്താൽ.
അധികാരം പൊയ്പോയതു ദുസ്സഹ-
മതുവീണ്ടും കരഗതമാക്കിടുവാ-
നവളോരോ വഴിയാലോചിച്ചു,
ഹൃദയം വിഷമയമായിത്തീർന്നു.
ഔരസപുത്രനവന്റെ മുഖത്തവൾ
നേരേനോക്കിപ്പുഞ്ചിരിതൂകും
ദൂരെച്ചെറ്റു മറഞ്ഞഥ നില്ക്കും
പല്ലുകൾ തമ്മിൽ കൂട്ടിയിറുമ്മും.
രാക്ഷസിയെക്കാൾ ഭീകരിയാണവ-
ളരുമസ്സന്താനത്തെ വധിക്കാൻ
രാക്ഷസജാതിയുമോർത്തിടുകില്ല,
പുരാണങ്ങളിലതു കാണുകയില്ല.
എന്നാലവളതുതന്നെയുറച്ചു
മന്ത്രം തന്ത്രം മാരക വിദ്യകൾ
സന്ദേഹം കൂടാതെ പലേ തര-
മതിനായ് ചെയ്തവ വിഫലവുമായി.
വൈരാഗ്യത്തിനു ശക്തിപെരുത്തു,
പുതുതായ് വിദ്യകളാലോചിച്ചു
ക്രൂരതവന്നാലിത്രവരാമോ?
സ്ത്രീവർഗ്ഗത്തെക്കരിതേയ്ക്കാമോ?
സേവകനൊരുവനു സഞ്ചിനിറച്ചവൾ
കാശുകൊടുത്തൊരു പുഞ്ചിരികാട്ടി
നാശമിതൊപ്പിച്ചിടുകിൽ മേൽഗ്ഗതി
പലതുണ്ടെന്നും വാക്കുകൊടുത്തു.
ശബ്ദംതാണു, സംസാരത്തിൽ
ഗൌരവമേറീ കേൾവിക്കാരൻ
നില്പിൽത്തന്നെ വിഗ്രഹസമനാ-
യങ്ങനെനിന്നു നിശ്ചലനായി.
കൈയിൽ നിന്നു പണക്കിഴിവീണു
പയ്യെത്താണതു വീണ്ടുമെടുത്തു
“ചെയ്യില്ലിതു ഞാനെന്നോതുകയോ?
പോരാ ധൈര്യം സേവകനല്ലേ?
“കല്പന’-കഷ്ടിച്ചിത്രയുമോതീ-
ട്ടപ്പോൾത്തന്നെയവിടം വിട്ടു
“ചിലപുരുഷൻ തുണ’യെന്നവനോതിയ-
തീശ്വരനെന്യേ കേട്ടില്ലാരും.
യാമിനിമദ്ധ്യം, കൊട്ടാരത്തിലെ
നീന്തൽക്കുളമതിനരികത്തായി-
ട്ടാമാനവനെക്കാണാം നിഴൽ പോ-
ലവിടെയിരുട്ടിൽ ചെയ്യുവതെന്തോ!
ഏതാണ്ടെല്ലാം പറയുന്നുണ്ടവ-
നേതാണ്ടെല്ലാം ചെയ്യുന്നുണ്ടവ-
നേതായാലും ഹിതകരമല്ലാ
രംഗം; വാക്കുകൾ ശ്രദ്ധിക്കുക നാം.
“എന്റെ മനസ്സാക്ഷിക്കിതു സമ്മത-
മല്ലെന്നാലും ഞാനിതുചെയ്‌വാ-
നുണ്ടായൊരു വിധി മുജ്ജന്മത്തിൻ
പാതകഫലമോ സങ്കടമേറ്റം.
അധികാരഭ്രമമിത്ര വരാമോ?
പ്രസവിച്ചവൾ തന്നരുമസ്സുതനെ-
യിതുപോൽ കുടിലതയോടെ കൊല്ലുക,
ധരണിയിലിങ്ങനെ സംഭവമുണ്ടോ?
കൊടിയൊരുപാതകമിതിനൊരു കൂട്ടായ്
നില്ക്കുവതെക്കാളീയിരുളിൽ ഞാൻ
നടകൊണ്ടാലോ മറ്റൊരു നാട്ടിനു
പൊയ്ക്കൊണ്ടാലോ വേഷംമാറി?
എന്തു പണക്കിഴിയെന്തൊരു മേൽഗ്ഗതി?
പാപകളങ്കിത ജീവിതമെന്തിനു?
നിന്തിരുവടി ശരണം ഭഗവാനേ,
വേണ്ടതു ചെയ്യാൻ തോന്നിച്ചിടണേ!
അടിയനൊരജ്ഞൻ…” ശബ്ദം വല്ലാ-
തിടറി പിന്നെക്കേട്ടതുമില്ല,
നിമിഷങ്ങൾ ചിലതങ്ങനെപോയി,
ജലമിളകുന്നു വാപിക്കുള്ളിൽ
മിന്നിപ്പൊലിയും മിന്നൽപ്പിണറുക-
ളവിടെ നടക്കും ജോലികളേറ്റം
ഖിന്നതയോടെ കാണുകയാണതു
തടയാൻ മാർഗ്ഗം ചിന്തിക്കുകയും
സ്ഫടികസമാന ജലത്തിന്നടിയിൽ
കുന്തങ്ങൾ മുന മേലോട്ടായി-
ട്ടുടയവനെ, നാട്ടീടുകയാണവ-
നെന്തൊരു ഭീകര രംഗവിധാനം!
കഷ്ടം! സാധു മനുഷ്യനെയെന്തിനു-
പഴിയോതുന്നു? മകനെക്കൊല്ലാൻ
ദുഷ്ടസ്ത്രീയവളുപദേശിച്ചുകൊ-
ടുത്തവയാണിക്കുടിലതയെല്ലാം.
എന്നുമുഷസ്സിൽ നീന്തിക്കുളിപതി-
വാണാ വാപിയിൽ മകനാം മന്നവ-
നിന്നും വന്നു കുളത്തിൽച്ചാടും
സ്വഹിതം നേടാമെന്നവളോർത്തു.
ഇരുളാം മൂടുപടത്താൽ ഭൂമിയെ
മൂടിയുറക്കിയിരുന്ന നിശീഥിനി
യതിനകമേയീ ദുസ്സഹദുഷ്ടത
നടമാടുന്നതിലകതളിരുരുകി
ആ മൂടാപ്പകലത്തിലെറിഞ്ഞി-
ട്ടവളും പോയി മറഞ്ഞു, ഭൂതല-
മരുണമയൂഖ മനോഹരമായി,
നാടകപരിണതിയേതൊരു വിധമോ!
ഈശ്വരനെക്കാളുന്നതസേവന-
മമ്മ മഹാറാണിക്കു കൊടുപ്പൻ,
ശാശ്വതനീതിയനീതിക്കടിയിൽ
ശ്വാസംമുട്ടി മരിപ്പതു കാണ്മാൻ,
സാധിക്കായ്കനിമിത്തം സേവക-
നേതൊരു വിധമോ സംഗതിയെല്ലാം
രാജാവിനെയറിയിച്ചവിടുത്തേ
ജീവൻ രക്ഷിച്ചവനഭിവന്ദ്യൻ.
കൊട്ടാരത്തിലുയർന്നൊരു നിലയിൽ
പൂട്ടിയ മുറിയിൽ റാണി സഖൂഭായ്
കാറ്റുംകൊണ്ടു വസിക്കുകയത്രേ
ചുറ്റും പോലീസ് കാവലുമായി.
സിംഹാസനമതിലാശമുഴുത്തൊരു
സിംഹി തടങ്കലിലായിത്തീർന്നോ?
സംഹാരത്തിനൊരുങ്ങിയവൾക്കീ
സൌധം കാരാഗാരവുമായോ?
ദുരിതം ചെയ്താൽ നരകം ഫലമെ-
ന്നറിയണമാരും, പക്ഷേയതിലൊരു
ചെറിയ വിഭാഗമിഹത്തിലുമാകാം
റാണി സഖുവിനു വന്നതുപോലെ
നരലോകത്തിൽ സുഖദുഃഖങ്ങൾ
നശ്വരമത,യിവിടം വിട്ടാൽ
പരലോകത്തിൽ പരമാനന്ദ-
മനന്തം, സുകൃതം ചെയ്യണമതിനായ്.
(മനോരമ വാർഷികപ്പതിപ്പ്, 1963)
