സാന്ത്വനപ്രകാശമേ, ജയിച്ചാലും!

ആനാളിലിസ്രായേലിൽ ആഭിജാത്യത്തിടമ്പായ്
സാവൂളെന്നൊരുവീരൻ വസിച്ചിരുന്നു.
പാണ്ഡിത്യംതികഞ്ഞവൻ പാടവം കവിഞ്ഞവൻ
താർസീസിൽജനിച്ചവൻ റോമാപൗരൻ.
ആര്യബഞ്ചമിൻഗോത്രമാർജ്ജിച്ചമതപ്രേമം
ആജന്മം സിരകളിൽ ഉതച്ചിടുന്നോൻ.
വേദാന്തതത്ത്വങ്ങളേ വേണ്ടപോൽ പഠിച്ചവൻ.
വേദാന്തക്കാതലാരെന്നറിഞ്ഞിടാത്തോൻ.
യേശുഭക്തരേയെല്ലാം ഏതുമട്ടിലുംപാടേ
നാശമാക്കീടാനവൻ തുനിഞ്ഞിറങ്ങി.
പുരുഷന്മാരെന്നല്ല പൂമൃദുകളേബരഃ
മാരുമൊട്ടനേകംപേർ തുറുങ്കിലായി.
താഡനശിക്ഷ ജപസ്ഥാനങ്ങൾതോറുമായി
പീഡനം ക്രൈസ്തവർക്കു സുലഭമായി.
വീറൊടെ ക്രൈസ്തവരേ പാറാവിലാക്കീടുവാൻ
പോയി ഡമാസ്ക്കസ്സിലേയ്ക്കവനൊരുനാൾ.
തീക്ഷ്ണതത്തിളപ്പാർന്ന തീവ്രവേഗതയാർന്ന
യാത്രയോ ലക്ഷ്യത്തിൽ ചെന്നടുത്തതില്ല.
നട്ടുച്ചനേരത്തഹോ പെട്ടെന്നൊരിടിമിന്നൽ
ഞെട്ടിപ്പോയ് സുധീരനാം സാവൂളപ്പോൾ
കണ്ണഞ്ചും തേജസ്സിന്റെ കാർക്കശ്യപ്രവാഹത്താൽ
കാഴ്ചയില്ലാതെയവൻ നിലത്തുവീണു.
ആകാശവാണി പോലെയാരോവിളിച്ചിടുന്നു
“സാവൂളേ, സാവൂളേ”യെന്നവനേയപ്പോൾ.
അമ്പരന്നവൻനില്ക്കെയാസ്വരം ചോദിക്കുന്നു
“നീയെന്നെദ്രോഹിക്കുന്നതെന്തിനെ”ന്നായ്
ആദരപൂർവ്വ“മങ്ങുന്നാരെ”ന്നു ചോദിച്ചപ്പോൾ
ആ ശബ്ദം മറുപടിയരുളിവീണ്ടും
“ആരേ ദ്രോഹിക്കുന്നു നീ,യാ നസ്രേയനാമീശോ-
യാണു ഞാൻ” സാവൂൾ നമ്രശിരസ്കനായി.
“നാഥാ ഞാനിനിയെന്തുചെയ്യേണം? കല്പിച്ചാലും”
ചോദിച്ചുവീരൻ സാവൂൾ വിധേയനായി
“പോവുക ഡമാസ്കസ്സിൽ, നീയെന്തു ചെയ്യേണമെ-
ന്നാസ്ഥലത്തറിയിപ്പുലഭിച്ചുകൊള്ളും.”
അന്ധനായെണീറ്റവനെങ്കിലും പ്രഭാപൂര-
മന്തരാത്മാവിലേതാണ്ടലയടിച്ചു
കൂട്ടുകാർ സ്വരമൊന്നും കേട്ടില്ല, വല്ലാതൊരു
ദീപ്തിപ്രവാഹം കണ്ടു ഭയന്നുനിന്നു.
കാഴ്ചയില്ലാതായ്ത്തീർന്നു സ്നേഹിതനെന്നുകണ്ടു
കൈകളിൽപ്പിടിച്ചവർ നടത്തിമന്ദം.
പ്രാർത്ഥനാനിരതനായ്നിശ്ശേഷ നിരാഹാര
നിഷ്ഠനായ് ഡമാസ്കസ്സിലവൻ വസിച്ചു.
മൂന്നുനാൾ കഴിഞ്ഞപ്പോൾ വന്ദ്യനാം ഹനനിയാസ്
വന്നെത്തി ദൈവികമാം പ്രചോദനത്താൽ
ആഗതൻ മഹാദിവ്യ,നാവന്ദ്യപുരോഹിതൻ
സാവൂളിന്റെ ശിരസ്സിൽ തൻകരങ്ങൾ വച്ചു
“സ്നേഹിതാ, സഹോദരാ, കണ്ണുകൾ തുറന്നാലും”
സ്നേഹാർദ്രവചോധാരയൊഴുക്കിയേവം.
താമസമേതുമെന്യേതാമസബാധനീങ്ങി
താബോറിലാണു താനെന്നവനു തോന്നി.
ആന്തരികന്റേതങ്ങളാണേറ്റം പ്രകാശിച്ച-
താകയാലവൻ കണ്ടു പരമസത്യം.
ക്രിസ്തുവിൽ സ്നാതനായി, ക്രൂശിതഭക്തനായി
പാവനാത്മാവാലവൻ നിറഞ്ഞവനായ്.
സാവൂളു പാവൂളായി ശാർദ്ദൂലം കുഞ്ഞാടായി
പീഡകൻ പീഡിതനായ് തിരിഞ്ഞു ശീഘ്രം.
ഏതെല്ലാം സഹിച്ചിട്ടുമേശുവിൻസഭയിലേ-
യ്കേറെയാത്മാവുകളേയവൻ നയിച്ചു.
“ഞാനല്ല മിശിഹായാണീയെന്നിൽ ജീവിപ്പതെ”-
ന്നാ നല്ല യുവയോഗി സുദൃഢമോതി.
ആ ദിവ്യൻ സ്വർഗ്ഗത്തിന്റെ മൂന്നാം തട്ടിങ്കലോളം
ഹാ! ദിവ്യശക്തിയാൽ സംവഹിതനായി.
കണ്ണുകൾകാണാതുള്ള കാതുകൾ കേൾക്കാതുള്ള
നിർണ്ണയം – മർത്യബോധംഗ്രഹിക്കാതുള്ള
മോക്ഷഭാഗ്യാനുഭൂതികേവലം നശ്വരമാം
വീക്ഷണങ്ങളാൽ ദർശിച്ചഹോ വിശുദ്ധൻ!
സമ്രാട്ടാം “നേറോ’യുടെ സൗഹൃദഭാജനമായ്
ദുർമ്മാർഗ്ഗജീവിതത്തിൽ സഹചരിയായ്
ജീവിച്ചസ്വൈരിണിയേ നീതിയിൽ നയിക്കയാൽ
പാവുളിലപ്രീതനായ് ഭവിച്ചു നേറോ.
നിർദ്ദയം ശിരശ്ഛേദംചെയ്യിച്ചു, നറുംപാലു
നിർഗ്ഗളിച്ചത്ഭുതമേ ക്ഷതത്തിൽ നിന്നും
ആ ഭക്തശിരോമണിവേദസാക്ഷികൾക്കുള്ള
ശോഭയേറും കിരീടമണിഞ്ഞവനായ്
വാഴുന്നുസ്വർല്ലോകത്തിൽ വാരുറ്റതാരംപോലെ
വാർദ്ധക്യമരണങ്ങളണഞ്ഞിടാതെ.
ശാസനീയരായുള്ള സാവൂൾമാർക്കെല്ലാമിന്നു
ശാർവ്വരിപകലാക്കി പ്രഭവിതറി
ശാന്തിയേലോകത്തിന്റെ സീമകളോളം ചേർത്തു
“സാന്ത്വനപ്രകാശമേ വിജയിച്ചാലും!
(മാർ സെബാസ്റ്റ്യൻ വയലിൽ പൗരോഹിത്യ രജത ജൂബിലി സ്മരണിക 1960)
