Vibhatha Vibhoothi

വിഭാത വിഭൂതി


ണ്ടുന്നിതാ കൂരിരുളാകമാനം

മാർത്താണ്ഡദേവന്റെ സമാഗമത്തിൽ;

മനുഷ്യരിൽ ജ്ഞാനമുദിച്ചിടുമ്പോൾ

മനസ്സിലേഘോരതമസ്സുപോലെ.                                     

 1

പൂർവാശയാം മങ്ക മുഖം തെളിച്ചു

പൂന്തേൻ തൊഴും പുഞ്ചിരിതൂകിടുന്നു;

 “പൂമങ്ക” സിംഹാസനമേറിയപ്പോൾ 

പൂവേണിമാർ “വഞ്ചി’യിലെന്നപോലെ.                       

ഒതുക്കമേറും ഗുഹകൾക്കകത്ത-

ങ്ങൊളിച്ചിടുന്നുണ്ടിരുളല്ലലെന്യേ; 

ഒട്ടും വികാസം ഭവിയാത്തചിത്തേ-

യൊതുങ്ങിമൌഢ്യം നിവസിച്ചിടുംപോൽ                 

    

ചെന്തീനിറം ചേർന്നൊരു പട്ടുവസ്ത്രം

ചാർത്തുന്നിതാമേദിനിനിയാം വധൂടി; 

ചെമ്മേമണാളന്റെ സമാഗമത്തിൽ

ചമഞ്ഞുനിൽക്കും സതിയെന്നപോലെ.                         

4

 

വിയത്തിലോരോ വികിരങ്ങൾ പാട്ടാൽ

വിപഞ്ചികയ്ക്കും വ്യഥയേകിടുന്നു; 

വിദ്വൽകുലം സദ്വചനങ്ങളാലേ 

വീണന്റെ ഹൃത്തിന്നഴലേകിടും പോൽ.                     

  5

കാകന്റെ ദുശ്ശബ്ദമിടയ്ക്കു പൊങ്ങി-

ക്കലർത്തിടുന്നുണ്ടസുഖം ചെവിക്ക്;    

കവീശ്വരന്മാർക്കിടയിൽ കടന്നു 

കവിത്വമില്ലാത്തവർ കൂകിടും പോൽ.                             

6

 

തൃണങ്ങളിൽ ചേർന്ന തുഷാരബിന്ദു 

തിളങ്ങി വെൺമുത്തിനെ വെന്നിടുന്നു; 

തനിക്കുയോജിച്ചനിലയ്ക്കു നിന്നാൽ 

തേജസ്സു നിസ്സാരനുമേറ്റമുണ്ടാം                                           

 7

മനോജ്ഞമായുള്ളൊരു കോരകങ്ങൾ

മെല്ലെന്നിതാ ചുണ്ടു വിടുർത്തിടുന്നു; 

മന്ദസ്മിതം തൂകിയടുത്തിടുന്ന 

മാതാവിനെക്കണ്ടൊരു പൈതലെപ്പോൽ.                     

 8

അണഞ്ഞിടും നൽകുളിർതെന്നലേറ്റി-

ട്ടാടിക്കളിക്കുന്നു ലതാകുലങ്ങൾ;

അനല്പമായുള്ള സുഖാനുഭൂതി

യാർക്കും വരുത്തീടുമിളക്കമേവം.                                     

നിരന്തരം തട്ടുമിളക്കമേറ്റു

നിലത്തുവീഴുന്നിത പൂക്കളെല്ലാം 

നിലയ്ക്കു ചേരാതിളകിക്കളിച്ചാൽ 

നിപാതമാർക്കും വരുമീവിധത്തിൽ.                                 

10

സമീപമെത്തുന്ന സമീരണന്നും

സുഗന്ധമേകും സുരഭീകുലങ്ങൾ

സത്തുക്കളിൽ തിങ്ങി വിളങ്ങിടുന്ന

സൗജന്യശീലം വെളിവാക്കിടുന്നു.                                       

11  

മധുവജത്തേയകമേ വഹിച്ചും

മനോജ്ഞവർണ്ണം പുറമേധരിച്ചും

മനംമയക്കും മണമുദ്വമിച്ചും

മലർന്നു നിൽക്കും കുസുമങ്ങൾ കണ്ട്,                             

12

മോഹിച്ചടുക്കുന്നിതുഷൾപദങ്ങൾ

മുരണ്ടിടുന്നു പലമട്ടുഗാനം

മനസ്സു, ദേഹം, പുകളെന്നിതെല്ലാം.

മനോജ്ഞമായ് കാൺകിലടുക്കുമാരും. (യുഗ്മകം)       

13

ചിലന്തിവച്ചുള്ള വലയ്ക്കകത്തു 

ചാടിക്കുടുങ്ങുന്നിതപൂച്ചി വൃന്ദം; 

ചതിപ്രവൃത്തിക്കടിപെട്ടുപോയാൽ

ചാകാതെ ചത്തീടുമിവണ്ണമാരും.                                             

14

മിന്നുന്നതൻ പൃഷ്ഠമുയർത്തിടാതെ 

മിന്നാമ്മിനുങ്ങൊക്കെയൊളിച്ചിടുന്നു;

മികച്ചവിദ്വാന്റെ സമാഗമത്തിൽ

മിണ്ടാത്ത ദുർമാന്ത്രികരെന്നവണ്ണം.                                       

15

സൂര്യന്റെ കാരുണ്യകടാക്ഷമേറ്റു

സരോജലം മിന്നി വിളങ്ങിടുന്നു; 

സുരീന്ദ്രദൃഷ്ടിക്കുവഴിപ്പെടുമ്പോൾ

സൽക്കാവ്യരത്നം വിലസുന്ന പോലെ.                                 

16

ആമ്പൽകലം ഭാസ്ക്കര ഭൂതി കണ്ടി-

ട്ടടഞ്ഞുമങ്ങി സ്ഥിതിചെയ്തിടുന്നു;

അന്യന്റെയന്നതികണ്ടിടുമ്പോ- 

ളസൂയകോലുന്നമുഖം കണക്കേ.                                               

 17 

അർക്കൻ പ്രതാപത്തോടുയർന്നിടുമ്പോ-

ഉധഃപതിക്കുന്നുമൃതാംശുമന്ദം; 

അനന്തഭാഗ്യത്തികവേകനാർന്നാ-

ലന്യൻ നശിക്കുന്നതു ലോകരീതി.                                             

18

ദിവാകരൻ തന്റെ കരങ്ങളാലേ

ദിക്കൊക്കെയും ദീപ്തി പരത്തിടുന്നു; 

ദാനത്തിലുത്സാഹമെഴും കരത്താൽ 

ദാതാവുസൽകീർത്തിയെ എന്നവണ്ണം                                     

19

ഇതൊക്കെയും നല്ലതുതന്നെയെന്നാ-

ലിനന്റെ ഭാവം പകരുന്നു മേന്മേൽ, 

ഇടയ്ക്കുതങ്ങാത്തൊരുയർച്ച വന്നാ- 

ലീ”മട്ടുമാറ്റം” ബത! വന്നുപോകാം.                                             

 20

അതോ പൊറുക്കാമതിലും കവിഞ്ഞ-

അഹോ! പരോപദവിയായ് ചമഞ്ഞോ? 

ആരാകിലും സ്വസ്ഥിതിയൊന്നുയർന്നാ-

ലന്യർക്കുചെയ്യേണ്ടതു നന്മയത്രേ.                                               

 21

കഠോരനായ് തീർന്നതുകാരണത്താൽ

കഴിഞ്ഞ ഭാസ്വാന്റെ വിഭൂതിയെല്ലാം; 

കാരുണ്യമില്ലാത്തവിധം തുടർന്നാൽ 

കൈവന്നിടും ഭാവിയിതാണവന്നും.                                         

 22

                                         (ദീപിക, മേയ്, 1927)