01 Aa Mishannaryude Annathe Rathri

കടുത്ത കല്ലും ചരലും ചവുട്ടി- 

ത്തിടുക്കമോടൊട്ടധികം നടന്ന്

അടുത്തു ഞാൻ നിശ്ചിതദിക്കിലർക്കൻ 

പടുത്വമോടെ ചരമാബ്‌ധിയിൽ പോൽ. 

 

അന്നേരമപ്പശ്ചിമദിക്കിലെത്തീ- 

ട്ടുന്നമ്രകാന്തിത്തികവോടു നില്ക്കും 

മനോഹരൻ ഭാസ്‌കരനെൻ്റെ നേരേ 

കനിഞ്ഞു വീക്ഷിപ്പതു കണ്ടു ഞാനും.

 

യാത്രാക്ലമത്താലിരുവർക്കുമൊപ്പം 

മുഖം ചുവന്നുള്ളതു കാൺകയാലെ, 

പരസ്പരം നോക്കിയ നോട്ടമപ്പോ- 

ളാശ്വാസസംദായകമായിരുന്നു.

 

പ്രഭാതകാലം മുതലൊന്നുപോലെ 

നടന്നു രണ്ടാളുമിതേവരെയ്ക്കും, 

സായാഹ്നകാലത്തൊരുമിച്ചുതന്നെ- 

യുദ്ദിഷ്ടദിക്കിൽ സുഖമായണഞ്ഞു.

 

തൂക്കായ് ചരിഞ്ഞുള്ളൊരു കുന്നുകേറി- 

ക്കുഴഞ്ഞൊരെൻ കാലിനു വിശ്രമത്തെ 

നല്കീടുവാൻ പുൽത്തകിടിപ്പുറത്തൊ- 

ന്നിരുന്നു ഞാൻ, തെന്നൽ തലോടിയെന്നെ.

 

അതിൻ പടിഞ്ഞാറുവശത്തു പാരം

വിശാലമായങ്ങു കിടന്നിരുന്ന 

പാടത്തിനങ്ങേപ്പുറമുള്ള കുന്നിൻ 

സമീപമെത്തി സ്ഥിതിചെയ്‌തു സൂര്യൻ.

 

ചെന്തീനിറംചേർന്ന മുഖത്തുനിന്നും

ചുറ്റും പരന്നുള്ളൊരു ദീപ്‌തിയാലെ, 

അവർണ്ണ്യമായുള്ളൊരു ശോഭയപ്പോൾ

കലർന്നിതാ പശ്ചിമദിക്കിലെല്ലാം.

 

താപം ജഗത്തിന്നരുളും ദിനേശൻ 

വാർദ്ധക്യകാലത്തതിശാന്തനായി, 

തന്നോമനക്കുഞ്ഞിനെയെന്നപോലെ 

തലോടിടുന്നൂ ധരണീതലത്തെ.

 

മെലിഞ്ഞു നീണ്ടുള്ള കരങ്ങളാലെ- 

യലിഞ്ഞൊരാലിംഗനമേറ്റനേരം, 

ഭൂദേവിയാൾക്കിക്കിഴവൻ്റെ നേരേ- 

യുണ്ടായ ഭക്തിക്കതിരേതുമില്ല.

 

താരുണ്യകാലത്തതിയായ് തപിപ്പി-

ച്ചേറ്റം വലച്ചിട്ടവളേ ദിനേശൻ, 

വാർദ്ധക്യകാലത്തു പുണർന്നിടുന്നോ- 

രിക്കാഴ്ച കണ്ടീടുക കൗതുകംതാൻ.

 

കാറ്റേല്ക്കുവാനെന്നൊരു കൈതവത്തോ- 

ടിതൊന്നു കാണ്മാൻ വളരെജ്ജനങ്ങൾ 

കടൽപ്പുറത്തും, പല കുന്നിലും, മ- 

റ്റോരോ സ്ഥലത്തും നിലകൊണ്ടിരുന്നു.

 

എല്ലാവരോടും ബഹുസൗമ്യനായി- 

ത്തന്നന്ത്യകാലത്തെ നയിച്ചശേഷം, 

ആദിത്യ, നസ്താചലവാസിദേവൻ, 

ക്രമേണ ലോകത്തിനദൃശ്യനായി.

 

അധഃപതിച്ചുള്ളൊരു മിത്രനേയോർ- 

ത്തതീവ ഖേദത്തൊടു വാഴുമെന്നെ, 

സമാശ്വസിപ്പിപ്പതിനെന്നവണ്ണം

മന്ദാനിലൻ വന്നു തലോടി മെയ്യിൽ.

 

മെല്ലെത്തളിർത്തുള്ളൊരു ശാഖയോടേ

നിരന്നുനില്ക്കും ചെറുശാഖിവൃന്ദം

തുള്ളിക്കളിച്ചെന്നുടെ ചുറ്റുമോമൽ

പൈതൽക്കുലം താതനൊടെന്നവണ്ണം.

 

ഇടയ്ക്കിടെപ്പുല്ലു കടിച്ചുകൊണ്ടും, 

കിടാവിനെത്തന്നകിടോടു ചേർത്തും, 

എരുത്തിലിൻനേർക്കു ഗമിച്ചിരുന്ന 

ഗോവൃന്ദവും കൗതുകമേറ്റിയുള്ളിൽ.

 

കീറിപ്പറിഞ്ഞുള്ളൊരു മുണ്ടുടുത്തും, 

ശിരസ്സിലോലച്ചെറുതൊപ്പി ചേർത്തും,

നിരർത്ഥകം പാട്ടുകളാലപിച്ചും, 

ഗമിച്ചു ഗോപാലരുമാവഴിക്ക്.

 

വിഹായസങ്ങൾ കളനാദമോടേ

കുലായമാരാഞ്ഞു പറന്നു ചുറ്റും, 

ഖേദംവിനാ തന്നിണയോടുകൂടി- 

ച്ചേക്കേറിയോരോ തരുശാഖതോറും.

 

നാലഞ്ചു ‘ഫർലോംഗു’ വടക്കൊരല്പം 

കിഴക്കുമാറി സ്ഥിതിചെയ്തിരുന്ന 

നവീനമാമെൻ വസതിക്കു നേരേ, 

നടന്നു ഞാനും മടിവിട്ടു മന്ദം.

 

മോടിപ്പകിട്ടിൻ നിഴലറ്റു, കുറ്റി-

ക്കാടിന്റെ മദ്ധ്യേ ജനശൂന്യമായി, 

വിളങ്ങിയോരച്ചെറുമന്ദിരത്തിൽ 

കടന്നു ഞാൻ ചുറ്റിലുമൊന്നു നോക്കി.

 

പരമ്പിനാൽ ഭിത്തി ചമച്ചിരുന്നു, 

വ‌യ്ക്കോലിനാൽ മേൽപ്പുര മേഞ്ഞിരുന്നു, 

തറയ്ക്കുമേൽ ചാണകമിട്ടതെല്ലാം

പൊളിഞ്ഞു മണ്ണൊട്ടു തെളിഞ്ഞിരുന്നു.

 

ചാരിക്കിടക്കുന്ന കസേര, കട്ടിൽ, 

വലിച്ചു വീശുന്നൊരു പങ്കയൊന്നും, 

മുറിക്കകത്തെ സ്ഥലമാക്രമിപ്പാൻ 

കടന്നതില്ലായതിനുള്ളിലേക്ക്.

 

കപ്പേളയൊന്നാ മുറിയോടു ചേർന്ന 

സ്ഥലത്തു ഞാൻ കണ്ടതിലും കടന്നു; 

അതിന്നകത്തെപ്പണി മിക്കവാറു-

മപൂർണ്ണമായിട്ടു കിടന്നിരുന്നു.

 

മുറ്റത്തിറങ്ങിക്കുളിർതെന്നലും കൊ- 

ണ്ടാമോദവായ്പോടു കുറച്ചുനേരം 

നടന്നു ഞാനപ്പരിതഃസ്ഥലങ്ങൾ 

കണ്ടീടുവാനുള്ളൊരു കൗതുകത്താൽ.

 

നോക്കെത്തിടും ദിക്കിലൊരൊറ്റ വീടും 

കണ്ടില്ല ചെറ്റക്കുടിലെന്നിയേ ഞാൻ, 

ഒരേതരത്തിൽ പുകയുള്ളിൽ നിന്നും 

വമിച്ചിരുന്നായവ യന്ത്രതുല്യം.

 

പ്രഭാതകാലം മുതൽ ബുദ്ധിമുട്ടി- 

സ്സാധുക്കളുണ്ടാക്കിയ നേട്ടമിപ്പോൾ 

അത്താഴമാക്കിസ്സുഖമോടശിപ്പാ- 

നായിപ്പചിച്ചീടുകയായിരിക്കാം.

 

ഓരോതരം ചിന്തയിലാണ്ടുകൊണ്ട- 

ങ്ങിരുന്നു ഞാൻ പ്രസ്‌തരപീഠമൊന്നിൽ 

എന്തൊക്കെയോ കാഴ്‌ചകൾ കണ്ണിലപ്പോ- 

ളവ്യക്തമായങ്ങു കളിച്ചിരുന്നു.

 

പരന്നു നിശ്ശബ്ദത നാലുപാടും, 

വളർന്നടുത്തു പുറകേയിരുട്ടും,

നേത്രാഭിരാമം പ്രകൃതിപ്രഭാവം 

ക്രമേണ നിശ്ശേഷമദൃശ്യമായി.

 

ചീവിടു രാഗം ശരിയായിമൂളി 

ശാഖാകുലം കാറ്റിലടിച്ചു താളം; 

മിന്നാമിനുങ്ങങ്ങു കൊളുത്തി ദീപം 

തുടങ്ങി മെല്ലെസ്സദിരിന്റെ വട്ടം

 

ജംബൂകരാകുന്ന നടർക്കുമപ്പോൾ

രംഗപ്രവേശത്തിനു നേരമായി, 

ഘോരാന്ധകാരത്തിരതൻ്റെ പിന്നിൽ 

സമസ്ത‌മേളങ്ങളുമൊത്തുയർന്നു.

 

ഊക്കേറിടും ശീതമരുത് പ്രവാഹം 

കോലാഹലക്കാഹളമായ് മുഴങ്ങി; 

തെളിഞ്ഞു കുന്നിൽ പുറമാകെയപ്പോൾ 

ചേലഞ്ചിടും നാടകരംഗമായി.

 

രാവിന്റെയിബ്ഭീകരനാടകത്താ- 

ലകം ചലിച്ചും പുറമേ വിറച്ചും, 

“സർവ്വേശ്വരൻതാൻ തുണ’യെന്നു ചിന്തി- 

ച്ചിരുന്നു ഞാൻ ധീരതയോടുകൂടി.

 

എടുത്തു മന്ദം ജപമാല, പാറ- 

പ്പുറത്തു കാൽമുട്ടുകൾ രണ്ടുമൂന്നി, 

ഏകാഗ്രചേതസ്സോടുകൂടി ഞാനും 

ജപിച്ചുകൊണ്ടൊട്ടു കഴിച്ചുനേരം.

 

അത്താഴമുണ്ണാഞ്ഞു വിശപ്പിനാലും, 

കഴിച്ചൊരാ ദുർഘടയാത്രയാലും, 

ഓരോതരം ഖേദഭരത്തിനാലും, 

ക്ഷീണിച്ചു ഞാനാ ശിലമേൽ കിടന്നു.

 

സർവ്വേശ്വരൻ ദീനദയാലുവപ്പോ-

ളെനിക്കുവേണ്ടിപ്പുതുതായ് ചമച്ച 

വിശാലമായുള്ളൊരു പന്തൽപോലെ 

വിളങ്ങിയാകാശതലം മനോജ്ഞം.

 

അതിൽ പതിച്ചുള്ളൊരു രത്നമെല്ലാ- 

മനർഘമെന്നേ പറയേണ്ടതുള്ളൂ; 

ഓരോന്നുമാമട്ടതിദീപ്തിയോടെ 

മിന്നിത്തിളങ്ങി സ്ഥിതിചെയ്‌തിരുന്നു.

 

നടുക്കു തൂക്കുന്നതിനുള്ള റാന്തൽ 

കൊളുത്തി മെല്ലെക്കരതാരിലേന്തി, 

മദ്ധ്യസ്ഥലത്തേക്കു തിരിച്ചൊരുത്തൻ, 

കിഴക്കുനിന്നങ്ങനെ മന്ദമന്ദം

 

നോക്കെത്തിടാവുന്നൊരു ദിക്കിലെല്ലാ-

മനാദ്യനന്തന്റെയനുഗ്രഹങ്ങൾ,

നിറഞ്ഞു ചിന്തുന്നൊരു കാഴ്‌ചയാലേ

കുളുർത്തു നേത്രങ്ങളുമെൻ്റെ ഹൃത്തും.

 

അവ്യക്തമായിട്ടൊരു ശബ്ദ്‌മപ്പോൾ 

മുഴങ്ങിയെൻ ഹൃത്തിനകത്തുനിന്നും, 

മന്ദം വെളിപ്പെട്ടു തുടങ്ങിയോരോ 

ചോദ്യങ്ങൾ, താഴെപ്പറയും പ്രകാരം:

 

“മനോജ്ഞമാകും മണിമന്ദിരത്തിൽ, 

മൃദുത്വമേറുന്നൊരു മെത്തയിന്മേൽ, 

സുഖിച്ചുറങ്ങാൻ കഴിവുള്ളവൻ, നീ 

ശയിപ്പതെന്തിന്നു ശിലാതലത്തിൽ?

 

“സ്വേച്ഛാനുസാരം പല മട്ടിലുള്ള 

വിശിഷ്ടഭോജ്യങ്ങളശിച്ചുകൊൾവാൻ, 

പാടുള്ള നീ, പട്ടിണിയെന്തിനേവം 

സഹിച്ചുകൊണ്ടിങ്ങു കിടന്നിടുന്നു?

 

“സുഖപ്രദം വാഹനമൊന്നുമോർത്താൽ

നിനക്കു കിട്ടാൻ പണിയില്ല തെല്ലും, 

എന്നാകിലും നിൻ മൃദുപാദയുഗ്മം 

ക്ലേശം സഹിക്കുന്നതു വിസ്‌മയംതാൻ!

 

“അവർണ്ണ്യമായുള്ള സുഖങ്ങളെല്ലാ- 

മേവം ത്യജിച്ചിട്ടൊരു ഖേദമെന്യേ, 

അലഞ്ഞിടും നിൻ്റെ ചരിത്രമോർത്താ- 

ലത്യത്ഭുതം തോന്നിടുമാർക്കുമുള്ളിൽ!”

 

ഉടൻ മനസ്സിന്റെയഗാധഭാഗം 

ഭേദിച്ചുയർന്നിട്ടൊരു ശബ്ദമപ്പോൾ, 

പ്രശാന്തമാധുര്യവിലാസമോടേ

പ്രത്യുക്തിയീമട്ടുരചെയ്തു‌ മന്ദം:

 

“ഉദാരനാം നാഥനുവേണ്ടിയുള്ളോ- 

രദ്ധ്വാനവും ഭൃത്യഗണത്തിനേറ്റം, 

ആനന്ദസന്ദായകമായിരിക്കു- 

മതിങ്കലില്ലത്ഭുതമേതുമോർത്താൽ.

 

“സ്നേഹസ്വരൂപൻ, മമ നാഥനീശോ,- 

യനന്തഭാഗ്യത്തെയിവന്നു നല്കാൻ, 

സഹിച്ചൊരാ നിസ്‌തുല പീഡയൊന്നും 

മറന്നിടാൻ തക്കവയല്ല തെല്ലും.

 

“വീടല്ല, വസ്തുക്കളുമൊന്നുമല്ല, 

വെടിഞ്ഞതദ്ദേഹമെനിക്കുവേണ്ടി, 

സ്വജീവനെത്താൻ ബലിചെയ്‌തു മോദാൽ 

തുറന്നു തൻഹൃത്തുമെനിക്കു കാട്ടി.

 

“വിചാരസീമയ്ക്കു വഴിപ്പെടാത്തോ- 

രനന്തമാം സ്നേഹമിതോർത്തുകണ്ടാൽ, 

ഈ നല്ല നാഥൻ്റെ ഹിതം ജഗത്തിൽ 

ജീവൻ കളഞ്ഞും നിറവേറ്റിടും ഞാൻ.

 

“കുറുക്കനും കൂളിയുമാർത്തു തുള്ളി- 

ക്കളിക്കുമിക്കാട്ടിനകത്തൊരിക്കൽ

വിശാലമായുള്ളൊരു പള്ളിതന്നിൽ 

ജനങ്ങൾ ദൈവസ്തു‌തി പാടിനില്ക്കും.

 

“കാട്ടാളരെപ്പോലെ കഴിഞ്ഞിടുന്ന 

നാട്ടാരിലെയജ്ഞതയാകെ നീങ്ങി, 

സ്രഷ്ടാവിനേ വാഴ്ത്തി നമസ്‌കരിച്ചു 

സാഷ്ടാംഗമായ് വീഴ്‌വതുമന്നു കാണാം.

 

“ത്രിസന്ധ്യനേരങ്ങളിലീശനാമം, 

പ്രശാന്തമായുള്ളൊരു ശബ്‌ദമോടേ, 

വിളിച്ചുരയ്ക്കും മണിനാദമെങ്ങും

മുഴങ്ങിടും കേൾവിയുമന്നു കേൾക്കാം.

 

“മനോജ്ഞമാകും മണിപീഠമേറി 

പ്രതാപമോടേ സകലേശനീശോ, 

രാജാധിരാജത്വമൊടിസ്ഥലത്തേ 

ഭരിച്ചു വാഴുന്നതുമന്നു കാണാം.

 

“ദൈവസ്‌തുതിക്കായുഴലുന്ന കൂട്ടർ 

ക്കിതാണു സർവ്വോപരിയായ വാഞ്ഛ 

ഇതിന്നു വേണ്ടുന്നൊരലച്ചിലെല്ലാ- 

മാനന്ദമെന്നേ പറയേണ്ടതുള്ളു.

 

അകത്തു നിന്നീയശരീരിവാക്യം 

ചെവിക്കകത്തേക്കു മുഴങ്ങി മന്ദം, 

വാത്സല്യമേറീടുമൊരമ്മയെപ്പോൽ 

താരാട്ടിയെന്നെസ്സുഖമായുറക്കി.

 

                                                                                                 (1927)