ദിവ്യസന്നിധിയിൽ

ദിവ്യകാരുണ്യനാഥാ! പാവനപ്രേമമുർത്തേ!
സർവ്വഭവ്യദായകാ! നമസ്തേ സനാതന!
താവക സാന്നിദ്ധ്യത്താൽ പാവനമായുള്ളൊരീ
ദിവ്യമാം സൗധത്തിൻ്റെ തറ ഞാൻ ചുംബിക്കുന്നേൻ.
സുരലോകനാഥരേ സംഭ്രമിപ്പിച്ചീടുമീ
പരമപ്രഭാവത്തിൻ സന്നിധൗ മർത്യകീടം
പാണികൾ കുപ്പീടുന്നു കണ്ണുകൾ താഴ്ത്തീടുന്നു
താണിതാവീണീടുന്നു ദേവദേവ പാഹിമാം!
വാഴ്ത്തിയാരാധിക്കുന്നേനത്ര ഞാനഹോ, തവ
നിത്യമാം ദൈവത്വത്തെ നിതരാം ഭക്തിപൂർവ്വം.
മാനുഷത്രാണാർത്ഥമായ് കൈവരിച്ചുള്ളോരങ്ങേ
മാനുഷത്വത്തേയുമെൻ ഹൃദയം തുളുമ്പുന്ന
പ്രേമസമ്മിശ്രഭക്തിപൂർവ്വമാരാധിക്കുന്നേൻ!
ഹാ, മഹോന്നതാ! വിഭോ! പാലയ! കൃപാലയ!
ദുരന്തദുഃഖങ്ങളാലാവൃതമായുള്ളൊരീ
ധരണീതലത്തിലെന്നേകസങ്കേതസ്‌ഥലം
ഇവിടംതന്നേ, പാർത്താൽ ഹൃദയാശ്വാസം പരം
ഭുവനേ വേറെങ്ങുമേ ലഭിക്കാ നിസ്സംശയം.
എന്നുമീ പീഠത്തിന്മേൽ ദിവ്യപൂജയർപ്പിക്കും
വന്ദ്യരാം പുരോഹിതരെത്ര ഭാഗ്യശാലികൾ!
അവരേക്കുറിച്ചുള്ളിലീർഷ്യയില്ലെനിക്കങ്ങേ
സവിധേയല്പംകൂടി ചേർന്നു ഞാൻ നിന്നിടട്ടെ!
പരമാനന്ദം മമ ഹൃദയാന്തർഭാഗത്തു
പരിചിൽ പ്രവേശിച്ചു ശാന്തിയേ വളർത്തുന്നു-
ദിവ്യകാരുണ്യനാഥാ! താവക സാന്നിദ്ധ്യത്തിൽ
സർവ്വസൗഭാഗ്യങ്ങളും ധൂളിയായെണ്ണുന്നു ഞാൻ
അശനപാനാദിയും നിദ്രയും വെടിഞ്ഞത്ര
നിശയിൽ പോലും തവ മഹിമപ്രതാപത്തേ
താണുവീണാരാധിച്ചു തൃപ്പദാന്തികേതന്നേ
വാണുകൊള്ളുവാനെൻ്റെ മാനസം കൊതിക്കുന്നു.
ദേഹബന്ധത്തോടൊത്ത ലോകജീവിതത്തിലീ
സ്നേഹദാഹത്തിന്നൊരു ശമനം സുസാദ്ധ്യമോ?
ഞാനിഹദിവാനിശം നിതരാം ദീപിക്കുമീ
മാനമേറീടും മണിദീപമായിരുന്നെങ്കിൽ!
ബലിപീഠത്തിന്നെന്നുമലങ്കാരമായ് വരും
കലിനകാന്തിചിന്നും പുഷ്‌പമായിരുന്നെങ്കിൽ!
ശില്പിതൻ കൈയാൽ ദിവ്യപേടകമായിത്തീർന്ന
കല്പകമഹീരുഹക്കാതലായിരുന്നെങ്കിൽ!
അതിനുള്ളിലേ ദിവ്യചഷകം തീർക്കപ്പെട്ട
നിതരാം മാറ്റേറുന്ന തങ്കമായിരുന്നെങ്കിൽ!
തിരു സ്ലീവായേ! കഷ്‌ടം! സുവർണ്ണത്തിരുമേനി-
യൊരിക്കൽ താങ്ങിപ്പുണർന്നീടുവാൻ മഹാഭാഗ്യം
ലഭിച്ച നീ വീണ്ടുമാ നിധിയെക്കൈവിട്ടല്ലൊ!
സുഭഗാവസ്ഥയിതിൽ പരമൊന്നുണ്ടാകുമോ?
സേവകഹസ്തങ്ങളാൽ പ്രേരിതമായിട്ടന്നു
ദേവദേവന്റെ ഹൃത്തിൽ കടന്നുചെന്നെത്തിയ
ശൂലമേ! നിന്റെ ഭാഗ്യമെനിക്കുലഭിച്ചെങ്കിൽ
മേലിലാസങ്കേതം ഞാൻ വെടിയാതിരുന്നേനേ!
സുഗന്ധദ്രവ്യങ്ങളിലഭിഷിക്തമായൊരാ
ഭഗവൽത്തിരുമേനിയകമേ നിക്ഷേപിച്ച
കല്ലറ ഞാനായിരുന്നെങ്കിലോ കവാടത്തേ
നല്ലപോലെന്നേയ്ക്കുമായ് ചേർത്തുടൻ ബന്ധിച്ചേനേ!
ഭക്തയാം വെറോനിക്കാ കാൽവരിയാത്രാമധ്യേ
രക്തപങ്കിലമായ നിന്തിരുമുഖാംബുജം
തുടച്ച തൂവാല ഞാനായിരുന്നെങ്കിൽ നിത്യം
വടിവേറുമാ ചിത്രമെന്നിലായിരുന്നേനേ!
എന്തിനീ നിരർത്ഥകജല്‌പനങ്ങളൊക്കെയും!
പിന്തിരിഞ്ഞിടാനുള്ള നേരമായ്ക്കഴിഞ്ഞിതാ
അരയ്ക്കാൽ വിനാഴികയാത്മനാഥനേ വെടി-
ഞ്ഞിരിക്കും കാര്യം പാർത്താൽ ദുസ്സഹം തന്നേ പാരം.
മരിക്കും നേരംവരേ നിത്യമാം സായുജ്യത്തേ
വരിക്കാനാർക്കും വയ്യാ, സഹിക്കാം ക്ഷമാപൂർവ്വം.
വേദസാരമേ! സ്നേഹക്കാതലേ! നാഥാ! വിഭോ!
സാദരം നമിക്കുന്നേൻ ചേവടിപ്പൊൽത്താരുകൾ!
പോകട്ടെ തത്കാലം ഞാനാശിസ്സു ധാരാളമാ-
യേകണേ! സദാ ഭജിച്ചങ്ങേയാരാധിക്കുവാൻ
ഹൃദയം നിന്നീടട്ടെ, താവകദിവ്യപ്രേമ-
മധുവാസ്വദിച്ചതു പുഷ്ടിയെ പ്രാപിക്കട്ടെ!
ഭാരമേറുമീജഡകഞ്ചുകമുരിഞ്ഞു ഞാൻ
ദൂരവേയുപേക്ഷിച്ചു, ബന്ധനവിമുക്തയാം
പക്ഷിയേപോലെതന്നേയൊരുനാൾ പറന്നങ്ങേ
വക്ഷസ്സിലണഞ്ഞീടുമങ്ങെന്നെയാശ്ലേഷിക്കും,
പിന്നെ ഞാനൊരിക്കലുമീദൃശവിയോഗത്താൽ
ഖിന്നയായ് വരാ, ഭാവിഭാസുരം നിരാകുലം!
നിത്യമാമാശ്ലേഷമേ! നിരന്തസായുജ്യമേ!
ഹൃത്തിനാശ്വാസം തരും ധ്യാനമേ! ഏകാന്തമേ!
(തിരുഹൃദയമാസിക, ജൂൺ, 1939)
