സ്വർഗ്ഗീയ സ്വയംവരം

ഉദിച്ച ബാലസൂര്യനേ മുഖത്തണച്ചു പൊട്ടുതൊ-
ട്ടുദരാശീലയിന്ദ്രദിംങ്നതാംഗി സുപ്രസന്നയായ്
മദം വെടിഞ്ഞണഞ്ഞു തൻ വയസ്യയായ മേദിനീ
സുദർശനാമണിക്കു കൈകൊടുത്തിടുന്നു സാദരം 1
തമസ്സു നീങ്ങി ഭൂമുഖം തെളിഞ്ഞു ജീവജാലവും
സമാദരിച്ചുഷസ്സിനെ നമിച്ചുണർന്നു സത്വരം
അമേയമാം ഭവാബ്ധി തന്നിലാണ്ടിറങ്ങിയൊന്നിനൊ-
ന്നമർന്നിടാത്ത വീചികൾക്കിടയ്ക്കു കേളിയാടുവാൻ. 2
തികഞ്ഞ മൗനമാചരിക്കുമാശ്രമത്തിനുള്ളിലും
തകർത്തിടുന്നു പഞ്ചവാദ്യമീ പ്രഭാതവേളയിൽ
അകത്തിതാ ചമഞ്ഞിടുന്നു, രാജപുത്രിമാരിലും
പകയ്ക്കിടം കൊടുക്കുമാറു മംഗളാംഗി മൗലികൾ 3
അണിഞ്ഞൊരുങ്ങി മോടിയാർന്നിറങ്ങിടുന്ന കന്യകാ-
ഗണത്തെ നോക്കിയമ്പരന്നു നിന്നിടുന്നു കാണികൾ
ഉണർന്നുയർന്നിടുന്നു പഞ്ചവാദ്യഘോഷമംബുജം
വണങ്ങിടും പദങ്ങളൊത്തിണക്കിടുന്ന വേളയിൽ 4
വെളുത്തവാവു രാത്രിയിൽ തെളിഞ്ഞുയർന്ന ചന്ദ്രനും
കൊളുത്തിവച്ച ദീപവും പദം നമിച്ചിടുംവിധം
കളങ്കലേശമേശിടാത്ത നിസ്തുല പ്രസന്നമായ
തെളിഞ്ഞൊരാ മുഖങ്ങളെത്ര ദിവ്യസുന്ദരങ്ങളാം 5
നടന്നിടുന്നു മന്ദമാത്തറയ്ക്കു മീതെയെങ്കിലും
കടന്നിടുന്നതില്ല ചിന്ത ഭൂവിലേയ്ക്ക് തെല്ലുമേ.
അടുത്തിടുന്ന മിത്രരേയുമച്ഛനമ്മമാരെയും
കടന്നുപോയിടുന്നു കണ്ണുയർത്തിടുന്നതില്ലവർ. 6
ശരത്തിലംബരത്തിലുള്ള നീരദങ്ങളെന്നപോൽ
പെരുത്തു വെണ്മയേറിടുന്ന മേന്മയാർന്ന വസ്ത്രവും
പരക്കെ ദീപ്തി ചിന്തിടും വിശിഷ്ടഭൂഷണങ്ങളും
ശിരസ്സിലങ്ങമർന്നിരുന്നിടുന്ന പൂക്കിരീടവും. 7
തപോധനപ്രമാണികൾക്കുമീർഷ്യയേകിടുന്നമ-
ട്ടപാരമായുയർന്ന ചിന്ത താഴ്ന്നുയർന്ന ദൃഷ്ടിയും
പ്രപഞ്ചമാകെ ധൂളിയെന്നു കാട്ടിടുന്ന ഭാവവും
ജപത്തിനായ് കരത്തിലുള്ള മാലയും മനോഹരം 8
മനുഷ്യവേഷമാർന്ന ദൈവദൂതരെന്ന ചിന്തയേ
മനുഷ്യരിൽ പരത്തിടും സുഹാസിനീ സുമൗലികൾ
മനോജ്ഞമാം കരങ്ങളിൽത്തെളിഞ്ഞ ദീപവും വഹി
ച്ചനുദ്ധത പ്രഹൃഷ്ടരായ് ഗമിച്ചിടുന്നതെന്തിനോ? 9
മഹോത്സവങ്ങൾ കാണ്മതിന്നു പോകയല്ലലങ്കരി –
ച്ചഹന്ത പൂണ്ട യാത്രയല്ല ലോകരേമയക്കിടാൻ
മഹത്വമേറിടുന്നലാക്കകത്തുതങ്ങിടുന്നതു-
ണ്ടിഹത്തിലാരറിഞ്ഞിടുന്നതിന്റെ മേന്മ വേണ്ടപോൽ 10
അനന്തനാദിയറ്റവൻ മനുഷ്യലോകരക്ഷകൻ
സനാതനന്റെ പുത്രനിത്രിലോകവും ഭരിപ്പവൻ
അനാദിതൊട്ടു കന്യകാമണാളനായിരിക്കുമാ-
മനുഷ്യപുത്രനെത്തിരഞ്ഞു പോകയാണു സാദ്ധ്വികൾ. 11
മഹാനുഭാവനാകുമങ്ങു രാഗപാശബദ്ധനാ-
യഹർനിശം വസിക്കുമോ മനോരാജധാനിയിൽ
മഹാസമുദ്രസീമയാർന്ന വാഹിനീഗണം കണ-
ക്കഹോ കൃതാർത്ഥരായിതാ കടന്നിടുന്നു മങ്കമാർ 12
അതുല്യമാം പ്രതാപമാണ്ടലങ്കരിച്ച വേഷമി-
ട്ടിതാ പുരോഹിതപ്രധാനി പൂജ്യപാദനുന്നതൻ.
മതാധിപന്നുചേർന്ന ചിഹ്നമൊക്കെയും ധരിച്ചു സ
സ്മിതം തെളിഞ്ഞു വാണിടുന്നുയർന്ന പീഠമൊന്നിലായ്. 13
ബലിക്കുവേണ്ടാരാടിനേ നടത്തിയാവിശുദ്ധമാം
സ്ഥലത്തുകൊണ്ടുചെന്നിടുന്ന മട്ടിലാ പുരോഹിതൻ
വിളിച്ചിടുന്നു കന്യകാഗണത്തെയന്തികത്തിലേ-
ക്കിളക്കമറ്റടുത്തുചെന്നു മുട്ടുകുത്തിടുന്നവർ. 14
അഹോ മഹത്തരം വിവാഹകർമ്മമാസ്ഥലത്തിതാ
മഹാപുരോഹിതൻ നടന്നിടുന്നു കാൺകലോകമേ.
ഇഹത്തിലുള്ള മങ്കമാരറിഞ്ഞിടാതെയെത്രയും
രഹസ്യമായ ഭാഗധേയമുണ്ടതിന്റെയുള്ളിലായ്. 15
ലിപിക്കുമെന്റെ വാക്കിനും വഴിപ്പെടാത്ത കാവ്യമാ
പാഗമിപ്പതെന്റെ ഹൃത്തിലീവിശിഷ്ടവേളയിൽ
അപത്ഥ്യമിന്നു ഞാൻ നിനക്കു ചെയ്തിടുന്നതൊക്കെയെ-
ന്നപണ്ഡിതത്വമോർത്തു നീ ക്ഷമിക്കകാവ്യകാമിനി 16
സ്വയം വരിച്ച വല്ലഭന്നു കൈകൊടുത്തു മാലയി-
ട്ടയത്നമങ്ങു വീട്ടിലേക്കു ഗാനഘോഷപൂർവ്വമായ്
നയിച്ചിടുന്ന കാഴ്ചയിൽ പ്രതീക്ഷയാർന്ന ലോകമേ
സ്വയം ബലിക്കു കന്യകാഗണം തുനിഞ്ഞിടുന്നിതാ 17
ശിരസ്സറുത്തു തോലുരിഞ്ഞി കാല്കരങ്ങളൊക്കെ വേർ –
തിരിച്ചുയാഗവഹ്നിതന്നിലാടിനേയിടുംവിധം
വരന്റെ തൃപ്പദങ്ങളിൽ പരസ്യമാം ബലിക്കവർ
ശിരസ്സുചായ്ച്ചണച്ചിടുന്നു കാർമ്മികന്റെ കൈകളിൽ 18
കുളിച്ചുണക്കി മോടിയാർന്ന മാലചേർത്തു പിന്നിയി-
ട്ടളിക്കുമത്തലേകുമാറിരുണ്ടു നീണ്ടവേണികൾ
തിളങ്ങിടുന്ന ഖണ്ഡധാര കൈയിലേന്തി മന്ദമൊ-
ന്നിളക്കിയങ്ങറുത്തിതാ നിലത്തിടുന്നു കാർമ്മികൻ. 19
മനോജ്ഞമായ സാരിയങ്ങെടുത്തു നീക്കി ദൂരെയി-
ട്ടനർഘമാം വിഭൂഷണങ്ങളൂരി മാറ്റിടുന്നിതാ
അനന്തതന്നിലുള്ള ബന്ധമൊക്കെയും വെടിഞ്ഞതായ്
മനം തെളിഞ്ഞു ദീർഘമായി ശ്വസിച്ചിടുന്നു സാദ്ധ്വികൾ. 20
കനത്ത രോമവസ്ത്രമാപുരോഹിതന്റെ കൈയിൽ നി-
നില്പമോദമൊടുതന്നെ വാങ്ങിയാ സുമാംഗികൾ.
സനാതൻ പ്രിയന്റെ മന്ത്രകോടിയെന്നു മാനസേ
നിനച്ചിതാ ധരിച്ചലംകൃതാർത്ഥരായിടുന്നവർ 21
തെളിഞ്ഞ രംഗമൊക്കെ വിട്ടൊളിപ്പതിന്റെ ചിഹ്നമായ്
വെളുത്തവസ്ത്രമൊന്നെടുത്തു മൂടിയുത്തമാംഗവും
കൊളുത്തി നല്ലദീപവും കരത്തിലേന്തി ധീരരാ-
യിളക്കമറ്റു നിന്നിടുന്നു ദിവ്യസുന്ദരീഗണം. 22
വിശിഷ്ടമായ പൂക്കിരീടതല്ലജം തലയ്ക്കുമേൽ
വിശങ്കമണ്ണെടുത്തുവെച്ചു പൂജ്യനാം പുരോഹിതൻ
കൃശാംഗിമാരെയാദരിപ്പൂ; സത്യമോർത്തു നോക്കിയാൽ
വിശാലമാം ജഗത്തവർക്കു പാദപീഠമാകണം. 23
വിനാശമറ്റ രാജിതത്തിൽ രാജരാജനാകുമാ-
മണാളനിട്ട മന്ത്രകോടി മെയ്യിലേറ്റ മാത്രയിൽ.
അനാദരം വെടിഞ്ഞു സർവ്വലോകവും പദദ്വയം
വണങ്ങുമാറു രാജ്ഞിമാരിലഗ്രഗണ്യരായവർ 24
വിവാഹകർമ്മവും കഴിഞ്ഞു വല്ലഭന്റെയന്തികേ
ദിവാനിശം സുഖിച്ചുയർന്നു പീഠമേറി വാഴുവാൻ
അവാച്യമാം പ്രതാപമാണ്ടിതാ ഗമിപ്പൂരാജ്ഞിമാർ
ഭവാബ്ധിയെച്ചവിട്ടിയങ്ങമർത്തിടും പദങ്ങളാൽ 25
വിരിച്ചിടുന്നിതാ കറുപ്പുശീലയായ്ക്കുമേൽ
നിരത്തിടുന്നു രാജ്ഞിമാർക്കു വേണ്ടൊരാസനങ്ങളും
വരന്റെയന്ത്യവേള തന്നിൽ നീ കൊടുത്ത പീഠമീ
വരാംഗിമാരുമാദരിച്ചെടുത്തു കാൺകലോകമേ. 26
ചടങ്ങിനൊക്കെയന്ത്യമായി ദിവ്യസുന്ദരാംഗിമാർ
പൊടുന്നനേ വിരിച്ചൊരാ കറുപ്പുശീലമേലിതാ
കിടന്നിടുന്നു ഭൂമിമേൽ മുഖം പതിച്ചു മാറിനോ-
ടടുത്തണച്ചു പൂണ്ടുകൊണ്ടു ദിവ്യകല്പശാഖിയേ 27
ബലിക്കുതീർത്ത വേദിമേലജങ്ങളങ്ങണഞ്ഞുടൻ
വിലാപരാഗമാർന്നിതാ മുഴങ്ങിടുന്നു ഘണ്ടകൾ.
നിലത്തുകണ്ണുനീർ പൊഴിച്ചു കേണിടുന്നു കാണികൾ
തലയ്ക്കുമേൽ നിരന്നു പാടിടുന്നു ദൈവദൂതരും. 28
എരിഞ്ഞിടുന്ന രാഗവഹ്നിതന്നിലേക്കിതാ മുദാ
ചൊരിഞ്ഞിടുന്നു നേട്ടമുള്ളതൊക്കെയാ വധൂഗണം.
തിരിച്ചെടുപ്പതിന്നു വാഞ്ഛയില്ലവർക്കു ലേശവും
വരന്റെ സന്നിധാനമാണവർക്കു സർവ്വഭാഗ്യവും. 29
ധനം സുഖം യയസ്സുമാഭിജാത്യവും സ്വമിത്രരാം
ജനങ്ങളും സ്വജന്മദേശമച്ഛനമ്മമാരെയും.
മനസ്സുബുദ്ധിയോർമ്മശക്തിയിന്ദ്രിയങ്ങൾ ദേഹവും
തൃണം കണക്കു യാഗവഹ്നിതന്നിലിട്ടു ധീരകൾ 30
പിരിഞ്ഞതില്ല ദേഹിയീജഡത്തെയെന്നിരിക്കലും
മരിച്ചതായവർക്കു നീ കണക്കു വെയ്ക്കലോകമേ
ഒരിക്കലും നിനക്കു വേണ്ടിയാവധുക്കൾ ജീവിതം
വരിക്കയില്ല മേലിലെന്നു നിർവിശങ്കമോതിടാം 31
ഇതാ മരിച്ചുയർത്തെണീറ്റ് ലാസറസ്സിനൊപ്പമാ –
നതാംഗിമാരുമാക്കിടക്ക വിട്ടുയർന്നഹോ
പ്രതാപവാൻ പ്രിയന്റെ തൃക്കരം ഗ്രഹിച്ചുകൊണ്ടലം
കൃതാർത്ഥരായ് ഗമിപ്പുതേ നിതാന്ത ഭാഗ്യശാലികൾ. 32
കോപത്താൽ കടലൊത്തു ചേർന്നിളകിയ
ലോകം നശിപ്പിക്കിലും
താപം നിസ്തുലമായ ധരപടയാ
ലുണ്ടായി വന്നീടിലും
ആപത്തേറിടുമാ വസന്തധരയെ
സ്സർവ്രത ബാധിക്കിലും
ഹാ! പൂന്തേൻ മൊഴിമാരവർക്കു
സതതം സർവ്വത്ര സന്മംഗളം 33
(മധ്യസ്ഥൻ,മാർച്ച്-ജൂൺ, 1930)
