കൈതൊഴാം തൂലികേ!

തൂലികത്തുമ്പത്തു തൂമധുവോലുന്ന
കാലം കവിക്കു വസന്തകാലം
തൂലികച്ചുണ്ടിനാൽ ചുംബനമേല്ക്കുന്ന
കാലത്തു പത്രങ്ങൾ ഗ്രന്ഥമാകും.
തൂലിക നൃത്തം തുടങ്ങിയാൽ ലേഖക-
നാലോലചേതസ്സായി കൂടിയാടും
താനേ ചിരിച്ചുപോം താനേ കരഞ്ഞുപോം
താനേയിരുന്നങ്ങു പാടിപ്പോകും.
ക്രുദ്ധനായ് കണ്ണുചുവപ്പിച്ചു നോക്കിടും
സിദ്ധനെപ്പോലതിശാന്തനാകും
കാട്ടിടും ശൃംഗാരഗോഷ്ടിയും, ഭാവത്തിൽ
സ്പഷ്ടമാക്കീടും രസങ്ങളെല്ലാം.
കൈയിലേന്തുന്നോനെക്കൈയിലാക്കീടുന്ന
മൈയണിക്കണ്ണി, മനോഹരാംഗീ,
തൂലികേ,വൈദ്യുതശക്തിയോ നൂതന-
ജാലമോ നിന്നിലൊളിഞ്ഞിരിപ്പൂ?
അമ്മയാം വാണിയെച്ചിത്രിതയാക്കുന്ന
നിർമ്മലേ, ലേഖിനീ, കൂപ്പുകൈതേ!
താലോലിച്ചീടുകിലെന്നെയും നിന്റെയാ
പാലോലും സുസ്മിതം കാട്ടിടാമോ?
നിന്റെ പൂഞ്ചുണ്ടിലെ ത്തൂമധുവൂറിവ-
ന്നെന്റെയീ പത്രത്തിൽ വീണിടട്ടെ,
ചഞ്ചലാക്ഷീമണിമാരുടെ ചുണ്ടിലെ-
പ്പുഞ്ചിരിത്തൂമധുവാസ്വദിപ്പാൻ
കൊഞ്ചിരാമന്മാരാം കാമുകന്മാരെത്ര
കെഞ്ചിനിന്നീടുന്നു ദീർഘകാലം!
വിഡ്ഢികൾ! മേലിലേയ്ക്കെന്തിനാ പുഞ്ചിരി?
കുട്ടിമാൻ കണ്ണിയാൾ മർത്യയല്ലേ?
തൂലികേ, നീയൊന്നു പുഞ്ചിരിച്ചാലതിൻ
പാലൊളിമായുന്ന കാലമുണ്ടോ?
വ്യാസനിൽ- ദാസനിൽ-ഹോമറിൽ -മിൽട്ടനിൽ
ഭാസുരഭാസുരം നീ ചൊരിഞ്ഞ
ഓമനപ്പുഞ്ചിരി ശാരദ പൗർണ്ണമി-
ത്തൂമയിലല്ലയോ നില്പതെന്നും?
ആ മഹസ്സൊന്നു കണ്ടീടുകിലന്യമായ്
ഭൂമുഖത്തില്ലൊരു കാമ്യവസ്തു.
പുഞ്ചിരിച്ചാലുമെന്നോമനേ, മാമക
സഞ്ചിതസൌഭഗം മൊട്ടിടട്ടെ.
നൃത്തവും മെല്ലെത്തുടങ്ങിടുന്നാകിലോ
ചാർത്തിടാം കോൾമയിർക്കഞ്ചുകം ഞാൻ.
നാലുവേദങ്ങളുമാറു ശാസ്ത്രങ്ങളും
നാലുപേർക്കൊക്കുന്ന നാടകങ്ങൾ
സൂരികൾ കൂപ്പുകൈയോടടുത്തീടുമാ
പേരെടുത്തുള്ളൊരു കാവ്യമെല്ലാം
നർത്തനവേളയിൽ ചേവടി താങ്ങുമ്പോൾ
പത്രങ്ങളേല്ക്കുന്ന മുദ്രയല്ലേ?
വാണിയാമമ്മതൻ സന്ദേശവാഹികേ,
പാണിയിൽ ഹാ! നിന്നെ വച്ചുകൊൾവാൻ
കൈവന്ന ഭാഗ്യമേ! നീയെനിക്കായ് സദാ
കൈവല്യസോപാനം തീർക്കയാണോ?
ആകട്ടെ, ഭംഗിയായ് തീരട്ടെ വേർപെട്ടു
പോകല്ലേ നീയെന്നെയേതുനാളും.
പോകല്ലേ! നീയെന്റെ കൈയിലില്ലാതെനി-
ക്കാകുമോ മാത്രകൾ തള്ളിനീക്കാൻ?
ഓമനക്കുഞ്ഞിനെ ധാത്രിമാർ പോറ്റുമ്പോൾ
സാമോദം മാതാവു വിശ്രമിക്കും.
അംഗുലി മൂന്നിന്റെയാശ്ലേഷം വിട്ടുനീ
യെങ്ങുപോയീടിലും ഞാൻ സഹിക്കാ.
എന്നതുമാത്രമല്ലന്നെന്നിൽ നിന്നൊരു
സന്ദേശകാവ്യവും നാമ്പെടുക്കും.
എങ്ങുമേ മാറ്റൊലി വായുവിൽ ചേർക്കാതെ
തിങ്ങുമക്കാവ്യമെൻ ഹൃത്തടത്തിൽ.
എന്തിനാണായതെൻ മാനസസൂനത്തെ
വെന്തുനീറ്റീടുവാൻ മാത്രമല്ലേ?
വേണ്ടെനിക്കായതു നിന്നെയെന്നേരവും
കണ്ടിരിക്കുന്നതേ കാമ്യമേറ്റം.
വേവുന്നഹൃത്തുകൾക്കാവുന്ന വേഗത്തിൽ
താവുന്ന ചിന്തകൾ ഗൂഢമായി
നീയല്ലേ കൈമാറ്റം ചെയ്തു നിത്യവു-
മായതു നിന്റെ പേർക്കാരുചെയ്യും?
കാമുകനല്ല ഞാൻ കാമിനിയല്ല നീ
നാമെന്നാൽ സൽപ്രേമബദ്ധരല്ലോ.
പാവന ശാശ്വതപ്രേമത്തിൻ ബന്ധത്തേ-
യേവനും സാദ്ധ്യമോ വേർപെടുത്താൻ?
മാനസപ്രേമത്തിൻ ലേഖനതല്ലജം
ഞാനൊന്നുരേഖയിലാക്കിടട്ടെ?
നീയതുകണ്ടിട്ടു കണ്ണുകുളിർത്തുകൊ-
ണ്ടീയെന്നെയൊന്നു കടാക്ഷിച്ചാലും!
കാട്ടിനകത്തൊരു വള്ളിക്കുടിലുഞാൻ
കാട്ടിത്തരാം നമുക്കങ്ങുപോകാം.
കൂട്ടുകാരേ വിളിച്ചീടല്ലേ, നമ്മുടെ
കൂട്ടു വിരസമായ്ത്തീർന്നു പോകും.
അല്ലെങ്കിലുണ്ടൊരു വിസ്തൃതമൈതാനം
തെല്ലുദൂരത്തൊരു പുൽപ്രദേശം
വാരുണീസേവയിലാദിത്യനാഴുമ്പോ-
ളാരുമറിയാതങ്ങെത്തണം നാം.
സാഗരതീരത്തെപ്പഞ്ചസാര മണൽ
സ്വാഗതം ചെയ്തും നമ്മെയല്ലേ?
അർഘ്യപാദ്യാദിയുംകൊണ്ടു കല്ലോലങ്ങൾ
ദീർഘനേരം കളിയാടി നിൽപ്പൂ.
ശീതകനായൊരു മഞ്ഞണിമാമല
കൌതുകപൂർവ്വം ശിരസ്സുയർത്തി
നോക്കുന്നു നിന്നെയുമെന്നെയുമൊന്നുപോൽ
വാക്കിനെത്തോല്പിക്കും നോക്കുകണ്ടോ?
മുത്തുമണികളെത്തട്ടിത്തെറിപ്പിച്ചു
കുത്തിക്കുതിച്ചു മലഞ്ചെരിവിൽ
ഓടിക്കളിക്കുമരുവികളും നമ്മേ
മാടിവിളിപ്പതായ് കാണുന്നല്ലൊ.
എങ്ങുനാം പോകിലും നാം തനിച്ചാണെങ്കിൽ
മംഗളം! മറ്റൊരാൾ കൂട്ടുവേണ്ടാ.
പ്രേമസല്ലാപത്തിൻ- സ്വൈര്യസല്ലാപത്തിൽ-
നാമെത്ര നിർവൃതി നേടുമപ്പോൾ!
വീണയിൽ— വേണുവിൽ- വിശ്വപ്രേമത്തിന്റെ
ചേണുറ്റരാഗങ്ങളാലപിക്കാം.
കേൾക്കുന്ന ലോകവുമാനന്ദ സ്തബ്ധമായ്
വാക്കുകൾ കൂടാതെ പാടിപ്പോകും.
പോകനാമൊന്നിച്ചു തൂലികേ, നീയെനി-
ക്കേകസുഹൃത്തല്ലേ ഭൂതലത്തിൽ?
കൈതൊഴാം തൂലികേ, കൈതൊഴാം സ്നേഹിതേ,
കൈതരൂ, നീയൊന്നു പുഞ്ചിരിക്കൂ!
(സാഹിത്യപരിഷത്, ജൂൺ 1961)
