Parudeesayile Painkili

പറുദീസായിലെ പൈങ്കിളി


പാടിടും പാട്ടൊന്നു ഞാൻ ചുണ്ടുകൾ വിടർത്താതെ 

കൂടുമാനന്ദത്തോടെന്നന്തരംഗത്തിൽ തന്നേ.

ആരുഞാനേശുവിന്റെ യോമനചെറുകിളി 

പാരഡൈസ്സിലാണെന്റെ വാസവും സഞ്ചാരവും

വൃക്ഷശാഖയിലെങ്ങുമല്ല ഞാനിരിപ്പത്

രക്ഷകനേശുവിന്റെയുള്ളംകൈകളിലത്രേ.

പരലോകരാജന്റെ തിരുമാറിടത്തിലെൻ 

ചെറുതാം ശരീരത്തേ താങ്ങി ഞാൻ ശയിക്കുന്നു.

വാനവർ നാഥൻ തന്റെ യങ്കസീമനി നല്ലോ- 

രാനന്ദമയക്കമായ് നിദ്ര ഞാൻ ചെയ്തിടുന്നു.

മായമേതുമെന്നിയേ ശാന്തമായൊഴുകീടു-

മായുസ്സിന്നുറവയിൽ നിന്നു ഞാൻ കുടിക്കുന്നു. 

ദൈവദൂതന്മാരുടെയപ്പമെന്നാഹാരമാ-

ണാവിശുദ്ധരൂപികളെൻ പ്രിയസഖാക്കളും.

അവരോടൊന്നിച്ചു ഞാൻ ഭക്ഷിക്കും പാനംചെയ്യു 

മവരോടൊന്നിച്ചു ഞാനാനന്ദഗാനം പാടും. 

അവരെൻ ഗാനങ്ങളേയേറ്റു പാടീടുന്നേര- 

ത്തവനീ നിവാസികളതു കേട്ടാനന്ദിക്കും. 

ഇളകിക്കളിച്ചെന്റെ ചെറുതാംപക്ഷങ്ങളേ- 

യിളക്കിത്താളം കൊട്ടിത്തികഞ്ഞമേളത്തോടേ 

കളമാധുര്യസ്വരം പിന്നെയുമുയർത്തി ഞാൻ 

തെളിഞ്ഞുപാടീടുമെൻ ചുണ്ടുകൾ വിടർത്താതെ. 

അവസാനമില്ലാത്ത ദിവ്യമാംരാഗങ്ങളേ- 

യവരോടൊന്നിച്ചു ഞാനാലപിച്ചീടുംന്നേരം. 

കെറുബീന്മാരും നല്ല സെറാഫീന്മാരും ചേർന്നെൻ 

ചെറുതാം വിപഞ്ചികമെല്ലവേ മീട്ടുംന്നേരം, 

ഉച്ചമാം സ്വരത്തോടേയേകമാംസ്വരത്തോടേ 

മെച്ചമേറീടും നല്ല വാദ്യഘോഷങ്ങളോടേ 

വിണ്ടലനിവാസികളാകവേയെന്നോടു ചേർ 

ന്നിണ്ടലെന്നിയേ നല്ല സദിരു നടത്തുമ്പോൾ, 

നരലോകമെന്നല്ല സുരലോകവും പാടേ 

പരമാനന്ദാബ്ധിയിൽ ലയിച്ചുമയങ്ങിപ്പോം. 

അതുകൊണ്ടേതുംതന്നേ കൃതകൃത്യതയെന്യേ- 

യതുലാനന്ദത്തോടേ പിന്നെയും പാടീടും ഞാൻ. 

അന്തരംഗവീണയെച്ചന്തമയ്മീട്ടിക്കൊണ്ട- 

ങ്ങന്തരീക്ഷത്തിൽ പറന്നുയർന്നു പാടീടും ഞാൻ. 

പാടി ഞാൻ പറന്നിടും, പറന്നു പാടീടും ഞാ- 

നാടലെന്നിയേ പാടിയാടിടും വിയത്തിൽ ഞാൻ. 

സുരലോകനാഥന്റെയെൻപ്രിയരാജാവിന്റെ- 

യരികിൽ ചുഴലവും പറന്നു പാടീടും ഞാൻ. 

ചെറുതാംപക്ഷങ്ങളേ വിടുർത്തിട്ടദ്ദേഹത്തേ 

നിറഞ്ഞമോദത്തോടേ മന്ദമായ് വീശീടും ഞാൻ. 

പറന്നുവീശിക്കൊണ്ടു തിറമായ് പാടീട്ടു ഞാ- 

നുറക്കിടുമെൻ പ്രിയനാഥനാമദ്ദേഹത്തേ. 

ആനന്ദസുഷുപ്തിയിലെൻ പ്രിയൻ ലയിക്കുമ്പോൾ 

ഞാനെന്റെ പക്ഷങ്ങളേമെല്ലവേയൊതുക്കീടും. 

ഇരിക്കുംതോളിന്മീതേ,ചെവിയിൽ പാടുമപ്പോൾ 

സ്ഫുരിക്കുമദ്ദേഹത്തിൻ മുഖത്തു മന്ദസ്മിതം. 

വിണ്ടലത്തിലീഗീതം മാറ്റൊലിക്കൊള്ളും ഞാനോ 

ചുണ്ടുകൾ വിടുർത്താതെ മൗനഭാവം കാട്ടീടും. 

ഹൃദയാന്തർഭാഗത്തേഭേദിച്ചു പുറപ്പെടും 

മൃദുഗാനങ്ങൾ പാടാൻ ചുണ്ടുകൾ വേണ്ടെനിക്ക് 

ദൈവദൂതന്മാരുടെ കണ്ഠനാളങ്ങൾവഴി-

ക്കാവിശുദ്ധമാം ഗാനം വെളിയിൽ കേട്ടീടുമ്പോൾ 

സുരലോകസീമയേ ഭേദിച്ചു പുറപ്പെട്ട 

പരിശുദ്ധമായൊരു ദിവ്യഗാനമെന്നേവം 

ഭുവനനിവാസിക ളതിനേഗണിച്ചിടു 

മിവളുമജ്ഞാതയായൊളിവിൽ വസിച്ചിടും. 

ലോകമെൻ ഗാനങ്ങളേ ശ്രവിച്ചീടുമെങ്കിലും 

ലോകരംഗത്തു ഗാനമാലപിക്കുകില്ല ഞാൻ. 

സതിയായവൾ തന്റെ ജീവിതസർവ്വസ്വമാം 

പതിതൻ സമക്ഷത്തിലെന്തിയേ പാടുന്നില്ല. 

എന്റെ രാജാവെന്നുടെ ജീവിതേശ്വരൻ മാത്ര- 

മെന്റെ ഗാനങ്ങൾ ശ്രവിച്ചീടുവാൻ പാടുന്നു ഞാൻ. 

അന്തരംഗവീണതൻ തന്ത്രി ഞാൻ മീട്ടുമ്പോഴെ- 

ന്നന്തികേമറ്റാരെയും ക്ഷണിച്ചീടുകില്ല ഞാൻ.

എന്നെയാരും കാണുവാ,നെന്റെയീശബ്ദം പോലു- 

മന്യരാരും കേൾക്കുവാൻ സമ്മതിക്കുകില്ല ഞാൻ. 

ഒളിവിൽ വസിക്കുമ്പോൾ ബാലസൂര്യനെപ്പോലെ 

തെളിഞ്ഞു ശോഭിക്കുന്ന രത്നമൊന്നുണ്ടെനിക്ക്. 

ആ മനോഹരരത്ന മല്പവും മങ്ങീടുകിൽ 

മാമകജന്മം പിന്നെക്കേവലം ശൂന്യപ്രായം. 

ദൈവദൂതന്മാരെയും വിസ്മയിപ്പിച്ചീടുന്ന

ജീവിതസൗഭാഗ്യങ്ങളിന്നെനിക്കുള്ളതെല്ലാം

ഈ വിശുദ്ധമായൊരു രത്നതല്ലജത്തിന്റെ 

ഭാവുകസമ്പൂർണ്ണമാം നിലയാൽ കൈവന്നതാം. 

പരിശുദ്ധമായൊരു രത്നമേ! നിത്യം നിന്റെ 

യരുമക്കാന്തിക്കൊരു കുറവേതുമെന്നിയേ 

താരകാസമാനമെൻ മാറണിപ്പതക്കമായ്

തീരുക; ഭൂഷണങ്ങൾ വേണ്ടെനിക്കൊന്നും വേറെ. 

മാനസമണിയറയ്ക്കുള്ളിലായ് കുടികൊണ്ടു 

ഗാനമാധുരിയേറ്റു സുഖിക്കും പ്രാണേശ്വരാ! 

ശങ്കയെന്നിയേ പള്ളിക്കുറുപ്പുകൊണ്ടാലും! ഈ 

പൈങ്കിളിപ്പെടയ്‌ക്കെന്നാൽ നിദ്രയില്ലൊരിക്കലും. 

അശനപാനാദിയിലാശയുമേതുമില്ല

നിശയിൽപ്പോലും നല്ല പാട്ടുകൾ പാടുന്നു ഞാൻ. 

അന്തമില്ലൊരിക്കലുമെന്റെയീ ഗാനങ്ങൾക്കു 

നിന്തിരുവടി സദാ നിദ്രയേ ഭജിച്ചാലും! 

നെഞ്ചകം കുളുർപ്പിക്കും തഞ്ചമാംസ്വരത്തോടേ 

പഞ്ചമരാഗങ്ങളേ നിത്യവും പാടീടാം ഞാൻ. 

ഉറങ്ങിക്കൊണ്ടാലുമെൻ ജീവിതേശ്വരാ! ഇതാ, 

നിറഞ്ഞ മോദത്തോടേ ചെവിയിൽ പാടുന്നു ഞാൻ!

                                                   (നസ്രാണി ദീപിക, ഫെബ്രുവരി 1926)