Sundiri Chirikkalle

സുന്ദരീ, ചിരിക്കല്ലേ!


സുന്ദരീ, ചിരിക്കല്ലേ, കൈവള കിലുക്കല്ലേ, 

സുന്ദരക്കൺകോണുകൾ വെട്ടിച്ചുകളിക്കല്ലേ. 

മടവാർ മണിയൊരാൾ പുഞ്ചിരിച്ചതുമൂലം 

കിടുങ്ങി ദിഗന്തങ്ങളൊരിക്കൽ; ഭയങ്കരം! 

പെരിയസമ്രാട്ടിന്റെ കനകക്കിരീടവും 

ശിരസ്സിൽ നിന്നുതെറ്റിത്തെറിച്ചു ദൂരെപ്പോയി.

മറ്റൊരു മാൻ കണ്ണിതൻ കണ്മുനക്കുത്തേല്ക്കയാൽ 

മാറ്റലർമന്നൻ, മഹാവമ്പനാണെന്നാകിലും 

മോഹിച്ചുവീണുപോയി മങ്കതൻ മടിത്തട്ടിൽ

സാഹസം ചരിത്രജ്ഞൻ ചൊന്നിടും കഥാശേഷം. 

സുദതി, സുലോചന, കിളിനേർമൊഴിയൊരാൾ.

വിദിതചരിതമാണെങ്കിലും ശ്രദ്ധിക്ക നീ 

പൊഴിച്ച മന്ദസ്മിതപ്പാലൊളിവിശേഷവും

മുഴക്കിക്കിലുക്കിയ കങ്കണ ക്വാണങ്ങളും

സമരകോലാഹലഹേതുകമായിത്തീർന്നു 

സമസ്തവിനാശവുമിരുരാജ്യങ്ങൾക്കുമുണ്ടായ്. 

സുന്ദരീ, ചിരിക്കല്ലേ, കൈവള കിലുക്കല്ലേ, 

സുന്ദരക്കൺകോണുകൾ വെട്ടിച്ചുകളിക്കല്ലേ. 

ഒന്നു നീ ചിരിക്കുമ്പോൾ മാദകലോകം നിന്നെ

വെന്നിടാൻ വേണ്ടി ചിരി തുടങ്ങും ലക്കില്ലാതെ. 

പുഞ്ചിരി വളർന്നേറി വഞ്ചിരിയാകും പിന്നെ 

ചഞ്ചലത്താകും നിന്റെ നിലയും വികാരവും. 

കടകം കിലുക്കി നീ കൈകളൊന്നാട്ടിക്കൊണ്ടാൽ 

നടനം തുടർന്നീടും ചക്രവാളസീമകൾ.

എടുത്തിട്ടീലോകത്തേയെറിഞ്ഞു പന്താടുമ്പോ-

ഉടുക്കാനാരുണ്ടാകും? ശാന്തതയാരുണ്ടാക്കും? 

ആകയാലീ സന്ദേശം നിനക്കു നല്കുന്നു ഞാൻ

ലോകമെന്താണെന്നറിയാത്തൊരു കുമാരി നീ 

“അടക്കിച്ചിരിക്കണം, സോദരീ സൂക്ഷിക്കണം, 

കടന്നുപൊയ്ക്കൊള്ളണം കൈവള കിലുക്കാതെ. 

ഇടത്തും വലത്തുമായ് വഴിയേ പോകുന്നോരെ 

കടക്കണ്ണാലേ വെട്ടിക്കളിയായ് വീഴിക്കല്ലേ. 

കാര്യമുണ്ടെങ്കിൽ കണ്ണുതുറന്നു നേരേ നോക്കി

ധൈര്യമായ് സംസാരിക്കാം വേണ്ട ഗൗരവത്തോടേ.

ആരെയും ഭയപ്പെടാൻ ന്യായമില്ലെന്നോർക്കണം 

നേരിനു തെറ്റില്ലാത്ത പാതയിൽച്ചരിക്കുകിൽ.’ 

വേറെയുണ്ടൊരു കാര്യമനിഷ്ടം തോന്നീടല്ലേ, 

കൂറെഴും ജ്യേഷ്ഠത്തിയെന്നെന്നെയോർക്കുകിൽച്ചൊല്ലാം.

നാട്ടിലെപ്പാട്ടാണിന്നു നാലുപേർ ചേർന്നാലതു 

കേട്ടിരിപ്പതു കൊള്ളാമനുജത്തിമാരെല്ലാം. 

“വഴിയിൽത്തുമ്പില്ലാത്ത’ സുകുമാരികളാടി-

ക്കുഴഞ്ഞു നടക്കയാലാളുകൾക്കലോഹ്യമായ

പുറകേയെത്തിച്ചെന്നിട്ടടിക്കാൻ തോന്നും; പൃഷ്ഠം

മറയ്ക്കാതെയോ വസ്ത്രധാരണ പരിഷ്കാരം? 

വിടരാൻ ഭാവിക്കുന്ന കുരുത്തോലയെപ്പോലെ-

യടുക്കി നിരത്തിയ പൂവാലൻ ഞൊറികൊണ്ടു 

നിതംബം മറച്ചൊരു ചട്ടയുമിട്ടു നല്ല 

ചിതമായി രണ്ടാം മുണ്ടും ധരിച്ചുമാറും മറ-

ച്ചെത്രയോ വിനീതരായ് നടന്ന മല്ലാക്ഷിമാർ 

സ്ത്രീത്വമുള്ളവർ, സാക്ഷാലാദർശമഹേളകൾ. 

അതു പോകട്ടെ,യിന്നു ഭാരതാംഗനമാർക്കു 

ഹിതസംസ്കാരവേഷം സാരിതാനതും കൊള്ളാം. 

എന്തിനു “തുമ്പില്ലാതെ’ ചമഞ്ഞു നടക്കുന്നു? 

ചന്തമായ് ധരിക്കണം ദേഹവും മറയ്ക്കണം 

“തുമ്പില്ലാത്തവരെന്നു പേരു കിട്ടിയാൽ പിന്നെ

 വമ്പത്തം നടിച്ചിട്ടു കിം ഫലം? ചിന്തിക്കണം.

                                                               (പൗരധ്വനി വാർഷികപ്പതിപ്പ്, 1969)