Vilavum Koythum

വിളവും കൊയ്ത്തും


വിളവു ധാരാളം പൊന്നെജമാനനേ, 

കളഞ്ഞുപോകുമേ കൊയ്ത്തുകാരില്ലെങ്കിൽ 

വിളനിലങ്ങളിലൊക്കെയും വേണ്ടപോൽ 

വിളംബമെന്നിയേയാളയച്ചീടണേ

പരമപുരുഷൻ നീതിസ്വരൂപന്റെ 

തിരഞ്ഞെടുപ്പുകൾ കോഴകൾ കൂടാതെ

 കഴിഞ്ഞുകൂടുന്നു ഭംഗിയായ് ലോകത്തിൽ 

ചുഴിഞ്ഞു നോക്കിയാൽ ദൃഷ്ടിയിലെത്തിടും 

അണിയണിയായിട്ടെത്രയോ ഗോതമ്പു

 മണിക്കതിരുകൾ ഹാ! വിളഭൂമിയിൽ

 ഇളകിയാടി നിന്നീടുന്ന കാഴ്ചയിൽ 

പുളകം ചാർത്തി നാം നില്ക്കുമാറില്ലയോ? 

ഒളിവിൽ പാർക്കുന്നുണ്ടങ്ങുമിങ്ങും ദൈവ 

വിളിലഭിച്ചുള്ള ധാന്യങ്ങൾ കൂട്ടത്തിൽ 

അവ പരിശുദ്ധിയേറുമപ്പങ്ങളായ് 

വരുന്നു പാവനമാം ബലിവേദിയിൽ

 തിരുശ്ശരീരമായ്ത്തീർന്നിടുന്നായതു 

നരകുലത്തിന്റെയാത്മീയാഹാരമായ് 

നലം തികഞ്ഞുള്ള മുന്തിരിങ്ങാരസം 

സുലഭമാണല്ലോ ഭൂമിയിലെങ്ങുമേ

കൊടുത്തുകാശുവാങ്ങിടുന്നു വാണിജൻ 

കുടിച്ചുകൂത്തടിച്ചീടുന്നു മദ്യപൻ 

അതിലു, മല്പീ യസ്സായൊരു ഭാഗമു 

ണ്ടതുവരും ബലിവേദിയിൽ കാസയിൽ 

അതുലദൈവികാഹ്വാനമേ, യദ്ഭുത

 മതുതിരുരക്തത്തുള്ളികളായ് വരും. 

അലകടലുകൾ വ്യാപികൂ പാദിയു-

 മളവുകൂടാതെ ജീവനപൂർണ്ണമായ്

ഉലകിലെങ്ങുമുണ്ടെങ്കിലുമുന്നത

ബലിയിൽ ദിവ്യരക്തത്തോടുചേരുവാൻ 

വിളി ലഭിക്കുന്നതുള്ളികൾ തുച്ഛമാം 

ചിലതുമാത്രമാണാരതു ചിന്തിപ്പൂ! 

വനത്തിലെത്രയോ പാദപതല്ലജ 

മനുദിനം വളരുന്നതു കാൺമൂ നാം 

കുടിലുകൊട്ടാരമൊക്കെയും തീർക്കുവാ-

 നെടുത്തിടുന്നവ വെട്ടിയും ചീന്തിയും

വിറകിനായിട്ടും പോയിടുന്നൊട്ടേറെ,

തറയിൽ വീണൊട്ടു ജീർണ്ണിച്ചും പോകുന്നു. 

ചില വിടപികൾ- എന്നുവേണ്ടായതിൽ 

ചില കഷണങ്ങൾ ഓർക്കുകിലദ്ഭുതം 

പരമനാഥന്റെ ഭൂതലവാസത്തി –

ന്നരുമയേറുന്ന പാർപ്പിടമായ് വരും.*

പരന്നുപഞ്ചഭൂഖണ്ഡവുമൊന്നുപോൽ

നിറഞ്ഞുവർദ്ധമാനസ്ഥിതിയാർന്നിടും

മനുഷ്യലോകമേ, ആയിരമായിരം 

ജനങ്ങളിൽനിന്നു സൂക്ഷ്മദൃക്കായുള്ളോ- 

രനന്തവിജ്ഞാനി തന്റെ കേദാരത്തിൽ 

വിളഞ്ഞ ധാന്യത്തെക്കൊയ്തെടുത്തീടുവാൻ

 വിളിച്ചിടുന്നിതാ നിന്നെയുമെന്നെയു-

മൊളിച്ചു ശങ്കിച്ചു ദൂരെ നില്പോനെയും

വരിക മുമ്പോട്ടു ശങ്കയെല്ലാം വെടി-

ഞ്ഞൊരുവൻ വൈദികൻ, സന്യാസി മറ്റൊരാൾ,

ഒരുവൾ യോഗിനി, മാതാവുമറ്റവ-

ളൊരു കുടുംബത്തിൻ നാഥയുമായിടും

പരമപാവനജോലിയാണൊക്കെയും 

പരിചൊടേറ്റെടുത്തീടണം ചെയ്യണം. 

മടിച്ചുശങ്കിച്ചുനില്ക്കരുതാരുമേ- 

യുടയവൻ തന്റെ വിസ്തൃതമാം വയൽ 

കിടന്നു ജീർണ്ണിച്ചു പോവതുസഹ്യമോ? 

കടന്നുകൊയ്യണം കറ്റകൾ കെട്ടണം 

“വിളവുധാരാളം പൊന്നെജമാനനേ,

കളഞ്ഞുപോകുമേകൊയ്ത്തുകാരില്ലെങ്കിൽ

വിളനിലങ്ങളിലൊക്കെയും വേണ്ടപോൽ

വിളംബരമെന്നിയേയാളയച്ചീടണേ.

ഇടയ്ക്കിടയ്ക്കിതു പാടുക താളത്തി 

ലടുക്കിവയ്ക്കുക കറ്റകൾ മേല്ക്കുമേൽ 

കളപ്പുര നിറഞ്ഞീടുമ്പോൾ നാമങ്ങു

 വിളിക്കപ്പെട്ടിടും പൂർണ്ണസൗഭാഗ്യമേ!

                                                              (സത്യദീപം, ഏപ്രിൽ 22, 1964)