Arutheyaruthe

അരുതേയരുതേ!


രുതേയരുതേ! ഭയങ്കരം 

ദുരിതം, ചെയ്യരുതാത്മഹത്യ നീ 

മനുജന്നു വിശേഷബുദ്ധിയു-

ണ്ടരുതേ ചെയ്യരുതാത്മഹത്യ നീ.

 

ക്ഷണഭംഗുരജീവിതം പലേ 

ദുരിതങ്ങൾ ചുഴലുന്നതായവരാം 

കരൾനീറി ദഹിച്ചുപോയിടാ-

മരുതേ ചെയ്യരുതാത്മഹത്യനീ. 

പ്രണയത്തിൽ നിരാശവന്നീടാം 

ധനനാശം വലുതായി നേരിടാം 

അപമാനമസഹ്യമായ് വരാ-

മരുതേ ചെയ്യരുതാത്മഹത്യ നീ. 

 

സ്വജനങ്ങൾ ദിവംഗമിച്ചിടാം 

പ്രിയമിത്രങ്ങൾ രിപുക്കളായ് വരാം 

പലമട്ടു പരാജയംവരാ-

മരുതേ ചെയ്യരുതാത്മഹത്യ നീ. 

 

അതിദുസ്സഹരോഗബാധ, പിൻ- 

തുണയില്ലാത്തൊരരക്ഷിതത്വവും

നിലയെന്നിയലട്ടിടാം, ക്ഷമി 

ച്ചിടണം; ചെയ്യരുതാത്മഹത്യ നീ. 

 

നരനുണ്ടൊരു ദേഹി ശാശ്വതം 

പരമാത്മാവിൽ ലയിച്ചിടേണ്ടതായ് 

അതിനേ ദുരിതത്തിലാഴ്ത്തുമീ 

മരണം; ചെയ്യരുതാത്മഹത്യ നീ. 

 

ചിലമാത്രകൾ നീണ്ടുനില്ക്കുമീ 

ദുരിതത്തിൻ നിഴൽ കണ്ടു ഭീരുവായ് 

ഒരുനാളുമമർന്നിടാത്തതാ- 

മെരിതീക്കുണ്ഡമതിൽ പതിക്കയോ? 

 

ഒരു ഗർഭിണി തന്റെ ദുസ്സഹ- 

പ്രസവാരിഷ്ടതയാൽ നിരാശയായ് 

ഉടനാത്മഹതിക്കൊരുങ്ങുമോ?

സതി സന്താനസുഖത്തെയോർത്തിടും.

ഒരു നിശ്ചിതകാലസീമയിൽ 

വരുമെല്ലാത്തിനുമന്ത്യമോർക്കേണം 

പരസംഗതി- നിത്യസത്യമേ 

പഴുതില്ലായതുതന്നെ ശാശ്വതം. 

പലരജ്ഞരുമൊട്ടു വിജ്ഞരും 

തുനിയുന്നാത്മഹതിക്കു കഷ്ടമേ! 

അവരെന്തു ജയംവരിപ്പൂ സാ-

ന്ത്വനമെന്തോന്നവരാസ്വദിപ്പൂ ഹാ! 

 

ഒരു ചോദ്യമവർക്കയയ്ക്കുകിൽ, 

പരിചോടങ്ങതുചെന്നു ചേരുകിൽ, 

ഒരു സംശയമില്ല തൽക്ഷണം 

വരുമീമട്ടിലൊരുത്തരം ദൃഢം.

 

“ദുരിതം ദുരിതം ഭയങ്കരം! 

വരികില്ലന്ത്യമിതിന്നൊരിക്കലും.

സ്വയമാണിതു കൈവരിച്ചതെ-

ന്നതിനാൽത്തന്നെയതീവ ദുസ്സഹം.

 

ധനമോഹ,മഹന്ത,നീചമാം

വിഷയാസക്തികളെന്നിതൊക്കെയും

വിജയിക്കേണ്ടവനാണവയ്ക്കുമേൽ.

എരിയും തിരിനാമ്പിലീച്ചകൾ

സ്വയമാരാഞ്ഞണയുന്നു ചാകുവാൻ 

അതുപോൽ നിഹനിക്കയോ സ്വയം 

വിലയേറുന്ന മനുഷ്യജീവനേ 

 

ദിവസംപ്രതി വാർത്തയീദൃശം 

ശ്രവണാരുന്തുദമായി ലഭിക്കയാൽ 

അനുകമ്പയിലാണ്ട ഹൃത്തിൻ നി- 

ന്നുയരും വാക്കുകളാണിതൊക്കെയും.

                                         (മനോരമ വാർഷികപ്പതിപ്പ്, 1960)