Suryakeerthanam II

സൂര്യകീർത്തനം II


അത്യുന്നതനേ, യതിബലവാനേ, 

     നല്ലവനാം ജഗദീശ നമസ്തേ! 

നിത്യസ്തുതികളുമങ്ങേയ്ക്കല്ലൊ 

      മഹിമയുമാദരവാശിസ്സുകളും. 

അവിടുന്നേകനതർഹിക്കുന്നു;

     താവകതിരുനാമവുമൊന്നോതാൻ

ഭൂവിലൊരാളിനുമില്ലൊരു യോഗ്യത 

     കേവലമായതു സത്യം തന്നെ. 

എല്ലാ സൃഷ്ടികളും വഴിയങ്ങേ- 

     യ്ക്കെല്ലാ സ്തുതികളുമുണ്ടാകട്ടെ! 

എല്ലാവരിലുമഹോ ബഹുമാന്യൻ 

     ജ്യേഷ്ഠസഹോദരനാമാദിത്യൻ.

അവനാണങ്ങയിലൂടേ പകലൊളി

     ഞങ്ങൾക്കേകും സുന്ദരരൂപൻ, 

പ്രഭവിതറിക്കൊണ്ടങ്ങേയുന്നത-

     ദീപ്തി വിളിച്ചറിയിക്കുന്നവനും

അമ്പിളി നല്ല സഹോദരി സുന്ദരി

     യവളിൽക്കൂടിയു, മതുപോൽ തന്നെ-

യിമ്പമെഴും താരങ്ങളിലൂടെയു-

     മങ്ങേയ്ക്കനവരതം സ്തുതിവരണം 

വിലയേറുന്ന വിഭൂഷകളായ് വിമ-

     ലാഭപരത്തിനഭസ്സിന്നഴകായ്

നിലകൊള്ളും വിധമവയെ വിധാനം 

     ചെയ്തവിധാതാവവിടുന്നല്ലൊ.

 

നിർമ്മലമൊരു നീലാകാശം

     കാർമ്മേഘാവൃതമായ നഭസ്സും 

തന്നരുളും സോദരനാം കാറ്റിൽ 

     ക്കൂടെയുമുയരണമങ്ങേ സ്തുതികൾ 

താവകവത്സല സൃഷ്ടികളേയുപ-

     ജീവനമാർഗ്ഗം തന്നു പുലർത്താ- 

നാവതു ചെയ്യുമൃതുക്കളിലൂടെയു-

     മങ്ങേ നാമം വാഴ്ത്തപ്പെടണം. 

 

ഇനിയും സ്തുതിയങ്ങേയ്ക്കഖിലേശാ,

     വരണം സോദരി സലിലം വഴിയായ് 

 

വിനയവിഭൂഷിതയാമവളെക്കൊ

     ണ്ടുപയോഗം ചെറുതല്ല ജഗത്തിൽ 

എന്നല്ലവളുടെ വിലയും വലുതാ-

     ണെന്നു പറഞ്ഞാൽ മതിയാകില്ല 

ചൊന്നിടാം മറ്റൊരു സംഗതിയവ

     ളതിനിർമ്മലയാണെന്നതു തന്നെ. 

 

ഇരുളേറുന്ന നിശീഥിനി ദീപ്തിയി-

     ലാഴ്ത്തും സോദരനഗ്നിയിലൂടെ 

അരിമയെഴും സ്തുതിഗീതികളങ്ങേ-

     ത്തിരുവടിയിങ്കൽ ചേരണമെന്നും. 

സുന്ദരന്റെത്രയുമുല്ലാസ പ്രദ-

     നോജസ്സുള്ളവനാണദ്ദേഹം

നന്നേ ബലമുള്ളവനാണെന്നും 

     പറയാം തെല്ലും ശങ്കിക്കാതെ.

 

മാതാവും ബതസഹജാതയുമായ് 

     നിലനില്പകീട്ടിവരെ ഭരിക്കും 

മേദിനി വഴിയും കർത്താവേ, സ്തുതി 

     യെപ്പോഴുമങ്ങേയ്ക്കുണ്ടാകട്ടെ!

സദ്ഫലജാലം, വർണ്ണമനോഹര 

     പുഷ്പാവലി പുല്ലുകളെന്നീവക

ഉത്പാദിപ്പിച്ചൊരു കുറവെന്യേ

     പോറ്റീടുന്നവൾ ഞങ്ങളെയെല്ലാം. 

സ്തുതികളുമാശിസ്സുകളും സ്തോത്രവു- 

     മർപ്പിക്കുക നാം നാഥനുമോദാൽ 

അതിവിനയത്തോടുകൂടിച്ചെയ്യുക

     സേവനമവിടുത്തേയ്ക്കു നിതാന്തം; 

പാരമനീതികൾ യാതനയെല്ലാ-

     മങ്ങേയോർത്തു സഹിച്ചനുദിനവും

വൈരികുലത്തിനു മാപ്പുകൊടുത്തൊരു

     ഭക്തരിലൂടെ വീണ്ടും സ്തുതികൾ.

 

ശാന്തിയിലെന്നും നിലനില്ക്കുന്നവ-

      രേറ്റമനുഗ്രഹപൂരിതരല്ലൊ 

ശാശ്വതമകുടമവർക്കു മഹോന്നത-

     നങ്ങയിൽ നിന്നു ലഭിക്കും നൂനം. 

ഒരുവനുമൊഴികഴിവില്ലാതാരെയു-

     മൊരുപോൽ പിടികൂടും പ്രിയ സോദരി 

മരണം വഴിയും പരമസ്തുതികൾ 

     പരമപൂമാനങ്ങേയ്ക്കു വരട്ടെ!

മാരകപാപത്തോടേയവളുടെ 

     പിടിയിലമർന്നീടുന്നവർ ദുർഭഗർ, 

പാരിൽ താവകതിരുവുള്ളംപോൽ

     വർത്തിച്ചവരിതി സുഭഗന്മാരും 

രണ്ടാമത്തെ മരണം മനുജനു

     സ്വാഭാവിക, മതു വന്നെത്തുമ്പോ- 

ളുണ്ടാകില്ലതിനവരുടെ മേലൊരു

     ശക്തിയുമെന്നതു നിശ്ചയമത്രെ.

        

                                                        (മലയാളമനോരമ വാർഷികപ്പതിപ്പ് 1972)