എട്ടാം സർഗ്ഗം

കോടിലിംഗപുരി വിട്ട സാത്ത്വികൻ
നാടുനീളെയടനം നടത്തുവാൻ
പേടിയും മടിയുമെന്നിയുള്ളുറ-
പ്പോടു പോയിതു കടൽപ്പുറം വഴി.
1
വെള്ളമേനിമണൽ ഭംഗിയായ് വിരി-
ച്ചുള്ള ഭൂമി പദതാരു താങ്ങുവാൻ.
വെള്ളമെന്നുമൊരുപോലെ സംവഹി-
ച്ചുള്ള സിന്ധു കുളിരുള്ളിനേകുവാൻ.
2
കേരവൃക്ഷനിര താപമേറ്റിടും
സൂരദീധിതി തടഞ്ഞുകൊള്ളുവാൻ.
പാരദൃക്കു പവമാനനും സദാ
ചാരവേ ഹിതമറിഞ്ഞു വീശുവാൻ.
3
നാലുകാശു ചെലവെന്നി തീർന്നൊരീ
വേല, വിസ്തൃതപഥം മനോഹരം
കൂലമങ്ങു നെടുകെകിടപ്പതിൻ
ചേലു നോക്കിയവധൂതസത്തമൻ.
4
മുക്കുവക്കുടിലു മത്സ്യബന്ധനം
നഗ്നബാലക വിഹാരമേളകൾ
ഒക്കെയേതിടവുമുണ്ടു കാണുവാൻ
മിക്കവാറുമനുഭൂതി പൂർവ്വവൽ.
5
നീണ്ടുയർന്ന തിരമാല കാണവേ
പണ്ടു സുപ്തഗുരുവൊത്തു വഞ്ചിയിൽ
പൂണ്ട ഭീതിയുമതിന്റെ ബാക്കിയും
വീണ്ടുമോർമ്മയിലുണർന്നിരിക്കണം.
6
താണ്ടിവന്നൊരലയാഴിയന്തികേ
കണ്ടുകൊണ്ടു നിതരാം പ്രഹൃഷ്ടനായ്
നീണ്ട യാത്ര തുടരുന്ന യോഗിയെ-
ക്കണ്ടിടയ്ക്കു ചില നല്ല മർത്ത്യരും.
7
ഭിക്ഷുവിന്നൊരു കരിക്കു നല്കുവാൻ
ഭക്ഷണത്തിനവനെ ക്ഷണിക്കുവാൻ
തുഷ്ടിയോടവർ തുനിഞ്ഞുദാരരാ-
യഷ്ടികാര്യമവനോർത്തിടായ്കിലും.
8
പാദചാരി യതിതന്റെ മെയ്യിലെ-
സ്വേദമുത്തുകളണിഞ്ഞുകൊള്ളുവാൻ
ആ മണൽത്തരികൾ ചെയ്ത പുണ്യമെ-
ന്തായിരിക്കു,മറിയുന്നതെങ്ങനെ?
9
ദക്ഷിണാഭിമുഖമായ് ചരിച്ചൊരാ-
ഭിക്ഷുവിന്റെ പദയാത്ര ശാന്തമായ്
എട്ടു നാളുകൾ കഴിഞ്ഞു; കൊല്ലമാം
പട്ടണത്തിനകമെത്തി മസ്കരി.
10
കൊല്ലമന്നുമൊരു നല്ല പട്ടണം
ചൊല്ലെഴും തുറമുഖം മനോഹരം
‘ഇല്ല’മെന്ന കഥ വിസ്മരിച്ചുപോം
കൊല്ലമെന്ന പുരി കാൺകിലാരുമേ.
11
വഞ്ചിനാട്ടിലെ മരീചമെന്നുവേ-
ണ്ടിഞ്ചിയേലമഥ ജാതിപത്രിയും
തഞ്ചമാർന്ന തടി തേക്കുമീട്ടിയും
വാഞ്ഛിതങ്ങൾ മറുനാട്ടിനെപ്പോഴും
12
മുറ്റുമായവ നിറച്ചുകൊള്ളുവാൻ
കാറ്റിലോടിയണയുന്ന നൗകകൾ
വറ്റിടാത്ത ജലരാശിയിൽക്കളി-
ച്ചേറ്റിടുന്നഖില ലോചനോത്സവം.
13
കൊച്ചുമക്കളെ വിശാലമാറിൽ വ-
ചിച്ഛപോലെയവർ കേളിയാടുവാൻ
അച്ഛനാത്തകുതുകം ശയിപ്പതി-
ക്കാഴ്ചകാൺകിലെവനും സ്മരിച്ചുപോം.
14
പണ്ടുപണ്ടുമുതൽ കേരനാടുമാ-
യുണ്ടുകച്ചവടബന്ധമെത്രയും
നീണ്ട പാതകളിൽ ഗ്രീസു, റോമ, പേർ-
കൊണ്ട നാടു പലതിന്നുമൊന്നുപോൽ.
15
ഭംഗമറ്റൊരു കൊടുക്കൽ വാങ്ങലി-
ന്നിങ്ങു നീണ്ടു വിലസും കരദ്വയം
കോടിലിംഗമഥ കൊല്ലവും; ജനം
കൂടിടുന്ന നഗരങ്ങളാണവ.
16
പശ്ചിമോത്തരദിഗന്തസീമ വി-
ട്ടിച്ഛപോലരിയ വാണിഭത്തിനായ്
എത്രയെത്ര ജനസഞ്ചയങ്ങൾ വ-
ന്നിസ്ഥലത്തു കഴിയുന്നു ധന്യരായ്.
17
യൂദജാതിയതിലഗ്രഗണ്യരാ-
ണേതിടത്തിലുമവർക്കു തുല്യരായ്
വാണിജപ്പരിഷയില്ല; വാസനാ-
വൈഭവം വലുതുതന്നെയേതിലും.
18
കപ്പലിൽപ്പല ചരക്കു കേറ്റുവാൻ
വില്പനയ്ക്ക് പലതേറ്റുവാങ്ങുവാൻ
ഒട്ടനേകരവിടെത്തിരക്കിലേർ-
പ്പെട്ടിരുന്നു, പല വേഷധാരികൾ.
19
യൂദരുണ്ടു ചിലരെന്ന കാഴ്ചയിൽ
ജാതിബന്ധമുണരാതിരിക്കുമോ?
ദീദിമൂസുടനടുത്തു സൗഹൃദം
ഭേദമെന്നി പകരാൻ പരസ്പരം.
20
അത്ഭുതങ്ങളെയടുത്തു കണ്ടവർ
ചില്‌പുമാന്റെ വചനങ്ങൾ കേട്ടവർ
ക്രിസ്തുവേദപഠനങ്ങൾ സത്യമായ്
വിശ്വസിച്ചനുസരിച്ചുപോന്നവർ.
21
സാർത്ഥവാഹർ ചിലർ സംശയം വിനാ
ക്രിസ്തുശിഷ്യനെയറിഞ്ഞു തോമയേ,
ഒത്തുചേരുമറിയും പരസ്പരം
പ്രതിവർഗ്ഗമതിലെന്തു വിസ്മയം? (യുഗ്മകം)
22
ജൈറസെന്നൊരു ധനാഢ്യനെത്രയും
കൂറോടെ സുകൃതിയായ പാന്ഥനെ
സദ്മസീമനി നയിച്ചു വേണ്ടപോൽ
സല്ക്കരിച്ചു കൃതകൃത്യനായ് പരം
23
അത്രയല്ല സുഖദം നികേതനം
നിത്യഭക്ഷ്യവിഭവാദിയും സദാ
ഒത്തിട്ടു പരിചര്യചെയ്യുവാൻ
ഭൃത്യരേയുമവിടേയ്ക്കു നല്കിനാൻ.
24
ഭിക്ഷുവാണുലകിലേക്കു നിസ്വനാം
രക്ഷകന്റെയനുഗാമി ദീദിമൂസ്.
കുക്ഷിപൂരണസുഖാദിയൊന്നിലും
പക്ഷമില്ലവനു പുണ്യമേധനം.
25
എങ്കിലും ഹൃദി കൃതജ്ഞതാഭരം
തങ്കുമാ സുകൃതി പൂർണ്ണതൃപ്തനായ്
ആതിഥേയനൊടു വേണ്ട മൈത്രിയും
പ്രീതിയും പ്രകടമാക്കി സസ്മിതം.
26
ആശ്രമത്തിലെ മുനീന്ദ്രനെന്നപോൽ
വിശ്രമിച്ചവിടെയല്പമാത്രകൾ.
മർത്ത്യരോടിടകലർന്നുകൊള്ളുവാ-
നോർത്തു പിന്നെയുമിറങ്ങിയപ്പുമാൻ.
27
പുണ്യവീഥികയിലെത്തിയപ്പൊഴേ
പുണ്യമൂർത്തിയുടെ ചുറ്റുമാളുകൾ
വന്നുചേർന്നു പലർ, ഭൂമിദേവര-
ല്ലൊന്നു താഴ്ന്ന ശിവഭക്തർ ചെട്ടികൾ.
28
വെള്ളയല്ല നിറമെങ്കിലെന്തു? ‘വെ-
ള്ളാള’രെന്നു ബത ജാതിനാമമാം.
വാണിഭത്തൊഴിലിനേയുപാശ്രയി-
ച്ചാണു കൂട്ടരുടെ നിത്യവൃത്തിയും.
29
സത്യവേദപരമായ കാര്യമ-
ക്രിസ്തുശിഷ്യനവരോടു ശാന്തമായ്
ഒത്തിണങ്ങിയവിധത്തിലോതുവാ-
നോർത്തു പുഞ്ചിരി ചൊരിഞ്ഞു നില്ക്കയായ്.
30
അപ്പൊഴുണ്ടൊരു യുവപ്രഗത്ഭന-
തൃപ്പദാന്തികമണഞ്ഞുകൊള്ളുവാൻ
വ്യഗ്രനായധികശീഘ്രഗാമിയായ്
നീക്കിടുന്നു നിലകൊണ്ട മർത്ത്യരെ.
31
അത്ഭുതസ്തിമിതരായ ജനങ്ങളാ-
ക്ഷിപ്രഗാമിസവിധത്തിലെത്തവേ
“കേപ്പയോ?”പദമിതൊന്നു മാത്രമാ
നില്പിൽനിന്നരുളി ദിവ്യപുരുഷൻ.
32
കൂപ്പുകൈയോടുടനേ സമാഗതൻ
തൃപ്പാദങ്ങളിൽ നമിച്ചു വീഴ്ചയായ്.
തപ്തബാഷ്പമുതിരുന്നു പത്തിലേ-
യ്ക്കപ്പുമാനു കുളിരുന്നു മാനസം.
33
പിന്നെയെന്തു പറയേണ്ടു? ശിഷ്യനെ
ധന്യനാം ഗുരു പുണർന്നു നില്ക്കവേ?
ഖിന്നനായരുളി കേപ്പ “മാപ്പു ത-
ന്നെന്നെയങ്ങു സഹവർത്തിയാക്കണേ!
34
വന്നുപോയതഖിലം ക്ഷമിക്കണേ-
യെന്നെയോർത്തു; ശമിയല്ലയോ ഭവാൻ
എന്നുമങ്ങെയനുഗാമി ഞാൻ വിഭോ!
വന്നു നാടിനെയനുഗ്രഹിക്കണേ!”
35
സാന്ത്വനങ്ങൾ ഗുരുദേവനോതവേ
ശാന്തനായി നിലകൊണ്ടു ശിഷ്യനും.
ഉണ്ടനേകരവരെച്ചുഴ,ന്നവർ
കണ്ടു കാര്യമറിയാത്ത നാടകം.
36
“ശാന്തി! വത്സല സഹോദരങ്ങളേ,
ശാന്തി!” എന്നു ജനസഞ്ചയത്തൊടായ്
ശാന്തിമാർഗ്ഗമറിയും പ്രസംഗകൻ
ശാന്തനായരുളി ദേശികോത്തമൻ.
37
ഇത്തരം മുഖവുരയ്ക്കു പിന്നിലാ
യെത്തിടുന്ന വചനങ്ങൾ കേൾക്കുവാൻ
ഹൃത്തിലക്ഷമതയാ ജനാവലി-
ക്കെത്രതന്നെ വരികില്ലതോർക്കണം.
38
ആരിവൻ? വരുവതേതു നാട്ടിൽനി-
ന്നാരിവന്റെ പിറകേയണഞ്ഞവൻ?
കാര്യമെന്തിവിടെ നേടിടേണ്ടതെ-
ന്നോരുവാനവർ തുടങ്ങിയൊട്ടുപേർ.
39
“ഞാൻ വിദേശി, ജലധിക്കുമപ്പുറ-
ത്തെന്റെ നാടു, ഗലീലേയനാണു ഞാൻ
നിങ്ങളോടു ചില ദൗത്യമോതുവാ-
നിങ്ങു വന്നു ഗുരു വിട്ടയയ്ക്കയാൽ.
40
നിത്യഭാഗ്യമഖിലർക്കുമേകുവാൻ
വ്യഗ്രനാണു ഗുരുഭൂതനാകയാൽ
പ്രേഷ്ഠശിഷ്യരെ വിശിഷ്ടദൂതുമാ-
യെട്ടു ദിക്കിലുമയച്ചിരിക്കയാം.
41
രണ്ടുതാൻ പ്രമുഖദൗത്യമെങ്കിലും
കണ്ടിടാമവയിലൂനമെന്നിയേ
വേണ്ടതൊക്കെ; വിശദീകരിച്ചിടാം
വീണ്ടു,മിപ്പൊളിതു കേട്ടുകൊള്ളണം.
42
സ്നേഹമെത്രയുമുയർന്നതോതിൽ നാ-
മേകനായ ജഗദീശനേകണം.
ആത്മവൽ പ്രിയതയും പുലർത്തണം
മർത്ത്യരോടഖിലരോടുമൊന്നുപോൽ.
43
നിത്യഭാഗ്യമതിനാലെ നേടുവാ
നൊക്കുമെങ്കിലിതു സാദ്ധ്യമല്ലയോ?
മുക്തിമാർഗ്ഗമറിയാതെ ഭോഷനായ്
മർത്ത്യനെന്തിനുഴലുന്നു ഭൂമിയിൽ?
44
നാളെയും വരിക നിങ്ങളൊക്കെയും
ബോധനങ്ങൾ ശരിയായ് തുടർന്നിടാം.
നേരമസ്തമയമായ്ക്കഴിഞ്ഞു” വെ-
ന്നേവമോതി വിരമിച്ചു ദേശികൻ.
45
ചക്രവാളവലയത്തിലൂടെയാ
ഭാസ്ക്കരൻ കടലിലേക്കു ചാടുവാൻ
ആക്കമാർന്ന നിലയെത്ര മോഹനം!
നോക്കിനില്ക്കുമതു കാൺകിലേവനും.
46
പശ്ചിമാംബുധി, വിരിച്ച പാടല-
പട്ടിനുള്ളിലിളകിക്കളിക്കയോ?
കൊച്ചുകുഞ്ഞു പുതയാടയെച്ചലി-
പ്പിച്ചുകൊണ്ടിളകിടും പ്രതീതിയിൽ.
47
നല്ലരംഗമിതു കണ്ടു നില്ക്കുവാ-
നില്ലയോ ചെറുതു കൗതുകം ഗുരോ?
അല്ല! ചിന്ത നിറയുന്ന ഹൃത്തിൽ മ-
റ്റില്ല തെല്ലൊരിടമേതിനാകിലും.
48
കേപ്പയെന്ന പ്രിയശിഷ്യനെപ്പുണർ-
ന്നു പ്രമോദമൊടു ഭക്തവത്സലൻ.
ജൈറസിന്റെ മണിമന്ദിരത്തിലേ-
യ്ക്കാനയിച്ചിരുവരും കൃതാർത്ഥമായ്.
49
രണ്ടുപേരുമൊരുമിച്ചവിശ്രമം
വേണ്ട ജോലി വിരവോടു ചെയ്യുവാൻ
കണ്ടുവച്ചു പരിപാടി കൃത്യമാ-
യിണ്ടൽ പിന്തുടരുവാനിരിക്കിലും.
50
ഒട്ടുപേരവിടെ മാനസാന്തര-
പ്പെട്ടു,സംഖ്യ വളരുന്നു പിന്നെയും
വിട്ടുപോയി ചിലരാസ്ഥലം, മഹാ-
നിഷ്ഠ പൂർവ്വികമതത്തിലുള്ളവർ.
51
മട്ടുമാറിയൊരു നൂതനം മതം
നാട്ടിലിങ്ങനെ പരത്തിടുന്നതിൽ
ശിഷ്ടനെച്ചിലരുപദ്രവിക്കുവാൻ
കൂട്ടുചേർന്നു പല ഗൂഢചിന്തയായ്.
52
പത്തനപ്പരിസരങ്ങൾ വിട്ടക-
ന്നെത്തി കല്ലട, കടന്നു മണ്ണടി,
പത്തനാപുരമണഞ്ഞു ദേശികൻ
പാർത്തിരുന്നവിടെയൊക്കെയാഢ്യരും.
53
വിപരും വിലമതിച്ചു കാര്യമാ-
യാ പ്രസംഗകനുതിർത്ത വാക്കുകൾ.
ക്രിസ്തുവിന്റെ പഠനങ്ങളെത്രയോ
സത്യമെന്നു പരമാദരിച്ചവർ
54
“ചിന്മയന്റെയരുൾതന്നെയീ മതം
നന്മ ശാശ്വതമിതിന്റെ കാതലായ്
കാണ്മതു”ണ്ടിതി വിതർക്കമെന്നിയേ
സമ്മതിച്ചു പലരും മനീഷികൾ.
55
ക്രിസ്തുനാഥ പദഭക്തരായ്ക്കഴി-
ഞ്ഞാസ്ഥലങ്ങളിലനേകഭൂസുരർ.
വ്യർത്ഥമായ പ്രതിഷേധമന്തരാ
പൂഴ്ത്തിടുന്നവരുമുണ്ടിടയ്ക്കിടെ.
56
സർപ്പമുട്ടയടവച്ചിരിക്കയാ-
ണിപ്രകാരമവർ ബുദ്ധിഹീനരായ്.
എപ്പൊഴോ വിരിവതണ്ഡമപ്പൊഴാ
സർപ്പസന്തതി വെളിക്കു വന്നിടും.
57
രണ്ടുനാലു ദിനമല്ല നാളുകൾ
വീണ്ടുമങ്ങു തുടരെക്കടന്നുപോയ്
പട്ടണത്തിനകമെത്തി ജൈറസിൻ
വീട്ടിലും സുകൃതി തോമ പിന്നെയും.
58
പ്രാർത്ഥനാദി മുറ സന്ധ്യവേളയിൽ
ഭക്തനാം ഗുരുവുമിഷ്ടശിഷ്യനും
ഒക്കെയങ്ങു നിറവേറ്റി,യല്പമാം
ഭുക്തിയും മുദിതരായ്ക്കഴിച്ചവർ.
59
ആതിഥേയനരികത്തണഞ്ഞുകൊ-
ണ്ടാദരത്തോടു നമിച്ചു നില്ക്കവേ
വർത്തമാനമുണരുന്നു ദിവ്യനിൽ
ക്രിസ്തുനാഥപരമായനേകധാ.
60
രാത്രികാലമിതുപോൽ പലപ്പൊഴും
തത്ര പോക്കിയൊരു ദിവ്യസൗഹൃദം
വർദ്ധമാന,മറിയാം പരസ്പരം
ഹൃത്തിലില്ലതിനു തെല്ലുമന്തരം.
61
എങ്കിലും പറകയാണു വർത്തകൻ
മുമ്പനായ് പതിവുവിട്ട രീതിയിൽ:
“ഇന്നു കേൾക്ക ഗുരുപാദരോടെനി-
ക്കൊന്നു ചൊല്ലുവതിനുണ്ടു സംഗതി.
62
നല്ലതല്ല ചില വർത്തമാനമി-
ക്കൊല്ലവും പരിസരങ്ങളൊക്കെയും
ചൊല്ലിയാടിടുകയാണു കഷ്ടമേ!
കല്യനാകുമവിടേക്കു ദോഷമായ്.
63
അങ്ങെനിക്കു ബഹുമാന്യനെങ്കിലും
രംഗമതവഷളായിരിക്കയാൽ
തങ്ങിടായ്ക ഗുണമിസ്ഥലത്തു,ഞാൻ
സംഗ്രഹിച്ചു പറയുന്നു കേവലം.
64
കപ്പലെങ്കിലതുമേർപ്പെടുത്തിടാ-
മിപ്പൊഴേ, സസുഖമങ്ങുപോകണം
ദുഷ്പ്രവാദമലതല്ലിടുന്നിട-
ത്തെപ്രകാരമവിടുന്നു തങ്ങിടും?
65
നല്ലപേരിനു കളങ്കമേശിയാ-
ലില്ല പിന്നെ വിജയം ധരിത്രിയിൽ
വല്ലതും പറകയല്ല ഞാൻ ഗുരോ,
കൊല്ലമങ്ങനെ വെറുത്തിരിക്കയാം.”
66
“കാര്യമെന്തു പറയൂ സഹോദരാ,
ധൈര്യമുണ്ടിവനു കേട്ടുകൊള്ളുവാൻ.
ആരെനിക്കെതിരു? നാടുവിട്ടിടാൻ
ഭീരുവല്ലിവ” നുരച്ചു തോമയും.
67
“എന്റെ ദേശികനു വന്നതിൽക്കവി-
ഞ്ഞൊന്നുമില്ല വരുവാനിഹത്തിൽ മേ.
ക്രിസ്തുവിന്റെയനുഗാമി ഞാ,നെനി-
ക്കൊത്തതാണഹിതമേതുതന്നെയും.
68
നീതി സത്യമിവ രണ്ടുമാണെനി-
ക്കേതിടത്തുമിടറാതെ പോകുവാൻ
പാതകാട്ടുമിരുകൈവിളക്കുകൾ;
വീതശങ്കമുരചെയ്തിടുന്നു ഞാൻ.
69
വീഴുകില്ല കുഴിയിൽ,ക്കരങ്ങളിൽ
ദീപമേന്തി നടകൊണ്ടിടുന്നവൻ
ആകയാൽ ചെറുതുമെന്റെ കാര്യമോർ-
ത്താകുലത്വമിയലേണ്ട മിത്രമേ!”
70
കേപ്പയും സവിനയം കഥിച്ചിദം:
ക്ഷിപ്രമീനഗരിവിട്ടുപോക നാം
സത്യമാരുമറികില്ല, നല്ലപേർ
ചീത്തയാകിലതു വീണ്ടെടുപ്പതോ?”
71
ഭൃത്യനേകനൊരു തെല്ലുദൂരെ വ-
ന്നെത്തിനോക്കി നിലകൊണ്ടു ഖിന്നനായ്
വൃദ്ധനാണവ,നസത്യചിന്തയും
ഹൃത്തിലേതുമറിയാത്ത നല്ലവൻ,
72
ആംഗ്യമാത്രവിളിയാലടുത്തുവ-
ന്നേങ്ങിയേങ്ങിയവനൊന്നു നിന്നുപോയ്.
രണ്ടുകണ്ണുകളുമശ്രുപൂർണ്ണമായ്
ചുണ്ടു തെല്ലഥ വിറച്ചു ചൊന്നവൻ:
73
“ഇപ്രവാചകനെ നാളെ രാവിലേ
നിഷ്പ്രയാസമവർ കൊണ്ടുപോയിടും
നീതിശാസ്ത്രകുശലന്റെ മുമ്പില-
ക്കോടതിക്കക,മറിഞ്ഞിടുന്നു ഞാൻ.
74
‘നീലി’ ദുശ്ചരിതയമ്മയായതി-
ന്നാളുകൾ പറവതീ മുനീന്ദ്രനേ
കഷ്ടമേ! ചെവിയടച്ചുവേണമി-
പട്ടണത്തിനകമേ നടക്കുവാൻ.
75
പെണ്ണുതന്നെ പറയുന്നുവെങ്കിലോ
പിന്നെയെന്തു വിരമിച്ചിടുന്നു ഞാൻ.
വല്ലതും പറക ഭംഗിയാകുമോ?
നല്ലവർക്കു ജഗദീശനാശയം.”
76
“കീർത്തിദോഷമൊരു കാര്യമല്ല മേ
തീർത്തുകൊള്ളുമതു ദിവ്യരക്ഷകൻ,
രാത്രിനേരമിതു, നിങ്ങൾ പോയ്ക്കിട-
ന്നാർത്തിവിട്ടു സുഖമായുറങ്ങണം.”
77
ഏവമോതിയവരെപ്പിരിച്ചുവി-
ട്ടാ വിശുദ്ധഗുരു നല്ല ശിഷ്യനും
സർവ്വശക്തനെ ഭജിച്ചുഭക്തരായ്
ശർവ്വരീചരമമായിടും വരെ.
78
രാവിലേ ബലിയണച്ചനന്തരം
ഭീവികാരലവമുള്ളിലെന്നിയേ
രണ്ടുപേരുമൊരുമിച്ചു യാത്രയായ്;
വേണ്ടകാര്യമറിയുന്നു ചിന്മയൻ.
79
എങ്ങുമോടി മറയാൻ വിചാരമി-
ല്ലങ്ങുമിങ്ങുമലയും ജനങ്ങളേ
കണ്ടു സൽപഥമവർക്കു കാട്ടുവാൻ
വേണ്ടിയെത്തി നഗരിക്കകത്തവർ.
80
അപ്പൊഴെത്തിയൊരുവൻ, ശിപായിയാ-
ണിപ്രകാരമവനോതി “സദ്ഗുരോ,
സങ്കടത്തോടറിയിച്ചിടുന്നു ഞാ-
നങ്ങുകോടതിയിലേയ്ക്കു വന്നിടാൻ”.
81
“സങ്കടത്തിനവകാശമില്ല, ഞാൻ
നിന്നൊടൊത്തു നടകൊണ്ടിടുന്നിതാ.”
എന്നുരച്ചുബത നിർവ്വികാരനായ്
ചെന്നുതോമ്മയവിടേക്കു ശാന്തനായ്.
82
മീശയൊട്ടു മുറുകെപ്പിരിച്ചുകൊ-
ണ്ടാസനത്തിലതി ഗൗരവത്തൊടേ
വാണിരുന്ന വിധിയാളനേയഹോ!
താണു കൂപ്പി നിലകൊണ്ടു സാത്ത്വികൻ.
83
“കേസിലെ പ്രതി വിദേശിയോ ഇവൻ?
കേസുമീ മുഖവുമെത്രയന്തരം
ആനനം മുകുരമേതുമർത്ത്യനും
മാനസം പ്രതിഫലിക്കുമായതിൽ
84
നീതികോവിദനു ചിന്തയേവമാർ-
ന്നോതിയില്ല പുറമേയൊരക്ഷരം
ജാതമായ ഘനഭാവമസ്തമി-
ച്ചാ യതീന്ദ്രനെയടുത്തു കാണവേ.
85
കോടതിപ്പരിസരത്തിലാളുകൾ
കൂടിവന്നവരവപ്രതീക്ഷിതം.
ആടലില്ലതു നിമിത്തമായ്, മുഖം
വാടിയില്ലചെറുതും പ്രതിക്കഹോ.
86
ശിഷ്ടനാം പ്രതിയെ വിസ്തരിക്കുവാ-
നിഷ്ടമില്ല വിധിയാളനെങ്കിലും
കൃത്യലോപ ഭയഹേതുവാലവൻ
വിസ്തരി,ച്ചിതി തുടങ്ങി ചോദ്യവും:
87
“ജന്മനാടെവിടെ? യെത്രകാലമാ-
യിങ്ങുവാസ,മിഹ ജോലിയെന്തു തേ?”
ഇത്തരം തുടരെ വന്ന പൃച്ഛകൾ-
ക്കുത്തരം പ്രതിയുരച്ചു സാദരം.
88
ചോദ്യമൊന്നിനിയുമുണ്ടു, കേസു വ-
ന്നെത്തി നില്പതതിലാണു പൂർണ്ണമായ്
കൈത്തലത്തിൽ വരയെണ്ണിയൊട്ടിരു-
ന്നിത്ഥമോതി വിധി ചെയ്തിടേണ്ടവൻ:
89
“ചാത്തനെന്ന പരവന്റെയോമന-
പുത്രി നീലി -പരിണീതയല്ലവൾ-
കുട്ടിയൊന്നിനു ജനിത്രിയായതായ്
കേട്ടുവോ പ്രതി? യഥാർത്ഥമോതണം.”
90
“കേട്ടു ഞാൻ” “ശിശുവിനച്ഛനായതാർ?”
“ഒട്ടുമില്ലറിവു” “താങ്കളെന്നവൾ
സ്പഷ്ടമായ് മൊഴിതരുന്നു” “എങ്കിലാ-
ക്കുട്ടിയേയിഹ വരുത്തണം പ്രഭോ!”
91
ആഴ്ചയൊന്നുകഴിയാത്ത കുഞ്ഞിനേ
വച്ചുകൈയിൽ നിലകൊണ്ട നീലിയേ
നോക്കിടുന്ന നയനങ്ങളെണ്ണുവാ-
നാർക്കു സാദ്ധ്യമൊരുമർത്ത്യസാഗരം.
92
“എന്തു താങ്കൾ പറയുന്നു? കുഞ്ഞുനിൻ
സ്വന്തമെങ്കിലിഹ സമ്മതിക്കണം.”
നീട്ടികൈകൾ പരിപാവനങ്ങളാ-
ക്കുട്ടിയേ ഝടിതി വാങ്ങി സാത്ത്വികൻ.
93
എന്തിനെന്നു ജനമെന്തറിഞ്ഞവൻ
തന്തയെന്ന നില സമ്മതിച്ചതായ്
ആ ജനാവലി ധരിച്ചിരിക്കണം.
കൂവി വിഡ്ഢികൾ വൃഥാവിലൊട്ടുപേർ.
94
ഗണ്യമാക്കിയതുമില്ല തെല്ലുമ-
പുണ്ണ്യപുരുഷനതൊന്നുമത്ഭുതം!
ഉണ്ണിതൻ നിഖില നിഷ്കളങ്കമാം
കണ്ണിൽ നോക്കിയുരചെയ്തു ശാന്തമായ്:
95
“സത്യമൂർത്തി ജഗദീശ,നാകയാൽ
സത്യമോതിടുക പിഞ്ചുപൈതലേ,
വാരനാരിയിവളിൽജ്ജനിക്കുവാ-
നാരു നിൻ ജനകനായ പുരുഷൻ?”
96
മിന്നിടും ചെറു വിലോചനങ്ങളാ-
ലൊന്നു നോക്കി വിരൽചൂണ്ടിയാളിനേ
ചൊന്നു പേ’രഴക’നെന്നുമാ ശിശു,
നിന്നവൻ തലകുനിച്ചുപോയ് തദാ.
97
അത്ഭുതം, ത്രപ, യതീവ ഭീതിയ-
ച്ചിൽപ്പുമാനിലതിയായ പ്രത്യയം
ഒക്കെയുള്ളറയിൽ മത്സരം പരം
ശക്തിയായ്; മുഖമുയർത്തിയില്ലവൻ.
98
മാപ്പിനായ് ഖലനടുത്തു യോഗിതൻ
തൃപ്പദങ്ങളിൽ നമിച്ചു വീണുടൻ
കൂപ്പിനിന്നു വിറകൊണ്ടു നീലിയും
ബാഷ്പമറ്റു വരളുന്ന കണ്ണുമായ്.
99
അമ്പരന്നു ജനമാകെയൊന്നുപോൽ
വമ്പനാണു വിധിയാളനെങ്കിലും
തൻപ്രതാപമവനും മറന്നുപോയ്
വെമ്പി വേദികയെ വിട്ടെണീറ്റവൻ.
100
സന്നമിച്ചു മുനിതന്റെ തൃക്കഴൽ
വന്ദനീയനതിനർഹനല്ലയോ?
ചൊന്നതില്ല വിധിയൊന്നുമേ, സ്വയം
വന്നു കേസിനവസാനമീവിധം.
101
എല്ലാം കണ്ടവർ സത്യദൈവതനയൻ
ശ്രീയേശുവിൻ ശിഷ്യനാം
കല്യൻ തോമ്മയിലാദരാതിശയമ-
ർപ്പിച്ചു കണക്കെന്നിയേ.
കൊല്ലം ക്രൈസ്തവദേശമായി, വളരെ-
പ്പേർ സ്വീകരിച്ചാ മതം;
കൊല്ലാൻ വച്ച കുരുക്കു ദൈവകൃപയാ-
ലായുസ്സിനായ്ത്തീർന്നു തേ.
102
കളരികൾ പലതായി; തോമ്മ ‘മുത്തപ്പ’നായി
പഠനബഹളമായി പള്ളി തീർപ്പിക്കലായി.
മതപരനിലവാരം ചാരിതാർത്ഥ്യം വളർത്തും
സ്ഥിതിയിൽ മുദിതനായിട്ടാസ്ഥലം വിട്ടു തോമ്മാ.
103
