പതിനൊന്നാം സർഗ്ഗം

കോമളാംഗി മലനാടിനു ചേരും
തൂമയേറുമൊരു മാറണിരത്നം
ഗ്രാമമൊന്നു വിലസുന്നതു ‘കോട്ട-
ക്കാവു തന്നെയതിനില്ലൊരു കോട്ടം.
1
കോട്ടയൊന്നതിനകത്തൊരു കാവും
കൂട്ടുചേർന്ന നിലയാലിതി നാമം
കിട്ടിയെന്നുപറയുന്നിതിഹാസം
നഷ്ടശിഷ്ടമതിനെശ്ശരിവയ്ക്കും.
2
നാടുവാഴികളതി പ്രബലന്മാർ
പ്രൗഢിയോടു പറവൂരു ഭരിച്ചു
ഏടുചേർന്ന ചരിതങ്ങളിലെല്ലാ-
മീടിരിപ്പുമുതൽപോലിതു കാണാം.
3
രാജധാനിയെ സുരക്ഷിതമാക്കി-
സ്സേവചെയ്തു വലുതായൊരു കോട്ട.
ഇന്നുമുണ്ടതിലൊരംശ,മതെന്നും
ചൊന്നിടുന്നു നിജ പൂർവ്വചരിത്രം.
4
പള്ളിയൊന്നതിവിശാല മനോജ്ഞം
വെള്ളമേഘമുടി ചൂടിയ മട്ടിൽ
ഇന്നുകാണുമിടമന്നൊരു കാവാ-
ണെന്ന സംഗതിയിലില്ല വിവാദം.
5
ഭൂതലം പരമസുന്ദര,മേറ്റം
ഭൂതി മർത്യനരുളുന്നൊരു ദേശം
ഭൂരിഭൂസുരനിഷേവിതകേന്ദ്രം
കേരവൃക്ഷനിബിഡീസമനോജ്ഞം
6
പഞ്ചസാരമണൽ, കൗതുകമോടേ
പിഞ്ചുകുഞ്ഞുമതിലോടി നടക്കും
ഇഞ്ചിയില്ല, മുളകും കൃഷിയില്ല,
പുഞ്ചയുണ്ടവിടെ നെൽക്കൃഷി മെച്ചം.
7
തെങ്ങു കല്പകമഹീരുഹമെങ്ങും
പൊങ്ങിനിന്നു തലയാട്ടി വിളിപ്പൂ
ഇംഗിതാനുസരണം തരുവാനായ്
തുംഗഭൂതികളടിക്കു പണിഞ്ഞാൽ.
8
ഭാരമാർന്നധിക ഭദ്രതയോടേ
നൂറുനൂറമൃതകുംഭവുമേന്തി
ആരെയും സവിധസീമനി ചേർക്കും
ഭൂരുഹം പരമുദാരമനസ്കൻ.
9
പാകമായൊരിളനീരുകുടിച്ചാ-
ലാകമാനസുഖമേവനുമുണ്ടാം
പാകവൃത്തിയൊരു പാഴ്പ്പണിയെന്നും
സ്ത്രീകളോടു പറയും ചിലർ പക്ഷേ.
10
നല്ല നല്ല പലഹാരവുമേവം
തുല്യമറ്റൊരുപദംശവുമൊന്നും
ഇല്ല കേരതരുവൊന്നു കടാക്ഷി-
ച്ചില്ലയെങ്കി,ലശനം സുഖമാകാ.
11
ആലയങ്ങൾ വലുതാകിലുമെല്ലാ-
മോലമേച്ചിൽ കലയാക്കിയ കാലം
വേലികെട്ടുവതുമോല മിടഞ്ഞാ-
ണാലവട്ടമണിചേർന്ന വിധത്തിൽ.
12
അന്തികത്തിലബലാമണിമാർക്കി
ല്ലിന്ധനത്തിനൊരു ലോപവുമോർത്താൽ.
എന്നുമുണ്ടുമടൽ നല്ല കൊതുമ്പും
വന്നു കീഴിലതു വീണുകിടക്കും.
13
എന്തുകൊണ്ടുമിതു ഭൂമിയിലേറ്റം
ചന്തമേറുമൊരു വൃക്ഷവിശേഷം
സ്വന്തമായതു നമുക്കു ലഭിച്ചു
ഹന്ത ഭാഗ്യവതി കേരളഭൂമി.
14
വിഷ്ടപേശനിതു ചെയ്തതിലോർത്താൽ
സ്പഷ്ടമാണരിയപക്ഷത,യെന്നാൽ
ഇഷ്ടദാനമുടമസ്ഥനു ചെയ്യാം
നഷ്ടമന്യനു വരാത്ത വിധത്തിൽ.
15
തീരുകില്ലിവിടെ വർണ്ണന, വേറെ
കാര്യമുണ്ടവയിലേക്കു കടക്കാം.
ആര്യഗോത്രജർ മഹീസുരർ കോട്ട-
ക്കാവിലാകെ നിവസിപ്പൂ ധനാഢ്യർ.
16
‘*മേനവ’ന്നരികിലായൊരു ‘ചേരി’
‘ചെമ്പക’ത്തിനുമതേവിധ ‘ചേരി’
‘കാഞ്ഞിര’ത്തിനൊരു ‘കാട’ നുബന്ധം
‘കുന്ന’ടുത്തു കുറയറ്റൊരു ‘പള്ളി’.
17
‘വാഴ’ ‘വേഴ’യിതി ‘പള്ളി’കൾ വീണ്ടും
‘വേങ്ങനാടു’ പല പേരുകളോടേ
ഭൂമിദേവസദനങ്ങളനേകം
ഭൂതിവൃദ്ധിയിൽ മികച്ചു വിളങ്ങി.
18
ക്ഷേത്രമുണ്ടു വിളികൊണ്ടു ബൃഹത്തായ്,
ത്രത വാർഷികമഹോത്സവഘോഷം
നിസ്തുലം വിപുലമേളകളോർത്താ-
ലെത്രയെന്നതു കവിക്കുമവാച്യം.
19
അന്നുമങ്ങനെ മഹോത്സവമെത്തി,
മുൻനടപ്പിനു പതാകയുയർന്നു
ഒന്നു രണ്ടു ദിനമല്ലൊരു വാരം
മന്ദതയ്ക്കിടവരാതെ കഴിഞ്ഞു.
20
വത്സരത്തിലെ മഹാദിന,മെട്ടാ-
മുത്സവം! കൊടി പറന്നു കളിച്ചു
മത്സരിച്ചു ജനസഞ്ചയമെത്തീ-
യുത്സവാനുസൃതമോടികളോടേ.
21
കുട്ടിമാൻമിഴികൾ ഭൂഷകൾ ചാർത്തി-
പ്പൊട്ടുതൊട്ടുമഥ കണ്ണെഴുതീട്ടും
കെട്ടിവച്ചൊരണികൂന്തലിലോരോ
മട്ടിലായ് പല സുമങ്ങളണിഞ്ഞും.
22
കുട്ടിയെക്കരതലത്തിലെടുത്തും
മട്ടിടഞ്ഞ ചെറുപുഞ്ചിരിയോടും
കൊട്ടിനൊത്തു ചെറുതാളമടിച്ചും
തൊട്ടു കാന്തരൊടു ചേർന്നു നടന്നു. (യുഗ്മകം)
23
വാദ്യഘോഷബഹളം, ജനമെല്ലാ-
മാർത്തുയർന്ന ബഹളം, പൊടിപൂരം!
സപ്തസാഗരമിരമ്പി വരുമ്പോ
ലുൾപ്രതീതിയുളവായിടുമാർക്കും.
24
പൊന്നണിഞ്ഞ ഗജവീരർ നിരന്നു,
പൊന്നലുക്കു കുടയൊക്കെ നിവർന്നു,
കോവിലിന്റെ നടയാന വഴങ്ങി
കോലമാനയുടെ മീതിലുമായി.
25
കോവിളക്കുകൾ നിരന്നു കഴിഞ്ഞു,
ദീപയഷ്ടികളനേകമുയർന്നു,
ആലവട്ടനിര വെൺചാമരങ്ങൾ
ചേലൊടൊത്തിളകി രണ്ടു വശത്തും
26.
നെറ്റി വിസ്തൃതഭുജാന്തരമെല്ലാം
കുറ്റമറ്റ കളഭക്കുറി ചാർത്തി
ഒറ്റമുണ്ടുമുപവീതവുമായി-
ട്ടൊട്ടു ഭൂസുരവരേണ്യർ നടന്നു.
27
എട്ടുദിക്കുമിളകുന്ന വിധത്തിൽ
കൂട്ടമായ് വെടികൾ വാനിലുയർന്നു.
ചിട്ടയറ്റ തിരമാലകളെപ്പോ-
ലൊട്ടു നീങ്ങി ജനസാഗരമെങ്ങും.
28
ചന്തമേറിയ ലലാടിക ചാർത്തും
ദന്തിവീരർ തലതാഴ്ത്തി നടന്നു
ദന്തിഗാമിനികളോടു ജയിക്കി-
ല്ലെന്തുകൊണ്ടുമിനിയെന്നു നിനച്ചോ?
29
മന്ദമങ്ങനെ നടന്നെഴുന്നള്ള-
ത്തൊന്നു ഞെട്ടിയിടയിൽച്ചിലരെല്ലാം
വന്ദ്യനാകുമൊരു താപസവീരൻ
നിന്നിരുന്നവിടെയാൽത്തറയിന്മേൽ.
30
“സൂരി’നോക്കി ‘പുരുഷോത്തമ’നേയാ
‘ജാതവേദ’നഥ ‘വാമന’നേയും
‘ആര്യ’ ‘നച്യുത’നെ നോക്കിയമർഷം
ചീറിനിന്നൊരു പരസ്പരനോട്ടം.
31
“ആരു നീയിവിടെയെന്തിനു വന്നു?
കാര്യമോതിടണ”മേകനുരച്ചു.
“പോരുകില്ലിവിടെയന്നു കൊടുങ്ങ
ല്ലൂരെടുത്ത തവ മായകളൊന്നും.
32
“ക്ഷേത്രമാണിതു മഹോത്സവമാണി-
ന്നതവന്നശുഭഹേതുകനായ് നീ
ആൽത്തറയ്ക്കുപരിയെന്തിനു നില്ക്കു-
ന്നുത്തരം പറയണം” പരനോതി.
33
“ആഴി താണ്ടിയിവിടേയ്ക്കു കടന്നീ-
യൂഴിമാതിനു വിനാശകരൻ നീ
താഴികയ്ക്കു പകരം പലെടത്തും
കോവിലിൽക്കുരിശുയർത്തി വരുന്നോ?
34
പേരുമാറ്റി വഷളാക്കി കൊടുങ്ങ
ല്ലൂരിലേയിമയവർമ്മനെ,യിപ്പോൾ
ഊരുചുറ്റിയിവിടേയ്ക്കു കടക്കാൻ
ധൈര്യമാർന്നതു ഗ്രഹപ്പിഴമൂലം.”
35
“മോക്ഷമാർഗ്ഗമറിയാത്തവരോ ന-
ല്ലിക്ഷയായി ധരണീസുരൻ ഞങ്ങൾ?
ഭിക്ഷുവേഷമിതു നല്ലതു, കൊള്ളാം
കുക്ഷിപൂരണവിധങ്ങളനേകം.”
36
“വേണ്ടവേണ്ടിവിടെ നില്ക്കുകിൽ നിന്നെ-
ക്കൊണ്ടുപോയി നടയിൽ തൊഴുവിക്കും
മുണ്ടുടുത്ത ‘പുരുഷോത്തമ’നാക്കും
മണ്ടി രക്ഷപെടുവാൻ വഴിനോക്കൂ.”
37
ഒട്ടനേകമപഹാസശരങ്ങൾ
വിട്ടു,ഭീഷണികളും ചിലരേവം
കേട്ടുനിന്നു ശമിയക്ഷമയെന്യേ
കാട്ടി ശക്തനതു ഭൂഷണമെന്നായ്.
38
“നിന്നെ”യന്നഥ തുടങ്ങിയ വാക്യം
തീർന്നതില്ലതിനിടയ്ക്കൊരുദന്തം
നിന്ന നില്പിൽ നിലയാണു ഗജങ്ങൾ
മുന്നിലേയ്ക്കടിയിളക്കി വിടാതെ.
39
വഡ്ഢികൾ തടവി ഭൂസുരരപ്പോൾ
വിഡ്ഢികൾ ചിലർ വിളിച്ചു പറഞ്ഞു:
“ആഭിചാരികനവന്റെ കുതന്ത്രം!
വേഗമാ ജളനെ ബന്ധിതനാക്കൂ.”
40
കല്ലെടുത്തു ചിലർ കൈകളുയർത്തി,
കൊള്ളിയാൻ ഝടിതി പാഞ്ഞു കഴിഞ്ഞു.
വെള്ളിടിക്കിടയിൽ ഭൂമി കുലുങ്ങി,
കൊള്ളുകില്ല ഹൃദി ധിതൃയെന്നോ?
41
വിഗ്രഹത്തോടെ മറിഞ്ഞു ഗജേന്ദ്രൻ
മുഖ്യരായ പല ഭൂസുരർ വീണു,
മിക്കവാറുമൊരു വിഭ്രമ,മോരോ
ദിക്കിലേക്കു പലരോടുകയായി.
42
കൊച്ചുകുട്ടികളുറച്ചു കരഞ്ഞു,
പിച്ചുപോലെ പലർ കൂകിവിളിച്ചു,
ഉച്ചിയിൽ ചിലർ കരങ്ങളണച്ചു;
വാച്ച ഭീതി പല കൂത്തുകൾ കാട്ടി.
43
കൊട്ടു നിന്നു കുഴലൂത്തുകൾ നിന്നു
കാട്ടുതീയിൽ മഴപെയ്ത വിധത്തിൽ
കെട്ടടങ്ങിയുടനുത്സവഘോഷം
മട്ടുമാറിയൊരു മൂകതയായി.
44
സാനുകമ്പമവിടുന്നഥ നോക്കി
ദീനരംഗമളവേ; കനകാഭം-
കോലമങ്ങനെ തകർന്നുകിടക്കു-
ന്നാനതന്നരികിൽ വെണ്മണലിന്മേൽ.
45
ശാന്തിയോട്ടവശനായെഴുനേറ്റി-
ട്ടന്തരീയമൊരു മട്ടു മുറുക്കി
ചിന്തപൂണ്ടു നിലകൊണ്ട് യതീന്ദ്ര
ന്നന്തികേ ജവമണഞ്ഞു നമിച്ചു.
46
“താപസേന്ദ്ര, പണിയുന്നു പദങ്ങൾ
ശാപമോക്ഷമവിടുന്നു തരേണം
കോപമെന്നി കനിയേണ,മിവർക്കും
താപമുണ്ടു ഹൃദി” യേവമുണർത്തി.
47
ആ മഹാജനസമൂഹവുമപ്പോൾ
മാമുനീന്ദ്രനുടെ നേർക്കു തിരിഞ്ഞു
സോമശീതളമുഖം സുധചിന്നും-
പോലെ തോന്നി,യവർ വിസ്മിതരായി.
48
“ഹേ തപോധന,കനിഞ്ഞിടണേ”യെ-
ന്നവരും സ്വരമുയർത്തി വിളിച്ചു
സാവധാനമവിടുന്നരുൾ ചെയ്തു
ദൈവമാണു കനിയേണ്ടവനെന്നായ്.
49
“ദൈവസേവകനിവൻ നരകീടം
ഭൂവിലെന്നെയവിടുന്നു നയിപ്പു
ആ വിരാൾപുരുഷനാർക്കുമദൃശ്യൻ
സർവ്വകാരണനനാദ്യനനന്തൻ.
50
ഏതു നന്മയുടെ മൂർത്തിയുമാണ-
ങ്ങേതിടത്തിലുമെഴുന്നരുളുന്നു
ജാതനായ് സ്വയമവൻ, ശരിയായി-
ട്ടേതു സിദ്ധനറിയുന്നവിടുത്തേ?
51
മർത്ത്യനായവതരിച്ചു മനുഷ്യർ-
ക്കത്തലാറ്റുവതിനായഖിലേശൻ
നിത്യകന്യകയിൽനി’ന്നവനേശു-
ക്രിസ്തുവെന്നറിയേണം തിരുനാമം.
52
സത്യമാണിതു വൃഥാ കഥയല്ലെ-
ന്നോർത്തു കേൾക്ക, മമ ദേശികനത്രേ
ക്രിസ്തുദേവ,നതിനാലവിടുത്തേ
സൂക്തസംഹിത പഠിച്ചവനീ ഞാൻ.
53
അങ്ങുതന്നെയഖിലേശ്വരനെന്നായ്
നിങ്ങളേറ്റു പറയൂ ഹൃദയത്തിൽ
നീങ്ങിടും വിനകളൊക്കെയുമേതും
ഭംഗമെന്നി,യതിനില്ല വിതർക്കം.”
54
എന്നുചൊന്ന ഗുരുദേവനെ വീണ്ടും
സന്നമിച്ചുടനെ ശാന്തിയുണർത്തി:
“നന്നു താവക വചോമൃതമോർത്താ-
ലെന്നുമത്യധികമാദരണീയം.
55
ഏശുതന്നെയഖിലേശ്വര,നങ്ങീ
നാശമാകെയകറ്റിടുവാനായ്
ദേശികപ്രവര, കിം കരണീയം?
ലേശവും പിഴയകന്നിവർ ചെയ്യാം.”
56
വെള്ളമങ്ങൊരു കുടത്തിൽ വരുത്തീ-
വെഞ്ചരിച്ചതു തളിച്ചുതുടങ്ങി
കള്ളമല്ല,മൃതർ ചാടിയെണീറ്റു
ഭള്ളകന്നു തൊഴുതൂഗുരുപാദം.
57
പൊന്നണിഞ്ഞു പല പർവ്വതതുല്യം
മിന്നലേറ്റു ഗതചേതനരായി
മണ്ണിൽ വീണ ഗജവീരനെണീറ്റാ –
പുണ്യപുരുഷനു മുട്ടു വഴക്കി.
58
അമ്പലപ്പരിസരങ്ങളിലെങ്ങും
മുമ്പൊരാളുമറിയാത്തവിധത്തിൽ
സമ്പ്രദായമതിശാന്തിദമിപ്പോൾ
വീമ്പിളക്കിയവരെങ്ങു മറഞ്ഞോ?
59
തീർത്ഥവാരിയുടെ തുള്ളികളേറ്റി-
ട്ടെത്തിനിന്ന വിനയൊക്കെയകന്നു
മിത്രദീധിതി കടന്നുവരുമ്പോൾ
പാർത്തലത്തിലെയിരുട്ടുകണക്കേ
60
ദ്യോവിലേയ്ക്കുദകമാഞ്ഞു തളിച്ചു
ദിവ്യനിങ്ങനെ വിളിച്ചു ജപിച്ചു:
“ദൈവമേ കനിയണേ ഹൃദി, കോട്ട-
ക്കാവിലേക്കൊരു കടാക്ഷമയയ്ക്കാൻ.
61
നീരദാവലിയെ വിസ്മിതരാക്കും
മാരി! ജീവനകണങ്ങളശേഷം
വർണ്ണസൗരഭസമേത മുതിർന്നു
വിണ്ണിൽനിന്നു കുസുമാവലിയായി.
62
വീണ്ടുമാത്തളി തുടർന്നു, ജപിച്ചു,
കണ്ടു രക്തകണവർഷണമപ്പോൾ
ഇണ്ടലുള്ളിൽ ജനതയ്ക്കുളവായി
വേണ്ട വേണ്ട, മതി,യെന്നവരോതി.
63
എന്തുവേണ്ടതിനിയെന്നവിധത്തിൽ
സന്തപിച്ചു നിലകൊണ്ടു ജനങ്ങൾ
സാന്ത്വനോക്തികൾ പലേവിധമോതി-
ശ്ശന്തരാക്കിയവരേ ഗുരുദേവൻ.
64
ക്രിസ്തുദേവപദഭക്തനെവാഴ്ത്തി,
സാത്വികന്നു ഗുരുദക്ഷിണവച്ചു,
ഒത്തുചേർന്നഥ പഠിച്ചുതുടങ്ങി
തത്ത്വസംഹിതകളാഢ്യരിലാഢ്യർ.
65
ഭോജനാദി ഗുരുദേവനുവേണ്ടി
സ്ത്രീജനങ്ങളധികാദരവോടേ
പാകശാലകളിൽവച്ചു പചിച്ചു
പാകചാതുരിയിൽ ബാക്കി വിടാതെ.
66
മാമുനിക്കു തിരുമുമ്പിൽ വിളമ്പാൻ
പ്രീതരായ് ധവരണഞ്ഞതി ഭക്ത്യാ
താപസേന്ദ്രനൊരു പുഞ്ചിരിതൂകി,
സ്വാദുനോക്കിയതുമില്ലവയൊന്നും.
67
“ഭിക്ഷു ഞാൻ; വിഭവപൂർണ്ണവിരുന്നോ
ഭക്ഷണത്തിനിഹ നിങ്ങളൊരുക്കി?
ത്യാഗജീവിതവിശുദ്ധി പുലർത്താൻ
യോഗിമാരുപവസിപ്പതവശ്യം.
68
ചിന്മയെന്നൊരുപഹാരവിശേഷം
കന്മഷാപഗതഹൃത്തുകളത്രേ.
നന്മയാൽ വിഭവപൂരിതമാക്കി-
സ്സന്മനസ്സോടതു നിങ്ങൾ തരേണം.
69
പാചകർക്കിതു വിളമ്പുക, ദൈവ-
പ്രീതിയേറെയതിനാലുളവാകും.
യേശുദേവവചനത്തിനു ചേരും
നീതിമാർഗ്ഗമതാണതിവേലം.”
70
വീണ്ടുമഗ്ഗുരുവരൻ തുടരുന്നു
രണ്ടുകാര്യമനുബന്ധിതമായി
കണ്ടതാണു പതിനെട്ടു പുരാണം-
കൊണ്ടുതന്നെയവർ സൂരികളെങ്കിൽ.
71
“സ്നേഹമെന്നതു പരിസ്ഥിതമായി-
ട്ടീശ്വരാഭിമുഖമായ് വളരേണം
ആത്മവൽ പരമസൗഹൃദമോടേ-
യാത്മനാ കരുതണം പരനേയും.
72
ക്ഷുൽപിപാസകളിലാണ്ടുഴലുന്നോർ-
ക്കുൾപ്രിയത്തോടശനാദി കൊടുത്താൽ
ചില്പുമാനതു പ്രിയംകരമേറ്റം
വായ്പിലിങ്ങു വരമാരി പൊഴിക്കും.
73
നഗ്നനായവനു നല്കുക വസ്ത്രം
രുദ്ധനായവനു സാന്ത്വനവാക്കും
ആതുരന്നരികിലെത്തുക പാരം
പ്രീതനായൊരു സഹോദരനെപ്പോൽ.
74
അന്യദേശികരിലാദരവോടേ
മാന്യമായൊരു നിലയ്ക്കു വിരുന്നും
നല്ലപാർപ്പിടവുമേകണമെന്നും
സ്വന്തവീട്ടിൽ വരുവാനിടയായാൽ.
75
സംസ്കരിക്കുക യഥാവിധി നിങ്ങൾ
മൃത്യുവക്ത്രഗതരേ മടിയെന്യേ
അത്തലുള്ള ഹൃദയങ്ങളിലെന്നും
ചേർത്തുകൊള്ളുക സമാശ്വസനങ്ങൾ.
76
നിന്നെയാരപഹസിക്കിലുമുള്ളിൽ
തോന്നിടേണ്ട ലവലേശമമർഷം
ക്ഷാന്തികൊണ്ടഹിതരേ വിജയിക്കാ-
മന്തരംഗഗുണമാണു തിതിക്ഷ.
77
അജ്ഞരേയവഗണിക്കരുതേതും
വിജ്ഞരായവർ വിവേകികളായി
വിദ്യ വേണ്ടതവരിൽപ്പകപ്പേരണം
ക്രിസ്തുവേദപഠനങ്ങളിതെല്ലാം.
78
ഈവിധം പല ദിനങ്ങൾ തുടർന്നു
ദൈവകാര്യപരബോധനമപ്പോൾ,
ദ്യോവിൽനിന്നു പുതുപൂമഴ കോട്ട-
ക്കാവിലേക്കു ചൊരിയാതെയിരുന്നോ?
79
വിപ്രന്മാരിൽ പ്രമുഖർ, നിതരാ-
മാഭിജാത്യം തികഞ്ഞോ-
രൊപ്പം ഭൂസ്വത്തധികപുകളും
വിദ്യയുംകൊണ്ടുയർന്നോർ
ബാഷ്പം ഭക്തിപ്രചുരിമയോടേ
വീഴ്ത്തിയും കൈകൾ രണ്ടും
കൂപ്പിക്കൊണ്ടും പലരുമവിടെ
സ്വർഗ്ഗികസ്നാനമേറ്റാർ.
80
ആ ക്ഷോണിദേവരിതി ക്രൈസ്തവരായ്ക്കഴിഞ്ഞ-
ട്ടാക്ഷേപമെന്നി, യതുമല്ലധികാരപൂർവ്വം.
മോക്ഷത്തിലേക്കവരെ നേർവഴി കാട്ടുവാനാ-
യാക്ഷേത്രമന്നുമുതൽ നല്ലൊരു പള്ളിയാക്കി.
81
ഭിന്നിച്ചുനിന്ന പല ഭൂസുരരൊത്തുചേർന്നു
കണ്ണങ്കുളങ്ങരെയുടൻ പണിതീർത്തു കോവിൽ.
എന്നാകിലും മുനി വിദേശിയെ നിഗ്രഹിപ്പാ-
നന്നാൾ തുടങ്ങിയവർ ഹൃത്തിലുറച്ചിരുന്നു.
82
