പതിനഞ്ചാം സർഗ്ഗം

പുണ്യശ്ലോകൻ തിരുവടിയകം തിങ്ങിടും ചാരിതാർത്ഥ്യം
കണ്ണിൽ കൂടിച്ചെറുമണികളായ മന്ദമന്ദം പൊഴിച്ചും
വിണ്ണോർനാഥന്നവയൊരുപഹാരത്തിനായ് ചേർത്തു കോർത്തും
സ്വർണ്ണ ക്രൂശിന്നരികിലൊരുനാൾ ധ്യാനനിർല്ലീനനായി.
1
ഓരോകാലത്തവിടവിടെയായൊട്ടനേകം ജനത്തേ
മേരീപുത്രൻ പരിചൊടു തെളിച്ചുള്ള പന്ഥാവിലാക്കി
നേരേപോവാൻ വിഷമതയവർക്കവും നേരിടായാവാ-
നാരാലെത്തി പ്രിയഗുരു നയിക്കാറുമുണ്ടായിരുന്നു.
2
ഇന്നും തോമ്മാ നിജതനയരെപൈതൃകസ്നേഹവായ്പിൽ
നന്നായോർമ്മിച്ചവരെയരികിൽക്കാണുവാനാഗ്രഹിച്ചു.
ഒന്നൊന്നായി സ്മരണയിൽ നിരന്നെത്തി രംഗങ്ങൾ കണ്ണിൽ
മുന്നിൽച്ചേർന്നോരനുപമചലച്ചിത്രദൃശ്യം കണക്കേ.
3
തിങ്ങും ഭക്തിപ്രചുരിമയൊടേ നിത്യവും താൻ ജപിക്കു-
“ന്നങ്ങേ രാജ്യം വരണമിതി നാകസ്ഥനാം താതനോടായ്-
ഭംഗംകൂടാതതു സഫലമാകുന്നു നാൾ തോറുമോർത്താൽ
താങ്ങാനാവില്ലവനു ഹൃദയേ ചാരിതാർത്ഥ്യപ്രകർഷം.
4
പിന്നോക്കം പോയ് ഹൃദയ,മഥവാ ഭൂതകാലം സമീപേ
വന്നോ? പൂർവ്വസ്മരണകൾ മനോവേദിയിൽത്തിങ്ങിയേവം
“അന്നത്തേയാക്കുറിയിലിവനായ് പൂർവ്വദേശങ്ങൾ തന്നേ
വന്നപ്പോളെൻ കരളിനകമേ കൊള്ളിമീനൊന്നു പാഞ്ഞു.
5
ഇന്ത്യാരാജ്യം വളരെ വിഷമപ്പെട്ടതായ്ക്കേട്ടിരുന്നു,
പൊന്തിക്കത്തീ ഹൃദിയതുലമാം ഭീതിയക്കാരണത്താൽ.
ഇന്നാട്ടിൽപ്പെട്ടൊരു ജനതയെക്കൃഷ്ണ വർണ്ണം കലർന്നോ-
രെന്നല്ലേറ്റം കഠിനഹൃദയന്മാരുമെന്നോർത്തുപോയ് ഞാൻ.
6
‘പോകാം നമ്മൾക്കവിടെ,* ഗുരുവൊന്നിച്ചുതന്നേ മരിക്കാ’
മേവം സന്നദ്ധതയൊടൊരുനാൾ ചൊന്നതിത്തോമ്മയല്ലോ.
ദൈവം തന്നേ കുറിയിലിവനേയിന്ത്യയിൽ സേവനത്തി-
ന്നാവശ്യപ്പെട്ടളവിലെവിടെപ്പോയ്മറഞ്ഞെന്റെ ധൈര്യം?
7
കഷ്ടം! കണ്ണീരൊരു ശിശുവിനെപ്പോലെ ഞാൻ ചിന്തി, നാഥ-
ന്നിഷ്ടപ്പെട്ടുള്ളതിനു തുനിവോടന്നിറങ്ങാൻ മടിച്ചു.
ശിഷ്ടന്മാരിൽ പ്രഥമനനുകമ്പാകുലൻ ക്രിസ്തുദേവൻ
പുഷ്ടപ്രേമത്തോടു രഹസിയെന്നന്തികേയെത്തിയല്ലോ.
8
സ്വർല്ലോകത്തിൽ പിതൃസവിധമാരാധ്യനായ് വാഴുമങ്ങു
ന്നല്ലോ പഞ്ചക്ഷതസഹിതനായ് ദൃശ്യനായെന്റെ മുമ്പിൽ
എല്ലാമോർക്കുന്നിവനൊടരുളിച്ചെയ്തൊരാ സാന്ത്വനങ്ങൾ,
തെല്ലും മായാതവയനിശമുണ്ടെന്റെയുള്ളിന്റെയുള്ളിൽ.
9
വാനിൽക്കാണിച്ചിവനെയെതിരില്ലാത്ത സൗധപ്രകാണ്ഡം
ഞാനീരാജ്യത്തതുപണിയുമെന്നന്നു കല്പിച്ചുരച്ചു.
വാണിജ്യംചെയ്തിവനെയടിമശ്ശില്പിയായ നാഥ,നപ്പോൾ
വീണിട്ടങ്ങേപ്പദതളിർ നനച്ചെന്റെ കണ്ണീരിനാൽ ഞാൻ.
10
അന്നെന്നോടങ്ങരുളിയധികം ഭീരുവായ്ക്കാണുകമൂലം
“നിന്നോടൊന്നിച്ചവിടെ വരുവേ’ നെന്നു സന്ദേഹമമെന്യേ
ഇന്നോളം ഞാനെവിടെയുമടുത്തങ്ങയെക്കണ്ടിടുന്നു-
ണ്ടെന്നും കാണും പരിചിലവിടുന്നതല്ലയോ നിത്യസത്യം?”
11
വീണ്ടും ചിന്താഗതികൾ തുടരുന്നേശുവിന്റെ പ്രേഷ്ഠശിഷ്യൻ,
“കണ്ടല്ലോ ഞാൻ പ്രകൃതിനിയമം തോല്ക്കുമാറത്ഭുതങ്ങൾ
ഉണ്ടോ തോമ്മായ്ക്കതിനു കഴിവെൻ നാഥനാമേശുവെന്നെ
ക്കൊണ്ടോരോന്നും പലരുടെ ഗുണത്തിനു ചെയ്യിക്കയത്രേ.
12
സ്തോത്രം നാഥാ, തുടരെയവിടേയ്ക്കായുഴന്നീടുവൻ ഞാൻ
പാർത്തട്ടല്ലേ വിതതമതിനായെന്റെ മുമ്പിൽക്കിടപ്പു-
എത്തീടാം ഞാനെവിടെയു’മെനിക്കങ്ങു കൂട്ടത്തിലുണ്ടെ-
ന്നോർത്തീടുമ്പോൾ ഭയവുമകമേ ശങ്കയും ലേശമില്ല.
13
നട്ടാൽപ്പോരാ ചെടിക,ളവയെപ്പിന്നെയും നോക്കിടേണം
ചോട്ടിൽ പാഥസ്സനുദിനമൊഴിച്ചീടേണം വേണ്ടുവോളം.
ഇട്ടീടേണം വളവുമുചിതംപോലെ, പാടേയകറ്റി-
ച്ചുട്ടീടേണം കളക,ളറിയുന്നൊക്കെ ഞാൻ സ്നേഹനാഥ!
14
ഓമൽപ്പൂന്തോപ്പുകളിഹ പലേടത്തുമിക്കേരളത്തിൽ
സാമാന്യം സുസ്ഥിതിയിൽ വരുവാനുണ്ടുഞാൻ കണ്ടിടുന്നു
ആവശ്യപ്പെട്ടിടുവതവയിന്നെന്റെ സാന്നിദ്ധ്യമത്രേ
പോവാൻ സന്നദ്ധതയുമകമേയുണ്ടു സമ്മോദവായ്പും.”
15
ആരും കൂട്ടില്ലവനിഭവനംതന്നെയെന്നോർത്തിടുന്നോൻ
നേരേ “മാല്യാംകര’യിലൊരുനാളെത്തി സന്തുഷ്ടനായി.
ആരോ ചൊന്നീ വിവരമരചൻ, പുത്രനാം കേപ്പയും കേ-
ട്ടാരാഞ്ഞെത്തീട്ടവനെയെതിരേറ്റാദരത്തോടുകൂടി.
16
പൗരോഹിത്യപ്പദവിയിലിരിക്കുന്ന തൻ പ്രേഷ്ഠശിഷ്യൻ
സ്ഫാരാമോദം ഗുരുവിനരുളിപ്പാദതാർ സന്നമിച്ചു
ചാരത്തെത്തി പ്രിയശിശുവിനെക്കണ്ട മാതാവിനെപ്പോൽ
ഗാഢാശ്ലേഷം ഗുരുവുമരുളീ, കാണികൾ വിസ്മയിച്ചു.
17
കൊട്ടാരത്തിൽപ്പലദിവസം ശിഷ്യനോടൊത്തു പാർത്തു,
പുഷ്ടശ്രീചേർന്നൊരു നഗരിയിൽ പ്രീതനായ് സഞ്ചരിച്ചു.
വാട്ടം കൂടാതെവിടെയഭിവൃദ്ധിപ്പെടും പള്ളിയാകും
തോട്ടം കണ്ടു നൃപതിയുടെ സസ്നേഹസംരക്ഷണത്തിൽ.
18
യാത്രാമദ്ധ്യേ പലതവണയും കോടിലിംഗപദേശ-
ത്തെത്തീട്ടുണ്ടാം മുനി,യിതുവിധം കേപ്പയെക്കണ്ടിരിക്കാം
പാർത്തിട്ടുണ്ടാമവിടെ,യതുപോലല്ല പൂർവ്വാധികം തൻ
ശ്രദ്ധയ്ക്കിപ്പോൾ പല വിഷയവും ഗൗരവം കൂട്ടിടുന്നു.
19
തമ്മിൽക്കണ്ടൂ പ്രിയതയകമേ ചേർത്തിടും മാളിയേയ്ക്കൽ-
ത്തോമ്മായും സദ്ഗുരുവു,മതുപോൽ സ്നേഹിതൻ റാബിപോളും
എമ്മട്ടെന്നില്ലവരൊടു, വിശേഷിച്ചു കേപ്പായോടും, മാർ-
ത്തോമ്മാ കല്പിച്ചരുളി സഭയെപ്പറ്റി വൻകാര്യമെല്ലാം.
20
‘ഇല്ലത്തിപ്പോൾജ്ജനനിജനകൻ സോദരീസോദരന്മാ-
രെല്ലാമങ്ങേ നികടഭുവി വന്നീടുവാൻ കാത്തിരിപ്പൂ”
കല്യൻ തോമ്മാ ഗുരുവിനൊടുണർത്തിച്ചവർ “സ്നാപനത്തി-
ന്നെല്ലാ വിഘ്നങ്ങളുമകലെയാക്കീട്ടൊരുങ്ങിക്കഴിഞ്ഞു.”
21
സന്തോഷത്താൽക്കരളുകുളിരും പ്രേഷിതൻ ശിഷ്യനോടൊ-
“ത്തെന്തോരത്യത്ഭുത”മിതി നിനച്ചെത്തിയാ വിപ്രഗേഹേ
ശാന്തിക്കാരൻ വിനയസഹിതം തൽകുടുംബത്തിനാകെ
ശാന്തിക്കായിപ്പരമഗുരുവിൻ പാദതാരിങ്കൽ വീണു.
22
ജ്ഞാനസ്നാനത്തിനു സകലരും തൽക്ഷണം ഭൃത്യരും വ-
ന്നാനന്ദത്താൽ തുടരെയുതിരും ബാഷ്പബിന്ദുക്കളോടേ
‘വാനോർ പുഷ്പാവലി വിതറിനിന്നീടവേയക്കുടുംബം
സ്നാനപ്പെട്ടെ”ന്നെഴുതുവതു തങ്കത്തിലായ്ത്തീർന്നുവെങ്കിൽ!
23
റമ്പാനാക്കീ കലിതകുതുകം കൊച്ചുതോമ്മായെ ധന്യൻ
സമ്പൂർണ്ണാശിസ്സുകളുമവനിൽക്കോരിവാരിച്ചൊരിഞ്ഞു
അൻപോടേയപ്പരമസുവിശേഷം വിലപ്പെട്ടതാകും
സമ്പത്തായിഗുരു നിജകരത്താലെ ശിഷ്യനു നൽകി.
24
കൊട്ടാരത്തിന്നകമെ,യതുപോൽ പള്ളി വേറേ സ്ഥലത്തും
ശിഷ്ടൻ കണ്ടിട്ടകതളിർ കുളിർത്തില്ലാത്ത മട്ടിൽ.
നിഷ്ഠയ്ക്കൊന്നും ശിഥിലത് ഭവിച്ചിട്ടുമില്ലവമീശൻ
നാട്ടിൽച്ചിന്തും കൃപയുടെയിളങ്കാറ്റിലാറാടി സിദ്ധൻ
25
കേപ്പാ പൃഥ്വീശനു മരുമകൻ, വൈദികൻ ഭക്തനെന്ന-
ല്ലൊപ്പംതന്നേ ഭരണകുശലൻ, സജ്ജനങ്ങൾക്കു പൂജ്യൻ.
മാർത്തോമ്മായ യുവസുഭഗനെദൈവതോന്നിപ്പുമൂലം
മെത്രാൻസ്ഥാനത്തുടനെയഭിഷേചിച്ചു തന്നെങ്കി നല്കി.
26
കന്യാലോകം മുടിയിലണിയും രത്നമാകും പെലാജ്യാ
തന്നെപ്പോലുള്ളൊരു സഖിയെലീജായുമൊന്നിച്ചു പാർക്കും
ധന്യാഗാരം സുകൃതി നിജ പത്തുക്കളാൽ പൂതമാക്കി
സന്യാസത്തിപ്രഥമഭവനോൽഘാടനം നിർവ്വഹിച്ചു.
27
പള്ളിക്കാര്യം പരിചിൽ ഭരമേല്പിച്ചു മെത്രാനെ,യെല്ലാ-
മുള്ളിൽത്തട്ടുംപടി പഠനമാവർത്തനം ചെയ്തശേഷം
“കൊള്ളാം! നന്നായ്വരിക മകനേ” യെന്നൊരാശിസ്സുമേകീ
തള്ളിപ്പൊങ്ങും ചടുലഹൃദയസ്പന്ദനങ്ങൾക്കു മദ്ധ്യേ.
28
എത്തീ ഭൂപാലകനുമവിടെ സ്ത്രീകളേയും വരുത്തീ
മുത്തപ്പൻ കൈതൊഴുതു വിടചോദിച്ചുകൊണ്ടവമോതി:
“ഹൃത്തിൽക്കത്തിച്ചൊരു തിരി കെടുത്താതെ സൂക്ഷിക്കയെന്നാൽ
നിത്യായുസ്സിൽ പുനരപി നമുക്കൊക്കെയൊന്നിച്ചു ചേരാം.”
29
സത്താമത്യത്ഭുതമതു നടന്നീടുമാറാ വിരുന്നിൽ
കൃത്യം പാരം കഠിനതരമസ്സിദ്ധനോടന്നു ചെയ്തോൻ
ഭൃത്യൻ ചെന്താരടികളിൽ നമിച്ചന്നു ക്രിസ്ത്യാനിയായോൻ
പ്രത്യേകാശിസ്സവനു ഗുണവാൻ ശത്രുവിന്റെ മിത്രമേകി.
30
പിന്നെപ്പോയീ കലിതകുതുകം പാലയൂരേയ്ക്കു നേരേ
ധന്യൻ കേപ്പാ സഹിത,മൊരിമിച്ചുണ്ടു റമ്പാനുമപ്പോൾ
അന്യൂനം ക്രൈസ്തവവിമലചൈതന്യവായങ്ങു കണ്ടു
വന്നോരാദ്ധ്യാത്മിക പരമസതൃപ്തിയെന്നോതിടേണ്ടു?
31
നാലില്ലക്കാർ സസുഖമവിടെ ക്രിസ്തുവിന്നിഷ്ടരായി-
ച്ചാലേ ജീവിച്ചപരരെ നയിക്കുന്നു വേണ്ടുംവിധത്തിൽ,
കാലം തെല്ലൊന്നവരൊടിടപെട്ടീടുവാനോർത്തു ധന്യൻ;
ചേലേറീടുന്നതിനുപരി ചേലേറ്റുവാൻ തോന്നുമല്ലോ,
32
മൂന്നാളും ചേർട്ടട്ടന്നവിടെയഭിവൃദ്ധിക്കു വേണ്ടുന്നതെല്ലാം
നന്നായ്ച്ചെയ്തിട്ടരിയ പകലോമറ്റശങ്കൂരിമാരേ
നന്ദിച്ചാദ്ധ്യാത്മികഭരണമേല്പിച്ചു പട്ടം കൊടുത്തു;
ധന്യാത്മാക്കൾക്കപരഹൃദയജ്ഞാനമുണ്ടതിടത്തും.
33
മെത്രാനും സൽഗുണനിധികളാം വൈദികർ, വന്ദ്യറമ്പാൻ,
മാർത്തോമ്മായും ജനതയൊടുചേർന്നൊട്ടുനാൾ തത പാർത്തു.
ക്രിസ്തീയർക്കൊത്തൊരു ഭരണകൂടത്തിനാരംഭമായെ-
ന്നോർത്തത്യന്തം കരളിനകമേ ശാന്തി മുത്തപ്പനുണ്ടായത്.
34
കെട്ടീടായാവ്ൻ തിരികളിടയിൽ ചൂണ്ടുകോൽകൊണ്ടവശ്യം
നീട്ടീടേണം, ചൊരിയണമിടയ്ക്കെണ്ണയും വറ്റിടാതെ
ശിഷ്ടൻ താനേ പലതുമിതി ചിന്തിച്ചു യാത്രയ്ക്കൊരുങ്ങി
കോട്ടക്കാവെന്നഭിധകലരുന്നാസ്ഥലം ലക്ഷ്യമാക്കി.
35
മൂപ്പന്മാരുണ്ടവിടെയുമഭിഖ്യാതരായ് നല്ല കാര്യ-
പ്രാപ്തന്മാരായ് പുതിയ മതകാര്യങ്ങളിൽ തല്പരന്മാർ.
വ്യുൽപ്പത്തിക്കില്ലവരിലൊരു പോരായ്കയും പ്രേഷിതൻ ചെ-
ന്നപ്പോളെത്തീ സകലരുമഹോ സ്വാഗതാശംസയോടേ
36
പള്ളിക്കുള്ളിൽക്കയറി, പുറമേ സഞ്ചരിച്ചാത്തമോദം,
“കൊള്ളാമാദ്ധ്യാത്മികനില”യകക്കാമ്പിലേവം നിനച്ചു.
കൊള്ളാവുന്നോരുടെയതിഥിയായ് നാളുകൾ പോക്കി ധന്യൻ,
ഭള്ളോടങ്ങേയൊരുവനെതിരിട്ടല്ല വാങ്മൂലമായും.
37
നാട്ടാർ നന്മയ്ക്കിതുവിധമൊരഞ്ചെട്ടു മാസങ്ങൾ പാർപ്പാ-
നിഷ്ടപ്പെട്ടാ ജനപദമതിൽത്തന്നെ സമ്പൂജ്യപാദൻ.
കോട്ടം തട്ടാത്തൊരു നില വരുത്തീട്ടു പാലൂരിലെപ്പോൽ
പട്ടക്കാരെപ്പരിചിൽ നിയമിച്ചാസ്ഥലം വിട്ടുപോയി.
38
ബദ്ധാമോദം പദികനതുപോൽ “കോക്ക് മുൻ’മംഗല’ത്തും
കൃത്യം വേണ്ടുന്നവ വിരവിലന്യൂനമായ് നിർവ്വഹിച്ചു.
ഹൃത്തിൽ പൂർവ്വസ്മരണകളുമായ് ചെന്നു കൊല്ലത്തു,ജൈറ
സ്സെത്തിദ്ദിവ്യൻ ഗുരുവിനെ മുദാ വീട്ടിലേക്കാനയിച്ചു.
39
കണ്ടും കേട്ടും പലരുമവിടെച്ചെന്നു തൃപ്പാദഭക്തർ
“വീണ്ടും വന്നോ ഗുരുവരനിവർക്കെത്രയോ ഭാഗധേയം?
കണ്ടാൽപ്പോരും തിരുമുഖമെനിക്കേവ മോരോന്നുരച്ചും
കൊണ്ടെത്തീടും ജനത ഹൃദയാനന്ദമങ്ങേയ്ക്കു നൽകി.
40
ജാരത്വം സച്ചരിതനുടെമേലേറിടും പാടവത്തോ-
ടാരോപിക്കാനധികതുനിവുണ്ടായൊരാ നീലിപോലും
പാരം പശ്ചാത്തപിതകലുഷം കണ്ണു തൂത്തും തുടച്ചും
ചാരത്തെത്തിബ്ഭയചകിതയായ് മാപ്പപേക്ഷിച്ചു നിന്നു.
41
വാരസ്ത്രീക്കും ചെറുശിശുവിനും തൽപിതാവിന്നുമേകീ
ജ്ഞാനസ്നാനം, പുനരപി വിവാഹം കഴിപ്പിച്ചു തമ്മിൽ.
പോരാ, വൈവാഹിക വിധികളെപ്പറ്റി വേണ്ടുംവിധത്തിൽ
സാരജ്ഞൻ ചൊന്നവരോടുപദേശങ്ങളേവം വിശിഷ്ടം:
42
“എന്നും തമ്മിൽ പിരിയരുതി നിജ്ജീവപര്യന്ത,മേറ്റം
നന്നായ് വിശ്വസ്തതയിൽ നിലനിന്നീടേണം രണ്ടുപേരും
“ഭിന്നിപ്പിച്ചീടരുതു മനുജൻ, ദൈവമെന്നേക്കുമായി-
ട്ടൊന്നിപ്പിച്ചുള്ളതിനെയിതുതാൻ പാവനം വേദസൂക്തം.
43
പേർത്തും കേൾക്കൂ,കലുഷ ജഡമോഹങ്ങളെക്കീഴ്പ്പെടുത്താൻ
മർത്യൻ തീരെക്കഴിവും കുറവായുള്ളവൻ വേളിമൂലം
ചേർത്തീടേണം സസുഖമരികിൽ ധർമ്മദാരങ്ങളെച്ചെ-
ന്നെത്തീടായ്വാൻ ദുരിതകരമാം മോഹപാപക്കയത്തിൽ”.
44
മേല്പട്ടക്കാരനുമതുവിധം ശ്രേഷ്ഠമ്പാനുമൊന്നി-
ച്ചപ്പസ്തോലൻ പുരിയിലുമടുത്തൊക്കെയും സഞ്ചരിച്ചു.
എപ്പോഴും സജ്ജനത സവിശേഷാദരത്തോടെയങ്ങേ-
തൃപ്പാദസ്പർശനതലമറിഞ്ഞെത്തിയാശിസ്സു വാങ്ങാൻ.
45
ഒട്ടേറെപ്പേർക്കവിടവിടെയായ് സ്നാപനം നല്കി,കഷ്ട-
പ്പെട്ടോരാർത്തർക്കരുളി സുഖവും പൂർണ്ണമായതദാരൻ.
ദുഷ്ടഭൂതാദികളുടെ മഹാബാധയിൽനിന്നു തെല്ലും
പിട്ടല്ലോതുന്നതു പലരെയും സിദ്ധിയാൽ മുക്തരാക്കി.
46
അക്കാലത്താണൊരു വനവിടേയ്ക്കേതു ദേശത്തുനിന്നോ
മുഖ്യൻ, കണ്ടാൽ സുമുഖ,നഭിജാതൻ, വയോവൃദ്ധനായോൻ
ഭക്തൻ തോമ്മാമുനിയുടെ നിവാസസ്ഥലം തേടിയെത്തീ
വ്യക്തം സ്നാനപ്പെടുവതിനവൻ വന്നതാണെന്നകാര്യം.
47
മാന്യൻ ജൈറസ്സവിടെയവനെ സ്വീകരിച്ചാത്തമോദം
ധന്യൻ തോമ്മായുടെ മുറിയിലേക്കാനയിച്ചാദരിച്ചു.
മൂന്നാളുണ്ടോ മുറിയിലവരെന്നാകിലും വന്ദ്യവൃദ്ധൻ
സന്ദേഹം വിട്ടുടനെ മുനിയെത്തന്നെ കുമ്പിട്ടു കൂപ്പി.
48
ഒന്നും ചോദിപ്പതിനു തുനിയും മുമ്പിലേതന്നെ വേഗം
ചൊന്നാനാഗന്തുക നിതി വിശേഷിച്ചുമാത്മാർത്ഥമായി
“വന്ദ്യന്മാരാം സുകൃതികളെയാരാഞ്ഞുസേവിച്ചുകൊണ്ടാ-
ലെന്നും മുക്തിക്കൊരുവഴിയതായ് തീരുമല്ലോ ജഗത്തിൽ.
49
അല്ലേ ചൊല്ലാമപരിചിതനാമെന്റെ കാര്യങ്ങളങ്ങേ-
യ്ക്കെല്ലാംതന്നേ വിദിതമൊരുപക്ഷേ, മഹാസിദ്ധിയാലേ,
ചൊല്ലാമെന്നാകിലു,മിവനൊരേടത്തു ഭൂജാനിയാണ
ന്നല്ലാതൊന്നില്ലതിലുമധികം, ലങ്കയാണെന്റെ രാജ്യം.
50
എന്തെന്നില്ലാത്തൊരു മഹിതമാം പ്രേരണാശക്തിയെന്നിൽ
പൊന്തിച്ചേരുന്നിതു വരമുനേ, നാൾക്കുനാൾ ശക്തിയായി.
അന്തശ്ശക്തിക്കടിമ മനുജൻ, രാജ്യകാര്യങ്ങളെല്ലാം
മന്ത്രിക്കേല്പിച്ചുടനെയവിടം വിട്ടു ഞാനിങ്ങു പോന്നു.
51
ഹേ സ്വാമിൻ, നിന്തിരുവടിയഹോ ക്രിസ്തുവിന്റെ ശിഷ്യനല്ലേ
ഹാ സന്തോഷം! മരിയസുതനെപ്പൈതലായ്ക്കണ്ടവൻ ഞാൻ
ഭൂസ്വത്തില്ലാത്തൊരു നൃപകുമാരൻ മഹാശക്ത,നങ്ങേ-
ഭാസ്വത്താം കണ്മണികൾ വഴിയാന്റെ ചിത്തം കവർന്നു.
52
പിന്നീടങ്ങേചരിതമറിയാൻ സാദ്ധ്യമായില്ല, ശിഷ്യൻ
വന്നീ ദേശത്തടനപഠനം സാധിതപ്രായമാക്കി
മുന്നേറുന്നെന്നൊരുവിധമറിഞ്ഞന്വേഷിച്ചങ്ങുമിങ്ങും
വന്നെത്തിച്ചേർന്നിവിടെയിനി ഞാൻ ക്രിസ്തുവിൻ പാദദാസൻ.
53
ആചാര്യന്മാർക്കണിതിലകമേ, സാദരം കൂപ്പുകൈ! നാ-
ട്ടാചാരം; മാം സദയമരികിൽച്ചേർക്കണം ശിഷ്യനായി.
ആശ്ശിസ്സാദ്യം തരിക, ഭഗവാനേശുവിൻ ഭാഷ്യമെല്ലാ-
മാശിക്കുന്നുണ്ടിവനുമറിയാ,നൂനമെന്യേ പഠിക്കാൻ.
54
പാരിൽക്കീർത്തിപ്പെരുമയുടയോൻ കേരളാധീശനും,മ-
റ്റാരെക്കാളും ഭരതസദൃശൻ രാട്ടു ഗുണ്ടപ്പർ, ഞാനും
നേരേ തക്ഷശ്ശിലയിലൊരുമിച്ചാണു ബേമിലേക്കായ്
യാനം തീർത്ഥാടന-മതിനിറങ്ങിപ്പുറപ്പെട്ടതന്നാൾ.
55
എന്നെത്തോല്പിച്ചവരിരുവരും ക്രിസ്തുമാർഗ്ഗം വരിച്ചു
മുന്നേ,യെന്നാലവസരമെനിക്കെത്തുപെട്ടില്ല തെല്ലും,
ഇന്നോ ഭാഗ്യത്തികവിലിഹ ഞാനങ്ങയെക്കണ്ടുമുട്ടി,
ചൊന്നാലും സദ് വിധികളുടനേ സ്നാപനത്തിന്നൊരുങ്ങാൻ”
56
ഇത്ഥം യാചിച്ചരികിൽ മരുവും ധന്യഭൂപാലരത്നം
മാർത്തോമ്മാതൻ കരവലയസീമയ്ക്കകത്തായ്ക്കഴിഞ്ഞു.
അത്യാഹ്ളാദത്തോടെയുചിതമാമാസനം നല്കി, ജൈറ
സ്സെത്തിസ്സത്യസ്ഥിതിയറിയവേ കാര്യമായ് സല്ക്കരിച്ചു.
57
ഏതാനും നാൾ ഗുരുകുല നിവാസം മഹാഭക്തശിഷ്യൻ
വേദാഭ്യാസത്തികവിനുചിതം തത് സാധിച്ചശേഷം
ജ്ഞാനസ്നാനത്തിനു തലകുനിച്ചാ മഹാൻ “ഗാസ്പറാ’ഖ്യൻ,
സേതുസ്നാനാദികൾ വിഫലമെന്നാത്മനാ കാൺകയാലേ.
58
കൊല്ലംവിട്ടിട്ടുടനെ നിരണത്തേക്കു പോയ് നാലുപേരും
നല്ലോരാണാജ്ജനത,യവിടെക്കാര്യമെല്ലാം സുഭദ്രം
കല്യൻ റമ്പാനവിടെയധികാരം കൊടുത്താസ്ഥലത്താ-
ണല്ലോ പണ്ടേയവരുടെയിടം മാളിയേക്കൽ കുടുംബം.
59
കാലേകൂട്ടിക്കരുതിയതുപോലെത്തി ചായൽപ്രദേശ-
ത്താലോചിച്ചാ നവമധുരസാവാടി വാടാതെ നോക്കാൻ
കാവല്ക്കാരും മതിലുമതി വിശ്വസ്തരാം ഭൃത്യരും മ-
റ്റാവശ്യപ്പെട്ടവയഖിലവും വേണ്ടപോലേർപ്പെടുത്തി.
61
കണ്ടിട്ടുണ്ടായധികകുതുകം സപ്തദേവാലയങ്ങൾ
വേണ്ടും സ്തോത്രം നിജഗുരുവിനായ് തോമ്മയർപ്പിച്ചു ഭക്ത്യാ-
ഉണ്ടോ ചിന്തിച്ചൊരു കുറവിനിത്തീർത്തുകൊള്ളേണ്ടതെന്നായ്
വീണ്ടും വീണ്ടും പണി മിനുസമാക്കുന്ന ശില്പിക്കുതുല്യo.
62
ധ്യാനിക്കുമ്പോൾ നിശയിലവിടുന്നാത്മനാ കേരളത്തെ-
സ്നാനന്ദം കണ്ടൊരു വിപുലമാം പുഷ്പവാടിക്കു തുല്യം.
വാനോരെത്തിക്കലിത കുതുകം പൂവിറുക്കും വസന്തം,
ഗാനാലാപത്തോടു സുരഭിയാം തെന്നലും വീശിടുന്നു.
62
കേപ്പാ മെത്രാൻ, പടുമതികളാം വൈദികാഗ്രേസരന്മാർ
മല്പാന്മാരും ജനത പൊതുവേയാഭിജാത്യം തികഞ്ഞോർ.
ഇപ്പോഴത്തെ നിലയിതു വരുത്തീടുമുർഷമെന്നോർ-
അപ്പോളുണ്ടായ് കരളിലുമിളങ്കാറ്റു വീശും പ്രതീതി.
63
“കേദാരങ്ങൾ പലതുമിനിയുണ്ടെന്നെ നോക്കിക്കിടക്കു-
ന്നീദേശത്തോടുടനെ വിടവാങ്ങേണ്ടതാവശ്യമത്രേ.
ഏതായാലും സഹചരരൊടും മെല്ലെയിക്കാര്യമെല്ലാ-
മോതീടാ’മെന്നകതളിരിലപ്പുണ്യവാൻ നിശ്ചയിച്ചു.
64
ഏതാണ്ടോ മുന്നറിവും പരലോകത്തുനിന്നുള്ള മട്ടിൽ
പ്രാതഃകാലേ സവിധഭുവിയാ മൂന്നുപേരേയിരുത്തി
ചേതക്കാം നിലയിലവരോടോതി വേദാന്തിയേറ്റം
പ്രീതിസ്നിഗ്ദ്ധം വചനമിദമെന്നേക്കുമോർക്കേണ്ടതിന്നായ്.
65
“ജോലിക്കായിട്ടിനിയുമൊരിടത്തേക്കു ഞാൻ പോയിടട്ടെ,
കാലം നഷ്ടപ്പെടുവതു മഹാനഷ്ടമാണേതിനെക്കാൾ.
ഈ ലോകത്തിൽ ചെറുതൊരിടവും ശൂന്യമായ്ക്കണ്ടിടായ്വൻ
വേലക്കാർ വിശ്രമരഹിതരായ് ജോലി ചെയ്യേണ്ടതല്ലൊ.
66
മെത്രാൻ സ്ഥാനത്തുചിതനിലയിൽ പൈതൃകസ്നേഹമോടേ
വർത്തിക്കേണം, വിജയമതിലാണോർക്കണം കേപ്പയെന്നും.
പത്രോസേകൻ സഭയുടെ വിചാരിപ്പുകാര്യസ്ഥ,നെല്ലാ
മെത്രാന്മാരും പരിചൊടുപകാര്യസ്ഥരായി നിന്നിടേണം.
67
സ്ഥാനം ചിന്തിച്ചിടുകിലതുലം, ദൈവികം തന്നെ; നാഥൻ
മാനിച്ചങ്ങേ ഭവനഭരണം നമ്മെയേല്പിച്ചിടുമ്പോൾ
നാമന്യൂനസ്ഥിരതയൊടു വിശ്വസ്തരായ് ജോലിചെയ്തി-
ട്ടാമോദം ചേർത്തിടണമവിടേയ്ക്കങ്ങു ചെന്നെത്തുവോളം.
68
സ്വാർത്ഥം വർജ്ജിക്കണമെവിടെയും, നീതിയെപ്പോറ്റിടേണം.
സ്വാദ്ധ്യായത്താലുപരി സുകൃതം ജ്ഞാനവും നേടിടേണം.
ഹൃത്തിൽ പാരം വിനയവുമതോടൊത്തിരുന്നാൽ വിശേഷം,
മെത്രാൻ സ്വന്തം ജനതയുടെയാചാര്യനല്ലോ, പിതാവും.
69
സാഹോദര്യം സുമഹിതഗുണം ക്രൈസ്തവാദർശമത്രേ;
മാഹാത്മ്യത്തിന്നളവതിനവാച്യം ശരിക്കോർത്തിടുമ്പോൾ.
ഊഹാതീതം സുഭഗതയതിൽ ലീനമാണെന്നു കാണാൻ
റൂഹാതന്നേ ഹൃദി ചൊരിയണം നിങ്ങളിൽ സ്വന്തദാനം.
70
എല്ലാ ദാനങ്ങളുമുപരി വിജ്ഞാനവും പാവനാത്മാ-
വല്ലോ നല്കുന്നതു പരമതിത്വത്തിൽ മൂന്നാമനീശൻ.
ഫുല്ലാബ്ധത്തിന്നഴകതുലമാ ഭാസ്കരാംശുക്കളിൽ നി-
ന്നല്ലാതുണ്ടോ നിയതിനിയമത്തിന്റെയാസൂത്രണത്തിൽ?
71
തന്നിട്ടുണ്ടാ വരദനെയഹം പഷ്ഠരായുള്ള നിങ്ങൾ-
ക്കെന്നാൽ ധ്യാനിച്ചിടണമവനെ,ച്ചിന്തിടും ദാനമപ്പോൾ,
നന്നായ് വായിച്ചിടുക സുവിശേഷത്തിലെസ്സൂക്തമെല്ലാ-
മെന്നും മാർഗ്ഗസ്ഖലന ഭയമില്ലാതെ മുമ്പോട്ടു പോകാം.
72
രാജൻ, ഗാസ്കർ, ഭവുകമവിടേയ്ക്കേകിടും മർത്യദൈവം,
രാജ്യത്തെത്തിസ്സപദി കൃഷിചെയ്താലുമീ ദിവ്യബീജം.
ആജന്മാന്തം മരിയസുതനെത്തന്നെ സേവിക്ക, വേറേ
പൂജാർഹൻ ദൈവതമിനി വിചാരത്തിലും വന്നിടാതെ.
73
റമ്പാൻ തോമ്മാ,യനിശമരുമശ്ശിഷ്യനാകും നിനക്കെ-
നൻപേറീടും ഹൃദയമിതിൽ നിന്നുള്ളാരാശിസ്സു മേന്മേൽ!
വമ്പന്മാരെത്തലമുറകളായ് നല്കിടും നിൻ കുടുംബം
റമ്പാന്മാരെസ്സഭയി,ലതുപോൽ വൈദികശ്രേഷ്ഠരേയും.
74
തൽക്കാലത്തേക്കിവിടെയൊരു വേർപാടു വൻകാര്യമല്ല,
നോക്കാം ലോകസ്ഥിതി,യിതരദേശങ്ങളേയോർക്കണം നാം
ആർക്കും തന്നേയിരുളിൽ നടകൊണ്ടീടുകിൽ ലക്ഷ്യമെത്താ-
നൊക്കാ നൂനം, വഴിയറിയുവാൻ ദീപമാവശ്യമത്രേ.
75
പോകട്ടേ ഞാനിരുളിലുഴലും നാട്ടുകാർക്കൊക്കെ ദിവ്യ-
പ്രാകാശ്യപ്പൊൻകതിരൊളിയവശ്യം കൊടുക്കേണ്ടതിന്നായ്
വൈകാതെല്ലാവരെയുമിഹ ചേർത്തീടുകിൽക്കണ്ടു ചൊല്ലി-
പ്പോകാമാശിസ്സുകളുമരുളിക്കുണ്ഠിതം വേണ്ട പിന്നെ.
76
” മുത്തപ്പൻ സത്വരമവരെ വിട്ടീടുമെന്നീയുദന്തം
മൂപ്പന്മാർ കേട്ടഥ പലരറിഞ്ഞവരും വന്നുചേർന്നു
സിദ്ധൻ സാക്ഷാലൊരു ജനകനെപ്പോലെയാ സജ്ജനത്തിൻ
മദ്ധ്യേ നില്ക്കും നിലയുമുപദേശങ്ങളും ഹൃദ്യമേറ്റം.
77
ചൊന്നാനേവം തിരുവടിയിതാ കേപ്പ് നിങ്ങൾക്കുമെത്രാ-
നെന്നോടൊക്കും നിലയവനുമുണ്ടെന്നു ബോധിക്ക മേലിൽ.
എന്നും മേഷങ്ങളുമിടയനും പോൽ വിധേയത്വമോടേ
നിന്നീടേണം, നിയതമധികാരത്തെ മാനിച്ചിടേണം.
78
സമ്പത്തുള്ളോൻ ധനരഹിതനെപ്പോറ്റണം സ്നേഹപൂർവ്വം
സമ്പാദ്യത്തിന്നതുലവിജയം ശാശ്വതം വന്നുചേരാൻ
സമ്പർക്കത്തിൽ സഹജനിലയെല്ലാവരോടും പുലർത്തീ-
ടുമ്പോൾ നിങ്ങൾക്കിടയിൽ മരുവും സച്ചിദാനന്ദരൂപൻ.
79
ജ്ഞാനം പോരാത്തവ മതപരം വേണ്ടവർക്കൊക്കെ നാട്ടിൽ
ദാനംചെയ്യാൻ വിമലസുവിശേഷം മഹൽ ഗ്രന്ഥമേകം
ഞാനെൻ ശിഷ്യപ്രമുഖനിഹ റമ്പാനെയേല്പിച്ചിരിക്കു-
സൂനംകൂടാതതു സകലരും പാഠമാക്കേണ്ടതത്രേ.
80
പിതാസുതാത്മാ ജഗദീശനേകൻ
നിതാന്തമെൻ മക്കളെയിന്നുമെന്നും
അനുഗ്രഹിക്കട്ടെ,യതിൽക്കവിഞ്ഞി-
ല്ലെനിക്കു വാക്കൊന്നുരചെയ്തുകൊൾവാൻ.”
81
മറുപടി പറയാനും ശക്തരല്ലെന്നമട്ടിൽ
തൊഴുത കരയുഗങ്ങൾ നമശീർഷങ്ങളോടും
ജനതതി നിലകൊണ്ടൂ ദേശികൻ വിട്ടകന്നു
പലരുമനുഗമിച്ചു തെല്ലുദൂരം വരെയ്ക്കും.
82
*യൂദേയായിൽ (വി.ജോൺ. 11,16)
