Marthoma Vijayam 019

പത്തൊൻപതാം സർഗ്ഗം


ട്ടു നല്ലതു ചൈനയിൽ; പരിവട്ട

 മോടികൾ കൂട്ടുവാ-

 നൊട്ടുമില്ലതിനെക്കവിഞ്ഞതരത്തി-

ലംശുകമെങ്ങുമേ.

എട്ടുദിക്കുമതിന്റെ കീർത്തി പുകഴ്ത്തി-

 ടുന്നു ദിവാനിശം. 

കിട്ടുവാനഭിവാഞ്ഛയുന്നതരാട്ടിനും

പരമാഢ്യനും.

1      

“പട്ടുപാതയു”മെത്ര നൂറുസഹസ്ര 

        വത്സരകാലമായ്

കേട്ടു ലോകമറിഞ്ഞിരിപ്പു, ചരിത്ര- 

          സത്യമതല്ലയോ?

ഒട്ടകപ്പുറമേറിയും കുതിര-

         പ്പുറങ്ങളിലേറിയും

കൂട്ടമായി വരുന്നു ചൈനയിൽ സാർത്ഥ                                                                               

        വാഹകർ നിത്യവും.                                                                                   

2

അന്നു നില വെൺപുകൾ പ്രഭകൊണ്ടു

     നാടിനെയൊക്കെയും

വെന്ന രാട്ടുകൾ വാണിരുന്നൊരു രാജ-

      ധാനിയിലേതിലും

ചെന്നുയർന്നു കളിച്ചു പാരമഹങ്ക

     രിച്ചതും ചൈനയിൽ

നിന്നുപോയ ദുകൂലതല്ലജമായി- 

       രുന്ന വിതർക്കമായ്.                                                                                     

3

കപ്പലും മൃഗസഞ്ചയങ്ങളുമീയ-

         മൂല്യതരാംശുകം

കല്പശാഖികൾപോലെ പേറുവതിന്നു

         ഭാഗ്യമുദിക്കുവാൻ 

 സൽപ്രവൃത്തികളെന്തുചെയ്തവ? ദൈവ- 

         സത്കൃപമൂലമാ-

യിപ്രകാരമനന്തനന്മകൾ വന്നു

         തങ്ങുമനേകരിൽ.                                                                                       

കേരളത്തിൽ വിളഞ്ഞിരുന്ന സുഗന്ധ-

       വർഗ്ഗവിശേഷവും

പേരുനേടിയിരുന്നു വിസ്തൃതലോക-

      സീമയിലെങ്ങുമേ

ഊടുപാതകളുടെ സഹ്യനതിന്റെ-

      യോഹരിയെത്രയോ

പാടവത്തോടു ചോഴനാട്ടിനുമേകി-

          യേറ്റമുദാരനായ്. 

ചോഴമണ്ഡലമാർഗ്ഗമായവയെത്തു-

          മങ്ങനെ ചൈനയിൽ

പാഴിലല്ല പരം വിശിഷ്ടദുകൂല –

          മിങ്ങു ലഭിച്ചിടും.

ആഴിമാർഗ്ഗമിതേവിധം ക്രയവിക്ര –

         യങ്ങൾ നടക്കയാൽ

തോഴരെന്ന നിലയ്ക്കു  തന്നെ കഴിഞ്ഞിരു-

            ന്നിരുരാജ്യവും.                                                                                   

6

വന്ന വാണിജപോതമൊന്നിനെയാശ്ര-

        യിച്ചു വിശുദ്ധനും

ചെന്നു ചൈനയിലെത്തി ദൈവികരാഷ്ട്ര-

          സീമ വളർത്തുവാൻ.

അന്നു ശീർഷമുയർത്തി മാന്യതയോടു 

         നിന്നൊരു ‘കമ്പലേ’-

യെന്ന പട്ടണമപ്പദാംബുജധൂളി-

        യാൽ പരിശുദ്ധമായ്.                                                                                  

7

 അത്രയല്ല, നടന്നു കണ്ടിടപെട്ട

     നേകജനങ്ങളോ-

ടെത്രയേറെ വിശാലമായൊരു രാജ്യ-

       സീമയിലെങ്ങുമേ.

സുപ്രസിദ്ധ വണിക്പ്രവീരർ യഹൂദ

     രുണ്ടവിടത്തിലും

നിഷ്പ്രയാസമവന്നു മിത്രരുമാതി-

         ഥേയരുമായവർ.                                                                                       

8

ക്രിസ്തുവിന്റെയനന്തപാവനരാജ്യ-

     മങ്ങുവളർത്തുവാ-

നോർത്ത സിദ്ധനു കേവലം ലഘുയത്‌ന-

     മായതു സാദ്ധ്യമായ്.

 ഒത്തിരുന്നതിനൂനമറ്റൊരു ചുറ്റു-

        പാടുകളൊക്കെയും

കൊത്തുകോളുകളൊത്തുചേർന്ന പണിക്കു

         കഷ്ടത  വന്നിടാ.                                                                                  

9

കാലമൊട്ടു  കഴിഞ്ഞു, വിശ്രുതിയുറ്റ

       താത്ത്വികനായ കൺ-

ഫ്യൂഷിയസ് പ്രവചിച്ചതിങ്ങനെ കേട്ടി-

        രുന്നു ജനാവലി.

“ആഗമിച്ചിടുമുന്നതൻ ജനരക്ഷ-

         കൻ പടിഞ്ഞാറിലേ 

ഭൂവിഭാഗതലത്തിലൊന്നിലതീവ

            പാവനപൂരുഷൻ.                                                                               

10

 ആഴിപോലവനാഴമേറുമനന്ത-

          താനനുമായ് വരും

ദ്യോവിനപ്പുറവും പ്രകീർത്തിതനാകു-

          മാദൃതനായിടും.

ആമയാപഹനായ് സ്തുതിച്ചിടുമൂഴി

          മണ്ഡലസീമകൾ

ക്ഷേമദായകനായ് വണങ്ങിടുമാ

         മഹാനെയനാരതം.                                                                                       

11

അപ്പുമാന്റെ വാചോമൃതം ഭുവി വിശ്വ –

       സിക്കുമനേകരും

സൽപ്രവൃത്തികൾ ചെയ്ത സാത്ത്വിക-

         നായ് ലസിക്കുമവൻ സദാ-

കപ്പലും രഥവും വിമാനവുമെത്തി-

      ടും സൃതിയൊക്കെയും

സുപ്രസിദ്ധിയവന്റെ പേരിനു ചേർത്തു

             കീർത്തിതനാക്കിടും.                                                                        

12

സൂര്യചന്ദ്രമരീചികൾക്കിടമേകി-

            ടും സ്ഥലമേതിലും

ചാറുമംബുകണം തുഷാരവുമേറ്റ

             ഭൂതലമേതിലും

പാവനം തിരുനാമധേയമതിന്റെ

          പാലൊളി വെൺപുകൾ 

ലാലസിക്കുമിരുട്ടശേഷമകന്നു

        മാഞ്ഞുമറഞ്ഞുപോം.                                                                           

13

ഉന്നതൻ സുരലോകതുല്യനു സൗ-

            ഹൃദം പരമേകിടും

 മന്നിലുള്ള സമസ്തജീവിയു”   മീ-

          വചസ്സുകളോർക്കവേ,

വന്ദ്യനാമവതാരപൂരുഷനേശു-

           വിൻ കഥതന്നെയാ

ണെന്നുചൊന്നതു സൽപ്രവാചകനെന്നു-

         റച്ചു മനീഷികൾ.                                                                                           

14

പുണ്യപൂരുഷനെപ്പരാക്രമി രാഷ്ട്ര-

         സീമയിലെങ്ങുമേ-

യൊന്നു ചുറ്റി പരാജയാനുഭവങ്ങ-

       ളില്ല; കൃതാർത്ഥനായ്

 ഇന്നുമുണ്ടവിടുന്നു ചേവടി ചേർത്ത-

         തിൻതെളിവാ സ്ഥല-

ത്തെന്നു സാക്ഷി തരുന്നനേകചരിത്ര-

           കാര്യഗവേഷകർ.                                                                                   

15

പോയി താർത്തറിയിൽ ടിബറ്റിലുമെന്നു

        വേണ്ട പലേ സ്ഥല-

ത്തായിടങ്ങളിലൊക്കെയും വിജയം 

       വരിച്ചു മഹാശയൻ.

ആയിരങ്ങളെ യേശുനാഥനു നേടി-

        യങ്ങനെ സഞ്ചരി-

ച്ചാ യതീശ്വരനൊട്ടുനാളുകൾ പിന്നി

          ലാക്കി യഥാവിധി                                                                                  

16

ആഴി താണ്ടി വിശാലരാഷ്ട്രതലങ്ങൾ

        ചുറ്റിയ ഭിക്ഷുവാ

ചോഴദേശമണഞ്ഞു പിന്നെയു,മെന്തു

    ദൈവവിലാസമോ!

ആരറിഞ്ഞവിടുന്നു മുമ്പു തപസ്സു

      ചെയ്ത മഹാബിലം

ചേരുമദ്രിതടം മുദാ വരവേ

       നല്കിയ സംഗതി?                                                                                       

17

ആ മുമുക്ഷു ഗുഹയ്ക്കകത്തു തുടങ്ങി

      വൻ തപമപ്പൊഴേ 

ക്ഷേമപൂരിതഭാവിയും നിലകൊണ്ടു 

       ചിന്നമലയ്ക്കുമേൽ.

ചോരനല്ലൊളി വാസമെന്തിനിറങ്ങി –

       ടും ചില വേളയിൽ

സൂര്യരശ്മി സമീരനും നടനം

      നടത്തുമിടങ്ങളിൽ.                                                                           

18

കണ്ടുതോമ്മയെ നല്ല ശിഷ്യരനേകരും

           നരപാലകനും

വീണ്ടുമെന്തു കുഴപ്പമാണു വരുന്ന-

          തെന്നു ഭയന്നവർ.

“വേണ്ട ഭീതി,യനന്തഭാവിയശേഷമാ-

                ജഗദീശ്വരൻ

കണ്ടിരിക്കുകയാണു” സാന്ത്വനമോതി 

           ദേശികസത്തമൻ.

19

പാർത്ഥിവന്റെയമർഷമോർത്തതിഭീരു-

വായൊളിവിൽസ്സദാ 

പാർത്തിരുന്നൊരു മംഗളാപതി രാജ- 

ബന്ധുവുമായവൻ

ചിത്തവിഭ്രമഹേതുവാൽ പലതും 

നിരർത്ഥകമായ് പറ-

ഞ്ഞെത്തി പുണ്യപുമാന്റെയന്തികമെത്രയും 

ദയനീയമായ്.

20

‘എന്റെ മംഗളയെന്റെ മംഗളയെന്റെ 

കണ്മണിയെങ്ങുപോയ്? 

എങ്ങുപോയവളെങ്ങുപോയി മറഞ്ഞു 

കണ്മണി മംഗള?

എന്നെ വിട്ടവളെങ്ങുപോയവളെന്തി- 

നെന്നെ വെടിഞ്ഞുപോയ്?

ഒന്നു കാണണമെന്നു കാണണമിന്നു 

കാണണമെങ്ങുപോയ്?

21

താടിമീശ വളർത്തിനീട്ടിയ താപസാ, 

പറയില്ലയോ? 

നാടുവിട്ടവളെങ്ങുപോയി? കിറുക്ക- 

നാണു മഹർഷി നീ

നാടുവാഴി മുഴുക്കിറുക്ക,നര-

ക്കിറുക്കനമാത്യനും

വീടുതോറുമിരിക്കയാണു കിറുക്കു 

മൂത്തവരൊക്കെയും.

22

വട്ടമിട്ടു നടന്നു സിദ്ധനെയാദ- 

രിച്ചു പദങ്ങളിൽ

തൊട്ടു കൂപ്പി, പിടിച്ചു മീശ കുലുക്കി, 

മുത്തിയനന്തരം 

പാട്ടുപാടുകയായി, പേക്കളി കണ്ടു

നിശ്ചലനായൊരാ

ശിഷ്ടനുള്ളിലവന്റെ നേർക്കനുകമ്പ 

സീമ കവിഞ്ഞതായ്.

23

സ്നേഹിതാ വരികെന്നുറച്ചവനെ- 

പിടിച്ചു തപോധനൻ 

ദേഹമാകെ വിറച്ചുടൻ വടികണ്ട

 ബാലകനെന്നപോൽ.

രാജധാനിയിലേക്കു മെല്ലെ നടത്തി, 

പിച്ചു തുടർച്ചയായ്

വ്യജമല്ല പുലമ്പി രാട്ടിനു മുമ്പി- 

ലും പരമുന്മദൻ.                                                                           

24

മാറ്റമില്ല കഴിഞ്ഞ പല്ലവി “നാടു-

വാഴി കിറുക്ക”നെ

ന്നൂറ്റമോടു തുടങ്ങി, മിണ്ടരുതെന്നു- 

രച്ചു മുനീശ്വരൻ.

തെറ്റുചെയ്തവനെങ്കിലും ദയനീയ- 

മിസ്ഥിതി കാൺകയാ

ലൂറ്റുചാലുകളായ്ക്കഴിഞ്ഞു നൃപന്റെ

കണ്ണുകളക്ഷണം.                                                                        

25

“പാർത്ഥിവൻ തിരുമേനി കാണുക ദൈവ-

സൽകൃപയാലിവൻ

സ്വസ്ഥനാകുവ”തെന്നുരച്ചു വിനീതനാം

യതിപുംഗവൻ.

പ്രാർത്ഥനാസഹിതം ശിരസ്സിലണച്ചു 

          കൈക,ളവന്റെമേൽ

തീർത്ഥവാരി തളിച്ചു, നീങ്ങി മതിഭ്രമം, 

           സുഖിയായവൻ.                                                                                   

26

മാപ്പിരന്നു കരഞ്ഞു തെറ്റുകൾ ചെയ്തു- 

            പോയതിനൊക്കെയും

ചിൽകുമാനോടു മാത്രമല്ല, മികച്ച

            പുണ്യപുമാനോടും

അപ്പൊഴും കനിവുറ്റ കണ്ണുകൾ തന്റെ 

            നേർക്കു തിരിച്ചുകൊ

ണ്ടപ്രിയം ചെറുതെന്നി നില്ക്കുമധ്യേഷ്യ- 

            നാം നൃപനോടുമായ്.                                                                         

27

“രോഗബാധയകന്നു ദൈവമനുഗ്ര- 

            ഹിച്ചതിനാലിനി

ത്യാഗജീവിതമാണിതഃപരമെന്റെ- 

            യാശ”യുരച്ചവൻ. 

“ആകുമെങ്കിലനുജ്ഞ നല്കുക വൈദി- 

            കന്നു സഹായിയാ- 

യേകനായിഹ പള്ളിയിൽപ്പരിചര്യ 

             ചെയ്തു വസിക്കുവാൻ.”                                                              

28

സ്വാപവേളയിലും പ്രതീക്ഷിതമല്ല 

            കാര്യമിതത്ഭുതം,

സ്നാപനം വിധിപോലെ നല്കിയവനു

             തോമ്മയസംശയം.

ഭൂപനായ പുരോഹിതൻ കൃതകൃത്യ- 

             നായതിതുഷ്ടനായ്

കൈപിടിച്ചരികത്തു ചേർത്തവനാഗ്ര- 

             ഹിച്ചതു നല്കുവാൻ.                                                                 

29

സ്വർണ്ണശില്പി പണിഞ്ഞ പണ്ടമതീവ 

              മേത്തരമെങ്കിലും 

കണ്ണിനുത്സവമേകുമാറതിന്നുന്നത- 

              പ്രഭ ചേർക്കുവാൻ

നല്ല മുത്തുകൾ കേവണങ്ങളിൽ വച്ചു 

               ചേർത്തു പതിച്ചിടും;

കല്യനും സഭയിൽ തുടങ്ങിയിതേവിധം

                ചില ജോലികൾ.                                                                        

30

കണ്ടു മംഗളയേ, മനസ്വിനി ‘മാന-

                വേശ്വരി’യേയുമാ

രണ്ടുപേർക്കുമവൻ ശിരോവസനം

                കൊടുത്തു കൃതാർത്ഥനായ്.

കണ്ണിനത്ഭുതകാഴ്ച കിട്ടിയ നർക്കിയാ*-

                 യുമതേ വ്രതം 

പുണ്യപുരുഷനോടിര’ ന്നവളെ

                 ത്യജിക്കുക സാദ്ധ്യമോ?                                                        

31

കോടിലിംഗപുരത്തിലുണ്ടൊരു കന്യ-

                  കാമമാവിധം

വീടുവിട്ടു വസിച്ചവർക്കു തപസ്സു 

                  ചെയതിനൊത്തപോൽ 

മോടിയറ്റൊരു പാർപ്പിടം പരിരക്ഷ- 

               ണാദിയുദാരനാം 

നാടുവാഴിയപേക്ഷപോൽ ഭരമേറ്റു 

               സംഗതി ഭദ്രമായ്.                                                                        

32

സീപ്പറിന്നു വിളംബമെന്നി കൊടുത്തു 

               വൈദികപട്ടവും

സുപ്രതീക്ഷകളോടു ജോലി തുടർന്നു

           പിന്നെയുമപ്പുമാൻ. 

വിപ്രജാതികളൊട്ടുപേരവിടേയ്ക്കു- 

           വൈരികളായിരു-

ന്നിപ്പുരോഗതി കണ്ടിരിപ്പതവർക്കു

           ദുസ്സഹമെപ്പോഴും.                                                                               

33

അങ്ങുമിങ്ങുമുഴന്നുമണ്ടി നടത്തി

           ചർച്ചകൾ ദിവ്യനേ-

യെങ്ങുമാരുമറിഞ്ഞിടാതെ വധിക്കുവാൻ 

           കൃതഹസ്തരായ്.

തങ്കിനിന്നതിനായ് വനങ്ങളിലൂടും-

           പാതകളോടുചേർ-

ന്നെങ്കിലും പിടികിട്ടിടാതെയമർഷ- 

           മായി ദിനേ ദിനേ.                                                                                 

34

കാടുചുറ്റിയൊരമ്പലം; ബഹുകേമ- 

           മാണതിലുത്സവം

കാളിയാണതിലെ പ്രതിഷ്ഠ; മഹാ- 

           ഭയങ്കരി രക്തപാ

കാടരോടെതിരാണു മർതൃരു,മാഴി 

           തോല്ക്കുമൊരാരവം

കാമജിക്കൊരു പാന്ഥനാവഴി വന്നു

           വൃദ്ധയതീശ്വരൻ.                                                                                 

35

ആലു കണ്ടരികത്തു കോവിലു കണ്ടു, 

            ചുറ്റുമുറപ്പെഴു

സാലമങ്ങനെ കണ്ടനേകജനങ്ങൾ

              നില്പതു കണ്ടവൻ.

മാലതൂക്കിയലങ്കരിച്ച മനോജ്ഞ

              മായ കമാനവും

ചേലൊടേ വിലസുന്നു, കാൽനട മന്ദ-

              മായഥ നിന്നുപോയ്.                                                                       

36

ആരിവൻ? മുനി തോമ്മതന്നെ;യടുത്ത-

              ടുത്തവനങ്ങുചെ

ന്നാരണർക്കു രസിച്ചതില്ലതു കാര്യ-

              മാക്കിയുമില്ലവൻ.

‘ആരെടാ?’ ചിലർ ചോദ്യമായവനേ-

              യറിഞ്ഞ വിരോധികൾ

“കാര്യമെന്തിഹ നീ വരാനിവിട-

              ത്തിലോ വഴിയമ്പലം?”                                                                   

37

“കാളികോവിലിതെന്നറിഞ്ഞു കളി-

             ക്കണം” പരമുഗ്രനാ

യേകനോതി “യെടാ കുളിച്ചുതൊഴാതെ

              നിന്നെ വിടാ ശഠാ

“കാളിയെത്തൊഴുകില്ല ഞാനതിലർത്ഥ- 

              മില്ലവൾ ദേവിയ്

ല്ലോതി മാമുനി; മറ്റൊരുത്തനുടൻ

              പറഞ്ഞു സഗൗരവം.                                                                     

38

“എന്തെടാ പറയുന്നു നീ തൊഴുകില്ലയോ?

              വിടുവിഡ്ഢി നീ-

യെന്തറിഞ്ഞൊരു ദിവ്യമന്ത്രമിവൻ

             ജപിക്കുകിലിക്ഷണം

ഭദ്രകാളി കടന്നു തുള്ളിടുമെന്നിൽ,

             നിന്റെ കളേബരം

ക്ഷുദ്രതണ്ഡലതുല്യമാക്കി ഞെരിച്ചു

             ചോര കുടിച്ചിടും.                                                                          

39

എല്ലൊടിച്ചുടലും പിളർന്നവൾ ചാർത്തിടും 

             കുടൽമാല, നീ

നല്ലവാക്കിനധീനനാകുവതുത്തമം” 

            വിരമിച്ചവൻ.

“അല്ലയോ’ പറയുന്നു തോമ്മ”യഭിജ്ഞർ 

            നിങ്ങളെ വാക്കിനാൽ

വെല്ലുവാൻ പണി സത്യമിങ്ങനുഭൂതി- 

            യാൽ തെളിയിച്ചിടാം                                                                          

40

കാളിപൂജ നിഷിദ്ധമെന്നതു കാട്ടു- 

            വാനൊരു കാട്ടുതീ- 

യാളിവന്നിടുമ്പലം വനമാകെ 

            വെന്തു നശിച്ചിടും.”

ആളിവന്നതമർഷമാണതിരാളി- 

            യിൽ,പരമുഗ്രാം

കാളിയെന്നു നടിച്ചൊരുത്തനഹോ ഭയ-

            ങ്കര തുള്ളലായ്                                                                                   

41

തറ്റുടുത്തു വിശേഷരീതിയിൽ രക്ത- 

           വർണ്ണമൊരംബരം

ചുറ്റി മീതിലണിഞ്ഞു ചേലൊടു കോർത്തു- 

           ചേർത്തൊരു വെണ്ടകൾ

ഏറ്റവും ഭയമേകിടും കൊടുവാളു

           കൈയിലുമേന്തി നി-

ന്നൂറ്റമോടു തുടങ്ങി ഭീകരനർത്തനം

           വെളിവറ്റപോൽ.                                                                                  

42

പേപറച്ചലതിൽപ്പരം; നിലവിട്ടു

           തുള്ളിമറിഞ്ഞുകൊ

ജോതി “ദുഷ്ടരെ വെട്ടി മാറു പിളർന്നു

           ചോര കുടിച്ചിടും.

കാർന്നു ഞാൻ കരൾ തിന്നു’മെന്നു പറഞ്ഞു

           തന്റെ ശിരസ്സിലേ-

ക്കാഞ്ഞുവെട്ടിയൊഴുക്കി ചോര, കുടി-

           ച്ചപ്പോ വ്യകതുല്യനായ്                                                                    

43

എന്തു ഭീകര,മെന്തിനിക്കളി കണ്ടു 

           ഞാനിഹ നില്‌പതെ-

ന്നന്തരംഗവിചാരമോടു നടന്നു 

            തെല്ലിട നീങ്ങവേ 

പിന്തിരിഞ്ഞവനമ്പലത്തിനു നേർക്കു-

           യർത്തി വലത്തുകൈ 

ചന്തമായ്ക്കുരിശിന്റെയാകൃതിയിൽ 

          ചലിച്ചതു വായുവിൽ.                                                                      

44

ഘോരമായൊരിരമ്പൽകേട്ടു,ടനെത്തി 

          വന്യഹുതാശനൻ

പാരിടത്തെ വിഴുങ്ങുമാറു; ജനങ്ങ- 

          ളോടി ഭയത്തോടേ.

ആരു കണ്ടിതുപോലെ സംഭവ,മഞ്ചു 

           മാത്രയിലാസ്ഥലം 

ക്ഷാരസംഹതികൊണ്ടുമൂടിയ ശാപ- 

           വേദിക മാത്രമായ്.                                                                        

45

മാരണത്തിനു ഹേതുവായവനെ- 

           ത്തിരഞ്ഞു പിടിക്കുവാൻ

വീരശൂരപരാക്രമങ്ങൾ തുടങ്ങി

         വൈരികൾ തൽക്ഷണം.

കാരണൻ നിജ ഭക്തനെസ്സവിധത്തി- 

         ലേയ്ക്കു വിളിക്കുവാൻ

നേരമൊന്നു കുറിച്ചിരുന്നതടുത്തു- 

         വോ ജഗദീശ്വരാ!                                                                           

46

ഭക്തിയുള്ള ജനത്തിനില്ലകതാരിൽ

           മൃത്യുഭയം ലവം 

മുക്തിവാഞ്ചയിലാണ്ട മർത്യനു 

           വിഷ്ടപം പരദേശമാം.

ക്രിസ്തുശിഷ്യനരാതികൾക്കറിവിൽ- 

            പ്പെടാത്ത ഗുഹയ്ക്കക

ത്തെത്തി ശീഘ്ര,മതാണു ഗൂഢതപ- 

            സ്ഥലം പരിപാവനം.                                                                           

47

മുട്ടുകുത്തി നമിച്ചു വീണു കടുത്ത 

            പാറയതിന്നു മോ- 

ലൊട്ടുമാത്രകളേകതാനതയോടു 

            പ്രാർത്ഥനചെയ്യവേ,

തട്ടുമുട്ടു നിനാദമന്തികസീമ്നി

            കേട്ടവ”നേശുവേ,

വിഷ്ടപേശ്വര, പാഹി” യെന്നു വിളിച്ചു

            സംഭ്രമമെന്നിയെ.                                                                              

48

അത്ഭുതം! ശിലയാലടഞ്ഞ കനത്ത 

            ഭിത്തിയിൽ ദൃശ്യമാ-

യപ്പൊഴത്തിരുമേനിയോടളവൊത്ത- 

            തായ് വിടവൊന്നുടൻ

അപ്പുറത്തു കടക്കുവാൻ ജഗദീശ- 

            ചിത്തമിതെന്നുറ-

ച്ചപ്രകാരമിറങ്ങി തൽക്ഷണമാ 

            വിലത്തെ വെടിഞ്ഞുപോയ്.                                                         

49

ശത്രദൃഷ്ടികളിൽപ്പെടാതെ നടന്നു 

            സത്വരമങ്ങു ചെ-

ന്നെത്തി വേറൊരിടത്തു നല്ല മലപ്പുറ- 

            ത്തവനേകനായ്

തത്ര വീണ്ടുമവൻ സുരക്ഷിതനല്ല,

            കാര്യമറിഞ്ഞുവോ?

പ്രാർത്ഥനയ്ക്കു തിടുക്കമാണതു സൽപ്ര

            ചോദനമുത്തമം.                                                                            

50

ഹാ! ശിലാതലമൊന്നിൽ മുട്ടുകളൂന്നി

           കൈകൾ വിരിഞ്ഞുയർ

“ന്നേശുവേ, പരിപാഹി”യെന്നു ജപം 

           തുടങ്ങി യതീശ്വരൻ.

“ഈശനന്ദന, കന്യകാസുത, ലോക- 

            രക്ഷക, പാഹിമാം!

ദേശികോത്തമ, നാശനാശന, മോക്ഷ- 

            ദായക, പാഹിമാം!                                                                          

51

“ശക്തിദായക, മുക്തിദായക, പാഹിമാ 

           പരിപാഹിമാം

വ്യക്തമായിതു പേർത്തുപേർത്തുരുവിട്ടു

          മീലിതനേതനായ്

നില്ക്കവേയൊരു കശ്മലന്റെ കടുത്ത 

          കൈയുടെ ശക്തിയാ

ലൂക്കൊടെത്തിയ ശൂലമത്തിരുമാർ 

          പിളർന്നു ഭയങ്കരം!                                                                         

52

“യേശുവേ, മരിയാംബികേ, തുണയെ- 

          ന്നുരച്ചു നിലംപതി

ച്ചാശു ഘാതകനോടി കൂട്ടരുമൊത്തു,

            വാർത്ത പരന്നുടൻ.

“ഈശ്വരാ! പരിഹാരമെന്തിതി”നെന്നു

            മാറിലടിച്ചുപോയ്

ദേശികന്റെ ദുരന്തവാർത്തയറിഞ്ഞ

            ഭൂപതിയാർത്തനായ്.                                                                    

53

ഓടിയല്ല പറന്നുതന്നെയടുത്ത- 

         ണഞ്ഞു മഹീശ്വരൻ

കൂടെയുണ്ട്രുമസ്സുതൻ പരിവാരവും 

         പരിതപ്തരായ്.

ആടലാർന്നു കിടന്ന തോമ്മയെ ബാഷ്പ- 

          പൂരിതലോചനത്തോ

ടു നോക്കിയടുത്തു മുട്ടുകളൂന്നി 

           സാദരമേവരും.                                                                               

54

മേല്പുരോഹിതനായ പാർത്ഥിവനന്ദൻ 

            കരവല്ലികൾ

കൂപ്പിനിന്നു വിളിച്ചു ഗൽഗദപൂർവ്വ- 

             മാ ഗുരുപാദരെ.

അല്പമൊന്നു തുറന്നു കണ്ണു,കളൂറി 

             പുഞ്ചിരി ചുണ്ടിലും

ബാഷ്പമുത്തുകളാ മുഖത്തു പൊഴിച്ചു 

             വത്സലശിഷ്യനും.                                                                         

55

അപ്പൊഴും തിരുമാറിലൂന്നിയിരുന്ന 

            ശൂലമതിൽത്തൊടാൻ,

ക്ഷിപ്രമൂരിയെടുക്കുവാൻ, ചെറുതില്ല 

            ധീരതയെങ്കിലും

അല്പവേപഥുവാർന്ന കൈകളവശ്യ-

             മായതു ചെയ്യവേ

തല്പമാം ശില പൂതമായി ചൊരിഞ്ഞ

              ശോണിതധാരയാൽ.                                                                  

56

ശൂലമേ, തവ ഭാഗധേയമനല്‌പ-

            മാ ഹൃദയത്തിൽ നീ

ചേലൊടെത്തി വസിച്ച മാത്രകളാഴ്ത്തി 

            നിന്നെ വിശുദ്ധിയിൽ. 

മേലിലാദൃതവസ്തുവായറിയപ്പെടും 

            ഭുവനത്തിൽ നീ, 

മാലകറ്റിയനേകരിൽ പരിതുഷ്ടി 

            ചേർക്കുമസംശയം.                                                                    

57

രാജകീയരഥത്തിലേറ്റിയടുത്തു 

            നല്ല സുരക്ഷിത

സ്ഥാനമൊന്നിലണച്ചു ധന്യനെഭക്ത- 

            നാം പെരുമാളുടൻ.

വേണ്ടപോൽ പരിചര്യചെയ്തരികത്തു

            നിന്നു; മഹാജനം 

വീണ്ടുമെത്തുകയായതീവപരിഭ്രമ- 

            ത്തോടു ചുറ്റിലും                                                                         

58

അന്ത്യമായൊരു വാക്കു കേൾപ്പതി,നെന്നു

            വേണ്ടവിശുദ്ധനോ

യന്ത്യമാത്രയിലൊന്നു കാണ്മതി,നത്ര-

            യല്ലൊരനുഗ്രഹം

അന്ത്യമായി ലഭിപ്പതിന്നവരെത്തിടു-

             ന്നധികാശയോ-

ടെന്തിനത്ഭുത,മങ്ങവർക്കിഹ ദൃശ്യ-

             ദൈവവുമല്ലയോ?                                                                      

59

ഘാതകന്നുകൊടുത്തുമാക്കവിടുന്നു, 

             രാട്ടുമതേവിധം

ജാതമോദമവന്റെ ശിക്ഷയൊഴിച്ചു 

             ക്രൈസ്തവമാതൃക

നീതിയെ ക്ഷമ വെല്ലുമാറു കൊടുക്കു- 

             വാൻ കനിയേണമോ-

ന്നാതുരന്റെ വിനീതയാചനയാദ-

              രിച്ചു ധരാധവൻ.                                                                       

60

വേദനയ്ക്കിടയിൽ പ്രശാന്തത കൈ-

               വിടാതെ കിടന്നുകൊ

ണ്ടോതി ഭാവിയിലേക്കുവേണ്ടിയവശ്യ-

               മായ് പല കാര്യവും

സാദരം പെരുമാളുമാത്മജനും ശ്രവി-

               ച്ചവയൊക്കെയും

ഖേദമോടു സമീപമായി നിലകൊണ്ടി-

               രുന്നൊരു സീപ്പറും.

61

“ശിഷ്ടനാം ഗുരുദേവ, സുസ്ഥിതിയല്ല 

               കാണുവതെങ്കിലും

വിട്ടുപോകരുതങ്ങു ഞങ്ങളെ; ദീർഘ-

                മാം സുഖജീവിതം

വിഷ്ടപാധിപനേശുനാഥനൊടങ്ങു 

                യാചന ചെയ്യുകിൽ 

കിട്ടു”മെന്നുരചെയ്തു ശിഷ്യരിലൊട്ടു-

               പേർ പരമാർത്ഥരായ്.

62

“മക്കളേ, പ്രിയശിഷ്യരേ, പരിപാടി

                തീർന്നിനിയിങ്ങു ഞാൻ

നില്ക്കുവാനൊരു കാര്യമില്ലറിയുന്നു

                ദൈവമതൊക്കെയും

ഓർക്കണം യജമാനനാണു വിളിച്ചിടു-

                  ന്നതു. …. ഭാഷണം

തീർക്കുവാൻ കഴിയാതെ സാദമനുക്ഷണം

                  ബഹുശക്തിയായ്.

63

സ്വർഗ്ഗദർശനകാംക്ഷയാർന്നവിധം തുറ-

                    ന്നഥ കണ്ണുകൾ,

നോക്കിയാ ജനസഞ്ചയത്തെയവർക്കു

                    നല്കിയനുഗ്രഹം 

മേൽപ്പുരോഹിതനിൽക്കടാക്ഷമണഞ്ഞു

                     വത്സലശിഷ്യനിൽ,

ചേർത്തു കൈകളുമന്ത്യമായഭിഷിക്ത-

                     മായ ശിരസ്സതിൽ.                                                                        

64

അന്ത്യശാസനമായുരച്ചു മൈത്രി-

                    യാണു പരസ്പരം

ശാന്തി നേർന്നഖിലർക്കുമാപ്പരിശുദ്ധ-

                     വാങ്മധുധാരയാൽ. 

രണ്ടുനാലുരുവിട്ടു രക്ഷകനേശു-

                     വിൻ തിരുനാമമ-

ച്ചുണ്ടിലെച്ചലനം പതുക്കെ നിലയ്ക്കയോ

                      ജഗദീശ്വരാ!

65

ശ്വേതവാരിദശോഭയാർന്ന കപോത-

                 മൊന്നു പറന്നുയർ-

ന്നേതുമേ തടവെന്നിയംബരസിമ്നി

                  പോയ് മറയുന്നതാ

ഓതി കണ്ടവരൊട്ടനേകരതേ

                 വിനാഴികയിൽ; പരം

പൂതമാം തിരുദേഹിയങ്ങനെ കൂടു 

                  വിട്ടു പറന്നുപോയ്.

66

ചോഴമണ്ഡലമാകെ നിശ്ചലമായി;

                 കിംകരണീയമെ-

ന്നൂഴിപാലനുമോർത്തു; നഷ്ടമിതല്‌പമോ 

                   പരിഹാര്യമോ?

ഊഴിയിൽക്കുഴി താഴ്ത്തിയ നിധി പൂഴി-

                   യിട്ടു മറയ്ക്കയോ?

വ്യാഴമണ്ഡലമെത്തി വച്ചിതു ഭദ്ര-

                   മാക്കുവതുത്തമം. 

67

എന്തു ചെയ്യുമതാർക്കു സാദ്ധ്യ,മസാദ്ധ്യ-

              മായതിനെക്കുറി-

ച്ചെന്തിനിങ്ങനെ ചിന്തയെന്നുമുടൻ

              നിനച്ചു മഹീപതി

അന്തരംഗവികാരമാകെയടക്കി

             -യാ മൃദുമേനിത

ന്നന്തികേയറിയാതെയങ്ങനെ നിന്നു-

             പോയ് ചില മാത്രകൾ.

68

ക്രൈസ്തവോചിതമാംവിധം പരി-

            പൂജ്യമാം തിരുമേനിയേ 

സംസ്കരിക്കുകയെന്നുറച്ചു; വരിച്ചവൻ

           ഹൃദി ശാന്തിയും            

അസ്തമിച്ചുകഴിഞ്ഞഹർപ്പതി,യബ്ധി-

          മേഖലയപ്പൊഴേ

വസ്ത്രമൊന്നസിതം ധരിച്ചു വിലാപ-

          സൂചകരീതിയിൽ.

69

മോടിയേറിയനർഘനിസ്തുലമായ

          പട്ടുതരങ്ങളാൽ

മൂടിയത്തിരുമേനി ശിഷ്യരതീവ 

         ഭക്തിപുരസ്സരം

താതനാം പെരുമാളുമുന്നതവൈദി-

          കൻ മകനും വഹി-

ച്ചാദരിച്ചണിമഞ്ചമൊന്നിനുമേൽ

          കിടത്തി യഥാവിധി.

70

അത്തമസ്വിനിയപ്പുറത്തു കടന്നു  

             മാറിമറഞ്ഞുപോയ് 

ചിത്രഭാനുവണഞ്ഞു ദീധിതി വീശി 

             ഭൂമിയിലെങ്ങുമേ.

എത്തിയൊട്ടധികം ജനം വിലപിച്ചു. 

             കൊണ്ടു വിശുദ്ധമാം

മൂർത്തിയെപ്പരമാദരിച്ചവർ നിന്നി-

             രുന്നു വിനീതമായ്.

71

രാജകീയനിലയ്ക്കു ചേർന്ന വിലാപ-

            യാത്ര തുടങ്ങുവാൻ

വ്യാജമല്ല ജനങ്ങളാകെ നിരന്നൊ-

           രുങ്ങി യഥോചിതം.

ഹാ! ജിതേന്ദ്രിയനായവന്റെയമൂല്യ-

          മായ കളേബരം

പൂജിതം ബത സംസ്കരിപ്പതിനർഹ-

          മേതിടമീ ഭുവി?

72

അങ്ങുതന്നെയൊരിക്കലുന്നതസിദ്ധി-

             യാൽപ്പണിയിച്ചൊരാ

തുംഗഭൂതികലർന്ന പള്ളിയൊടൊത്തു

            നിൽപ്പൂ മയിൽപ്പൂരി.

ഭംഗിവാക്കുരചെയ്കയല്ലവിടം വി-

          ശുദ്ധനു നേർന്നിടു-

ന്നിംഗിതത്തിനിണങ്ങിടുംപടി ഹൃദ്യ-

          മാം വരവേല്പുകൾ.

73

ചന്ദനത്തടി ഹേമശില്പവുമൊത്ത

            നല്ലൊരു പെട്ടിയിൽ

വന്ദ്യമാം ജഡമാദരിച്ചവർ വച്ചു

            പട്ടു വിരിച്ചതിൽ.

നിന്നുകേണ ജനത്തോടായൊരു ശാന്തി-

          ദായകഭാഷണം

വന്ദ്യനുന്നതവൈദികൻ സരസം 

നടത്തി സഗദ്ഗദം.

74

തേരിലേറ്റിയിരുന്ന പൂജിതപേട- 

കത്തിനു മുമ്പിലായ് 

ശോകഗീതികളാലപിച്ചു നിരന്നു- 

നിന്നു ജനാവലി. 

വാരിവാരിയെറിഞ്ഞതിലേയ്ക്കു

പൂക്കളനേകരും

വീശിവീശിയഹോ തളിച്ചു സുഗന്ധ- 

തൈലവിശേഷവും.

75

നീളെനീളെ നിരന്നകമ്പടിയാ

രഥത്തിനു നിന്നുകൊ-

ണ്ടാളു പോയതിനെണ്ണമില്ലതു നാട്ടിൽ 

നൂതനകാഴ്ചയായ്.

ഭാരതത്തിലിതാദ്യസംഭവ,മീദൃശം

മൃതദേഹസം-

സ്കാര,മാളുകളെത്തി പള്ളിയി,ലാ

വിശുദ്ധശരീരവും.

76

തീർത്തിരുന്നു യഹൂദരീതിയിലുള്ള 

കല്ലറ ചന്തമായ്

പാർത്ഥിവൻ നെടുവീർപ്പൊടേയതിൽ നോക്കി 

യങ്ങനെ നില്ക്കവേ,

പേർത്തുമാ ജനമശ്രുധാരയൊഴുക്കവേ,

ബഹുപൂജ്യമായ്

ഭക്തമന്ത്രമുരച്ചുകൊണ്ടതിൽ വച്ചു 

ദിവ്യകളേബരം.

77

തത്ര കണ്ടൊരു ദീപ്തമാം പരിവേഷ

മാ ജനസഞ്ചയം

ചിത്രമായ് വിലസുന്ന ശക്രധനുസ്സതി- 

ന്നടി കൂപ്പണം.

ഹൃത്തിലേയ്ക്കതിൽനിന്നു ശീതളരശ്മി- 

വീശിയകത്തുചെ-

ന്നെത്തിയെന്നു ചിലർക്കുതോന്നി, മറഞ്ഞു- 

പോയതു സത്വരം.

78

മൂടി കല്ലറ വൈദികാഗ്രണി,യീ വച-

സ്സുകൾ കൂപ്പുകൈ-

യോടുകൂടി ജപിച്ചു മന്ദ”മനന്ത- 

നാമഖിലേശ്വരൻ

ആടലറ്റൊരുയിർപ്പുമുന്നത നിത്യ- 

ജീവിതവും കൊടു-

ത്തീടുവാൻ കനിയട്ടെ ഭക്തനിവന്നു 

ശാശ്വതഭാഗ്യവും

79

ഈ വിശുദ്ധജഡത്തിനന്തിമസേവ-

നം ബഹുമാനവും

ചെയ്തവർക്കരുളട്ടെ ദൈവമനുഗ്രഹ- 

ങ്ങൾ സമൃദ്ധിയായ്.

ആവസിച്ചു വളർന്നിടട്ടെ സദാപി

നിങ്ങളിലക്യപാ

പൂരമിപ്പൊഴുമെപ്പൊഴും വിരമിച്ചിടാ- 

ത്തൊരുനാൾ വരെ.

80

ജനസംഹതി ശോകമൂകരായ് 

നിലകൊണ്ടങ്ങനെ കൃത്യമൂഢരായ്

നെടുവീർപ്പുകൾ വാനിലെത്തവേ 

ചുടുകണ്ണീരുതിരുന്നു ഭൂമിയിൽ.

81

കുഴിമാടമതിനകത്തു നി-

ന്നവരോടാ മധുരപ്രഭാഷണം

കൃതിദേശികനെപ്പൊഴും മുദാ 

തുടരുന്നെന്നു നിനച്ചുപോയവർ.

82 

ഇനി ഭാഗ്യമുദിക്കയില്ലയോ 

പ്രിയമുത്തപ്പനെയൊന്നു കാണുവാൻ 

ഇതി ചിന്ത, വിശിഷ്യനാരിമാർ-

ക്കിടനെഞ്ചൊട്ടു തകർത്തു മേൽക്കുമേൽ.

83 

അഴലേറിടുമാ ജനങ്ങളോ-

ടിതി മെത്രാനരുൾ ചെയ്തു സാന്ത്വനം:

“ഒരു ശാശ്വതലോകമുണ്ടു നാ- 

മവിടെച്ചെന്നൊരുമിക്കുമേവരും.

84

വിരഹം വരികില്ല. ദുഃഖമി- 

ല്ലവിടെക്കൂരിരുളില്ല രോഗവും 

മൃതിയെന്നതുമില്ലൊരുത്തനും

പരമാനന്ദരംഗമാ സ്ഥലം.

85

മരണം പടിവാതിലാണു നാ- 

മതിലൂടേയകമേ കടക്കണം. 

അതിനേഹൃദി ശാന്തിയോടുനാ- 

മെതിരേല്ക്കേണ്ടതവശ്യമല്ലയോ?

86

അറിയേണമശുദ്ധിലേശമു- 

ള്ളവരേ വാതിലകത്തു വിട്ടിടാ. 

വ്യഭിചാരമകന്നു നില്ക്കണം 

കൊലയും വഞ്ചനതൊട്ടതൊക്കെയും.”

87

ഉപദേശമിതാദരിച്ചുകൊ-

ണ്ടുടനേ പോയ് പലരും ഗൃഹങ്ങളിൽ 

അഹിതങ്ങളിലൊക്കെയന്തമ- 

റ്റൊരു ഭാഗ്യത്തെയനുസ്മരിക്കനാം.

88

പകലും നിശയും വിശുദ്ധക- 

ല്ലറയെച്ചുറ്റിയതീവഭക്തരായ്

ജപവും തപവും നടത്തി ക്രൈ-

സ്തവമാം ചേതനയോടനേകരും.

89

കേപ്പാമെത്രാൻ മരണവിവരം 

വാനിലേ ദൂതരോതി

ക്കേട്ടിറ്റേറ്റം ഹൃദയകിടിലം-

കൊണ്ടു നിശ്ചേഷ്ടനായി.

മാർത്തോമ്മായാം പ്രിയഗുരുവരൻ

പള്ളികൊള്ളും സ്ഥലത്തൊ- 

ന്നെത്തിച്ചേരാൻ ചിറകുകൾ ലഭി- 

ച്ചെങ്കിലെന്നാഗ്രഹിച്ചു.

90

അമ്പേറുന്നോരനുഗരിരുവർ

മാളിയേയ്ക്കൽ കടപ്പൂർ

റമ്പാന്മാരാണവരെയറിയി-

ച്ചീടുവാനാളയച്ചു.

എന്തായാലും നിമിഷമവരും

നഷ്ടമാക്കാതെയെത്തി

ട്ടന്തസ്താപത്തൊടു പദികരായ് 

മൂവരും ചേർന്നിറങ്ങി.

91

എത്രനീണ്ട വഴിയാത്രചെയ്തു പല

കാടുമേടുപുഴയൊക്കെയും

പ്രാർത്ഥനാ നിരതരായ്ക്കടന്നധിക-

ധീരരായ് സുകൃതി വീരരായ് 

തീർത്ഥകപ്രമുഖരായി ദിവ്യഗുരു-

വിന്റെയന്ത്യശയനസ്ഥല- 

ത്തെത്തിയപ്പൊഴകതാരിലേ വിധുതി

വർണ്യമോ കവി കലാഢ്യനും?

92 

സ്വാഗതം സപദി ചോഴഭൂപതിയു- 

മാത്മനന്ദനനുമൊത്തുചേർ-

ന്നാഗതർക്കരുളി ബാഷ്പമുത്തുമണി- 

കൊണ്ടു തീർത്ത നവ മാല്യവും. 

ആ വിശുദ്ധപിതൃസദ്മസീമനി 

നടത്തിയശ്രകണതർപ്പണം 

മൂവരോടുമൊരുമിച്ചു മുമ്പവിടെ 

നിന്നിരുന്നവരുമൊന്നുപോൽ

93

ഒത്തുചേർന്നു പലരന്നുതൊട്ടു ജപ- 

യജ്ഞമായവിടെ,യേറ്റവും

ഭക്തിപൂർവ്വമഥ മാറിമാറിയവർ

നിന്നിരുന്നിതു ദിവാനിശം.

പത്തുനാളുകൾ തികഞ്ഞിടാൻ സമയ- 

മേറെയില്ല, ഗഗനത്തുനി-

ന്നെത്തി നല്ലൊരു മഹസ്സ,നന്തരമ- 

തീവദിവ്യമൊരു ദർശനം.

94

കൊട്ടാരമൊന്നധികദീപ്തി കലർന്നു വാനി- 

ലൊട്ടേറെയുന്നതിയിലായ് നിലകൊണ്ടിരുന്നു 

ദൃഷ്ടിക്കതിന്റെ പരിണാഹമിഹത്തിലാരും

തിട്ടപ്പെടുത്തിയൊരുവാക്കുരചെയ്യുകില്ല.

95 

കാന്തിപ്പകിട്ടിനുപമാനമെടുത്തുകാട്ടാൻ 

ചിന്തിച്ചിടുമ്പോഴതിനോടതുതന്നെ തുല്യം 

സന്താനശാഖി, കനകം, നവരത്നമെല്ലാ- 

മെന്താ,ണതിനൊരു ചവിട്ടുപടിക്കുമാകാ.

96

ആനന്ദവാരിധി മഥിച്ചമൃതം ഭുജിപ്പോ –

രാണെന്നുതോന്നുമധിവാസികൾ തത്രയുള്ളോർ. 

ആ നല്ല സൗധമതിൽ വാണരുളുന്നു തോമ്മാ 

മാനാധികദ്യുതിയെഴുന്ന നൃപാസനത്തിൽ.

97

പാൽപുഞ്ചിരിപ്രഭ, കടാക്ഷവുമങ്ങുനിന്നും 

കീഴ്പ്പോട്ടു മക്കളുടെ നേർക്കു ചൊരിഞ്ഞിടുന്നു. 

അല്‌പതരം മധുരമായ് ചില വാക്കുമേവം 

കല്പിച്ചുരച്ചു കുളിരേകിയവർക്കു ഹൃത്തിൽ.

98

“നിങ്ങൾക്കു ശാന്തി പ്രിയമക്കളെ, നിത്യകാലം 

ഭംഗം വരാത്ത തുലയറ്റ സുഖാനുഭൂതി 

എന്നെപ്പുണർന്നിടുകയാണിഹ; മേലിലാരു 

മെന്നെക്കുറിച്ചു കരയായ്ക, സമാശ്വസിക്ക.

99

വന്നെന്റെ ശാന്തി സദനത്തെ നമിച്ചിടുന്നോർ- 

ക്കെൻനാഥനേശു ചൊരിയും വരമാരി നിത്യം 

എന്നല്ല കേരള സഭാതരു പന്തലിച്ചു 

നന്നായ്‌ത്തഴച്ചു തണൽ നാട്ടിനശേഷമേകും.”

100

മാർത്തോമ്മാ വിജയം വരിച്ചതറിയി-

ച്ചീടുന്നൊരീ ദർശനം 

മെത്രാന്മാർ മികവുറ്റ വൈദികർ, മഹീ-

പാലൻ ജനക്കൂട്ടവും

പാർത്തിട്ടക്ഷിയുഗംകടന്നു കരളി-

ന്നാഴം വരേ വീചിപോ-

ലെത്തിച്ചേർന്ന കുളിർമ്മയെന്തു പറയാം.

ഭവ്യോദയം ഭാസുരം!

101