രമാദേവി

എഴുത്തൊന്നു കൈയിൽ കിട്ടി, സ്ഥലം നോക്കി, മൈത്രീബന്ധം
വഴിഞ്ഞുള്ള സംബോധന സശ്രദ്ധം നോക്കി
ഉടൻ തന്നേയടിയിലേപ്പേരു നോക്കി രമാദേവി
വടിവൊത്ത കൈപ്പടയിൽ പതിഞ്ഞു ദൃഷ്ടി.
പല പൂർവ്വസ്മരണകളുണർന്നുള്ളിൽ, ജിജ്ഞാസയും മലയടിച്ചൊറ്റ
നോക്കിൽ വായിച്ചുതീർക്കാൻ.
അതുവരെത്തള്ളിക്കൊണ്ടുപോയില്ലെങ്കിലെന്റെ ചേച്ചീ
യിതുവരെ ചെയ്തതെല്ലാം വിഫലമാകും,’
എന്തു പറയേണമെന്നു ചിന്തിച്ചുകൊണ്ടല്പനേര-
മന്തംവിട്ടനിലയിൽ ഞാനിരുന്നുപോയി.
ശശി വീണ്ടും ചോദ്യമായി ‘കടമ്പയ്ക്കലിട്ടുടച്ചു
നശിപ്പിക്ക നന്നോ ചേച്ചി ചുമന്ന ഭാരം?
ചേച്ചിയെന്തുചെയ്യണം? നീ പറഞ്ഞാലും പൊന്നുമോനേ,
കൊച്ചുനാളുമുതൽക്കെന്നെയറിയുന്നല്ലോ.
‘എന്തിനീ ഗദ്ഗദം ചേച്ചീ? പോംവഴി ഞാൻ ചൊന്നിടട്ടെ,
അന്തരംഗമസ്വസ്ഥമാക്കാതെ കേൾക്കണം.
വീടുവിറ്റു കാര്യമിന്നു നേടുക, ഞാൻ പണിയിക്കാം
മേടവേറെ,യെന്റെ ഭാവി ഭാസുരമായാൽ.
സുപ്രതീക്ഷയുണ്ടെനിക്കു, നല്ലജോലിയൊന്നു കിട്ടു-
മിപ്രകാരം ചേച്ചി പിന്നെ ബുദ്ധിമുട്ടേണ്ട.’
പറഞ്ഞതു പ്രവർത്തിച്ചു പണമെല്ലാം കൈക്കലാക്കി
പുറപ്പെട്ടു കഴിഞ്ഞെന്റെ ജീവന്റെ ജീവൻ.
മരീചിയാൽ വഞ്ചിതയായതിരില്ലാതുള്ള മഹാ-
മരുസ്ഥലമദ്ധ്യത്തിലായെന്നെ ഞാൻ കണ്ടു.
മരുഭൂമി ചുറ്റുപാടും കാണുന്നു ഞാൻ- മരുഭൂമി-
തിരിച്ചുവന്നിട്ടില്ലെന്റെ ശശിയിന്നോളം.
ഒരു തുണ്ടുകടലാസിലൊരു കുറിപ്പയയ്ക്കാനും
കരുണയില്ലാത്ത കരളവനുണ്ടല്ലോ.
കരഞ്ഞു ഞാൻ കായിതങ്ങളയച്ചിട്ടും ഫലമില്ല,
കരിങ്കല്ലാൽ തീർത്തതാവാമവന്റെ ചിത്തം.
കിടപ്പിടമില്ല പാർക്കാൻ, ജോലിചെയ്യാനാരോഗ്യമി-
കുടപ്പിറന്നവനായിസ്സമർപ്പിച്ചെല്ലാം.
വലിയൊരുനിലയിലാണെന്റെ ശശി, പത്രദ്വാരാ
പലതും ഞാനറിയുന്നുണ്ടവനെപ്പറ്റി.
അതുമതിയെനി,ക്കെന്റെ സ്വയംബലി സഫലമായ്,
കൃതാർത്ഥതയെന്നിൽ ജീവൻ നിലനിർത്തുന്നു.
നമസ്കാരമഭിവന്ദ്യസഹോദരീ, ദീർഘനേരം
ക്ഷമിച്ചിതു വായിച്ചല്ലോ വിരമിപ്പൂഞാൻ
വരട്ടെയോ സവിധേ ഞാ,നൊന്നുകൂടിച്ചോദിക്കയാ-
ണെരിയുമെൻ കരളൊന്നു കുളിർപ്പിക്കാമോ?
അങ്ങുമിങ്ങുമാമൂലാഗ്രമൊന്നു നോക്കി, ഹൃത്തിലെന്തോ
തിങ്ങിപ്പൊട്ടാൻ തുടങ്ങുമ്പോലെനിക്കു തോന്നി.
മിഴികളിൽനിന്നു തള്ളിപ്പുറപ്പെട്ട ചെറിയ ര-
ണ്ടൊഴുക്കുചാലുകളുടെഗതിവേഗത്തെ
തടയുവാൻ ശ്രമിച്ച് ഞാൻ പരിപൂർണ്ണ പരാജയ-
മടഞ്ഞെന്നു പറയാനും മടിക്കുന്നില്ല.
തുടച്ചു ഞാൻ ലോചനങ്ങൾ ബാഷ്പകണമവിരത-
മടർന്നുവീണെഴുത്തിൽ വെണ്മുത്തുകൾപോലെ.
അതുമല്ല തിരശ്ശീലപോലെയൊരു മറതീർത്തു
കുതിച്ചുയരുന്ന ജലമീക്ഷണങ്ങളിൽ
വിഷമിച്ചു വായിച്ചു ഞാൻ, കാലവർഷപ്പേമാരിയി-
ലുഷപ്രഭയാസ്വദിക്കും കവിയെപ്പോലെ:
അഭിവന്ദ്യയോഗിനിയാം സഹോദരീ, പ്രിയമേരീ,
അഭിവാദ്യം ചെയ്യുന്നു ഞാനാത്മാർത്ഥമായി
‘രമ’യെന്ന സതീർത്ഥ്യയെ മറന്നിട്ടുണ്ടാവില്ലല്ലൊ,
ക്ഷമിക്കണമെന്റെ ചോദ്യമസ്ഥാനത്തെങ്കിൽ.
ഉരുകുന്ന കരളിൽ നിന്നുയരുന്ന പദാവലി
ശരിയല്ലെന്നിരുന്നാലുമനുകമ്പാർഹം.
ഒരുകാലത്തൊരുമിച്ചു പഠിച്ചു നാമുല്ലസിച്ചു
തിരിച്ചിനി വരികില്ലാ ശുഭദിനങ്ങൾ.
പിരിഞ്ഞൊരാ ദിവസവും സമയവുമോർക്കുന്നു ഞാൻ
പരസ്പരം തുടച്ചതുമബിന്ദുക്കൾ
പരമാർത്ഥമോതുന്നെങ്കിലൊരു സുഹൃത്തിനേയിന്നേ-
വരെയും ഞാൻ കണ്ടിട്ടില്ല മേരിയെപ്പോലെ.
വരട്ടെയോ സവിധേ ഞാൻ തമ്മിൽക്കണ്ടു സംസാരിച്ചാ-
ലെരിയുമെൻ മനസ്സിനു ശാന്തി വന്നേക്കാം.
പരിശുദ്ധ സ്ഥാപനത്തിൽ പ്രവേശമില്ലെനിക്കെങ്കിൽ
പരിസരവായുവേറ്റു മടങ്ങിക്കൊള്ളാം.
ചരിത്രമുണ്ടെനിക്കൊട്ടു സുദീർഘമായ് പറയുവാൻ
കരളിന്റെ ഭാരം തെല്ലൊന്നൊഴിച്ചു വയ്ക്കാൻ.
എഴുതുവാൻ ശ്രമിക്കട്ടെ, വാണീദേവി തുണയ്ക്കട്ടെ
കഴിവതും സംഗ്രഹിച്ചു രേഖയിലാക്കാൻ.
നിറയുന്ന ഹൃത്തിന്റെ സ്പന്ദനങ്ങളാരു കാണ്മൂ?
വിറയ്ക്കുന്ന കൈയിൽ പേനായുറയ്ക്കുന്നില്ല.
ഉറച്ചൊന്നു കരഞ്ഞെങ്കിലെന്നുപോലുമോർമ്മിപ്പൂ ഞാൻ
കുറച്ചല്ലജൃoഭിപ്പതു വ്യഥയെന്നുള്ളിൽ
മരിക്കാതെ മരിക്കുന്ന സ്ഥിതിയിലീ ധരയിൽ ഞാ-
നിരിക്കുന്നു ദൈവഹിതം നിറവേറട്ടെ!
‘സ്നേഹ’മെന്ന രണ്ടക്ഷരം സകലരും പഠിക്കുകിൽ
സ്നേഹിതേ, ഈ ലോകം സാക്ഷാൽ സ്വർല്ലോകമാകും.
എന്തിനേവമതുമിതം പുലമ്പുന്നു? നിങ്ങളെയെ-
ന്നന്തരംഗസ്ഥിതിയിനിത്തുറന്നു കാട്ടാം.
തുച്ഛമായ ശമ്പളത്തി,ലദ്ധ്യാപനസേവനത്താ-
ലച്ഛനന്നു കുടുംബത്തെപ്പുലർത്തിപ്പോന്നു.
ജ്യേഷ്ഠത്തിമാർ രണ്ടുപേരേ വൈവാഹികജീവിതത്തിൽ
വിട്ടയച്ചു കൃതാർത്ഥനായ്ക്കഴിയും കാലം
ഹൃദ്രോഗത്താലകാലത്തിൽ പ്രിയപ്പെട്ട താതൻ ദീർഘ-
നിദ്രാധീനനായി, ഞങ്ങളനാഥരായി.
വിധവയാം ജനിത്രിയും ഞാനും കൊച്ചുസോദരനും
വിധിബല,മാവീട്ടിലേയംഗങ്ങളായി.
പറമ്പില്ല, പാടമില്ല, പണമില്ല ബാങ്കിലെങ്ങു-
മുറക്കവുമില്ലാതായി വ്യഥാഭാരത്താൽ.
വിശപ്പിനാൽ തളർന്നാലും പഠിത്തത്തിലുത്സുകനാം
‘ശശി’യെനിക്കൊരു ചിന്താവിഷയമായി.
‘അവരെ ഞാൻ പഠിപ്പിക്കും ബിരുദധാരിയാക്കു’-
മവിതർക്കമുറച്ചെന്റെ മനസ്സിലേവം.
കരണീയമെന്താണെന്നുമാലോചിച്ചു ചെറുതൊരു
വരുമാനമുണ്ടാക്കുവാൻ; ദൈവത്തെയോർത്തു.
ഒരു ജോലിക്കപേക്ഷിച്ചു സർട്ടിഫിക്കറ്റയച്ചുകൊ-
ണ്ടിരിക്കയാണച്ഛനുള്ള കാലത്തുതന്നെ.
പരാപരൻ കടാക്ഷിച്ചാലൊരു കാര്യമസാദ്ധ്യമായ്
വരികില്ലെന്നുള്ളിലെനിക്കുറപ്പുണ്ടെന്നും.
നല്ലവളാമയല്ക്കാരി കുട്ടികൾക്കു ട്യൂഷൻ നല്കാൻ
ചെല്ലുവാനെന്നെ ക്ഷണിച്ചു സന്തോഷത്തോടേ.
പരേതനാം പിതാവിനോടവർക്കേറെ ബഹുമതി-
യിരിക്കയാൽ സഹായങ്ങൾ പലതും ചെയ്തു.
കാലവിളംബമില്ലാതെയടുത്തൊരു സ്കൂളിൽത്തന്നെ
ജോലിക്കുള്ള നിയമനമെനിക്കു കിട്ടി.
അമ്മയെന്നെക്കെട്ടിപ്പുണർന്നനുഗ്രഹിച്ചയച്ചെന്റെ
കണ്മണിയാം ശശീന്ദ്രനും കൃതാർത്ഥനായി.
പതിനെട്ടോ പത്തൊമ്പതോ വയസ്സുണ്ടായിരിക്കുമ-
ന്നതുമുതൽ ജീവിച്ചു ഞാൻ ശശിക്കുവേണ്ടി.
നല്ലനല്ല വിവാഹാലോചനകളോരോന്നു വന്ന-
തെല്ലാമുപേക്ഷിച്ചു സ്വയം വിസ്മരിച്ചു ഞാൻ.
ഒരു കാശു സമ്പാദിച്ചില്ലണിഞ്ഞാഭരണങ്ങൾ,
ഒരു നല്ല വസ്ത്രംപോലും ധരിച്ചുമില്ല.
വിരക്തയായ് ജീവിക്കയാൽ “സന്യാസിനി’യെന്നു ചിലർ
പരിഹാസപ്പേരിലെന്നെ വിളിച്ചിരുന്നു.
ശശിയുടെയഭിവൃദ്ധി മാത്രമല്ലാതൊരാശയും
നിശയിലും സ്വപ്നത്തിലും സ്പർശിച്ചില്ലെന്നെ.
സഹോദരസ്നേഹത്തിന്റെയാഴമളന്നറിഞ്ഞവ-
രിഹത്തിലില്ലേറെപ്പേരീ രമയെപ്പോലെ.
മതിശാലി ശശി നന്നായി പഠിച്ചിരുന്നതുമൂലം
കൃതാർത്ഥതയെനിക്കുള്ളിൽ കവിഞ്ഞു വന്നു.
അതുശരി, പക്ഷേ, കൈയിൽ പണമെത്ര കുമിഞ്ഞാലും
മതിയവനില്ല, പാരം വിഷമിച്ചു ഞാൻ.
വരുത്ത കത്തുകളെല്ലാം പണത്തിനുവേണ്ടിയത്രേ
വരുമാനമാർഗ്ഗമെന്തെന്നില്ലൊരു ചിന്ത
“എന്തായാലുമെന്റെ ശശി വിദ്യാസമ്പന്നനായ് വന്നാൽ
സന്തോഷവും സമൃദ്ധിയുമെനിക്കുണ്ടാകും.
ഉന്തിക്കൊണ്ടുപോകതന്നെയതുവരെ,ക്കഷ്ടതകൾ
മുന്തിനില്ക്കും ദിനങ്ങളെ’യെന്നു ഞാനോർത്തു.
അരവയറഷ്ടിയുമായങ്ങുമിങ്ങും കടം വാങ്ങീ-
ട്ടൊരു വിധമോരോനാളും കടത്തിവിട്ടു.
വയസ്സിനെക്കവിഞ്ഞുള്ള വാർദ്ധക്യത്തിലാക്രാന്തയായ്-
ദയനീയസ്ഥിതിയിലായ്ത്തീർന്നു ജനിത്രി
ഉള്ളുനീറും കാണുന്നേര,ത്തൊരു കഴിവില്ല പെറ്റ-
തള്ളയെപ്പോറ്റാനും; സത്യമാരറിയുന്നു?
എന്നോടോതും പലപ്പോഴുമനുകമ്പാപൂർവ്വമമ്മ
‘പൊന്നുമോളേ, നീ വല്ലാതെ ക്ഷീണിച്ചുപോയി’.
‘സാരമില്ല ക്ഷീണമൊന്നും, ശശി പഠിച്ചിങ്ങു വന്നാൽ
കാര്യമെല്ലാം നേരെയാകുമെന്നു ഞാനോതും,
പരസ്പരം സമാശ്വാസനിരതരായ് ഞങ്ങൾ കഴി-
ഞ്ഞിരുന്നേവം; വ്യാഴവട്ടം കടന്നുപോയി.
പഠിത്തവും പരീക്ഷയും തുടരുന്നു ശശിയന്നും
കൊടുക്കണം പണം കത്തുവരുമ്പോളെല്ലാം
എവിടെനിന്നെടുക്കും ഞാൻ? നിധിയുണ്ടോ വീട്ടിനുള്ളിൽ?
ദിവസങ്ങൾ തള്ളിനീക്കാൻ സാധിക്കുന്നില്ല.
ജീവിതവൈഷമ്യത്താലും മനഃക്ഷീണത്താലുമമ്മ
കേവലം രോഗിണിയായി, ശയ്യയിലായി.
ആരു നോക്കും ഞാനല്ലാതെ? ജോലിചെയ്യാനാരു പോകു-
മാരുനല്കും നാലുകാശു ചികിത്സയ്ക്കായി?
രാജയക്ഷ്മാവാണു രോഗം, ശാന്തിയുണ്ടാകേണമെങ്കിൽ
വ്യാജമല്ല, കാശുകൊണ്ടു കളിയാടേണം.
ഒരു ജീവച്ഛവം പോലെയമ്മയെക്കാണാതെ നിന്നു
കരയുമ്പോൾ കമ്പിവന്നു ബോംബെയിൽനിന്നും
വിറയ്ക്കുന്ന കൈകൾകൊണ്ടു വിടർത്തിയാക്കടലാസു
നിറയുന്ന കണ്ണിണയാലൊന്നു ഞാൻ നോക്കി.
‘ഉടൻ തന്നെയിരുന്നൂറ്റിയെഴുപത്തഞ്ചയണം
മടിക്കരുതെന്നു ശശി’ നോക്കി ഞാൻ വീണ്ടും
ഉടലാകെത്തളർന്നിട്ടാത്തറയിലേക്കേതാണ്ടൊരു
നെടുനിശ്വാസത്തോടേ ഞാനിരുന്നുപോയി.
മനുഷ്യനാണല്ലൊ തപാൽ ശിപായിയു,മെന്നോടേറ്റ-
മനുകമ്പ തോന്നീട്ടയാളാരാഞ്ഞു കാര്യം.
ഉടനടി മറുകമ്പിയയച്ചു ഞാ’നമ്മയ്ക്കപ-
കടനില, ശശി വേഗം വരണ’മെന്നായ്.
ഒന്നുരണ്ടു വാരക്കാലം നോക്കിനോക്കിയിരുന്നിട്ടും
വന്നുചേർന്നില്ലേകപുത്രന്മ്മയെക്കാണാൻ.
‘പണമില്ല യാത്രയ്ക്കെന്നു കമ്പിവന്നു വീണ്ടും; കണ്ണീർ-
ക്കണങ്ങളേയുള്ളനിക്കു പണയമാക്കാൻ.
മനക്കരുത്തെല്ലാം പോയി കർത്തവ്യബോധമില്ലാതെ
ജനിത്രിതൻ പാദത്തുങ്കൽ കവിണ്ണു വീണു.
കരഞ്ഞു ഞാനെന്നെത്തന്നെ നിയന്ത്രിക്കാൻ സാധിക്കാതെ
ചൊരിഞ്ഞ കണ്ണീരിൽ പാദം നനച്ചു നന്നായ്.
‘കരയാതെ പൊന്നുമോളേ, ശശിക്കു കത്തയച്ചില്ലേ?
മരുന്നു വാങ്ങിക്കാനത്ര തിടുക്കം വേണ്ട.
വരുമവൻ നാളെ’യെന്നു പറഞ്ഞിട്ടു ചുമയായി-
വരുംവരായ്കകളെല്ലാമാരറിയുന്നു?
പിതാവിന്റെ സുഹൃത്തുക്കൾ ശിഷ്യന്മാരും ചിലരെല്ലാ-
മുദാരമായി സഹായിച്ചു പട്ടിണി നീക്കാൻ.
ജ്യേഷ്ഠത്തിമാരിടയ്ക്കിടെ വന്നിരുന്നു, കഴിവുപോ-
ലൊട്ടു സഹായങ്ങളെല്ലാമവരും ചെയ്തു.
വിവാഹിതരല്ലേയവർ? ജനിത്രിയെശുശ്രൂഷിച്ചു
ദിവസങ്ങൾ കഴിക്കുക സാദ്ധ്യമല്ലല്ലോ.
വേദനയ്ക്കും യാതനയ്ക്കുമിടയ്ക്കെന്റെ കൈപിടിച്ചു
ചോദിക്കുന്നാ പ്രസവിത്രി “പൊന്നുമോൻ വന്നോ?
നിനക്കാരാണിനിയൊരു തുണയെന്ന കാര്യം മാത്ര-
മെനിക്കൊരു ചിന്ത,യവൻ വരുന്നില്ലല്ലോ.
ആരെങ്കിലുമാളുണ്ടെങ്കിൽ പറഞ്ഞൊന്നു വിടൂ ചേച്ചി-
മാരെയിങ്ങു വിളിപ്പിക്കു താമസിക്കാതെ.’
എല്ലാം തീർന്നു പുത്രിമാരും മിത്രങ്ങളും ചുറ്റിനിൽക്കെ
നല്ലാർമണി നിത്യനിദ്രാവശഗയായി.
എന്നെപ്പറ്റി ബാക്കിയെന്തു ചൊല്ലേണ്ടു ഞാൻ സഹോദരീ?
തന്നെത്താനേ ചിന്തിച്ചാലും യോഗിനീ, നിങ്ങൾ.
ആരോ നല്ല സുഹൃത്തുക്കൾ കൊണ്ടുവന്നു ശശീന്ദ്രനെ
നേരം തെറ്റി, കണ്ണീർ വീഴ്ത്തി ചിതാഭസ്മത്തിൽ.
ചില ദിവസങ്ങൾ ഞങ്ങളൊരുമിച്ചു കണ്ണീർവാർത്തു
പല പല കാര്യങ്ങളും പറഞ്ഞുതമ്മിൽ.
ആണ്ടുകഴിഞ്ഞിരുന്നവൻ വീട്ടിൽനിന്നു പോയിട്ടിപ്പോൾ
കണ്ടാലൊത്ത പൂരുഷനായച്ഛനെപ്പോലെ.
പരമയോഗ്യനുമാണാ മുഖത്തേക്കു നോക്കുമ്പോളെൻ
ദുരിതങ്ങളെല്ലാം പാടേ മറന്നുപോകും.
അവനെന്റെ സർവ്വസ്വമാണഖിലേശൻ കടാക്ഷിച്ചാ-
ലവിളംബമവനൊരു നിലയിലാകും.
അതുമതിയെനിക്കെന്നോർത്തതിമാത്രം കൃതാർത്ഥയായ്
പുതുതായിട്ടൊരു ശാന്തി വളർന്നു ഹൃത്തിൽ.
തുടർന്നു ഞാനദ്ധ്യാപനം നിത്യവൃത്തിക്കേകമാർഗ്ഗം,
കടം വീട്ടാൻ, ശശീന്ദ്രനെപ്പഠിപ്പിക്കാനും.
ഒരു രാത്രിയത്താഴവും കഴിഞ്ഞൊരു കട്ടിലിന്മേ-
ലിരുവരുമിരിക്കുമ്പോൾ ശശി പറഞ്ഞു.
‘മടങ്ങിപ്പോവേണമല്ലോ ചേച്ചീ,യൊരുകൊല്ലം കൂടി-
പഠിച്ചാലേയെനിക്കൊരു “ഡിപ്ലോമാ” കിട്ടൂ.
അതുവരെത്തള്ളിക്കൊണ്ടുപോയില്ലെങ്കിലെന്റെ ചേച്ചീ
യിതുവരെ ചെയ്തതെല്ലാം വിഫലമാകും,’
എന്തു പറയേണമെന്നു ചിന്തിച്ചുകൊണ്ടല്പനേര-
മന്തംവിട്ടനിലയിൽ ഞാനിരുന്നുപോയി.
ശശി വീണ്ടും ചോദ്യമായി ‘കടമ്പയ്ക്കലിട്ടുടച്ചു
നശിപ്പിക്ക നന്നോ ചേച്ചി ചുമന്ന ഭാരം?
ചേച്ചിയെന്തുചെയ്യണം? നീ പറഞ്ഞാലും പൊന്നുമോനേ,
കൊച്ചുനാളുമുതൽക്കെന്നെയറിയുന്നല്ലോ.
‘എന്തിനീ ഗദ്ഗദം ചേച്ചീ? പോംവഴി ഞാൻ ചൊന്നിടട്ടെ,
അന്തരംഗമസ്വസ്ഥമാക്കാതെ കേൾക്കണം.
വീടുവിറ്റു കാര്യമിന്നു നേടുക, ഞാൻ പണിയിക്കാം
മേടവേറെ,യെന്റെ ഭാവി ഭാസുരമായാൽ.
സുപ്രതീക്ഷയുണ്ടെനിക്കു, നല്ലജോലിയൊന്നു കിട്ടു-
മിപ്രകാരം ചേച്ചി പിന്നെ ബുദ്ധിമുട്ടേണ്ട.’
പറഞ്ഞതു പ്രവർത്തിച്ചു പണമെല്ലാം കൈക്കലാക്കി
പുറപ്പെട്ടു കഴിഞ്ഞെന്റെ ജീവന്റെ ജീവൻ.
മരീചിയാൽ വഞ്ചിതയായതിരില്ലാതുള്ള മഹാ-
മരുസ്ഥലമദ്ധ്യത്തിലായെന്നെ ഞാൻ കണ്ടു.
മരുഭൂമി ചുറ്റുപാടും കാണുന്നു ഞാൻ- മരുഭൂമി-
തിരിച്ചുവന്നിട്ടില്ലെന്റെ ശശിയിന്നോളം.
ഒരു തുണ്ടുകടലാസിലൊരു കുറിപ്പയയ്ക്കാനും
കരുണയില്ലാത്ത കരളവനുണ്ടല്ലോ.
കരഞ്ഞു ഞാൻ കായിതങ്ങളയച്ചിട്ടും ഫലമില്ല,
കരിങ്കല്ലാൽ തീർത്തതാവാമവന്റെ ചിത്തം.
കിടപ്പിടമില്ല പാർക്കാൻ, ജോലിചെയ്യാനാരോഗ്യമി-
കുടപ്പിറന്നവനായിസ്സമർപ്പിച്ചെല്ലാം.
വലിയൊരുനിലയിലാണെന്റെ ശശി, പത്രദ്വാരാ
പലതും ഞാനറിയുന്നുണ്ടവനെപ്പറ്റി.
അതുമതിയെനി,ക്കെന്റെ സ്വയംബലി സഫലമായ്,
കൃതാർത്ഥതയെന്നിൽ ജീവൻ നിലനിർത്തുന്നു.
നമസ്കാരമഭിവന്ദ്യസഹോദരീ, ദീർഘനേരം
ക്ഷമിച്ചിതു വായിച്ചല്ലോ വിരമിപ്പൂഞാൻ
വരട്ടെയോ സവിധേ ഞാ,നൊന്നുകൂടിച്ചോദിക്കയാ-
ണെരിയുമെൻ കരളൊന്നു കുളിർപ്പിക്കാമോ?
