Prarambam

പ്രാരംഭം


ർവ്വേശപാദയുഗഭക്തരിൽ മുമ്പനായി- 

സ്സർവം സഹയ്ക്കരിയ മൌക്തികമാല്യമായി, 

എബ്രായരാം സുകൃതികൾക്കവതംസമേക- 

നബാഹമെന്നഭിധയോടു പുരാ വിളങ്ങി. 

 

കൂറേറിടുന്ന ഗുണശാലിനി ധർമ്മപത്നി 

സാറായുമൊത്തു നിവസിച്ചു വരുന്നകാലം 

ആറാത്ത താപമകമേയിരുവർക്കുമുണ്ടായ് 

കാറൊത്തവേണിയുടെ വന്ധ്യത മൂലമായി.

 

സമ്പത്തു, ദേഹസുഖ,മീശ്വരഭക്തി, ലോക- 

മൻപോടു തേടുമൊരു മാന്യതയെന്നിതെല്ലാം

ഇമ്പത്തിനൊത്തവിധമുണ്ടതു കൊണ്ടു പാർത്താൽ 

ദാമ്പത്യജീവിതസുഖം പരിപൂർണ്ണമാമോ?

 

സന്താനമറ്റൊരു കുടുംബ;മതിന്റെ ഭവ്യം 

ഗന്ധംവെടിഞ്ഞ് കുസുമത്തിനു തുല്യമല്ലോ. 

ചിന്തിക്കിലീയഴലകന്നു സുഖം ലഭിപ്പാ- 

നന്തം വിനാ കരുണയീശ്വരനേകിടേണം. 

 

സത്യം കഥിക്കിലതിനും മനതാരിലാശ- 

യെത്തുന്ന കാലമകലത്തു കടന്നുപോയി, 

വാർദ്ധക്യവും പരമകാഷ്ഠയിലെത്തി, മേലാൽ 

പുത്രോദയം പ്രകൃതി തൻ വികൃതിത്വമല്ലോ.

 

സൃഷ്ടിച്ചവന്റെ തിരുവുള്ളമിതെന്നുറച്ചു 

ശിഷ്ടദ്വയം പരമടങ്ങി വസിച്ചുകൊണ്ട് 

ശ്രേഷ്ഠത്വമാർന്ന സുകൃതങ്ങളിലൂനമറ്റ 

ദൃഷ്ടാന്തമന്നഖില ദമ്പതിമാർക്കുമേകി.

 

ഈ ജീവിതസ്ഥിതിയിലീശനകം തെളിഞ്ഞി-

ട്ടാജീവനാന്തസുഖമൊന്നരുളാനുറച്ചു;

രാജീവനേതസുതനെ പ്രസവിക്കുമെന്നാ- 

യാജാനുബാഹു ജരാന്നറിവേകി മോദാൽ 

 

ഓർത്താലിതത്ഭുത, മവന്നു ശതാബ്ദപൂർത്തി

താർത്തേൻമൊഴിക്കതിനടുത്ത ദശാബ്ദപൂർത്തി;

വാർദ്ധക്യകാലമതിലീവക ഭാഗധേയം 

സിദ്ധിപ്പതില്ല. മനുജന്നുലകത്തിലെങ്ങും.

 

എന്നാലുമീശപദസേവകനുള്ളിലേതും

വന്നെത്തിയില്ലൊരു വിശങ്കയിതിങ്കലന്നാൾ. 

കുന്നിച്ചിടുന്നൊരു കൃതജ്ഞത ശുദ്ധബാഷ്പ- 

ബിന്ദുക്കളാൽ കുറവകന്നു വെളിപ്പെടുത്തി. 

 

കാലം തികഞ്ഞുസുതന്റെപ്രസവിച്ചു സാറാ; 

ബാലന്റെ നല്ല മൃദുരോദനമായ ഗീതം

ചാലേ ചെവിക്കകമണഞ്ഞൊരു മാത്രയിൽ താൻ

മാലാകെനീങ്ങിയിരുവർക്കുമകക്കുരുന്നിൽ.