Enthinay Janichu Njan

എന്തിനായ് ജനിച്ചു ഞാൻ


ന്തിനായ് ജനിച്ചു ഞാൻ?

സന്തതം ചിന്തിക്കയാണെന്തിനായ് ജനിച്ചു ഞാൻ! 

ജോലി ചെയ്തീടുമ്പോഴും യാത്ര ചെയ്തീടുമ്പോഴും

നാലുപേരൊന്നിച്ചിരുന്നുല്ലസിച്ചീടുമ്പോഴും

ഹൃദയാഗാധത്തിൽ നിന്നീമഹാപ്രശ്നം തന്നെ 

മൃദുവായ ധ്വനിച്ചിടുന്നെന്തിനായ് ജനിച്ചു ഞാൻ?

കണ്ണുകൾ രണ്ടും നന്നായ് ചേർത്തടച്ചിരുന്നാലും 

കണ്ണിമയ്ക്കാതെ നഭോവീഥിയെ വീക്ഷിച്ചാലും 

അന്തരംഗത്തിൽ കറങ്ങുന്നതീപ്രശ്നം തന്നെ. 

ചിന്തയിൽ പൊന്തുന്നതീ വിഷമപ്രശ്നം തന്നേ.

ഇളകിക്കളിക്കുമാവല്ലരീവിശേഷവും 

വളരും വൃക്ഷങ്ങളും വിളയും ഫലങ്ങളും 

കളഗാനങ്ങൾ പാടിപ്പറക്കും ഖഗങ്ങളും 

കളിയാക്കീടും വിധം നോക്കിടുന്നെന്നെസ്സദാ 

നിശയിൽ സ്വപ്നത്തിലും വന്നുണർത്തീടുന്നെന്നെ

യശരീരിവാക്കുപോൽത്തന്നെയീ മഹാപ്രശ്നം 

ഉത്തരം തുടർച്ചയായി പലതും തോന്നീടുന്നു-

ണ്ടൊത്തതായ് കാണായ്കയാൽ തള്ളിടുന്നോരോന്നിനേ. 

 

ഇനിയും ചിന്തിക്കയാണെന്തിനായ് ജനിച്ചു ഞാൻ?

കനകക്കിരീടമെൻ ശിരസ്സിൽ ധരിപ്പാനോ. 

അംബരം ചുംബിക്കുമാ മാളികാമട്ടുപ്പാവിൽ 

തംബുരുമീട്ടിക്കുളിർ കാറ്റുമേറ്റിരിക്കാനോ? 

അഞ്ചുഭൂഖണ്ഡങ്ങളും കൈയടക്കുവാൻ പോരും

കാഞ്ചനം സമാർജ്ജിച്ചു കണ്ടു സന്തോഷിക്കാനോ?

ഭക്ഷ്യപാനീയങ്ങളേയിച്ഛപോൽ കഴിച്ചെന്നും 

കുക്ഷിപൂരണംകൊണ്ടു ജഡത്തെപ്പോറ്റീടാനോ? 

അന്യനെ ദ്രോഹിക്കാനോ? മാന്യമാനിത്വം വെടി- 

ഞ്ഞുന്നതന്മാരെപ്പോലും നിന്ദിച്ചു രസിക്കാനോ?

“അഹ’മെന്നൊരു പെരുമ്പറയും മുഴക്കിക്കൊ

ണ്ടതിനെപ്പതാകയിലുയർത്തിക്കാണിപ്പാനോ? 

അല്ലല്ല, നിസ്സംശയമിവയൊന്നിനുമായി-

ട്ടല്ല ഞാൻ ജനിച്ചതെന്നറിയാം ചിന്തിക്കുമ്പോൾ 

പിന്നെയെന്തിനാണെന്റെ ജനനം? ലോകത്തിലേ

ഖിന്നതയൊന്നൊന്നായിത്തുടരെസ്സഹിപ്പാനോ?

 

എങ്കിൽ, ഞാൻ സുഖിക്കാതെയെന്തിനായ് സഹിക്കണം? 

സങ്കടക്കടൽ നീന്തീട്ടെവിടെച്ചെന്നെത്തണം? 

ആയതും നിനയ്ക്കുമ്പോൾ മറ്റൊരുമഹാപ്രശ്നം 

യാതനാമയം ജന്മം നല്കുമോ സംതൃപ്തിയേ? 

വിജ്ഞരെന്തിക്കാര്യത്തിൽ ചൊൽവതെന്നന്വേഷിക്കാം 

സജ്ജനാദർശം നോക്കാമതിലും തെറ്റില്ലല്ലൊ. 

വിജ്ഞരിൽ വിൻ ക്രിസ്തു മർത്യരോടോതീടുന്നു 

“ദുഃഖിതന്മാരേ, നിങ്ങൾ ഭാഗ്യവാന്മാരെ” ന്നേവം 

സ്നേഹപൂർവ്വകം നമ്മെ ക്ഷണിപ്പൂ, സ്വയം ത്യജി- 

ച്ചേവനും ക്രൂശും വഹിച്ചങ്ങയെപ്പിൻചെല്ലുവാൻ. 

കുരിശോ? മരക്കുരിശല്ല, പൊൻകുരിശല്ല, 

സഹനം തന്നേയെന്നു ബുദ്ധിമാൻ ഗ്രഹിക്കണം 

ക്ഷീരവും തേനും സ്രവിച്ചീടുമക്കനാൻദേശം 

ചേരുവാൻ ധൈര്യത്തോടേ ചെങ്കടൽ കടക്കണം. 

കണ്ടകാകീർണ്ണം വഴി ഒറ്റടിപ്പാത – നമ്മെ-

ക്കൊണ്ടു ചെന്നെത്തിച്ചിടും സ്വർഗ്ഗത്തിലതേവിധം 

എന്തിനായ് ജനിച്ചു ഞാൻ സഹിക്കാനായിത്തന്നെ 

എന്തിനായ് സഹിക്കണം നിത്യസൗഭാഗ്യത്തിനായ്. 

ഈ മഹാതത്ത്വം ഗ്രഹിച്ചല്ലയോ വിശുദ്ധന്മാർ

ക്ഷേമവും സൗഭാഗ്യവും ധൂളിയായെണ്ണിപ്പോന്നു.

നിത്യസൗഭാഗ്യത്തിനായ്ക്കരയാം കണ്ണീർ ചിന്താം, 

നിർദ്ധനന്മാരായ് നമുക്കുഴലാമീലോകത്തിൽ. 

ദുഷ്ടരാമീർഷ്യാലുക്കൾ ചെയ്തിടും ദ്രോഹങ്ങളെ 

സ്പഷ്ടമായ് ക്ഷമിച്ചിടാം പകരം വീട്ടീടാതെ. 

അവരെ സ്നേഹിച്ചിടാമാരെയും സ്നേഹിച്ചിടാം 

സഹനം സ്നേഹം കൂടാതെങ്ങുമില്ലൊരിക്കലും 

എന്തിനായ് ജനിച്ചു ഞാൻ? സഹിക്കാനായിത്തന്നെ 

എന്തിനായ് സഹിക്കണം? നിത്യസൗഭാഗ്യത്തിനായ്.

                                                            (മേരീവിജയം, ഡിസംബർ, 1965)