കറിവേപ്പില

ഓടയിലൊഴുകും മലിനജലത്തിൽ
കൂടിയൊരിലപോയി.
നാടുകടത്തപ്പെട്ടവനെപ്പോൽ
തന്നെയതിന്റെ ഗതി.
ഇല ചെറുതത്രേ, കറിവേപ്പിലയെ-
ന്നതിനെ വിളിക്കുന്നു.
തലതാഴ്ത്തിക്കൊണ്ടൊരു ചെറുപുല്ല്ക്കൊടി
യതിനെത്തടയുന്നു.
കറിവേപ്പിലയതു കറിവേയ്പലയാ-
ണതിനെക്കൂടാതെ,
കറിയൊരു പാചകശാലക്കാരൻ
പാകം ചെയ്യില്ല.
പുല്ക്കൊടി മന്ത്രിച്ചതിനൊടു ചോദി-
“ച്ചെവിടെപ്പോകുന്നു?
നില്ക്കു പറയൂ നീ കറിവേപ്പില-
യല്ലേ? ഞാനറിയും
മ്ലാനതയിങ്ങനെ നിന്നിൽ കാണാൻ
കാരണമെന്താവാം!
മാനിതനാം നീ മലിനജലത്തിൽ
നീന്തിക്കുഴയുകയോ?”
കറിവേപ്പിലയുടനോതീമറുപടി,
“യെന്റെ ചരിത്രം ഞാൻ
പറയാം സോദര, ശ്രദ്ധിച്ചാലൊരു
തത്വമതിൽ കാണാം.
ചെറിയൊരു വൃക്ഷച്ചില്ലയിലത്രേ
ജന്മമെടുത്തതു ഞാൻ,
നട്ടവനതിനെനനച്ചുവളർത്തീ,
ചില്ലകളുണ്ടായി.
കറികൾക്കെല്ലാം സ്വാദുവളർത്താൻ
കറിവേപ്പില വേണം
കറിതാളിക്കാൻ, മോരിലിടാനും
മറ്റും പലതിനുമായ്.
പരിസരഭൂവിയൊരുകറിവേപ്പെങ്കിലു-
മേതൊരു പാചകനും
പരിചൊടു നട്ടുവളർത്തിയിരിക്കും
കാണാം ശ്രദ്ധിച്ചാൽ.
കൈകൾ നീട്ടിയടർത്തിയെടുത്തി-
ട്ടിലകൾ സുരക്ഷിതമായ്
കൈയിലൊതുക്കിപ്പാചകശാല-
യ്ക്കകമേയവനെത്തും.
ഭക്ഷണമേശയിലെത്തി നിരക്കും
വിഭവങ്ങളിലെല്ലാം
പക്ഷേയിക്കറിവേപ്പിലയോരോ-
ന്നവിടവിടെക്കാണാം.
സ്വാദുവളർത്തിയതാണവയെങ്കിലു-
മപ്പോളതു വർജ്യം.
ദൂരെയെറിഞ്ഞേതുടരൂഭക്ഷണ-
മതു നാം കാണുന്നു.
ചേടകനെച്ചിപ്പാത്രം കഴുകി
യൊഴിക്കുമ്പോളിതുപോൽ
ഓടയിലൂടെയൊഴുകിപ്പോകും
ചില കറിവേപ്പിലകൾ.
ഫലദായകമാം നിലകഴിയുമ്പോൾ
ഗതിയിതു സകലർക്കും,
നിഷിദ്ധരാകും വാർദ്ധക്യത്തിൽ
കെങ്കേമന്മാരും.
ഗോക്കളെയാർക്കും വേണ്ടാ പ്രസവ-
പ്രായം പിന്നിട്ടാൽ.
പൂക്കളെവേണ്ടാ മണവും ഗുണവും
ശബളിമയും പോയാൽ,
എല്ലാവർക്കും ഗതിയിതുതന്നെ,
ലോകവ്യാപകമായ്
ചൊല്ലാവുന്നൊരു തത്ത്വവുമിതു താൻ;
ആരിതിനെതിരോതും?
(1978)
