സൗഭാഗ്യകാലം

കുട്ടിക്കാലമേ! സത്വരമെന്നെ നീ
വിട്ടകന്നങ്ങുപോയല്ലൊ നിർദ്ദയം!
പുഷ്ടസമ്മോദശോഭനനാം നിന്നെ
ക്കിട്ടുമെങ്കിൽ ഞാൻ വീണ്ടുമാശ്ലേഷിക്കും.
അല്ലലെന്തെന്നറിയാത്തൊരക്കാലം
സ്വർല്ലോകാനന്ദം തിങ്ങീടുമാക്കാലം
ബാല്യകാല മനോഹരം വന്നെത്തു-
ന്നില്ലരണ്ടാമതേതൊരു മർത്യനും.
ഇക്ഷിതിയിൽ മനുഷ്യലോകത്തിന്റെ
സാക്ഷാൽ സൗഭാഗ്യസംസിദ്ധിയന്നല്ലൊ.
പക്ഷം രണ്ടില്ല, ജീവിതാനന്ദത്തിൽ
ഭിക്ഷുബാലനും സമ്പന്നൻ തന്നെയാം.
ചിന്താഭാരങ്ങൾ, ദുഷ്ടവിചാരങ്ങൾ
അന്തമില്ലാത്തദ്രവ്യാശയീവക
സ്വാന്തരംഗത്തെത്തീണ്ടാതെ നിസ്തുല
ശാന്തി ചേർന്നുള്ള ജീവിതം നിർമ്മലം !
ഏതുസാമ്രാജ്യ സിംഹാസനത്തിലും
ജാതകമാകാതത്തസംതൃപ്തിയക്കാലം
മാതൃഹസ്തങ്ങൾ രണ്ടിന്നിടയ്ക്കുനാ-
മാതങ്കമകന്നാസ്വദിച്ചില്ലയോ?
ഗേഹസാമ്രാജ്യറാണിയാം മാതാവിൻ
സ്നേഹത്തൂമധുചിന്തുന്ന ചുംബനം
ഐഹികസുഖസർവ്വസ്വമായിനാ-
മാഹന്ത! കൈവരിച്ചിരുന്നില്ലയോ?
ലോകരാകെ നമുക്കന്നുമിത്രങ്ങ-
ളേകാനില്ലൊരു ശത്രുവെന്നോതുവാൻ
നാകലോകനിവാസികൾക്കീർഷ്യയു-
ണ്ടാകുമാറുള്ള ഭൂലോകജീവിതം!
ഭാവുകം തിങ്ങുമക്കാലം വിട്ടു നാം
ജീവിതമഹായുദ്ധത്തിലേർപ്പെട്ടു
സേവനമിതിൽ ഭംഗിയായ് ചെയ്തിനി
ഭാവിശോഭനമാക്കിച്ചമയ്ക്കണം
ആഹവാർഭാടം പൊങ്ങുന്നനേരത്തും
സ്നേഹംതന്നെ ഭരിക്കേണം മർത്യനേ
ദേഹശക്തികൾക്കൊക്കെയും മേലായി
സ്നേഹശക്തിജയത്തെ വരിച്ചിടും.
അന്തരംഗപവിത്രതയൊന്നിനാൽ
സന്തോഷത്തോടെ ജീവിക്കാം ലോകത്തിൽ
ഹന്ത! നിത്യപിതാവിന്റെ തൃക്കൈകൾ
സന്തതം നമ്മേ ലാളിക്കും നിർണ്ണയം.
മാതൃവക്ഷസ്സിൽ നിദ്രാവിധേയനാം
പൈതലേപോലെ നിശ്ശേഷമായ് നമ്മേ
വീതശങ്കം സമർപ്പിക്ക, നാമങ്ങേ
പൈതൃകപരിലാളനയ്ക്കായ് സ്വയം.
(തിരുഹൃദയമാസിക, മേയ്, 11941)
