ഐസീനവതി

ഐ.സി.യുന്നതപണ്ഡിതൻ, വിനയവും
വൈദഗ്ദ്ധ്യവും ചേർന്നവൻ,
ഭാസ്വൽക്കീർത്തി പരത്തി വെള്ളവസനം
ധാത്രിക്കു ചേർക്കും മഹാൻ.
ക്രിസ്മസ് ലോകഹോത്സവം, ജനന നാ-
ളന്നാണു; ഭാഗ്യോദയം!
സസ്നേഹം സവിധേയണഞ്ഞനവതീ,
സന്മംഗളം! കൂപ്പുകൈ!
1
ഭാഷാശാസ്ത്രവിശാരദൻ, പ്രകൃതിശാ-
സ്ത്രജ്ഞൻ, മഹാതാത്വികൻ,
രോഷം വിട്ട വിമർശനത്തിൽ വിരുതൻ,
പ്രാസംഗികൻ, താർക്കികൻ,
ശേഷം ശേമുഷിയുള്ളവർക്കു പറയാൻ
യാതൊന്നുമില്ലാത്തപോൽ
ദോഷസ്പർശമെഴാതെ തൂലികചലി-
പ്പിക്കുന്ന നിഷ്ണാതനും.
2
“പ്രദ്യോതം വഴി” “പാണിനി”ക്കു പഥമീ
വിജ്ഞൻ തെളിച്ചെന്നതേ
വിദ്വാന്മാരുടെ കൂപ്പുകൈകളുയരാൻ
പോരും വിതർക്കം വിനാ
പ്രത്യേകം നവ പാണിനീജനനമെ-
ന്നീവന്ദ്യനേയെങ്ങുമേ
കീർത്തിക്കുന്നതു ഭാരതീയരഭിമാ-
നത്തോടുകൂടിസ്സദാ.
3
അന്നീ കൈരളിയിൽ പ്രശസ്തതമമാ-
യൊന്നാമതാം ഗ്രന്ഥമായ്
കേന്ദ്രം കണ്ടു മതിച്ചതിന്നു പരിതോ-
ഷത്തിന്റെ സമ്മാനവും
വന്ദ്യന്മാരന്നീ ഗ്രന്ഥകാരനു കൊടു-
ത്തെന്നുള്ളതും കാര്യമാ-
ണിന്നും ഭാവിയിലും ലസിച്ചിടുവതാ-
ണാസ്മാരകം മേല്ക്കുമേൽ.
4
ധീമാൻ, കാവ്യരസജ്ഞനാം സഹൃദയൻ,
സത്കാവ്യകൃത്തും, സ്വയം
സാമാന്യാധിക’ദേവനാഗര’ പരി-
ജ്ഞാനത്തെയാർജിച്ചവൻ
ക്ഷേമം മർത്യകുലത്തിനേകിയവനം
സാധിച്ച ശ്രീയേശുവിൻ
നാമംകൊണ്ടു’സഹസ്രനാമ’മെഴുതി-
ത്തീർത്തൊരുഭക്തൻ സുധീ
5
മാർപ്പാപ്പാതിരുമേനിയീവിബുധനേ
മാനിച്ചു മാടമ്പിയായ്
പ്രഖ്യാപിച്ചു; തികച്ചുമർഹനതിനീ
ധന്യൻ, മഹാപുരുഷൻ.
പാപ്പാതൻ പരമാധിപത്യസമരം
വീറോടുമുന്നേറിയി-
ട്ടിപ്രാമാണിക ധന്വിതന്നഹിതനെ-
ത്തോല്പിച്ചു നിശ്ശേഷമായ്.
6
ഭൂഗർഭത്തെയറിഞ്ഞ വിജ്ഞനതുലൻ,
ശാസ്ത്രജ്ഞനാം കർഷകൻ,
പ്രാഗല്ഭ്യത്തികവാർന്ന നല്ല സമുദാ-
യസ്നേഹി, വേദാന്തിയും
മേധാശക്തിയിലൊപ്പമില്ലൊരുവനെ-
ന്നത്യുക്തതിദോഷം വെടി-
ഞ്ഞോതാം, ലക്ഷ്യമനേകമാണതിനു, നാം
നോക്കീടണം ചുറ്റിലും.
7
നാട്ടിൽ പാഴ്മണലിഷ്ടികയ്ക്കുപകരി-
പ്പിച്ചില്ലയോ? കുണ്ടറെ-
ക്കിട്ടീടും കളിമണ്ണിനുള്ള ഗുണവും
കാണിച്ചു തന്നില്ലയോ?
നേട്ടം നാട്ടിനനല്പയിമതിമാനു-
ണ്ടാക്കി,യോരോന്നുമീ-
മട്ടാണെന്നു ചുരുക്കിടുന്നു, പറയാ-
നാളല്ല ഞാൻ, ദീർഘമായ്.
8
ഇക്കാലത്തിനിടയ്ക്കുതന്നെ പുരുഷാ-
യുസ്സിൽക്കവിഞ്ഞുള്ളതെ-
ന്നാർക്കും സമ്മതമാകുമാറുപലതും
സാധിച്ചു സമ്പൂർണ്ണമായ്.
‘ചാക്കോച്ചൻ’ വിജയിക്കനാട്ടിനൊരു ന-
ല്ലാചാര്യനായ് മേലിലും
ദീർഘായുസ്സുമാരോഗസുസ്ഥിതിയുമു-
ണ്ടാകട്ടെ; സർവ്വം ശുഭം!
(ദീപിക, 24 ഡിസംബർ, 1966)
