Bharathamahalakshmi-007

VII

1857-ലെ ഭയങ്കരവിപ്ലവം

കമ്പനിക്കാർ ജാൻസിയെ ആക്രമിക്കുന്നു.

ധീരയായ ലക്ഷ്മ‌മീറാണി ഗത്യന്തരമില്ലാതെ ജാൻസിവിട്ടോടുന്നു.


കരുതിയതിലധികമുടനനുഭവമാതായിവ-

 ന്നായിരത്തെണ്ണൂറ്റിയൻപത്തിയേഴിലേ 

ബഹളമതുകവിതയിലുമെഴുതിടുക സാദ്ധ്യമാ-

 ല്ലാരുവർണ്ണിക്കുമസംഭവം ഭീകരം!

ഹിമശിഖരിമുതലരിയസേതുവോളം മഹാ 

വിപ്ലവം നേതാക്കളോർക്കാത്തവേളയിൽ! 

അതിവിമലത പരമതായുള്ളൊരാചാര-

നിഷ്ഠലംഘിക്കുവാൻ നിർബ്ബദ്ധരാകയാൽ

 അകതളിരിലധികതര വൈരാഗ്യബുദ്ധിയോ- 

ടുണ്ടാക്കി വിപ്ലവം പട്ടാളമെങ്ങുമേ.

 

ഒരു വിധവുമവരിലൊരു ശാന്തിചേർത്തീടുവാ-

നുദ്ദിഷ്ടതീയതിയാവോളമെങ്കിലും 

കഴിവുചെറുതൊരു നയവിദഗ്ദ്ധനും കണ്ടില്ല 

പെട്രോൾകുളത്തിലെ തീജ്വാലപോലെയായ്. 

ഇളകിയവർ ഭടവിരുതർ പലവിജയമാർജിച്ചു 

ഡൽഹിയുംസ്വാധീനമാക്കികൃതാർത്ഥരായ്. 

അവിടെയവർ മകുടമതു ശിരസി ബഹദൂർഷയെ

 ച്ചൂടിച്ചുപൊക്കിപ്പറത്തീ പതാകയും 

തുടരെയനവധിവിജയമിൻഡ്യയ്ക്കു കൈവന്നു 

കമ്പനിക്കാർ കണ്ടടങ്ങിവാണീടുമോ? 

ഇരുവശവുമനവധി മഹാരഥന്മാർ നിര- 

ന്നത്യുഗ്രസംഘട്ടനം തുടങ്ങീടിനാർ.

 

മരണഭയമൊരുചെറുതുമില്ലാതെ പോർചെയ്തു 

തോക്കിനും വാളിനും മാറുകാണിക്കയും, 

സമരഭുവി നിരവധിജനങ്ങൾ വീരസ്വർഗ്ഗ-

 മാവാസമാക്കി പ്രശസ്‌തിയാർജ്ജിക്കയും, 

യ്‌പെല്ലാം കണക്കറ്റവീറോടുചെയ്‌കയും, 

പലതുപറവതുവിഫലമൊടുവിൽ ദയനീയമായ് 

രക്തക്കളങ്ങളായ്ശേഷിച്ചു ഭാരതം. 

സമരമിതിലപജയമതീവനിർഭാഗ്യമേ

വന്നുചേർന്നിൻഡ്യയ്ക്കു, തല്ക്കാലസങ്കടം! 

അപജയമിതുപരിവിജയങ്ങളെ സൃഷ്ടിച്ചു 

മുമ്പോട്ടുപോകുമെന്നോർത്താശ്വസിക്ക നാം. 

വളരുമൊരു ചെറുചെടിയിടയ്ക്കു വെട്ടീടുകിൽ 

ധാരാളമായ് തളിർത്തീടും തഴച്ചിടും. 

തടിനിയുടെ ഗതിയതു തടസ്സപ്പെടുത്തുകിൽ

 ശക്തിമത്തായി പ്രവാഹമുണ്ടായിടും. 

സ്ഥിതിഗതികളിതുവിധമിരിക്കുന്നു ഞാനിനി 

ച്ചൊല്ലുന്നതോകൊച്ചുജാൻസിയെപ്പറ്റിയാം.

 

അനുനിമിഷമധികഗുരുതരനിലയിലെത്തുന്ന

വിപ്ലവംശാന്തമാക്കീടുവാൻവേണ്ടിയും 

വിജയമിഹ സുലഭതരമാക്കീട്ടു ബ്രിട്ടന്റെ

സാമ്രാജ്യമിങ്ങുറപ്പിക്കേണ്ടതിന്നുമായ് 

അതിനിടയിലൊരു സമരവീരനാം’ഹ്യൂറോസു’ 

വന്നെത്തിയാംഗ്ലേയസേനാധിനായകൻ. 

വിരുതൊടവരുടെ യപനങ്ങളെത്തോല്‌പിച്ചു

വിപ്ലവത്താൽ വീണ്ടെടുത്ത രാജ്യങ്ങളെ 

പുനരധികബലവുമപനയവുമുപയോഗിച്ചു 

വീണ്ടും പിടിച്ചടക്കിത്തുടങ്ങിനാർ. 

കനകമണിമയ വിപുലരാജകൊട്ടാരങ്ങൾ

 ഭണ്ഡാരമെല്ലാം കടന്നാക്രമിക്കയും, 

മലകളൊടുമെതിരു നിലകൊള്ളുന്നഗംഭീര 

കോട്ടകൾ തട്ടിത്തകർത്തു വീഴിക്കയും, 

നരപതികൾ ചിലരെയതിനിർദ്ദയം ബന്ധിച്ചു 

പാറാവിലിട്ടങ്ങു മർദ്ദിക്കയും, 

ചിലരെവെടിവച്ചുകൊല്ലിക്കയും, നാട്ടിൽനി- 

ന്നോടിക്കയും,പലേനിഷ്‌ഠൂരചെയ്തികൾ ഭ

രതനരപതിയുടെ വിശാലസാമ്രാജ്യത്തി- 

ലത്യാശയോടു ചെയ്‌താംഗ്ലേയസൈനികർ.

 

ഇര വലുതു പലതിനെ വിഴുങ്ങിദ്ദഹിപ്പിച്ച

ദാവാനലൻ ബ്രിട്ടനേറ്റംബുഭുക്ഷുവായ് 

ഒരുചെറിയജനപദമതിൻ്റെ പേർ ജാൻസി’യെ- 

ന്നങ്ങോട്ടിരമ്പിസ്സമീപിച്ചിടുന്നിതാ. 

ഒരു യുവതി, യൊരുവിധവ, വാഴുന്ന നാടാണു 

ജാൻസിയെന്നുള്ള തോർത്താലടുക്കാവതോ? 

തരുണിയൊടു സമരമൊരുപുരുഷനഭിയുക്തമോ? 

സംഘർഷമെന്നും സമന്മാരൊടല്ലയോ? 

തലയിലൊരു നിനവുമിതു സംബന്ധമായ് തെല്ലു- 

മില്ലാതെയാമഹാൻ ഹ്യൂറോസടുക്കയായ്. 

അവളുമൊരു പുരുഷവനിതാരത്നമാണെന്ന –

തോർത്താൽ സമത്വമായ് രണ്ടുപക്ഷത്തിലും.

 

“ജനകനൊടുമഥസചിവസത്തമന്മാരൊടും

മോത്തിയോടും ചേർന്നുശസ്ത്രാദിയെന്നിയെ 

വരണമുടനിവിടെ മമ പാളയത്തിൽ റാണി

 യല്ലെങ്കിൽ ഭീകരം ഭാവിയെന്നോർക്കണം.” 

ലിഖിതമിതു കരതലമണഞ്ഞു ഹ്യൂറോസിൽ നി- 

ന്നംഗനാമൗലിക്കമർഷമെന്തോതിടാം!

“ഇതിലെഴുതിയൊരുലിപികൾ ധിക്കാരബീജങ്ങൾ,

 ഭാരതത്തിൽ വിലപ്പോകില്ലിതൊന്നുമേ. 

ജനറലവനാംഗ്ലേയനീ നാട്ടിലുള്ളോരു

വീരാംഗനാമൌലിമാരേയറിഞ്ഞുവോ? 

ഉടനെഴുതിടുകസചിവ:- ഞാനങ്ങുവന്നിടാൻ 

സന്ദർശനം നടത്തീടുവാൻ തക്കതായ് 

ചെറുതുമൊരു വിഷയമിഹകണ്ടുകിട്ടുന്നില്ല. 

കാപട്യമല്ലേയിതെന്നുണ്ടു സംശയം. 

കുലവനിതയിവൾ വരിക പരപുരുഷസന്നിധൌ 

ഭാരതീയാചാരധിക്കാരമായിടും

 പ്രമുഖ സചിവനെയവിടെ വാളും ധരിച്ചുള്ള 

മെയ്കാവൽ സൈന്യത്തൊടൊന്നിച്ചയച്ചിടാം.”

 ചെറുതുമൊരു തലകുനിവുകൂടാതെയീവിധം 

രേഖയായ് തീർന്നുതൻകൈത്തലം ചേർന്നൊരാ 

മറുപടിയിലധികതരരൗദ്രഭാവത്തൊടേ 

തുല്യവും ചാർത്തിക്കൊടുത്തു ജാൻസീശ്വരി.

 

സമരമിനി, യതിനൊരുവിളംബമുണ്ടാവില്ല 

ശത്രുസൈന്യം ദൂരെയല്ലെന്നചിന്തയാൽ 

അവളതുല രണചതുര നിജസചിവരോടുമൊ- 

ത്തെല്ലാം സ്വരാജ്യരക്ഷക്കൊരുക്കീടിനാൾ. 

അരിനിരകൾ പരിസരമടുക്കാത്തമട്ടിലാ 

പട്ടണപ്രാകാരമേറ്റം സുരക്ഷിതം 

വലിയപടയണികളെയുമകലെയോടിക്കുവാൻ

 പീരങ്കി വായും പിളർത്തിയുണ്ടെങ്ങുമേ.

 

അവയൊടിടപഴകിയ സമർത്ഥരാം യോദ്ധാക്കൾ

നേതാക്കളും വേണ്ടമട്ടിൽ നിയുക്തരായ്. 

നിപുണതരരണവിധികൾ നന്നായ് പഠിച്ചുള്ള 

യോദ്ധ്റികൾ റാണിതൻ സേനാവിഭാഗവും 

അതിവിപുലമൊരുപുരുഷസേനയും കോട്ടയിൽ 

സന്നദ്ധരായിനിന്നങ്കമാടീടുവാൻ. 

പുനരതിനു ചെറുതുമൊരു താമസംവന്നില്ല

 പ്രത്യർത്ഥിസൈന്യം സമീപിച്ചുകോട്ടയെ. 

ഇടിനിനദമതിനൊടെതിരിടുവതിനുപോരുന്ന 

ഗംഭീരപീരങ്കിനാദം ഭയങ്കരം 

ഗഗനതലമഭിനവ പരാക്രമത്തോടഹോ! 

ഭേദിച്ചുദുർഗ്ഗം മുഴക്കീപൊടുന്നനേ.

തുരുതുരെയൊരിടതടവുകൂടാതെയൂക്കേറു-

മഗ്നിഗോളങ്ങൾ വർഷിച്ചുപരസ്പരം. 

കരളിലതികിടിലമുളവാക്കീടുമാറുള്ള

മിന്നലും കൂട്ടത്തിലൊന്നിച്ചുകാൺകയായ് 

ജലദനിരയൊരുമയൊടു ഗർജ്ജിച്ചിടും പോലെ

യെട്ടുദിക്കും മുഴക്കീടുന്നിതാരവം.

അവിടവിടെയനലശിഖതാണ്ഡവം ചെയ്യുന്ന 

രംഗവും കണ്ടുനില്ക്കാവതല്ലേതുമേ

ഒരിടമതികഠിനതരശിലയുമലിയിക്കുന്നൊ- 

രാർത്തസ്വരങ്ങളാൽ ദീനദീനംപരം 

ഭടജനതയുടെ കലുഷഘോരാട്ടഹാസങ്ങൾ

മറ്റൊരേടം മുഴക്കുന്നു ഭയങ്കരം! 

സമരഭൂവി വിപുലതരബീഭത്സമായുള്ള 

രക്തക്കളം തന്നെ കാണുന്നിതെങ്ങുമേ.

 

യുവതരുണിമണികൾ ബത സുന്ദറും മുന്ദറും 

മോത്തിയും കാശിയും കൂസലേതും വിനാ 

പലരുമതിവിരുതൊടു യുവാക്കളേവെല്ലുന്ന 

വീറോടു യുദ്ധക്കളം നടുക്കുന്നതും, 

സുഭഗനൊരു തരുണഭടനൊത്തവേഷത്തിലാ 

റാണിലക്ഷ്മ‌ീഭായി സർവ്വസൈന്യാധിപ 

ഒരു വലിയ തുരഗമതിലാരുഢയായ് സദാ 

മിന്നൽ പിണർപോലെയെങ്ങുമെത്തുന്നതും, 

എതിർപട നയിക്കുന്നസേനാനി റോസുക- 

ണ്ടത്യന്തമത്ഭുതസ്‌തബ്‌ധനായ് നിന്നുപോയ്.

 മൃദുലളിതമധുരതര സംഗീതമൊപ്പിച്ചു 

വീണയിൽ കേളിയാടീടും കരങ്ങളോ 

തിരകൾ ചടുചടെ വലിയതോക്കിന്റെ വായിലി-

 ട്ടായോധനം ചെയ്‌താശ്ചര്യമേറ്റവും.

 

ഹൃദിസുഖദപദചലനനൂപുരക്വാണവും 

കേൾപ്പിച്ചുകൊണ്ടിങ്ങടുക്കുന്ന ദേവിയാം 

‘വിജയ’മൊരു പദമിതകവാടത്തിലേയ്ക്കു വ- 

ച്ചെങ്കിലും തെന്നുന്നുപിന്നെയും കാലുകൾ. 

വികടതകൾ കുടിലതകളെവിടെയുമൊളിഞ്ഞിരു-

 ന്നീലോകവണ്ടിതൻ പാളം തകർക്കലാം. 

ഇവിടെയുമതനുഭവ, മതീവവിശ്വസ്ത‌രായ് 

നിന്നിരുന്നോർ ചിലർ വഞ്ചിച്ചു ജാൻസിയേ. 

ഒരുവനൊരു സചിവപദമാർന്നവൻ ‘ദുൽഹാജൂ’

മറ്റവൻ പീർആലി’ പീരങ്കിയോധനും

 ഗണികസുതനായിപ്പിറന്നവൻ, ബ്രിട്ടന്റെ 

പാദസേവയ്ക്കുനില്ക്കും ‘നവാബ് ആലിയും’യും

 ഒരു നിലയിലൊരുമയൊടെയൊറ്റിക്കൊടുക്കയാൽ

 ചുറ്റീപരാജയം ജാൻസിയേ സങ്കടം! 

കുലവനിത, പുരുഷവനിതാരത്നമാം റാണി

 യാത്മാഭിമാനത്തെ വിസ്‌മരിച്ചീടുമോ?

 

വിജയമിനിയുടനടിയസാദ്ധ്യമെന്നാകയാ- 

ലാത്മാഹുതിക്കുതന്നേ തുനിഞ്ഞാളവൾ. 

“ഒരു നിമിഷമഹിതരുടെ ബന്ധനത്തിൽ പെട്ടു 

ജീവിക്കയെക്കാൾ മരിക്കുന്നതുത്തമം. 

അനുനിമിഷവിജയമൊടരാതികൾ നാളെയി- 

പ്രാകാരമാക്രമിച്ചുള്ളിൽ കടന്നിടും. 

അതുവരികിലുടനടി -” പറഞ്ഞവാക്യം തട-

 ഞ്ഞച്ഛൻ സഗൽഗദം പുത്രിയോടോതിനാൻ 

“അരുതരുതുവചനമതു പൂർത്തിയാക്കീടൊല്ല 

ദത്തുപുത്രൻ്റെ കാര്യം മറക്കാവതോ? 

അപദശയിതവനെയിതിൽ നിന്നു രക്ഷിക്കുവാൻ

 ബാദ്ധ്യസ്ഥരാണു നാമെന്നു നിസ്സംശയം” 

അതിനെയുടനടി പലരുമൊന്നിച്ചു പിന്താങ്ങി

റാണിയും തെല്ലൊന്നു ചിന്തിച്ചു നിന്നുപോയ്.

 “ശരി,യവനു ജനനിയിവൾതന്നെയല്ലോ, പുത്ര-

 നേകനല്ലോയെനിക്കെൻ്റെ തങ്കക്കുടം.

ജനനിയുടെ, കരൾകുളിരുമാറുള്ള ലാളനം 

ശൈശവത്തിൽ സമാപിച്ച നിർഭാഗ്യഞാൻ 

പ്രണയമധുരിമചെറുതുമാസ്വദിക്കാതുള്ള

 ദാമ്പത്യജീവിതം പിന്നിട്ടുപോന്നഞാൻ. 

ഉദരഫലമൊരു ശിശുജനിച്ചതും സ്വപ്നമെ-

 ന്നല്ലാതൊരാനന്ദമാസ്വദിക്കാത്തഞാൻ. 

ഇഹ വിപുലമായുള്ള വിശ്വത്തിലെങ്ങുമേ

സ്നേഹപീയൂഷം രുചിച്ചുകാണാത്തഞാൻ

 

മമഹൃദയചഷകമതിൽ നിക്ഷിപ്തമായുള്ളൊ- 

രാദിവ്യസമ്പത്തിനേകാവകാശിയായ് 

കരുതിയിതുവരെ മടിയിൽ വച്ചു ലാളിച്ചൊരെ –

ന്നോമനേ, ലോകത്തൊടെന്നെബന്ധിപ്പുനീ. 

സമയമതിവിരളമിനി ദീർഘചിന്ത,യ്ക്കെന്റെ 

മാനവും ധർമ്മവും രക്ഷിച്ചുകൊള്ളുവാൻ

 മതിയിലൊരുപഥമിതതെളിഞ്ഞുകാണുന്നുണ്ടു 

ചെയ്യേണ്ടനേരത്തു ചെയ്‌തീടും വേണ്ടപോൽ.”

 

                         ഇരുളിലഥ ഗുരുതരമൊരേകാങ്കവും തീർന്നു 

കോട്ടയെപ്പിറ്റേന്നു കീഴടക്കീരിപു.

 അഴിമതികളനവധി നടത്തിയെന്നാലുമാ

 ‘ദുർഗ്ഗ’യെക്കിട്ടിയില്ലെങ്ങോട്ടുപോയവൾ? 

അവളെയൊരു തടവുമുറിതന്നിൽ ബന്ധിക്കുവാ-

 നാശിച്ച റോസിൻ നിരാശയെന്തോതിടാം! 

ഭടജനവുമവിടെയവശേഷിച്ചുകണ്ടില്ല

 ശുന്യമാം കോട്ടയാൽ സംതൃപ്തരാകയോ? 

അതുവലിയൊരപജയമവർക്കെന്നു ചിന്തിച്ചു

 റാണിയെത്തേടിത്തുടങ്ങി മഹാരഥൻ.

 

             തരുണിമണിയവളതിനിടക്കഹോ ചെയ്തോരു ധീരകൃത്യങ്ങൾ ഹ്യൂറോസറിഞ്ഞെങ്കിലോ 

തലകുനിയുമവളിലഭിനന്ദനം വർഷിക്കു- 

മല്പം വിശാലാശയത്വമുണ്ടാകണം. 

സഹചരരെയൊളിവഴിയിലോരോ സുരക്ഷിത- 

സ്ഥാനങ്ങൾ തോറുമെത്തിച്ചു വേണ്ടുംവിധം. 

ഒടുവിലവൾ നടുനിശയിൽ സാഹസത്തിന്നൊരു- 

മ്പെട്ടു മടിക്കാതെ മാനരക്ഷാർത്ഥമായ്. 

ഒരു കുതിരയറബിയിനമെത്രയോ റാണിക്കു

 വാത്സല്യമേറുന്ന വാഹനം മോഹനം. 

ഹിതമറിയുമെവിടെയുമതെപ്പൊഴും സ്വാമിനി- 

ക്കൊത്തുവർത്തിച്ചിടും ‘ചേതകെ’ന്നാണു പേർ. 

അതിനുപരിയവൾ ഝടിതിയാരൂഢയായ് പിന്നിൽ 

സ്വന്തദേഹത്തോടുബന്ധിച്ചു പുത്രനെ. 

അരികളൊരു പരിഗണനകൂടാതുപേക്ഷിച്ച 

ദുർഗ്ഗഭാഗംപരം ദുർഗ്ഗമം ഭീകരം! 

ഉയരമതിഭയജനകമവിടെ, യടിനാലത-

 ല്ലമ്പതോളം ബഹിർഭാഗത്തുതോന്നിടും. 

ഹൃദിചെറുതു ഭയവുമൊരുശങ്കയും കൂടാതെ 

യെത്തിനിന്നൂതത്ര ധീരയാം മാനിനി. 

പ്രിയനഗരിയതിനെ, നിജജാൻസിയെക്കൈകൂപ്പി

 യാത്രചോദിച്ചു മനോവികാരത്തൊടേ.

 

കുതിരയുടനൊരു കുതികുതിച്ചുതൻ സ്വാമിനി- 

ക്കന്ത്യമാം സേവനത്തിന്നു സന്നദ്ധനായ്. 

വിജയമതിലവനധികമേന്മയോടാർജിച്ചു

പക്ഷേയവൻ വീണു വീണ്ടെണീല്ക്കാത്തപോൽ, 

കഠിനതരശിലകളുടെ മേലഗാധത്തിലേ- 

യ്ക്കാസ്തന്ദനം, ഹാ തകർന്നുപോയ്കാലുകൾ! 

ഒരു കിടില, മവളിലൊരുവൈദ്യുതാഘാതമെ-

 ന്നോതാം? വിളിച്ചവൾ ” ചേതകേ, ചേതകേ.”

 കുതിരയുടെയുടലിൽ മൃദുവായിത്തലോടീട്ടു 

ചൊന്നു സഗൽഗദം “സേവകോത്തംസമേ,

ഇനിയുമിഹ മുടിയണിയുവാനുള്ള ഭാഗ്യമി 

സ്വാമിനിക്കുണ്ടെങ്കിലന്നു നിൻസ്മാരകം ഉയരുമിഹ”-

സമയമതിലേറെയുണ്ടായില്ല 

പെട്ടെന്നു വേറേയൊരശ്വത്തിലേറിനാൾ.

 

  പ്രിയസഖികൾ ജനകനഥ വിശ്വസ്തരായുള്ള

 മെയ് കാവൽസൈന്യങ്ങളാലും പരീതയായ് 

ഇരവുപകലിരുളു വെളിവൊന്നും ഗണിക്കാതെ,

 യാഹാരമില്ലാതെ, വിശ്രമിക്കാതെയും, 

മലകയറിയടവികൾതകർത്തു പാഞ്ഞും, തോടു-

 മേടുകൾ പിന്നിട്ടുകൂസലില്ലാതെയും, 

യമഭടസമാനരായ് പിന്നാലെയെത്തുന്ന 

ശത്രുസൈന്യത്തോടിടയ്ക്കു പോരാടിയും 

ഒരു വനിത,യൊരുയുവതി, യവളുടെ പലായനം 

നൂറ്റൊന്നുനാഴികയ്ക്കപ്പുറം കാൽപിയിൽ

 ഒരു ദിവസം-ഒരു നിശയുമൊരു പകലുമൊന്നിച്ചു 

പിന്നിട്ടുചെന്നെത്തി; ധൈര്യമേ, ശക്തി നീ!

അഭയമരുളിടുവതിനുയർന്നുനില്ക്കുന്നുണ്ടു 

കാൽപിദുർഗ്ഗം, തത്രപേഷ്വയും* കൂട്ടരും.