Pulkoottile Tharatt

പുല്ക്കൂട്ടിലേ താരാട്ട്


രിരം രാരിരോ രാരോ രാരി

രാരിരം രാരിരോ രാരോ

ഉണ്ണീ! മകനേ! യുറങ്ങു! – കുഞ്ഞു

കണ്ണുകൾ മന്ദമടയ്ക്കു!

ആലോലകോമളവല്ലി – അമ്മ 

താലോലം പാടാം ഉറങ്ങു! 

 

ഏറുന്നശീതം തടുക്കാൻ – അമ്മ 

മാറോടു ചേർത്തു തഴുകാം. 

ആരോമലുണ്ണീ! യുറങ്ങു! – അമ്മ 

താരാട്ടുപാടിയുറക്കാം.

 

സ്വർല്ലോകനാഥനെന്നാലും – എന്റെ

ചൊല്ലിനുകീഴ്പ്പെട്ട കുഞ്ഞേ! 

അല്ലലകന്നെന്റെ മാറിൽ – അണ –

ഞ്ഞുല്ലാസ പൂർവ്വമുറങ്ങു!

 

വാനവർ നിന്നെ സ്തുതിച്ചു- പാടും 

ഗാനം നീ കേൾക്കുന്നതില്ലേ?

ഖിന്നതവേണ്ട മകനേ! – എന്റെ

പൊന്നിൻകുടമേ! യുറങ്ങു!

 

ലോകാന്ധകാരത്തെ നീക്കിക്കൊൾവാൻ

നാകത്തിൽ നിന്നിങ്ങുവന്ന

കാന്തിയേറുന്ന വിളക്കേ! – പുതു

പൂന്തേൻകുഴമ്പേ! യുറങ്ങു.

 

നിൻ ചാരു പൂവൽ മെയ്യല്ലോ – എന്റെ 

നെഞ്ചിനുരപ്പതക്കം

ഉണ്ണീ! നിൻ പുഞ്ചിരിയല്ലോ – എന്റെ 

കണ്ണിനു പീയൂഷധാര.

 

ലില്ലിപ്പൂപോൽ മൃദുവായ – നിന്റെ 

ചെല്ലക്കരചരണങ്ങൾ

മെല്ലെയനക്കുന്ന കാഴ്ച – എനി

ക്കുല്ലാസമേകുന്നുവല്ലൊ.

 

പാരിടമാകവേ പോറ്റീ – ടുന്ന 

കാരുണ്യവാരിധിയായ

ആരോമൽ കണ്ണുകൾ ചെമ്മേ – യട 

ച്ചാരോമൽ പൈതലുറങ്ങു.

 

ഉണ്ണീ! നിൻപൊന്നു മുഖത്തിൽ – എന്റെ 

കണ്ണുപതിയുന്നനേരം

സ്വർല്ലോകാനന്ദക്കടലിൽ – തുഴ

ഞ്ഞുല്ലസിക്കുന്നെന്റെ ചിത്തം.

 

തങ്കമേ! നിന്നെയെടുത്തു – ഞാനെൻ

നെഞ്ചോടണയ്ക്കുന്ന നേരം

ശങ്കയെനിക്കില്ലതെല്ലും – സ്വർഗ്ഗം

എൻകരയുഗ്മത്തിലല്ലോ.

 

കോമളമീമുഖത്തൊന്നു – ചുംബി 

ച്ചോമനിക്കാനുള്ള ഭാഗ്യം

ഓമനേ! ആർക്കു ലഭിക്കും – എന്റെ

പ്രേമക്കുഴമ്പേ! യുറങ്ങു.

 

ശ്രീലോകനാഥനേ മാറിൽ – ചേർത്തു

പാലൂട്ടി താരാട്ടു പാടി

താലോലിച്ചീടുമെൻ ഭാഗ്യം – ഓർത്താൽ

മാലാഖമാരും കൊതിക്കും.

 

തേഞ്ചൊരിയുന്ന പൂച്ചെണ്ട – നല്ല

പഞ്ചാമൃതത്തിൽ കുഴമ്പേ!

മിഞ്ചുന്ന സൗന്ദര്യക്കാമ്പേ! – ചെമ്മേ

ചാഞ്ചാടിയാടിയുറങ്ങു!

 

സന്താനശാഖിതൻ നാമ്പേ! – എന്റെ

സന്തോഷവല്ലിതൻ കൂമ്പേ!

ചിന്തുന്ന കാന്തിത്തിടമ്പേ – വേഗം

ചിന്തവെടിഞ്ഞൊന്നുറങ്ങു.

 

എന്നോമൽ പൈതലുറങ്ങു – എന്റെ

പൊന്നോമൽ തങ്കമുറങ്ങു –

മന്നവനുണ്ണി! യുറങ്ങു – 

ഖിന്നത കൈവിട്ടുറങ്ങു – വേഗം

 

തേഞ്ചോരുമീ ചെറുചുണ്ടിൽ – മൃദു

പുഞ്ചിരി തൂകിയുറങ്ങു!

കണ്മണി! നിന്മുഖം നോക്കി – നോക്കി

അമ്മയടുക്കലിരിക്കാം.

                                                         (കഥാചന്ദ്രിക, ഡിസംബർ 1926)