പതിമൂന്നാം സർഗ്ഗം

എഴുപത്തെട്ടായി വയസ്സു ഗാന്ധിക്കു
കഴിഞ്ഞ കാലങ്ങൾ കടന്നുപോയ്.
വിലയെഴും നേട്ടമവയിൽ നിന്നെല്ലാം
സുലഭമായിട്ടുണ്ടിതുവരെ.
അതു നിനയ്ക്കുമ്പോളലയടിക്കണം
ഹൃദികൃതാർത്ഥത നിരന്തരം
അതുല്യനേട്ടമായ് കരസ്ഥമായിപ്പോൾ
സ്വതന്ത്ര ഭാരത മഹാനിധി.
ഇതൊക്കെയാകിലും മുഖത്തു നോക്കിയാ
ലതൃപ്തിയൊന്നകത്തിരിപ്പതായ്
മതിഗുണമുള്ള നരന്നു തോന്നിടു
ന്നതുവൃഥാവിലല്ലറികനാം.
സ്വതന്ത്രമാകുന്നു വിഭക്തഭാരതം
കൃതാർത്ഥനല്ലതിൽ മഹാശയൻ
അഖണ്ഡഭാരതം ലഭിച്ചിടായ്കയാ-
ലകം തപിക്കയാണസംശയം.
മതവിഭിന്നത നിമിത്തമായ് ജന –
തതിപരസ്പര കലഹവും
കൊലയുമായിട്ടു കഴിഞ്ഞുകൂടുന്ന
നിലയഹിംസകൻ സഹിക്കുമോ?
പടർന്നുകത്തുന്നു ദവാഗ്നിയെപ്പോലെ
കൊടിയവൈരാഗ്യം ജനങ്ങളിൽ.
കടിച്ചുകീറുന്നു സഹോദരങ്ങളെ
കുടിലരാക്ഷസസമാനമായ്.
ഒരിടംബീഹാർ, മറ്റൊരിടം ബങ്കാളു –
മൊരിടം കല്ക്കട്ടാ, യഥ ഡൽഹി
ദുരന്തസംഭവ വിഹാരരംഗങ്ങൾ
നരകതുല്യമെന്നറിയണം.
കരളുരുക്കുമാറവിടെ നിന്നെല്ലാം
വരുമുദന്തങ്ങൾ ശ്രവിക്കുകിൽ
കരിങ്കല്ലാകിലും കരഞ്ഞു പോരുമെ-
ന്നിരിക്കവേയെന്തുപറയണം?
പരമനാരോഗ്യസ്ഥിതിയവഗണി-
ച്ചിറങ്ങി ശീഘ്രമായതിവരൻ
അഹിംസാതത്ത്വങ്ങൾ പഠിപ്പിച്ചീടുവാൻ
മഹാജനങ്ങളെ യഥാവിധി.
പടക്കളത്തിലേ വിവിധരംഗങ്ങൾ
നടന്നുകാണുകയായ് മഹാത്മജി
അടക്കിവയ്ക്കുവാനസാദ്ധ്യമായുള്ളിൽ
കിടിലവും, ഹൃദിനിരാശയും.
മുറിച്ചും ചീന്തിയും കഷണമാക്കിയു –
മെറിയപ്പെട്ടുള്ള ശവങ്ങളും,
പറിച്ചു കീറിയും കനക്കവേരക്ത-
ക്കറയോടേയുടുതുണികളും,
മനുഷ്യരില്ലാതെരുധിരധാരയിൽ
നനഞ്ഞൊരു ചെറ്റപ്പുരകളും,
ഉടമയില്ലാതെ നശിച്ചരീതിയിൽ
കിടക്കുന്ന കൃഷിസ്ഥലങ്ങളും.
വിനാശരംഗങ്ങളിതുവിധം കണ്ടു
മനമുരുകുന്ന മഹാത്മജി
നിനച്ചുപോ, “യിനിയിരിപ്പതെന്തിനീ
വിനകൾ കാണുവാനവനിയിൽ?”
പരമസിദ്ധനീ നിരാശയിലൊട്ടും
സ്ഥിരതയാർന്നില്ലെന്നറിയണം.
പരമാത്മാവിലേയ്ക്കയച്ചു ചിന്തക-
ളൊരു വിനാഴിക യഥാവിധി.
“പ്രവൃത്തി,യല്ലെങ്കിൽ മരണം തന്നെയെ-
ന്നവസരോചിതവ്രതത്തോടേ
സഹചരരൊത്തു തുടർന്നുയാത്രയാ
സഹനസന്നദ്ധനതിരഥൻ.
പദികരായിട്ടു കഴിച്ചിരുന്നവർ
വിദൂരയാത്രകളനുദിനം
ഒരിടത്തെത്തുമ്പോളവിടം ശാന്തമായ്
വരും മഹാത്മജി ജനപ്രിയൻ.
അടിപണിയേണ്ടും പരമധാർമ്മികൻ
നടന്നു നാഴിക പരശ്ശതം
മടുപ്പുകണ്ടില്ല, പരമശക്തൻ്റെ
കൊടുപ്പുഭക്തരെപ്പുലർത്തിടും.
അണുവും സംസ്കാരകിരണമേല്ക്കാത്ത
ജനപദങ്ങളിൽ സമൃദ്ധിയായ്
പരിശുദ്ധസ്‌നേഹം പഠിപ്പിച്ചു ഗാന്ധി
പരിസരങ്ങളിൽ ശുചിത്വവും.
പരസ്പരസ്നേഹം, സമത്വം, സ്വാതന്ത്യ-
മൊരുമിച്ചിന്ത്യയിലിവമൂന്നും
നിരന്നു കൈകോർത്ത നിലയിൽ
കാണുവാൻ പരിശ്രമിച്ചേറെ മഹാത്മജി.
ശുഭാപ്തിവിശ്വാസി ചിരപ്രതീക്ഷിത
ശുഭദിനത്തിൻ്റെ യുദയത്തിൽ
കൃതാർത്ഥനാകുവാനിരിക്കവേ
വന്നി അതിർത്തിയിലെത്തി മഹദ്ദിനം.
കരി മുഖത്തു തേച്ചതുപോലുണ്ടൊരു
കുറവാനാളിൻ്റെയുദയ ത്തിൽ
“വിഭക്തമെന്നുള്ള ലിപിത്രയമതിൽ
ശുഭഹതിരേഖപ്പെടുന്നു.
അടങ്ങിയെങ്കിലും ഹൃദയവിദ്വേഷ –
മൊടുങ്ങിയിട്ടില്ല ജനങ്ങളിൽ.
ഇടയ്ക്കിടെപ്പൊങ്ങുമിടിമുഴക്കം പോൽ
തുടങ്ങും മർദ്ദനം കൊലകളും.
“അരമ്യലോകത്തിൽ സുദീർഘജീവിതം
തരികയില്ലൊരു സുഖംഹൃദി
മരണം നല്ലതു, പരമസ്നേഹത്തിൽ
പരൻമാനൊത്തു സുഖിച്ചിടാം.
ഇതിനിനവെല്ലാം കടന്നു മാനസേ
യതിവരൻ പാരമവശനായ്,
സ്വതന്ത്രഭാരതപ്പതാകയംബരേ
കുതിച്ചുപൊങ്ങുവാനൊരുങ്ങുന്നു.
ഇരുശതാബ്ദങ്ങൾവരെയീഭാരതം
ദുരയോടേ വച്ചു ഭരിച്ചൊരാ
കരങ്ങളിൽ നിന്നുമധികാരമാകെ –
ത്തിരിച്ചെടുക്കുന്ന ശുഭദിനം!
അതിനുസ്വാഗതമരുളുവാൻ ഡൽഹി
പുതിയമോടിയിലണിയുന്നു.
ഇതുവരെയാരുമവളെക്കണ്ടിട്ടി –
ല്ലിതുവിധമത സുഭഗയായ്.
ഇരുപതാം നൂറ്റാണ്ടുദയം ചെയ്തിട്ടു
വരിഷം നാല്പത്തേഴപൂരിതം
അതിലെട്ടാംമാസം പതിന്നാലാംദിന –
മെഴുതണം തങ്കലിപികളിൽ.
സമയമോ നടു നിശീഥിനി നന്നായ്
ചമഞ്ഞുനില്ക്കുന്നു നവഡൽഹി.
സുമംഗളശംഖധ്വനി മുഴങ്ങുന്നു
സമുചിതാഘോഷമഹോത്സവം.
അപാംപതിയൊടു സമംജനാവലി,
യഭൂതപൂർവ്വദർശനമഹോ!
പലതര കോലാഹലങ്ങൾക്കുമദ്ധ്യേ
കലിതകൗതുകമൊരുസ്വരം.
കനത്തശൃംഖല യടിമച്ചങ്ങല
ജനിത്രിഭാരതം തകർത്തതാ
എടുത്തെറിഞ്ഞിട്ടു ചിലങ്കയിട്ടവൾ
നടനമാരംഭിച്ചിരിക്കയാം.
മതൃത്തഗാനമാലപിക്കുന്നുജനം
“സ്വതന്ത്രഭാരതാംബികേ, ജയ!
ജയജയ! ജയപതാക വിണ്ണിലേ –
ക്കുയരട്ടംബികേ, ജയജയ!”
നടക്കേണ്ടും സത്യപ്രതിജ്ഞകളെല്ലാം
നടന്നുസാഘോഷം സഹർഷമായ്.
പടുക്കളാവേശവിജ്യംഭണത്തോടേ
നടത്തിമേൽക്കുമേൽ പ്രസംഗവും.
നികത്തുവാനാകാത്തൊരു വിടവതി-
നകത്തുകാണുന്നു പരസ്യമായ്
ചരിത്രരേഖകളതുമറയ്ക്കുകി –
ല്ലൊരിക്കലു, “മെന്തേ മഹാത്മജി?”
മഹാജനാവലി പ്രസംഗകന്മാരും
“മഹാത്മജി കീജേ മുഴക്കുന്നു.
മഹാത്മജിയെന്തേ?യവിടുന്നില്ലാത്ത
മഹോത്സവമിതു നിരർത്ഥകം.
ഇവിടെയദ്ധ്യക്ഷപദത്തിനർഹത-
യവിടത്തേയ്ക്കെന്നതസംശയം
വിപുലസാമ്രാജ്യമിതിൻ്റെ സ്ഥാപകൻ
നൃപാസനാർഹനാമഹാശയൻ.
മുഴുവനാകാനീ പ്രമോദമങ്ങേ തൃ-
കഴലിണയം പതിയണം.
ഉഴറുന്നു ജനാവലി തിരുമുമ്പിൽ
തൊഴുകൈയെങ്കിലും സമർപ്പിക്കാൻ.
മഹച്ചരിതനാമവിടന്നെങ്ങുപോയ്?
മഹാജനൗഘമേ, ശ്രവിക്കുക
ലഹളക്കാരുടെയിടയിലാണങ്ങു
സഹോദരസ്നേഹപ്രബോധകൻ.
ജനതവർഗ്ഗീയപരമവിദ്വേഷ
മനസ്ഥിതിയോടെ പരസ്പരം
അടിയിടിക്കൊലയിതൊക്കെ നിർദ്ദയം
നടത്തുന്നോരോരോ സ്ഥലങ്ങളിൽ,
അവിടെയാണങ്ങേ ഹൃദയമെപ്പോഴു –
മവരിൽ രമ്യതവരുത്തുവാൻ
ഇവിടെയർഹിക്കും പ്രശംസകാര്യമ-
ല്ലവിടത്തേയ്ക്കെന്നതറിയണം.
ഭഗവൽഗീതയിൽ പറയുമ്പോലെയാ-
തികഞ്ഞ നിഷ്കാമ പ്രവർത്തകൻ
സുദീർഘകാലത്തെ ശ്രമം ഫലിച്ചതിൽ
ഹൃദികൃതാർത്ഥനാണസംശയം.
പ്രതിഫലം വേറെയവിടുന്നാശിച്ചി-
ല്ലതിനിടമില്ലാ ഹൃദയത്തിൽ
പരമസിദ്ധനാമവിടുന്നാദർശ
പുരുഷനെന്നുനാം ധരിക്കണം.
നരചരിതങ്ങൾ ചുഴിഞ്ഞുനോക്കിയാൽ
വിരളമീദൃശ പരിത്യാഗം.
തരി പ്രശസ്തി കൈവരും സ്ഥലം നോക്കി
പരക്കംപായുന്നു ജനതതി.
ശരിയിതൊക്കെയെന്നിരിക്കിലുമെനി-
ക്കൊരു പദംകൂടി പറയുവാൻ
കരൾ കുതിക്കുന്നു. പറഞ്ഞുകൊള്ളട്ടെ,
ക്ഷമിക്കണേ ഗുരോ, മഹാത്മജി,
പരസഹസ്രങ്ങൾക്കകത്തുതിങ്ങുന്ന
നിരാശയോർത്തൊരു വിനാഴിക
തിരുമുഖമവർക്കഭിമുഖമൊന്നു-
തിരിച്ചുപുഞ്ചിരിച്ചിരുന്നെങ്കിൽ!
ഇരുപതും പത്തും സമകൾ ചെയ്തൊരു
പരിത്യാഗാന്വിത പരിശ്രമം
പരം സമൃദ്ധിയിൽ ഫലമണിയുന്ന
വരദിനമല്ലേയിതു ഗുരോ?
ഇരുളുതിങ്ങുന്ന തെരുവുകൾ തോറും
തിരികൊളുത്തിക്കൊണ്ടഹർന്നിശം
ചരിക്കുമങ്ങയിൽ നരൻ്റെ ദേഹവും
സുരൻ്റെ ദേഹിയുമിരിക്കയോ?
മുടക്കമില്ലാതെയിതിനിടയിലും
നടത്തും പ്രാർത്ഥനാസമിതികൾ,
പ്രഭാവവത്തായി നടക്കുന്നുണ്ടോരോ
പ്രഭാഷണങ്ങളും ദിനംപ്രതി.
പറയുന്നു സിദ്ധൻ “നിരാഹാരനായി-
പലദിനങ്ങൾ ഞാൻ കഴിച്ചിടാം.
അരുതെനിക്കൊരുദിവസം പ്രാർത്ഥനാ-
രഹിതജീവിതം നയിക്കുവാൻ.”
പരംപൊരുളിൻ്റെ സമക്ഷം ജീവിതം
ശരിക്കുമാനുഷൻ സമർപ്പിച്ചാൽ
സകലകർമ്മവുമുപാസനകളായ്
പകരുമെന്നു നാമറിയണം.
“ഉപദ്രവം നമ്മോടൊരുത്തൻ ചെയ്താലു-
മുപദ്രവിക്കരുതവനെ നാം
അകമഴിഞ്ഞ നിഷ്കളങ്കസ്നേഹത്താൽ
പകരംവീട്ടണമുദാരമായ്.”
ഒരിക്കലാശ്രമവളപ്പിനുള്ളിൽ വ –
ച്ചൊരു ഖലനങ്ങവധിക്കുവാൻ
എറിഞ്ഞു ബോംബതു വിഫലമാകയാൽ
സുരക്ഷിതനായി മഹാത്മജി.
നടന്ന പ്രാർത്ഥനാസമിതിയിലങ്ങു-
ന്നുടനെയോതിയീ വചസ്സുകൾ
“അവനെ മർദ്ദിക്കാൻ തുനിയരുതാരു-
മധമനെന്നതും കരുതൊലാ.
അകത്തിരിക്കുന്ന കദനഭാരവും
മികച്ച നൈരാശ്യപടലവും
തകർന്നുമാഞ്ഞിട്ടുവരും പ്രശാന്തിയാ-
തികഞ്ഞഭാഷണം ശ്രവിക്കുകിൽ,
ഗുരുവരൻ ക്രിസ്തു ഗിരിമുകളിൽനി –
ന്നരുളിച്ചെയ്ത സൽപ്രഭാഷണം
സ്മരിച്ചുപോകുമാ സുഭാഷിതങ്ങളെ
ശരിക്കുകേൾക്കുകിൽ സകലരും.
