Aa Punchiri

ആ പുഞ്ചിരി


മുകളിൽ നിന്നിതാ പുഞ്ചിരിതൂകുന്നു 

നവയുഗത്തിലേയാരാധ്യപൂരുഷൻ

പിതൃസമാനനാം യോഹന്നാൻ മാർപ്പാപ്പാ

പുതിയ പൗർണ്ണമി കാണുന്നു ഭൂതലം.

1

സഹജമായൊരു പുഞ്ചിരിയാലങ്ങു

ഭുവനവാസികൾക്കാകവേ താതനായ്

ഹൃദയം തിങ്ങിവരുന്നൊരാപ്പുഞ്ചിരി!

സുഖദപൈതൃകമായൊരാപ്പുഞ്ചിരി!

2

വിമതരാകിലും പൈതൃക സാന്നിദ്ധ്യ-

മനുഭവപ്പെടുമാറുള്ള പുഞ്ചിരി

ഹൃദയമാകെക്കവർന്നെടുത്തീടുവാ-

നധിക ചാതുരിയേറുന്ന പുഞ്ചിരി

3

മധുരവാക്കുകൾ ചേർന്നുള്ള പുഞ്ചിരി

ധരയിൽ ശാന്തിയെത്തൂകുന്ന പുഞ്ചിരി

ഇനിയുമങ്ങുന്നു സ്വർഗ്ഗലോകത്തിൽ നി-

ന്നിവരെ നോക്കിയുതിർത്തുന്ന പുഞ്ചിരി

4

സമരമെന്നിയേ സ്നേഹത്താൽ നേടുന്ന 

വിപുലസാമ്രാജ്യം – പഞ്ചഭൂഖണ്ഡവും-

നിപുണമായി ഭരിച്ചീടുന്ന പുഞ്ചിരി 

സകലരും നമിച്ചീടുന്ന പുഞ്ചിരി

5

ശിഥില ക്രൈസ്തവ ശാഖകളേ സത്യ-

സഭയിലേക്കു നയിക്കുന്ന പുഞ്ചിരി

സകല വൈദികാദ്ധ്യക്ഷരേയും നിത്യ-

പുരിയിലേയ്ക്കു വിളിക്കുന്ന പുഞ്ചിരി

6

മരണശയ്യയിൽ മാറാത്ത പുഞ്ചിരി

മരണശേഷവുമോലുന്ന പുഞ്ചിരി

അതു മറക്കുവാനെങ്ങനെ സാധിക്കും?

അതു ധരിത്രിയിലെന്നുമേ ശോഭിക്കും.

7

(1963)