യാത്രക്കാരൻ

ഒരു ദുർഘടദീർഘയാത്രയിൽ
തനിയേ ഘോരവനത്തിലായി ഞാൻ
ഇരുൾ തിങ്ങി നിറഞ്ഞ രാത്രിയും,
വിജനം കാനനമെന്തുചെയ്തിടും?
കടുവാ,പുലി,യാനയൊക്കെയു-
ണ്ടടവിക്കുള്ളിലഹോ ഭയങ്കരം!
അലറുന്നവയങ്ങുമിങ്ങു,മെ-
ന്നരികിൽ ചീറ്റുകയായി സർപ്പവും.
ഒരു കാലടി നീക്കിവയ്ക്കുവാ-
നിടമേതെന്നറിയുന്നതില്ല ഞാൻ,
ഒരു മാത്രയുമാ സ്ഥലത്തു നി-
ന്നീടുവാൻ ധൈര്യവുമില്ല തെല്ലുമേ
വിറകൊണ്ടു ശരീരമാകവേ
വിളികൂട്ടാൻ സ്വരമില്ല കേവലം
ഇതിലും വലുതായി വരാവതോ
വിഷമപ്രശ്നമതോർത്തു നോക്കണം.
പുലരിപ്രഭ കാണുമോയെനി-
ക്കിവിടം പട്ടടയായി ഭവിക്കുമോ?
ഇതി ചിന്തയിലാണ്ടു ഭീതനാ-
യിരുളിൽ കണ്ണുതിരിച്ചുനോക്കി ഞാൻ.
ചെറുതായൊരു ദീപനാളമെ-
ന്നരികത്തേക്കണയുന്നു മന്ദമായ്
തടി വിട്ടു പറന്ന ജീവനെ –
ത്തിരികെക്കൊണ്ടുവരുന്നമാതിരി.
ഒരു വന്ദ്യവയോധികൻ, മുഖ-
ത്തനുകമ്പാമൃതമൂറിടുന്നവൻ,
അജപാലനു ചേർന്ന വേഷവും;
ഹൃദയാശ്വാസമെനിക്കു ലബ്ധമായ്
“വഴി-ഹാ-വഴി’ യെന്നുമാത്രമെൻ
കുഴയും നാവിലിഴച്ചു ചൊന്നു ഞാൻ.
അവനെന്റെ മുഖത്തു നോക്കിയെൻ
ഭയവിഭ്രാന്തികൾ കണ്ടുരച്ചിദം
“വഴിയോ മകനേ? ഭയാനകം
വനമിക്കാണ്മതിലൂടുപാവുകൾ
കുഴയുംവിധമാണു പാതകൾ’
പതിനോരായിരമല്ലതിൽ പരം.
ഇതിനുള്ളിലകപ്പെടുന്നവൻ
വിഷമിക്കും നിജ ലക്ഷ്യമെത്തുവാൻ
ശരിയായൊരു പാതമാത്രമു-
ണ്ടതുകണ്ടെത്തുവതോർക്കിൽ ദുഷ്ക്കരം.
അതു തെറ്റി ഗമിച്ചിടുന്നവൻ
ഹതഭാഗ്യൻ വിധിശാപമേറ്റവൻ
ചുഴലത്തിലഗാധർത്തമു-
ണ്ടതിലാണന്ത്യമവന്നു നിശ്ചയം.
ദിവസംപ്രതിയെത്ര പാന്ഥരാ-
ണതിൽ വീഴുന്നതു തീയിലിയ്യൽ പോൽ
വരികെന്നോടുകൂടി നിർഭയം
വഴികാണിച്ചുതരാം നിനക്കുഞാൻ.
ഇഹ യാത്രികരെത്തുണയ്ക്കുവാൻ
നിവസിക്കുന്നവനാണു ഞാൻ സദാ.
മമ പുത്രരുമുണ്ടിടയ്ക്കിട-
യ്ക്കു വരും സേവനബദ്ധരാണിദം”
അകളങ്കമവന്റെ വാക്കിലെൻ
ഹൃദയം തെല്ലു കുളുർക്കവേയവൻ
ഒരു കൈയിൽ വിളക്കുമേന്തിയെൻ
കരമൊന്നങ്ങു പിടിച്ചു മറ്റെതിൽ.
ത്വരിതം നടകൊണ്ടു, പോയി തെ-
ല്ലകലം, ക്ഷീണിതനായ്ക്കഴിഞ്ഞു ഞാൻ
കരമല്ല ശരീരമാകെയാ-
നരനിൽ താങ്ങിയിരുന്നു യാത്രയിൽ.
“തിരിമങ്ങി, വിളക്കിലെണ്ണയി-
ല്ലിതുകെട്ടാൽ ” മമ ചോദ്യവാചകം
പകുതിക്കുതടഞ്ഞു സത്വരം
മറുവാക്കാ ഗുണകാംക്ഷിയോതിനാൻ.
“അതുവന്നു ഭവിക്കയില്ലിതാ,
സവിധേയൻ തനയന്റെ പാർപ്പിടം.
പഥികർക്കു വിളക്കിലെണ്ണയും
സുഖവിശ്രാന്തിയുമങ്ങു ലഭ്യമാം
ഒരു നാലു വിനാഴികയ്ക്കകം
ചെറുതായുള്ളൊരു വീടു ദൃശ്യമായ്
അതിനങ്കണസീമ്നി നിന്നവൻ
“മകനേ!” എന്നു വിളിച്ചു ശാന്തനായ്
പിതൃശബ്ദമറിഞ്ഞു തൽക്ഷണം
ഗൃഹവാതായനവും തുറന്നിതാ
എരിയുന്ന വിളക്കുമായ് മകൻ
വെളിയിൽ വന്നു നമിച്ചുനില്ക്കയായ്.
ചില മാത്രകൾ വിശ്രമിച്ചുടൻ
കുളിയും ഭക്ഷണവും കഴിച്ചു ഞാൻ
മകനോടൊരുമിച്ചു യാത്രയായ്
നിറയെക്കിട്ടി വിളക്കിലെണ്ണയും.
ഇതുപോൽ പല താവളങ്ങളും
നവനേതാക്കളുമെന്റെ യാത്രയിൽ
തുണയായി ഭവിച്ചൊരേടവും
വഴിതെറ്റാതെ നടന്നിരുന്നു ഞാൻ.
വനസീമയിലെത്തി, രാത്രിയും
കഴിയാറായ്, പുലരി പ്രഭാകരൻ
മൃദുപാടലമാംകരങ്ങളാൽ
ധരയെത്തൊട്ടുതലോടി മെല്ലവേ.
കുളിർകാറ്റു സുഗന്ധവാഹിവ-
ന്നുരസുന്നെന്നെ,യെനിക്കു സാന്ത്വനം
വരുമാറൊരു ദൂതു കാതിലേ-
യ്ക്കുര ചെയ്യുന്നതുപോലെ തോന്നി മേ.
ജനകന്റെ ഗൃഹാങ്കണത്തിലെ-
പ്പൂതുപൂവാടിയിൽ നിന്നുയർന്നിടും
പുളകോൽഗമകാരി പൂമണം
സവിധേയെത്തിയതായറിഞ്ഞു ഞാൻ.
ഇനിയെന്റെ ഗൃഹം വിദൂരമ-
ല്ലിതിചിന്തിച്ചു പരം കൃതാർത്ഥനായ്
സ്വയമങ്ങുമറന്നു നില്ക്കവേ-
യപരൻ ചൊന്നിതു മാർഗ്ഗദർശകൻ.
“അയി സോദരാ, കാൺക ഗർത്തമെൻ
ജനകൻ ചൊന്നതതീവ ഭീകരം!
ഇടതിങ്ങിയൊരന്ധകാരമാ-
ണതിലെന്നേരവുമത്രമാത്രമോ?
ലിപികൾക്കവിധേയമായമ-
ട്ടിടതൂർന്നുള്ളൊരു മുൾപ്പടർപ്പുകൾ,
തുറവിന്റെ മുകൾപ്പരപ്പിലേ
മറവായ്ക്കാണ്മു, വിതാനമെന്നപോൽ.
അറിയില്ലിതിനാഴമെത്രയെ-
ന്നൊരുകാലത്തുമഗാധഗർത്തമേ
അതിലേക്കു പതിച്ചിടുന്നവൻ”
നെടുനിശ്വാസമതിന്റെ ബാക്കിയായ്.
അവനശ്രുതുടച്ചു, ഗൽഗദം
സ്ഫുടമായ്, നെഞ്ചിലമർത്തി കൈകളെ
ഒരു വാക്കുമുരച്ചുകൊള്ളുവാൻ
കഴിവില്ലാതെ കടന്നു മാത്രകൾ.
“കഥയെന്തുപറഞ്ഞിടേണമേ
വളരുന്നെന്റെ പരിഭ്രമം സഖേ,
അരുതായ്കിലുമെന്റെ വാക്കുകേ-
ട്ടനുകമ്പാകുലനായ് തുടർന്നവൻ.
“അതിലേയ്ക്കു പതിച്ചിടുന്നവൻ
കയറിപ്പോരുകയില്ലൊരിക്കലും
ചിരകാല-മനന്തകാല-മാ
ദുരിതത്തിന്നിരയാണു ദുർഭഗൻ
പരദുർഗ്ഗതി മർത്യഭാവനാ-
മുകുരത്തിൽ നിഴലിച്ചു കണ്ടിടാ.
ഇടിപോൽ പലഗർജ്ജനങ്ങളും
തുടരെക്കേൾക്കുവതങ്ങുനിന്നുതാൻ.
അതിദുർഘടമീ വനസ്ഥലി
ക്കകമേ യാത്രികരെത്തുണയ്ക്കുവാൻ
ജനകൻ, സഹജാതൻ, ഞാനുമീ
വിധമെപ്പോഴുമുണർന്നിരിക്കയാം.
പലരുണ്ടു വഴിപ്പെടാത്തവർ
സ്വഹിതം പോലവർ പാഞ്ഞുപോയിടും.
ഇടിവെട്ടുകണക്കൊടുക്കമീ-
യടികാണാത്ത വിലത്തിൽ വീണിടും.
വിഷസർപ്പകരാളദംഷ്ട്രകൾ-
ക്കിരയാകുന്നവരൊട്ടനേകരാം.
പലർ തസ്കരഘോരദുഷ്കൃതി –
ക്കടിപെട്ടും തുലയുന്നു കഷ്ടമേ!
ദിവസംപ്രതിയെത്രയെത്രയാ-
ണിതുപോലുള്ള വിനാശപൂജകൾ!
വിലപിച്ചതുകൊണ്ടു കിം ഫലം?
വിലപിക്കാതെയിരിപ്പതെങ്ങനെ?
ഇതിനക്കരെയെത്തിടാനിതാ
വഴിയൊന്നുണ്ടു പരം സുരക്ഷിതം
അതു ഞങ്ങളറിഞ്ഞിടുന്നു മ –
റ്റൊരുവൻ കണ്ടുപിടിച്ചിടാ ദൃഢം
വളരെക്കുറവാണു വീതിയാ-
സരണിക്കായതറിഞ്ഞിരിക്കണം.
അതുമല്ലതു പാലമാണു, കാ-
ലിടറായ്‌വാൻ കരുതിച്ചവിട്ടണം.
വരികെൻ പ്രിയസോദരാ, ഭയം
ചെറുതും വേണ്ടവിളംബമെന്നിയേ
പിതൃഗേഹമണഞ്ഞിടാം, തെളി-
ഞ്ഞാളിവീശും പകലങ്ങു കണ്ടിടാം.
” ജനകൻ പ്രിയപുത്രനെക്കണ-
ക്കവനെന്നെക്കരവല്ലി രണ്ടിനാൽ
പരിചോടു പുണർന്നു;പാലമാ-
നിലയിൽത്തന്നെ കടത്തിയത്ഭുതം!
സസുഖം പിതൃഗേഹമെത്തി ഞാൻ.
പ്രിയമേറുന്നൊരു മാർഗ്ഗദർശകൻ
വിടവാങ്ങി; കൃതജ്ഞതാഭരം
തൊഴുകൈയാലറിയിച്ചു കേവലം
ഹൃദയം കവരും വികാരമാ
സമയത്തുള്ളതു സംവഹിക്കുവാൻ
ഒരു വാക്കൊരു ശബ്ദകോശവും
തരുകില്ലശ്രുവുതിർത്തു കണ്ണുകൾ
ഇനിയെന്തു പറഞ്ഞിടേണ്ടു ഞാൻ
പിറകേയുള്ള സഹോദരങ്ങളേ,
വളരെക്കരുതിച്ചരിക്കണം വ
ഴിതെറ്റാതിഹ വന്നുചേരുവാൻ.
(മനോരമ ആഴ്ചപ്പതിപ്പ്, ഡിസംബർ 1960)
