“വിടവാങ്ങിടുന്നു ഞാൻ”

തൊഴുകൈമതിബാലവൃന്ദമേ,
മിഴിനീർത്തുള്ളികൾ നഷ്ടമാക്കൊലാ.
ഗുരുശിഷ്യനിലയ്ക്കു ഭേദമി-
ല്ലിനിയും നിങ്ങളറിഞ്ഞിരിക്കണം.
ഹൃദയത്തിലെനിക്കു നിങ്ങളു-
ണ്ടതുപോൽ നിങ്ങളിൽ ഞാനുമാകുകിൽ
ജഡമാത്രവിയോഗമേവരു
കഥയില്ലായതു; പുഞ്ചിരിക്ക നാം.
പതിനാറുവയസ്സിലാദ്യമായ്
ഗുരുവെന്നെന്നെ വിളിച്ചു കുട്ടികൾ
ലിപിതമ്മിലിടംവലം മറി-
ഞ്ഞിടുവാനിപ്പോളൊരുങ്ങി നില്ക്കയാം.
നിയമത്തിനധീനയായിടേ-
ണ്ടതിനാലിപ്രിയമാർന്ന സേവനം
മതിയാവോളമെനിക്കു ലബ്ധമായ്.
മതിയാക്കുകയാണു; നേട്ടവും
പണമല്ലതുപണ്ടമല്ല ഭൂ-
തലഭാഗങ്ങളുമല്ല ഭാഗ്യമേ!
പ്രിയശിഷ്യമഹാസമൂഹമാ-
ണവരാൽ ഹാ! നിതരാം ധനാഢ്യ ഞാൻ.
“പിരിയേണമരങ്ങിൽനിന്നുടൻ
ശരിയായിക്കളിതീർന്ന നട്ടുവൻ”
ഇതു വാസ്തവമല്ലയോ? കവി
പ്രവരൻ ചൊന്നൊരു വാക്യമല്ലയോ?
അതിനാൽ പ്രിയശിഷ്യരേ, കൃതാർ-
ത്ഥതയോടേ വിടവാങ്ങിടുന്നു ഞാൻ.
ഭവുകങ്ങൾ വരട്ടെ, മേല്ക്കുമേൽ
വിജയശ്രീ പുണരട്ടെ നിങ്ങളേ!
അറിവാലമൃതൂട്ടി വത്സരെ
പരിപാലിച്ചിടുമീനികേതനം
പരിപാവന,മത്രയല്ല സൌ-
ഹൃദമേറുന്നൊരു സൽസവിത്രിയാം.
ഇഹതാവകപിഞ്ചുകാലുകൾ
പതിയാനൊത്തൊരു സുപ്രഭാതമോ
സ്മരണീയ,മനന്തഭാവുക-
പ്രഭവങ്ങൾക്കൊരു നാന്ദിയാദിനം.
വിഹരിച്ചു രസിക്കുവാനിടം
പലനാളേകിയൊരിസ്ഥലത്തിലേ
മണലിൻ തരിയോടുമുന്നതാ-
ദരവുണ്ടാകണമുള്ളിലെപ്പോഴും.
അടികൊണ്ടു, ശകാരമേറ്റു, തെ-
ല്ലൊരു പോരായ്കയുമില്ലവത്സരേ,
ഉരകല്ലിലുരഞ്ഞ മേൽത്തരം
മണിപോൽ ശോഭ വളർന്നു നിങ്ങളിൽ.
അരുതേയവഹേളനം ഗുരു –
പ്രവരന്മാരോടു നിദ്രയിങ്കലും
ഹൃദയം വഷളാകുമത്രയ-
ല്ലതിനാൽ മർത്യനധഃപതിച്ചിടും.
ഗുരുശിഷ്യ വിശിഷ്ടബന്ധമെ-
ന്നതു ജീർണ്ണിച്ചുവരുന്നു മർത്യരിൽ
അതിനെപ്പുനരുദ്ധരിച്ചിടേ-
ണ്ടതു സന്മാതൃകയൊന്നിനാലെ താൻ.
സഹപാഠികൾ തമ്മിലെപ്പോഴും
നിതരാം മൈത്രിപുലർത്തി വാഴണം
സഹജാതരിലും വിശേഷമായ് ;
മഹദാദർശമതെന്നു നിശ്ചയം.
തൊഴിലിൽ വിജയിക്ക; “പുസ്തക –
പ്പുഴു’വെന്നുള്ളാരു പേരെടുക്കൊലാ
നരർ നെറ്റി വിയർത്തു ഭക്ഷണം
കഴിയാനാണഖിലേശ ശാസനം.
അറിവിന്റെ വികാസസീമയിൽ
പരമജ്ഞാനമഹൽ സ്വരൂപനെ
അറിയും ജഗദീശനേ,യതാ-
ണറിവെൻ വത്സലശിഷ്യവൃന്ദമേ.
ഇനിയും പലതുണ്ടുചൊല്ലുവാൻ;
വിനയം ഭൂഷണമായ് ധരിക്കണം.
അനഭിജ്ഞരിൽ നിന്നഭിജ്ഞരേ-
യതിനാലാണറിയേണ്ടതേവനും.
ഇതു സംഗ്രഹമാണു; ദീർഘമാ-
യിടുകിൽ നിങ്ങൾ മറന്നുപോയിടാം.
ദൃഢമീവരികൾ ഹൃദിസ്ഥമായ്
നടനം ചെയ്യണമോർമ്മയിൽ സദാ.
ചിലവേളയിലീദിനങ്ങളേ
മധുരസ്വപ്നസമം സ്മരിപ്പതും
ഉളവാക്കിടുമാത്മശാന്തിയും
പരമാനന്ദവുമില്ല സംശയം.
ഇനി ഞാൻ പിരിയട്ടെ; നിങ്ങളെ-
ക്കരവല്ലിദ്വയസംവൃതിക്കകം
ഒരുമിച്ചു പുണർന്നിടാവതോ?
തരുവേനെന്റെയനുഗ്രഹങ്ങൾ ഞാൻ.
(ദീപിക, 24 ജൂൺ 1961)
