സ്നേഹത്തിന്റെ മാഹാത്മ്യം

മനോഹരം മനുഷ്യഭാഷ, ദൈവദൂതഭാഷയും
മനസ്സിലാക്കി ഞാൻ സദാ പ്രഭാഷണങ്ങൾ ചെയ്തിലും
മനക്കുരുന്നു മൈത്രിയറ്റതെന്നിരിക്കിലെന്തു ഞാൻ?
ധ്വനിച്ചിടുന്ന ലോഹമോ ചിലമ്പിടുന്ന താളമോ?
അഹം മഹാപ്രവാചകൻ, മഹാരഹസ്യമൊക്കെയും
ഗ്രഹിപ്പവൻ തികഞ്ഞ വിജ്ഞനേതു പർവ്വതത്തെയും
മറിച്ചിടാമൊരൊറ്റ വാക്കുവിശ്വസിച്ചുരിലെ-
ന്നുറപ്പുമുണ്ടു, സ്നേഹശൂന്യനാകിലൊന്നുമല്ല ഞാൻ.
ദരിദ്രരെപ്പുലർത്തുവാനുഴിഞ്ഞുവച്ചു സർവ്വതും
കരിഞ്ഞു ചാമ്പലാകുവാൻ സ്വദേഹവും കൊടുക്കിലും
അകത്തു തെല്ലു പോലുമില്ല മൈത്രിയെന്നിരിക്കിലോ
പ്രകാശലേശമേകിടാത്ത ദീപനാളമാണു ഞാൻ.
നിറഞ്ഞ കൂറുഹൃത്തിലുള്ള മാനുഷൻ ദയാലുവാ –
ണറിഞ്ഞിടേണമാരൊടും ക്ഷമിക്കുമാ മഹാശയൻ
കുറച്ചുപോലുമില്ലവന്നഹന്തയെന്ന ദുർഗുണം
തുറന്നു കാൺക തിന്മയില്ലവന്റെയുള്ളിലല്പവും.
തനിക്കു തന്റെ കാര്യമൊന്നുമാത്രമെന്നു ഭാവമി –
ല്ലനിഷ്ടമേതു മെത്രയും പ്രശാന്തനായ് സഹിച്ചിടും
അനീതിയിൽ പ്രമോദമില്ലനിഷ്ടമില്ല; നീതിയിൽ
മനസ്സുഖം, സ്വയം പ്രശംസയില്ലവന്നു തെല്ലുമേ
കടന്ന മോഹമില്ല, വിശ്വസിക്കുമേതു സത്യവും
തുടർന്നു നിന്നിടും പ്രതീക്ഷ ഭദ്രമായഭംഗമായ്,
പ്രവാചകന്റെ ഭാഷിതങ്ങൾ ഭാഷയും ക്ഷയിച്ചിടാം
പവിത്രമായ സൗഹൃദം ക്ഷയിക്കയില്ലൊരിക്കലും
മനുഷ്യരിൽ പ്രവാചകത്വമല്പമാണ് പൂർണ്ണമാ-
ണനിത്യമാണു ഭാഷകൾ, ക്ഷയിപ്പതാണു ജ്ഞാനവും
ബലിഷ്ഠനെത്തിടുമ്പെഴേയ്ക്കകന്നുമാറിടുന്നു ദുർ-
ബലൻ; വിശാലത കൈയടക്കുമാ പ്രതാപവാൻ.
കിശോരനായിരുന്ന ഞാൻ പറഞ്ഞിരുന്നു വേണ്ടത-
ക്കിശോരഭാഷയിൽ, ഗ്രഹിച്ചുകേട്ടതൊക്കെയും തഥാ
ശിശുത്വചിന്തകളിയാടി ബുദ്ധിയിൽ, വളർന്നു ഞാൻ
വിശാലബുദ്ധിയാകവേ പരിത്യജിച്ചിതൊക്കെയും.
അപൂർണ്ണമായ കാഴ്ചയിന്നു ദർപ്പണത്തിലെന്നപോൽ
അപാരദർശനം ലഭിക്കുമെന്നു നാമതോർക്കണം.
സമസ്തവും മുഖാമുഖം യഥാതഥം ഗ്രഹിക്കുമ-
ന്നമംഗളങ്ങളില്ല, പൂർണ്ണഭാഗ്യമേ പ്രതീക്ഷയേ
നമുക്കു മൂന്നു പുണ്യമിന്നു സുപ്രധാനമെങ്കിലും
സമത്വമില്ലവയ്ക്കു സ്നേഹമാണനന്തമക്ഷരം
സമസ്തമന്നു കണ്ടിരിക്കെയെന്തു വിശ്വസിക്കണം?
സമസ്തവും ലഭിച്ചിരിക്കെയെന്തിനായ് പ്രതീക്ഷയും?
(ധ്യാനഗുരുവിനുവേണ്ടി എഴുതിയത്, 1978)
