ആദ്യത്തെ പ്രേഷിതൻ

ആരിലുമാദ്യത്തെ പ്രേഷിതനായിട്ടീ
ഭാരതഭൂമിയിൽ തൃപ്പദങ്ങൾ
ചേർത്തപുണ്യശ്ലോകൻ ക്രിസ്തുവിൻ ശിഷ്യനാം
മാർത്തോമ്മാശ്ലീഹായെ വാഴ്ത്തുക നാം
അത്തിരുച്ചേവടി സ്പർശമീ മണ്ണിനെ
സത്യമായേറ്റം പവിത്രമാക്കി.
ഗുണ്ടഫർ രാജനു തച്ചനായ് കൊട്ടാര-
മുണ്ടാക്കാൻ വന്നെന്നു കേട്ടിരിപ്പൂ.
കണ്ണിനു ഗോചരമല്ലാത്ത കൊട്ടാരം
വിണ്ണിലുണ്ടാക്കിയാ ദിവ്യശില്പി.
പാർത്ഥിവ കോപത്താൽ ബന്ധിതനായൊരു
കൽത്തുറുങ്കിനകത്തോ മഹാത്മാ.
പെട്ടെന്നു രോഗിയായ് രാജസഹോദരൻ,
വിട്ടുപോയ് ദേഹത്തിൽനിന്നു ദേഹി.
വിഷ്ടപദർശനഭാഗധേയത്തൊടേ
ദൃഷ്ടിയിൽ പെട്ടൊരു രമ്യഹർമ്മ്യം.
ശില്പിതോമ്മായുടെ ശില്പമാണെന്നറി-
ഞ്ഞത്ഭുതമുണ്ടായനല്പമായി.
ചിത്യയിലെത്തിയ ദേഹത്തിൽ ദേഹിവ-
ന്നെത്തി, രണ്ടാമതും ജീവനുണ്ടായ്.
കണ്ടതും കേട്ടതുമൊക്കെപ്പറഞ്ഞവൻ
ഗുണ്ടഫർ ഭൂമിപൻ വിശ്വസിച്ചു.
സോദരന്മാരുടൻ കൽത്തുറുങ്കിൽ ചെന്നു
സാദരം തോമ്മായെ മുക്തനാക്കി.
വന്ദിച്ചു മാപ്പുമപേക്ഷിച്ചു സിദ്ധനെ-
യൊന്നിച്ചു രാജാവു തേരിലേറ്റി.
കൂട്ടമായ്ക്കൂട്ടമായാളുകൾ വന്നെത്തി,
പട്ടണം ചുറ്റിപ്രദക്ഷിണമായ്
കൊണ്ടുപോയ് പാർപ്പിച്ചുകൊട്ടാരസൗധത്തിൽ
രണ്ടാമതല്ലാത്തൊരാചാര്യനായ്.
രാട്ടിനാചാര്യനായ് നാട്ടിനാചാര്യനായ്
ശിഷ്ടൻ പഠിപ്പിച്ചു ക്രിസ്തുധർമ്മം.
ജ്ഞാനസ്നാനപ്പെട്ടു രാജാവും രാജ്ഞിയു-
മാ നല്ല രാജ്യത്തനേകം പേരും.
പാരം കൃതാർത്ഥൻ തുടർന്നു തന്റെ ജോലിയീ
ഭാരതസീമയി, ലപ്പുറത്തും.
കേരളം നല്ലകേദാരമാക്കിശ്ലീഹാ
കേരളീയർക്കുമുത്തപ്പനായി.
സ്ഥാപിച്ചു പള്ളികളേഴരയീ നാട്ടിൽ
വ്യാപിച്ചു ക്രിസ്തു സന്ദേശമെങ്ങും.
ധന്യമായ് കേരളം മറ്റുരാജ്യങ്ങളെ-
പിന്നിട്ടു ദിവ്യന്റെ സാന്നിദ്ധ്യത്തിൽ.
സാഗരം താണ്ടിയീനാട്ടിലെത്തിച്ചേർന്നോ
രാഗുരുദേവൻ മയിൽപ്പുരിയിൽ
സത്യവേദത്തിനു സാക്ഷിയായ്ത്തീർന്നിട്ടു
പത്തൊൻപതായി ശതാബ്ദമിപ്പോൾ.
ഉത്സവതുല്യമായ് ജൂബിലിനാടെങ്ങും
മത്സരമെന്നപോൽ ഘോഷിക്കുന്നു.
കൈത്തിരി മാർത്തോമ്മാ മുത്തപ്പൻ തന്നതു
കത്തുന്ന പന്തമായിന്നു കാൺകിൽ
അർത്ഥവത്താകുമീ ജൂബിലിഘോഷങ്ങൾ,
മിഥ്യയാണെങ്കി,ലോർക്കണം നാം
(പ്രേഷിതകേരളം, ജനുവരി, 1973)
