അമ്മേ, തൊഴുകൈ!

ആനക്കല്ലുഫൊറോനാപ്പള്ളി-
ക്കാനന്ദത്തികവെന്തിതിലധികം
മാനിനിമാർമണിയൽഫോൻസാമ്മയെ
മാനിക്കുന്നു ജനതയശേഷം
നാനാജാതിമതസ്ഥരടങ്ങിയ
തീർത്ഥകസംഘം സുകൃതിനിയുടെയാ-
സ്ഥാനം’ശാന്തിനികേതന’മാരാ
ഞ്ഞെത്തുന്നല്ലൊ പ്രതിദിനമവിടെ.
1
മുപ്പത്താറു വയസ്സേയുള്ളു പരഗതിയടയും നാളിൽ; കാനന-
പുഷ്പംപോലവളതുവരെ ജീവി-
ച്ചാശ്രമഭിത്തികൾ നാലിന്നകമേ
ആത്മാവാകും മാടപ്രാവാ
കൂടുവെടിഞ്ഞു പറന്നതു മുതലാ-
പത്മത്തിന്റെ സുഗന്ധമറിഞ്ഞു-
തുടങ്ങീലോകം സീമകളോളം.
2
ജീവിതകാലത്തവളെക്കാണാ-
നാരും വന്നില്ലിന്നിപ്പോളൊരു
ദേവിയിരിക്കും വേദികയെപ്പോൽ-
ക്കരുതുന്നാളുകളാക്കല്ലറയെ
അവിടെപ്പള്ളിയുറങ്ങുന്നവളൊരു
സുകൃതിനി,യതിനാൽ പരിപാവനമാ-
ണവിടത്തെ മാരുതനും പൂഴിയു-
മെന്നറിയുന്നവരാണെല്ലാരും.
3
സിദ്ധയെ വന്ദിച്ചാത്മാർത്ഥതയോ-
ടർത്ഥിച്ചാൽ പുരുനന്മകളാർക്കും
സിദ്ധിക്കും പലരനുഭവ സാക്ഷിക-
ളുണ്ടവരോടൊത്തെന്നെയുമെണ്ണാം
ശാന്തിലഭിക്കും രോഗികളെങ്കിൽ
മാനസയാതനയെങ്കിലതിന്നുപ-
ശാന്തിയുമറിയാറാകും കേസിൽ-
പ്പെട്ടവരെങ്കിൽ നീതി ലഭിക്കും.
4
ദമ്പതിമാർക്കനപത്യതയേറ്റം
ദുസ്സഹമാണതു നീങ്ങിക്കിട്ടും
ദാമ്പത്യം സസുഖം കൈവരുവാ-
നർത്ഥിപ്പവരും വിജയികളാകും
രമ്യതയെന്യേ രാവും പകലും
കലഹത്തിൽ കഴിയുന്ന കുടുംബം
നിർമ്മലമൈത്രിയിലാകും സുകൃതിനി-
യല്ഫോൻസാമ്മ കടാക്ഷമയച്ചാൽ.
5
ക്രൂശിതനെപ്പിൻതുടരേണ്ടതിനായ്-
ത്തന്നെത്തന്നെയുപേക്ഷിച്ചിട്ടവൾ
ക്രൂശുമെടുത്തു നടന്നു ലോക-
മറിഞ്ഞില്ലവളുടെയപദാനങ്ങൾ.
ആരും കീർത്തിക്കാതെയൊളിഞ്ഞു
കിടന്ന ചരിത്രം പ്രഖ്യാപിതമായ്-
ത്തീരട്ടേ സുകൃതിനിയെന്നവളെ-
പ്പേരുവിളിക്കാനിടയാകട്ടെ!
6
വിണ്ടലവസതിയിലവളെത്തീട്ടി-
ന്നാണ്ടുകളിരുപത്തഞ്ചായി ജൂബിലി-
യാണ്ടാണിഹനാം കൊണ്ടാടുന്നതു
വാഴ്ത്തുക നമ്മുടെ സുകൃതിനിയേ നാം
കണ്ടു നമിച്ചീവിജയാശംസക-
ളർപ്പിക്കാനാശിക്കുന്നമ്മേ,
കണ്ടാലും തൊഴുകൈകൾ ധന്യേ.
കേട്ടാലും വിജയാശംസകളും.
7
(ദീപിക, ജൂലായ് 28, 1971)
