Amme Vidhyalayame

അമ്മേ, വിദ്യാലയമേ


മ്മേ, വിദ്യാലയമേ,യർദ്ധശതാബ്ദാഘോഷത്താൽ

സമ്മോദിച്ചഭിമാനിച്ചാലും, വിജയാശംസകൾ തേ ! 

ജന്മം മർത്യനുനല്കുന്നവളെക്കാളും സാർത്ഥകമായ് 

“അമ്മേ” എന്നു വിളിച്ചീടേണം വിദ്യാനിലയത്തെ.

1

അജ്ഞതയിൽ പ്രസവിച്ചീടുന്നു മക്കളെ മാതാക്കൾ 

വിജ്ഞതയിൽ നീയവരേ വീണ്ടും ജനിപ്പിച്ചീടുന്നു. 

നിന്നിൽ വീണ്ടും ജനിക്കാത്തവനീ ജീവിതയാത്രയിലേ-

യുന്നതിയെന്താണോർത്താലവനൊരു മാനുഷമൃഗമല്ലൊ.

2

വിശ്വമഹാന്മാരെല്ലാം വിദ്യാശാലകളിൽക്കയറി 

വിശ്വോത്തര വിജയത്തിനു കഴിവുകളാർജ്ജിച്ചവരത്രേ.

ശൂന്യാകാശവിജേതാക്കളെയും കവികേസരികളെയും 

ധന്യ സവിത്രീ, മന്നിനുസമ്മാനിക്കുന്നവൾ നീയേ.

3

കെന്നഡി, ഗാന്ധിജി, ഡാന്റോ മുതലായ് മാനവതാരങ്ങൾ

ചിന്നുംപുകളൊളിയാലേയോരോ വിദ്യാസാഗരങ്ങൾ 

എന്നെന്നും പരമഭിമാനത്തേ വച്ചുപുലർത്തുന്നു 

വന്നീടും സ്ഥിതിമേന്മേലെന്ന പ്രതീക്ഷവളർത്തുന്നു.

4

ജൂബിലികൊണ്ടാടീടും സുഭഗേ, പൂർവ്വചരിത്രങ്ങൾ 

നീയും പരിശോധിക്കുക, പലതും കാണ്മാനുണ്ടാകും.

ഓരോസരണിയിലുന്നതനിലയിൽ ശോഭിക്കും ചിലരേ-

യോരോകാലത്തങ്കതലത്തിൽ താലോലിച്ചില്ലേ?

5

അജ്ഞാതകളായ് നല്ല കുടുംബിനിമാരായും, ചിലരേ

വിജ്ഞാനത്തിലുയർന്നഭിനന്ദനമർഹിപ്പവരായും, 

സന്ന്യാസത്തിൽ സർവ്വേശ്വരനെ സേവിപ്പവരായും 

ധന്യേ, താവകസുതരെക്കാണുന്നില്ലേ പലെടത്തും?

6

വിദ്യാലയമാതാവിനുനിത്യംനവയൗവനമല്ലോ 

വാർദ്ധക്യം വരികില്ല മഹേളാജനനികളെപ്പോലെ 

നിത്യം സന്തതിവർദ്ധിക്കട്ടെ,യങ്ങനെ നാൾതോറും

പ്രത്യാശാവഹഭാസുരഭാവിയുമെത്തിപ്പുണരട്ടെ!                                               

7

(ആരക്കുഴ കോൺവെന്റ് എൽ.പി.സ്കൂൾ സുവർണ്ണ   ജൂബിലി സ്മരണിക, 1965)