ആട്ടത്തിരുനാൾ മംഗളം

തിങ്ങീടട്ടെ മംഗളങ്ങൾ പൊങ്ങീടട്ടെ ജയഘോഷം!
ഭംഗമെന്യേ ചിത്രരാജൻ ഭരിച്ചീടട്ടെ!
ഭാരതമാതാവിൻ നെറ്റിത്തിലകമാം വഞ്ചിരാജ്യം
പാരിലെങ്ങും പേരുയർത്തിലസിച്ചീടട്ടെ!
ധർമ്മഭൂമീ! കർമ്മഭൂമി! ജയ! തവ പതി രാമ-
വർമ്മ തിരുമേനിയിൽ നീയഭിമാനിക്ക
സ്വപ്രജാസഞ്ചയമെല്ലാമുൾപ്രമോദം പൂണ്ടിടുന്നു
മുപ്പതായി വയസ്സിന്നു തിരുമേനിക്ക്
പരിപക്വമായ ബുദ്ധി, ഭരണത്തിൽ നിപുണത
ഭരണീയജനങ്ങളിലതിവാത്സല്യം,
പൗരാണിക പ്രകീർത്തിത രാജാക്കന്മാർ തലതാഴ്ത്തും
പൗരുഷമെന്നിത്യാദിയാൽ ഭൂഷിതനായ
മഹാശയൻ തിരുമേനി മഹാത്മാക്കൾക്കാരാധ്യനായ്
മഹീതലനതാംഗിക്കു വിഭൂഷണമായ്
ജരാനരയൊന്നുംതന്നെയണയാതെ ദീർഘകാല-
മരോഗഗാത്രനായ് നമ്മെ ഭരിച്ചീടട്ടെ!
പാരാകുന്ന പാരാവാരം കോളുകൊണ്ടുമറിഞ്ഞാലു-
മീരാജ്യത്തിൽ പാരം ശാന്തി പുലർന്നീടട്ടെ!
പെണ്മണിമാണിക്യങ്ങളാം മഹാറാണിമാരും സാക്ഷാൽ
കണ്മണികളായുള്ളൊരു സോദരിമാരും
ഇളയരാജാവും പാരം സീമാതീതവാത്സല്യത്തിൻ
വിളഭൂമികളാം കൊച്ചു മരുമക്കളും,
ഉത്തമനാം സചിവനുമൊത്തുചേർന്നു ഭൂരിശ്രീമാൻ
ചിത്രരാജൻ രാമവർമ്മ വിജയിക്കട്ടെ!
(വനിതാരാമം, ഒക്ടോബർ, 1942)
