Christhumass Mangalam

ക്രിസ്തുമസ്സ് മംഗളം


മംഗളം! മംഗളം! മാലോകരേ, ശുഭം! 

മംഗളാശംസയാൽ മാല്യമുണ്ടാക്കീടാം. 

മങ്ങിടാതുള്ളോരു സൂര്യപ്രകാശത്തിൽ 

മുങ്ങിക്കുളിക്കുന്ന ഭൂമിദേവി, ശുഭം! 

നാലായിരക്കൊല്ലമന്ധകാരത്തിലാ- 

ണ്ടാലംബമില്ലാതുഴന്നു നീ ലോകമേ, 

ദിവ്യമായുള്ളോരു സുപ്രഭാതത്തിന്റെ

 നവ്യമാം ദീപ്തിയിൽ ശോഭിച്ചൊരീ ദിനം, 

മർത്ത്യനേ മേലോട്ടുയർത്തുവാനീശ്വരൻ 

മർത്ത്യനായ് താഴോട്ടിറങ്ങിയോരീ ദിനം, 

ഔന്നത്യമേറുന്ന മാണിക്യസൗധങ്ങൾ 

മന്നവന്മാരെ ധനാഢ്യരെയൊക്കെയും 

സപ്രപഞ്ചങ്ങളിൽ പള്ളികൊള്ളിക്കവേ- 

യിപ്രപഞ്ചത്തിന്നധീശൻ മഹോന്നതൻ

കാലിത്തൊഴുത്തിന്റെയജ്ഞാതമായുള്ള 

മൂലയിൽ പൈതലായേറ്റം ദരിദ്രനായ് 

വൈക്കോൽ കിടക്കയിൽ കാണപ്പെടും ദിനം, 

വായ്ക്കുന്നു മംഗളം സർവ്വലോകത്തിനും, 

നിത്യമാം ജീവിതം ഭദ്രമാക്കും ദിനം

 മർത്ത്യലോകം മറക്കാത്തതാണീ ദിനം 

ഒന്നാമതായുള്ള മംഗളാശംസകൾ 

വന്നു ധരിത്രിയിൽ വാനിൽ നിന്നീവിധം 

“ഉന്നതൻ ദൈവത്തിനുന്നതത്തിൽ സ്തുതി 

മന്നിൽ മനശ്ശാന്തി നല്ലവർക്കൊക്കെയും” 

ആരാണിതാദ്യമായ് കേട്ടതെന്നേവരു- 

മാരാഞ്ഞു നോക്കണം കാര്യം ഗ്രഹിക്കണം. 

മേട്ടിൻപുറങ്ങളിലാടിനെ സൂക്ഷിച്ചു

നിഷ്ഠയിൽ പ്രാർത്ഥിച്ചു യാമങ്ങൾ പോക്കുന്ന 

സാധുക്കൾ തന്നെയാ,ണാ മർത്യദേവനോ 

സാധുലോകോദ്ധാരകൻ, ഭക്തവത്സലൻ. 

ഇന്നും സ്വനഗ്രാഹികൂടാതെയാ നല്ല 

സന്ദേശഗീത നാമേവരും കേൾക്കണം. 

കേൾക്കുന്ന കാതുകൾ സൗഭാഗ്യസമ്പുഷ്ട- 

മാക്കും തൊഴുത്തിൽ ശയിക്കുന്ന ബാലകൻ. 

പൊന്തുന്നു താരമൊന്നഭ്യസ്ത്യവിദ്യരേ-

യന്തരാത്മപ്രകാശത്തിൽ നയിക്കുവാൻ

ആ ദീപ്തിപുഞ്ജത്തെ നോക്കിയാൽ “ശാസ്ത്രജ്ഞ 

രാദർശമാർഗ്ഗം വെടിഞ്ഞിടാ നിശ്ചയം.

നേട്ടങ്ങളുള്ളതിൽ ശ്രേഷ്ഠമെല്ലാം തൊഴു- 

ക്കൂട്ടിലർപ്പിക്ക നാം ബേത്ലഹേമിൽ മുദാ, 

സമ്പന്നരായിടാം, ഭാവിയെച്ചിന്തിച്ചു

വെമ്പൽ കൊള്ളേണ്ടതില്ലീ വിധം ചെയ്യുകിൽ. 

മംഗളം! മംഗളം! മാലോകരേ ശുഭം! 

മംഗളാശംസയാൽ മാല്യമുണ്ടാക്കിടാം.

(ദീപിക, 24 ഡിസംബർ 1957)