Deepikame Namaskaram

ദീപികാംബേ, നമസ്കാരം!


വതിഘോഷിക്കുമമ്മേ, ദീപികാംബേ, നമസ്കാരം!

ഭവതിക്കെന്നാശംസകൾ ചേവടിത്താരിൽ! 

തൊണ്ണൂറായി വയസ്സെന്നാലിന്നും നവയൗവനമെ-

ന്നെണ്ണിപ്പോകുമാരുമങ്ങേ മുഖശ്രീകണ്ടാൽ.

അറിയും ഞാനക്ഷരങ്ങൾ കൂട്ടിച്ചേർത്തുവായിക്കുന്ന

ചെറുപ്പകാലംതൊട്ടങ്ങേയാരാധ്യനാമം

അന്നു ‘നസ്രാണിദീപിക’യിന്നു വെറും’ദീപിക’യാ-

ണെന്നാലേറ്റമർത്ഥവ്യാപ്തി ദീപികയ്ക്കല്ലോ. 

നാടുവാഴും രാജാവിന്റെയാട്ടത്തിരുനാളുതോറും 

മോടിയോടെ വന്നിരുന്ന വിശേഷാൽപ്രതി 

ഒക്കെ വായിച്ചിരുന്നു ഞാൻ ചെറുപ്പമായിരുന്നാലും, 

മിക്കവാറും രാജസ്തുതി, ഭാവുകാശംസ. 

അക്കാലത്തെ പ്രശസ്തരാം കവികുലകേസരിക-

ളൊക്കെയോരോമംഗളശ്ലോകങ്ങളുമായി

അണിനിരന്നിരിക്കണമവയി,ലെന്നോർമ്മയിലി- 

ന്നുണരുന്നതോതുന്നു ഞാൻ; ശരിയോ തെറ്റോ?

വലിയകോയിത്തമ്പുരാൻ, എ.ആർ.ഐ.സി. ഉള്ളൂർ, കെ.സി., 

മൂലൂർ, കട്ടക്കയം, പുന്നശ്ശേരി, ഒടുവിൽ,

പി.കെ.ചുമ്മാരെന്നപേരിൽ’സ്വന്തം കൊച്ചച്ച’*നേയും ഞാ- 

നക്കൂട്ടത്തിൽ കണ്ടു ചിത്തംതുടിച്ചുമോദാൽ. 

അനുപ്രാസമനോഹരം’കൊച്ചച്ചന്റെ’ പദ്യമന്നു

മനഃപാഠമാക്കി,യതുമറക്കില്ല ഞാൻ.

അന്നാണെന്റെ കവിത്വത്തിൽ സുമുഹൂർത്തബീജാവാപ-

മെന്നുമനസ്സാക്ഷിയെന്നോടിന്നുമോതുന്നു.

വെളിച്ചംകാണിക്കുമാറു കവിതകളെഴുതി ഞാൻ 

വളർന്നതുമീമാതാവിന്റെ മടിയിലത്രേ.

അമ്മേ, നമസ്ക്കാരം വീണ്ടും! ദീപികാമാതാവേ, ധന്യേ, 

ചെമ്മേ കൃതജ്ഞതാഞ്ജലിയതിലുമേറെ.

തപോധനരുടെ പാദസ്പർശത്താലേ പരിശുദ്ധി-

യപാരമായ്കളിയാടും മാന്നാനം കുന്നിൽ

തെളിഞ്ഞൊരരു പ്രഭാതത്തിൽ വാരികയായ് ഭൂജാതയായ് 

വളർന്നു നീ നാട്ടാർക്കെല്ലാമരുമയായി. 

ദിനപത്രമായിത്തീർന്നു നിലവാരമുയർന്നപ്പോൾ 

‘ജനപ്രീതി’ മേന്മേലെത്തിപ്പുണർന്നു നിന്നെ.

രാജകുമാരിയെപ്പോലെയൊരു നല്ല പട്ടണത്തിൽ 

തേജസ്വിനിയായി വാഴാൻ ജനിച്ചവൾ നീ. 

അതുതന്നേവന്നുചേർന്നു, വിധിവിഹിതത്തെത്തട-

ഞ്ഞതുമിതുമൊരുനാളും വിജയിക്കില്ല. 

കണ്വമഹർഷിയെപ്പോലെ നിന്റെജനയിതാക്കളാം 

പുണ്യശ്ലോകന്മാരും ധർമ്മമറിഞ്ഞു ചെയ്തു.

ഒരു ശുഭമുഹൂർത്തത്തിൽ ‘ജനപ്രീതി’യോടൊത്തു നീ

സ്ഥിരമായിക്കോട്ടയത്തു താമസമാക്കി.

കണ്വപുത്രി മനോവ്യഥാ മഹാബ്ധിയിൽ മുങ്ങി, നീയോ 

കണ്ണീരിന്റെ തുള്ളിപോലും പൊഴിച്ചിട്ടില്ല. 

യശോധനയായി നല്ല സുഭഗയായ് പ്രഗല്ഭയായ് 

പ്രശസ്തയായ് ദീപികാംബേ, വാഴുന്നല്ലോ നീ.

കുടുംബജീവിതമേറ്റം വിജയിച്ചു ശോഭിക്കുന്നു

മിടുക്കരാം സന്താനങ്ങൾ മൂന്നുപേരായി 

ഓടിക്കളിക്കുന്നു ‘കുട്ടിദ്ദീപിക’യും ‘സരിത’യും 

നാടുനീളെ ‘പ്രതിഭ’യും മിടുമിടുക്കർ.* 

നാട്ടിലുള്ള യുവാക്കളും കുട്ടികളുമിവർക്കൊത്ത

കൂട്ടുകാരാണിതിൽക്കവിഞ്ഞാഹ്ളാദമുണ്ടോ?

നന്നാണെങ്കിൽ സന്താനങ്ങൾ (ആസൂത്രണകാലമല്ലേ?) 

ഒന്നോരണ്ടോ മതിയല്ലോ, മൂന്നു ധാരാളം. 

‘ജനപ്രീതി’ക്കിതുമതി ദീപികാംബേ, മന്ദസ്മിത- 

മനുവേലം തുടർന്നോളു സഗൗരവമായ്. 

ഇനിയുമൊന്നോതട്ടെ ഞാൻ, മഹാരഥന്മാരാം നിന്റെ

ജനയിതാക്കളെയെന്നുമനുസ്മരിക്കൂ.

സഹായമെത്രാനായന്നുവാണ വന്ദ്യമർസ്സല്ലീനോസ്,

മഹാനായ നിധിയിരിമാണിക്കത്തനാർ, 

കുറ്റിക്കൽ തോമ്മാക്കത്തനാർ, പത്രപ്രവർത്തനഭാര-

മേറ്റെടുത്തമാന്നാനത്തേയാശ്രമശ്രേഷ്ഠൻ,

ഒന്നാമത്തെ മനേജരാം ജരാർദച്ചൻ, പാരം പ്രീതി 

നിന്നിലാർന്ന കട്ടക്കയം ചാണ്ടിയച്ചന്മാർ, 

നിന്നെദിനപത്രമാക്കിത്തീർത്ത ഫാദർ സൈമൺ സി.ഡി.

എന്നിങ്ങനെ പലരുണ്ടു ചുരുക്കുന്നു ഞാൻ. 

വലിയ പ്രിയോരച്ചന്റെയതിയായ പരിശ്രമ- 

ഫലമായി രൂപംകൊണ്ടോരച്ചടിയന്ത്രം

ലിപികളാൽ വിഭൂഷിതയാക്കി നിന്നെപ്രദർശിപ്പി- 

ച്ചപൂർവ്വമാണക്കാലത്തു മുദ്രണവിദ്യ

അന്നുതൊട്ടുനാലക്ഷരമെഴുതാനും വായിക്കാനും 

നന്നായറിയുന്നവരാം സൂരികളെല്ലാം

ധന്യേ, നിന്റെ സുഹൃത്തുക്കൾ, നിനക്കെന്തും നൽകാനവർ 

സന്നദ്ധരായ് സമൃദ്ധിയിലൽ പോറ്റുന്നു നിന്നെ. 

നാടുവാഴും മഹാലക്ഷ്മിയിന്ദിരയും നിന്റെ നില- 

പാടു സുരക്ഷിതമാക്കാനുത്സുകയല്ലോ. 

ജനതയ്ക്കങ്ങയിൽ നിന്നു ലഭിച്ച സേവനങ്ങളു-

മനേകമാണത്രയുമല്ലനർഘങ്ങളും.

സാഹിത്യകാരന്മാരെത്രവളർന്നു നിന്നുത്സംഗത്തിൽ?

മഹദ്ഗ്രന്ഥനിർമ്മാതാക്കൾ മഹാകവികൾ.

‘മലയാളി മെമ്മോറിയൽ’ പൗരസമത്വവാദ’വു- 

മലയടിച്ചന്തരീക്ഷം മുഴക്കിയപ്പോൾ,

നിവർത്തനപ്രക്ഷോഭണപ്രരോദനമുയർന്നപ്പോൾ 

ഭവതി ധീരയായ് നീട്ടി സഹായഹസ്തം.

തൊണ്ണൂറായപ്രായത്തിലും താരുണ്യത്തെപ്പുലർത്തും നീ-

യെണ്ണൂറോളമെന്നല്ലെണ്ണൂറായിരത്തോളം 

യശോധനയായി നല്ല സുഭഗയായ് പ്രഗല്ഭയായ് 

പ്രശസ്തയായ് വാണാലുമെന്നെന്റെയാശംസ. 

ദീപികാമാതാവേ, ധന്യേ,യഭിവാദ്യം വീണ്ടും വീണ്ടും 

കാപട്യ പ്രഭാഷണമല്ലമ്മേ നമസ്തേ!

(ദീപിക നവതി സ്മരണിക, ഡിസംബർ 1977)