Aaramathile Aadhyanmikachintha

ആരാമത്തിലെ ആദ്ധ്യാത്മികചിന്ത


രുനാളൊരു സുപ്രഭാത,മ- 

ന്നുരുകാന്തിച്ഛടപൂണ്ടു ഭാസ്കരൻ, 

ഗിരിതന്മുകളിൽ തിളങ്ങി; ന-

ല്ലൊരു പൂവാടിയിലെത്തി ഞാൻ മുദാ. 

 

പുതുതായി വികസിച്ച പൂക്കളെ –

ക്കുതുകത്തോടു തലോടിയെത്രയും 

കൃതകൃത്യതപൂണ്ട തെന്നൽ വന്ന-

ന്നെതിരേറ്റെന്നെയുദാരശീലനായ്. 

 

മണമേറ്റു മനം കുളുർത്തു ഞാ-

നണയുമ്പോൾ ചെറുമുല്ലവള്ളികൾ 

ചുണയോടിളകിക്കളിച്ചു കാ –

ലിണയിൽ താണു നമസ്കരിച്ചു മേ. 

 

തുലയറ്റൊരിലഞ്ഞിവൃക്ഷമെൻ-

തലയിൽ ചേർത്തിതു പുഷ്പവർഷണം 

കലുഷം കലരാത്ത റോസ നി-

സ്‌തുലമാലിംഗനമേകി മോദമായ്.

 

പ്രിയമേറിന പിച്ചിയെത്രയും

നയമോടേ ലതയാം കരങ്ങളാൽ 

“അയി! വന്നിടുകെന്നടുത്തു നീ 

ദയവാ”യെന്നിവളോടു ചൊല്ലിനാൾ.

 

സതി ചെമ്പകമാത്മശുദ്ധിയേ 

നിതരാം പ്രസ്ഫുടമാക്കിടുംവിധം 

വിമലാഭ കലർന്ന പൂക്കളാ-

സമയത്തെന്നരികത്തു തൂകിനാൾ.

 

മലർവാടിയശേഷമെന്നെയീ

നിലയിൽ ചേലൊടു സൽക്കരിക്കവേ, 

വലുതായ സുഖാനുഭൂതിയേ

നലമോടെൻ മനമാസ്വദിച്ചുതേ.

 

സുരഭീകുലതല്ലജങ്ങളെ-

പ്പുരുവാത്സല്യമൊടേ തലോടിയും,

കരതാരിലെടുത്തു നാസിക-

യ്ക്കരികേ ചേർത്തു മണത്തു മുത്തിയും,

 

ചെറുശാഖകൾ മേല്ക്കുമേൽ പരം

തിറമോടങ്ങു വിരിച്ചുയർന്നിടും,

ചെറുമല്ലിക, ജാതി, തൊട്ടതിൻ

കുറവില്ലാത്തൊരു ഭംഗി നോക്കിയും,

 

മലയാനിലനോടു ചേർന്നു തെ-

ല്ലുലയാതെൻ നില ഭദ്രമാക്കിയും,

മലർവാടിയിലൊന്നു ചുറ്റവേ

പല പാഠങ്ങൾ ഹൃദിസ്ഥമാക്കി ഞാൻ. (വിശേഷകം) 

 

പരിപാവനമാം ജലം നിറ

ഞ്ഞൊരു വാപിക്കരികത്തണഞ്ഞു ഞാൻ

ഒരു കൽത്തറമേലിരുന്നു; തേൻ 

ചൊരിയും നല്ലൊരു സൂനമെത്തയിൽ.

 

മലർമങ്ക മദംവെടിഞ്ഞിദം

വിലസും വാടിയിലേക്കു പിന്നെയും

തല മെല്ലെയുയർത്തി നോക്കി നി-

ശ്ചലയായങ്ങനെ ഞാനിരുന്നുപോയ്. 

 

അഴകേറിന പുഷ്പവാടിയിൽ                                                                       

ചുഴലം നോക്കി രസിച്ചിരിക്കവേ,                

തരുഗുല്മലതാദിയൊക്കെയെൻ                                    

ഗുരുഭൂതാദികളെന്നു തോന്നി മേ. 

 

ഒരു ശാഖിയെ നോക്കുവിൻ സദാ 

പരമാദ്ധ്യാത്മിക ചിന്ത പൂണ്ടപോൽ 

തലപൊക്കി വിയത്തിൽ നോക്കി നി-

ശ്ചലയായ് നില്‌പൊരു കാഴ്ച കാണുവിൻ.

 

നിജശാഖകളാം കരങ്ങളെ- 

ച്ചെറുതും ക്ഷീണതയറ്റിതേവിധം

മരമെന്തിനുയർത്തി നില്പ്പു ഹാ!

വിരവിൽ പ്രാർത്ഥന ചെയ്കയായ് വരാം.

 

ഒരു വിത്തു മുളച്ചിടുമ്പൊഴേ                                                                 

പരമേശന്റെ പദാംബുജങ്ങളിൽ 

ശരിയായ് തല താഴ്ത്തിയങ്കുരം 

വിരവോടഞ്ജലി കൂപ്പിടുന്നുതേ. 

 

ഹരിതാഭ കലർന്ന പത്രമേ-

തൊരു നേത്രത്തിനുമൊന്നുപോലെതാൻ 

അരുളും സുഖമെന്തു ചൊല്ലിടാം! 

ധരതൻ ഭൂഷയുമാണതോർക്കുകിൽ. 

 

വിരിയുന്നൊരു പൂക്കൾ തന്മണം,

ചൊരിയും തൂമധു, നല്ലൊരാ നിറം, 

ഇവയാലപരന്നു തുഷ്ടിചേർ-

ത്തരുളും ശാഖി പരോപകാരിതാൻ.

 

നിലതെറ്റിയലഞ്ഞടുത്തിടും

ബലമറ്റുള്ള ലതാകുലങ്ങളെ

അലിവോടരികത്തണച്ചിടും 

ബലിയാംശാഖിയുദാരശീലനാം. 

 

തലവെട്ടി മറിച്ചിടുമ്പൊഴും 

നിലതെറ്റാതെയുറച്ചു നിന്നിടും

സ്ഥിരചിത്തതയോർക്കിലേവനും 

ചരണം താണു നമിക്കുമപ്പൊഴേ. 

 

നിറയെപ്ഫലമേന്തിടുമ്പൊഴും

ചെറുതും ഡംഭിയലാതഹർന്നിശം, 

തനിയേ തലതാഴ്ത്തി നിന്നിടും 

വിനയം ശ്ലാഘ്യതമം വിശിഷ്ടമാം. 

 

അഴലോടുഴലുന്ന പാന്ഥനേ 

നിഴലിൽ തന്നരികത്തണച്ചിവൻ 

അഴകും ഗുണവും തികഞ്ഞ നൽ-

 പ്പഴവും പൂക്കളുമേകിടും മുദാ. 

 

ഒരു ശത്രുവിനും വിരോധമാ-

യൊരു കൃത്യത്തിനൊരുങ്ങിടാ മരം, 

ചുവടേകനറുത്തിടുമ്പൊഴും

തണലേകുന്നവനീ മഹാശയൻ. 

 

ഭുവി നശ്വരമാം സമസ്തമെ-

ന്നവിതർക്കം പരനങ്ങു കാട്ടുവാൻ, 

ഒരുനാൾ വിരിയുന്ന പൂവടു-

ത്തൊരുനാളിൽ പൊഴിയുന്നു ഭൂമിയിൽ 

 

കുളിർതെന്നലണഞ്ഞിടുമ്പൊഴ-

ങ്ങിളകും ശാഖകളെത്ര മോഹനം, 

കളിയല്ലവയാഗതർക്കലം

തെളിവായ് സ്വാഗതമോതിടുന്നതാം.

 

വിരവോടു വിഭാതവേളയിൽ

വിരിയും കോരകമുള്ളിലുള്ളൊരാ 

രമണീയതകൊണ്ടു ലോകരിൽ 

പരമാദ്ധ്യാത്മികചിന്ത ചേർക്കയാം. 

 

പകലൊന്നു കഴിഞ്ഞു മന്ദമാ, 

പകലോൻ പോയ് മറയുന്ന വേളയിൽ,

ഇതളൊക്കെയൊതുക്കിയീശനായ് 

സ്തുതി ചൊല്ലുന്നിതു പൂക്കളൊക്കയും.

 

പല മുള്ളുകളാൽ പരീതയായ് 

വിലസും റോസയുരപ്പതൊന്നു കേൾ:

 “വലുതായ സുഖങ്ങളൊക്കെയീ

നിലയിൽ കഷ്ടതയാൽ ചുഴന്നതാം.” 

 

ഒരു ലില്ലിയുരച്ചിടുന്നു: “നാ-

മൊരു നൂറായിരമാണ്ടു വാഴ്കിലും 

ഫലമില്ല, പരന്നു നന്മ ചെ-

യ്തൊരു ജന്മം ചെറുതും മഹത്തരം.”  

 

അതുലാഭ കലർന്ന പൂക്കളാൽ

ചിതമോടേ വിലസുന്ന ചെമ്പകം,

“സതിയാണുലകിന്നു ദീപ”  മെ-

ന്നതു നിസ്തർക്കമുരച്ചിടുന്നുതേ. 

 

തറയിൽ തലതാഴ്ത്തി നിന്നിടും 

ചെറുതാം പുല്ലകളേകകണ്ഠമായ് 

പറയുന്നതു കേൾക്ക: “വിജ്ഞനേ-

യറിയേണ്ടുന്നതു താഴ്മകൊണ്ടുതാൻ” 

 

ദയവറ്റു ചവിട്ടി മർദ്ദന-

ക്രിയ നാം ചെയ്യുകിലും പ്രശാന്തരായ്,

“ക്ഷമയുള്ളവർ സജ്ജനങ്ങ” ളെ-

ന്നവയോതുന്നിതു മൗനമുദ്രയാൽ. 

 

സ്ഫടികത്തിനുതുല്യമാം ജലം, 

തടവെന്ന്യേ നിറയുന്ന വാപിയിൽ, 

പിടിയറ്റു പതിച്ച പൂക്കൾതൻ 

നടനം മോഹനമുത്തരോത്തരം.

 

പരിപാവനമായ ഹൃത്തിലേ

പരിശുദ്ധാശയതല്ലജങ്ങളും 

കളിയാടുമിതേവിധത്തിലെ-

ന്നിളകിക്കൊണ്ടവയോതിടുന്നുവോ?

 

നയനങ്ങളിലേതുനേരവും

പതിയും കാഴ്ചകളൊക്കെയീവിധം 

പുതുതായി പല പാഠവും നമു –

ക്കരുളീടാൻ മതിയായിടുന്നതാം. 

 

ഒരു പണ്ഡിതനും പരിശ്രമി-

ച്ചുരുവിട്ടാലുമൊടുങ്ങിടാത്തപോൽ 

ഒരു പുസ്തകമല്ലയോ സദാ

പരിചോടിങ്ങു തുറന്നിരിപ്പത്! 

 

ഇതു വേണ്ടവിധം പഠിപ്പവൻ

മതിമാൻ, സൂരികുലോത്തമൻ, മഹാൻ. 

നിയതിക്കെതിരായി നിനയ്ക്കുകിൽ,

ഗുരുവും ഗ്രന്ഥവുമില്ല നിശ്ചയം.                     

                                                                            (1927)