എന്തപരാധം ചെയ്തു?

ഈശോ നാഥാ ദൈവാത്മജനേ,
യരുളിച്ചെയ്താലും,
ക്രൂശിൽ തൂങ്ങാൻ നിൻ തിരുവടിയെ-
ന്തപരാധം ചെയ്തു?
നാശം തീർത്തു മനുഷ്യകുലത്തെ
സംരക്ഷിച്ചതിനോ
പീശന്മാരാൽ പീഡിതനായി
ക്രൂശിൽ തൂങ്ങുന്നു?
എന്തിനണിഞ്ഞു ചങ്ങല കൈകളിലീ
ലോകത്തിന്നായ്
സന്തതനന്മകൾ സന്തോഷത്തോടു
വാരിവിതച്ചതിനോ?
എന്തിനു ചുമലിൽ ക്രൂശു വഹിച്ചു?
ഭാരമെടുപ്പവരേ
സാന്ത്വനമേകാനരികത്തേക്കു
സദാപി വിളിച്ചതിനോ?
മൂടിക്കെട്ടിയതെന്തിനു കണ്ണുകൾ?
പലരുടെയന്ധത്വം
പാടേ മാറ്റിക്കണ്ണുകളങ്ങു
തെളിച്ചു കൊടുത്തതിനോ?
കുഷ്ഠം ബോധിച്ചവരെപ്പോലും
സുസ്ഥിതി ചേർത്തതിനോ
ചാട്ടകളാലടി പൂമൃദുമേനിയി
ലേറ്റതു ദയനീയം!
ആ മൃദുശീർഷം മുള്ളുകളാലേ
മുടി ചൂടീടുന്നു
ക്ഷേമം മർത്യനു നല്കും ചിന്തക-
ളതിലുണ്ടായതിനോ?
ശൂലം മാറിൽപ്പാഞ്ഞുകടക്കുവ-
തെന്തിനു നിർദ്ദയമായ്
ഈ ലോകത്തിന്നിനിയും പാവന
രുധിരം വേണ്ടീട്ടോ?
പൊട്ടക്കണ്ണനു കാഴ്ചകൊടുത്തൊരു
പാവനശോണിതമേ
വിഷ്ടപവാസികളൊക്കെക്കണ്ണു
തെളിഞ്ഞവരായെങ്കിൽ
കഷ്ടം! ലോകം കാശിനു പിറകേ –
യിരുളിലുഴന്നോടി –
പ്പൊട്ടക്കിണറിനകത്തു പതിക്കും
നാടകമീലോകം.
സത്യം നീതിയുമെന്തെന്നറിയാൻ
സാധിക്കാത്തവിധം
മത്തന്മാരാണല്ലോ മാനുഷ –
രർത്ഥോപാസനയാൽ.
എത്തിത്തപ്പിത്തടവിക്കൊണ്ടാ
പാവനഹൃദയത്തേ
കുത്തുന്നല്ലോ വീണ്ടും വീണ്ടു-
മതാരു തടഞ്ഞീടും?
എന്താണങ്ങേത്തിരുവായ്മലർ പൊഴി
യുന്നതു? കേൾക്കുക നാം
“ശാന്തം പാപം! ദൈവപിതാവേ,
കോപിച്ചീടരുതേ
എന്തെന്നറിയാതിവർ ചെയ്യുന്നവ-
യങ്ങു ക്ഷമിക്കണമേ’
ശാന്തി ജഗത്തിന്നരുളും പ്രാർത്ഥന
കേവലമിതുതന്നെ.
(ദീപിക, നവംബർ 1966)