മകളേ! വിഷമിപ്പതെന്തു നീ

മകളേ! വിഷമിപ്പതെന്തു നീ?
അകമേ കുണ്ഠിതമെന്തിനീ വിധം
പരിപക്വത ചേർന്നിടാത്ത നിന്നിൽ
ചെറുബുദ്ധിക്കൊരു പാഠമാണിത്.
വിലയേറിയ നിൻ സുഹൃത്തിനായ്
സ്ഥലമുള്ളിൽ കരുതേണ്ടതിന്നു നീ
ഒരു മൂലയിലെന്റെ പീഠമി-
ട്ടതു ഞാൻ കണ്ടു ചിരിച്ചനല്പമായ്.
തവകണ്മണിയാം സുഹൃത്തിനെ
വിരവിൽ തേടിയലഞ്ഞുഴന്നു നീ
പലദിക്കിലുമോടിയിട്ടതിൻ
ഫലമെന്തോന്നു ലഭിച്ചു ചൊല്ലണം!
അവളേയൊരു നോക്കു കാണുവാ-
നവളിൽ നിന്നൊരു വാക്കു കേൾക്കുവാൻ
അവളോടൊരുമിച്ചിരിക്കുവാ –
നനിശം നീ പണി പെട്ടിടുന്നു ഹാ!
അവിടെസ്സദിരിന്നുപോയി നീ –
യൊരുസംഘത്തിനുമറ്റെടത്തുപോയ്
ഇവയൊക്കെയുമെന്തുലാക്കിലെ-
ന്നകമേയൊന്നു നിനയ്ക്കനീ സുതേ!
അവളെത്തുമിടത്തിലൊക്കയും
ജവമങ്ങോടിയണഞ്ഞിടുന്നു നീ
അവളെപ്രതി നിന്റെ ജീവനെ
ബലിചെയ്യാനുമൊരുക്കമാണു നീ.
പ്രിയമേറിടുമാസുഹൃത്തിനെ-
യകലത്തെങ്കിലുമൊന്നു കാണുവാൻ
കഴിയാത്ത ദിനങ്ങൾ ശൂന്യമായ്
കരുതിക്കേണുകഴിച്ചിടുന്നു നീ.
നെടുവീർപ്പുകളെ നീ പുറ-
പ്പെടുവിക്കുന്നവളേ നിനയ്ക്കവേ?
പരമശ്രുകണങ്ങളെത്രയോ
ചൊരിയുന്നുണ്ടു വിരിച്ച മെത്തയിൽ!
ഇതുവല്ലതുമല്‌പമാസുഹൃ-
ത്തറിയുന്നോ മകളേ! നിനയ്ക്കനീ
തടവറ്റതുറന്നഹൃത്തിലും
തടവും സത്യമറിഞ്ഞിടാപരൻ.
തവജീവനിലർധമെന്നു നീ-
യവളേയെണ്ണി വരുന്നു സന്തതം
അവൾ നിന്നെയൊരുറ്റമിത്രമായ്-
കരുതുന്നോ? ചെറുതുണ്ടു സംശയം.
അവൾ കാലുചവിട്ടിടുന്നൊരാ
തറയിൽ കാൺമൊരു പുല്ലു, ധൂളിയും
തവദൃഷ്ടിയിലെത്തിടുമ്പോഴോ
നവരത്നങ്ങളിലും മഹത്തരം.
അവൾ തൻ വസതിക്കടുത്തു നി-
ന്നണയും കാറ്റിലമർന്നിടും സുഖം
പറവാനെളുതല്ല; നീയവൾ
ക്കരുളും സ്വാഗതമെത്രഹൃദ്യമാം.
അവൾ കൂന്തൽ വിടുർത്തിടുമ്പൊഴാ-
തലയിൽ നിന്നു പൊഴിഞ്ഞുവീണിടും
മുടിപോലുമെടുത്തുതന്മണി-
ച്ചിമിഴിൽ ചേർത്തണിയുന്നു മാറിൽ നീ.
തനിയെയവളോടടുത്തിരു-
ന്നശനം നിദ്രയിതൊന്നുമെന്നിയേ
പലതും പറയാൻ കൊതിച്ചു നീ
വലയുന്നാരറിയുന്നിതൊക്കെയും?
അകതാരിലൊതുങ്ങിടാത്തൊരാ
വലുതാം സ്നേഹസുധാംബുരാശിയേ
സഖിതൻ ഹൃദയത്തിലേക്കു ഹാ!
ചൊരിയാത്ര കൊതിച്ചിടുന്നു നീ.
പലനാളുകൾ സംശയിച്ചു നീ-
യൊരുനാളാഭവനത്തിലെത്തവേ
പലതോഴികളാൽ പരീതയാ-
യവളേക്കണ്ടു നിരാശ പൂണ്ടലം.
മുഷിവെന്നിയെവീണ്ടുമെത്തി നീ –
യൊരുനാളന്നവൾ ഗാഢനിദ്രയിൽ
സുഖമോടുലയിച്ചിരുപ്പതായ്
സഖിമാരോതി; മടങ്ങി തൽക്ഷണം.
മടിയില്ല, നിരാശയില്ല, നീ-
യവിടെപ്പിന്നെയുമെത്തി; യന്നഹോ!
മുറി പൂട്ടിയിരുന്നു, ഖിന്നയായ്
നെടുവീർപ്പിട്ടു തിരിച്ചു നീയുടൻ.
ഹൃദയത്തിനകത്തു തിങ്ങിടും
വലുതാം ഭാരമസഹ്യമാകയാൽ
കടലാസുകളിൽ ചൊരിഞ്ഞുവ-
ച്ചിടുവാനോർത്തതിനായ് ശ്രമിച്ചു നീ.
ഒരു തൂലിക തന്റെ ശക്തിയിൽ
കവിയും ജോലികൊടുത്തതിന്നു നീ
മൃദുവാം കടലാസിൽ നിർദ്ദയം
വലുതാം ഭാരമതും ചുമത്തി നീ.
ഫലമെന്തതുചെയ്തകൈകൾ താ-
നവയെത്തീയിലെരിച്ചു വായുവിൽ
നലമോടു പറത്തി; നിൻ സുഹൃ –
ത്തറിയുന്നോ ഇതു വല്ലതും സുതേ!
അവിചാരിതമായ് പരസ്പരം
വഴിമദ്ധ്യേബത! കണ്ടുമുട്ടുകിൽ
പിരിയും സമയത്തു നീ സുതേ!
കരയും; മറ്റവൾ ഗണ്യമാക്കിടാ
തവഹൃത്തിനകത്തു നിന്നു നീ
ചൊരിയും സ്നേഹകടാക്ഷമൊന്നുമേ.
സഖിതൻ തൊലിയെക്കടന്നതി-
ന്നകമേയെത്തുവതില്ലൊരിക്കലും.
അയിഭോഷി! തകർത്തിടായ്ക നിൻ
ഹൃദയത്തേനെടുവീർപ്പുകൊണ്ടു നീ
മുതലും തിരിയെക്കിടയ്ക്കയി-
ല്ലിതുപോലുള്ള കടത്തിലൊന്നിലും.
പലപാഠമയച്ചു ഞാൻ നിന –
ക്കതുകൊണ്ടേതുമറിഞ്ഞിടാതെ നീ
പൊലിയും പ്രഭകൊണ്ടു മിന്നലിൻ
പിറകേ പിന്നെയുമോടിടുന്നു ഹാ!
ഒരുവന്റെ മനസ്സു കാണുവാൻ
പരനാളല്ലതു നീ ഗ്രഹിക്കണം.
ഹൃദയങ്ങളെയൊക്കെ വേണ്ടപോ-
ലറിയും സ്നേഹിതനേകനാണു ഞാൻ.
വരികെന്നരികത്തു നീ സുതേ!
തരുവേനെൻ ഹൃദയം നിനക്കു ഞാൻ.
ഒരുനാളുമിതിൽക്കവിഞ്ഞുമ-
റ്റൊരു സമ്മാനവുമാരുമേകിടാ
(കർമ്മലകുസുമം പു. 25, ല. 5, 6)