Mruthiyanugrahadevathayallayo

മൃതിയനുഗ്രഹദേവതയല്ലയോ? 

രണമേയൊരു ഭീകരിയെന്നഹോ

കരുതിടുന്നിതു നിന്നെയനേകരും.

അതിനു കാരണമെന്തു നിനയ്ക്കുകിൽ

മൃതിയനുഗ്രഹദേവതയല്ലയോ?

 

ജനനമാർന്നു ദിനംപ്രതിയീമഹാ

ദുരിതവാരിധി നീന്തിയുഴന്നിടും

നരനു ശാശ്വത ഭാവുകജീവിതം

കരുണയാർന്നരുളുന്ന ജനിത്രി നീ

 

ഒരു തുറന്നകവാടവുമാണു നീ-

യതു കടക്കണമേതൊരു മർത്യനും

ദുരിതകൃത്തുക്കളെങ്കിലവർക്കു നീ 

നരകവാതിലുതന്നെയസംശയം.

 

സുകൃതികൾക്കൊരു നൂതനലോകമി-

പ്രകൃതിയിന്നുവരേയറിയാത്തതായ്

മറവിലുണ്ടവിടേയ്ക്കു കടത്തി നീ-

യവരെ നിത്യവിഭൂതിയിലാക്കിടും.

 

അവിടമെന്തൊരു ലോകമതാരറി-

ഞ്ഞിവിടെയില്ലതു കണ്ടവരാരുമേ

വളരെ നാളുകൾ മുമ്പൊരു ധന്യന-

ങ്ങുടലൊടെത്തിയൊരുന്നത സിദ്ധിയാൽ.

 

തിരികെ വന്നു; ജനാവലി ചൂഴവേ

ത്രിദിവദർശനമുള്ളിലിരിക്കിലും

വരുവതില്ലൊരു വാക്കധരങ്ങളിൽ

പരമ സാത്വികനങ്ങനെ നിന്നുപോയ്. 

 

ഒടുവിലോതി “യഹോ നരദൃഷ്ടികൾ-

ക്കവിഷയം! ചെവികൾക്കുമതേവിധം

ഗ്രഹണശക്തിയിലെത്തുപെടാത്തതും’’

തുടരെയില്ലപദം, വിരമിച്ചവൻ.

 

മനുജനേയവിടേയ്ക്കു കടത്തുവാൻ

മരണമെന്ന സുവർണ്ണകവാടമേ

തവകൃപാമൃതമെന്നിയിതേവരേ-

യറിവതില്ലൊരു നൂതനമാർഗ്ഗവും.

 

പരമസത്യമിതെങ്കിലുമേവനും

തവകമാനമതിൻ നിഴലുച്ചിയിൽ

വരുമൊരാനിമിഷം വലുതാ,ണതിൻ

സ്മരണചേർത്തിടുമുൾക്കിടിലംപരം.

 

സുകൃത ദുഷ്കൃതപാതകളിൽ ചരി-

ച്ചതിനു തക്ക മഹാവിധി വാചകം

അവിടെയാ നിമിഷത്തിൽ മുഴങ്ങിടും,

പുനരെടുത്തു വിചാരണയില്ലതിൽ. 

 

അതിലുമെന്തിനു ഭീതി നിനയ്ക്കുകിൽ 

വിധി സ്വയംകൃതമെന്നതു നിശ്ചയം

അവനവൻ പണിയുന്നൊരു നാകമോ

 നരകമോ വിധി നല്കുക മാത്രമാം.

 

അവിടെനിന്നു തിരിഞ്ഞൊരുനോട്ടമു-

ണ്ടരവിനാഴികയെന്നു നിനയ്ക്ക നാം

സുകൃതികൾക്കു കൃതാർത്ഥത സീമയ-

റ്റലയടിപ്പൊരുമാത്രയതായിടും.

 

കഴലിണയ്ക്കതി ദുസ്സഹവേദന-

യ്ക്കിടവരുത്തിയ ദുർഘടപാതകൾ 

അണിനിരന്നിടതൂർന്ന സുമങ്ങളാൽ 

കരൾ കവർന്നു ലസിപ്പതു കണ്ടിടും.

 

വഴിതടഞ്ഞുടൽ കീറിയിരുന്ന മുൾ-

ച്ചെടികളാലിടതിങ്ങിയ മേടുകൾ

അതിമനോജ്ഞ വസന്തവിലാസമാർ-

ന്നുപവനങ്ങളോടൊത്തു വിളങ്ങിടും.

 

ഇരുളിലാശ്രയമെന്നി നടന്നു കാ-

ലിടറി വീണൊരിടങ്ങളിലൊക്കെയും

ദിനകരപ്രഭയിൽ കളിയാടിടും

സ്ഫടികതുല്യമനോജ്ഞ സരസ്സുകൾ.

 

ഇവിടെ വന്ന നിരാശ പരാജയം

സകലതും നവരത്നസമൂഹമായ്

പടികൾ തീർന്നൊരു കോവണിയായ്, വഹി-

ച്ചവനെയുന്നത സൌധമണച്ചിടും.

 

ജഡിക ഭൌതിക ജീവിതമാർന്ന ദുഷ്-

കൃതികൾ നിത്യനിരാശയിലാണ്ടിടും 

പരമസൂക്തിയിൽ നാമറിയുന്നൊരാ 

ധനികനോടവർ തുല്യരുമായിടും.

 

മരണമല്ലതിനുത്തരവാദി,യാ

ദുരിതമോർക്കുക കർമ്മഫലം ദൃഢം

അറിക, നമ്മുടെ ചെയ്തികളേ ഭയ-

ന്നിടുകിൽ മൃത്യുവനുഗ്രഹകാരിണി.

 

അവളടുത്തുവരുന്നതറിഞ്ഞു നാ-

മകലെയോടുവതിന്നു നിനയ്ക്കുകിൽ

അടികൾ നീങ്ങുകയില്ല, പരിഭ്രമി- 

ച്ചിടുകിലും ഫലമില്ലൊരു ലേശവും. 

 

സപദിസ്വാഗതമോതിടുമെങ്കിലോ

മധുരചുംബനമെത്തിടുമുച്ചിയിൽ 

അതിനുമുന്നിൽ വരും പരിരംഭണം, 

സകലഭീതിയുമോടിമറഞ്ഞുപോം. 

 

ജനനിയാണു നമുക്കവൾ, നിത്യമാം

ജനനമാണു തരുന്നതുമാകയാൽ

ഇനിവിനാഭയമഞ്ജലിതന്നെയാ-

ണവളെയോർത്തുയരേണ്ടതു സാദരം.

          (കുടുംബദീപം, ഫെബ്രുവരി, 1963)