പാവം പത്രോസ്

യാചകൻ പത്രോസന്നു പൊരിയും വെയിലത്തു
നാലഞ്ചുമണിക്കൂറു തുടരെ നടക്കയാൽ
ക്ഷീണിതനായി, തെല്ലും കാലുകൾ നീങ്ങാതായി
പാണിയിൽ ഭിക്ഷാപാത്രം വഹിക്കാൻ വയ്യാതായി.
“വല്ലതും തരണമേ” എന്നൊന്നു വിളിക്കുവാൻ
തെല്ലുമേ നാവും പൊങ്ങാതുള്ളൊരു നിലയിലായി.
നാലഞ്ചു ചില്ലി കൈയിലുള്ളതു കൊടുത്തിട്ടു
നാഴിവെള്ളം വാങ്ങുവാൻ കടകൾ കാണുന്നില്ല.
രാജപാതയാണതു വലുതല്ലെന്നാകിലും
വാഹനങ്ങളേഭയന്നീടണം സൂക്ഷിക്കണം.
തെല്ലുവിശ്രമിക്കുവാനൊഴിവുള്ള ടമേതെ-
ന്നല്ലലാർന്നവൻ നോക്കി പാർശ്വഭാഗങ്ങൾ രണ്ടിൽ
തണലുണ്ടൊരേടത്തു തറയും മോശമല്ല,
പതുക്കെ നടന്നങ്ങു ചെന്നിരുന്നവൻ സാധു.
ചെറുകടിയൊന്നാണവനെത്താങ്ങുന്നതെ-
ന്നറിഞ്ഞില്ലവൻ പാരം മെയ്തളർന്നിരിക്കയാൽ.
കിടപ്പല്ലിരിപ്പുമല്ലെന്നൊരു വിധത്തിലായ്
കിതച്ചു കിതച്ചവൻ മാത്രകൾ കഴിക്കവേ
മാന്യനാമൊരു പാന്ഥനാവഴിവന്നു, തിരി-
ഞ്ഞൊന്നുനിന്നവൻ തലനമിച്ചു കൈകൾ കൂപ്പി.
യാചകൻ നേരേനിവർന്നിരുന്നു ചിന്തിക്കയായ്
“ദൈവമേ, ഇപ്പാപിയെ സ്സന്നമിക്കയോ പാന്ഥൻ!
ഭ്രാന്തനാണെന്നും വരാമീമനുഷ്യനല്ലെങ്കിൽ
സാധുവാമെന്നെ നമിച്ചീടുമോ തലതാഴ്ത്തി?
നീട്ടിയ ഭിക്ഷാപാത്രം കണ്ടുകൊണ്ടതിലേയ്ക്കും
തുട്ടുകളൊന്നോ രണ്ടോ യാത്രികൻ കുനിഞ്ഞിട്ടു.
കടന്നുപോകുന്നൊരാ മർത്യനെ വീണ്ടും വീണ്ടും
തുടർന്നു നോക്കിപ്പത്രോസങ്ങനെയിരിക്കുമ്പോൾ
മറ്റൊരു യാത്രക്കാരൻ മാന്യനല്ലെന്നാകിലും
തെറ്റുകൂടാതെ തിരിഞ്ഞതുപോൽ നമിക്കുന്നു.
എന്തൊരുകളിയിതെന്നത്ഭുതവികാരത്താ-
ലന്തരംഗത്തിലൊരു കോളിളക്കമായ്; പാവം!
എത്രയോ സ്ഥലത്തവൻ കഴിച്ചു ഭിക്ഷാടന-
മിത്രനാളോളം, പക്ഷേയിങ്ങനെ കണ്ടിട്ടില്ല.
വഴിയിൽക്കൂടി വീണ്ടും കടന്നുപോകുന്നവർ
പലരും തിരിഞ്ഞൊന്നു നമിച്ചു പോയിടുന്നു.
ഒട്ടുനേരമിക്കാഴ്ച കണ്ടുകൊണ്ടിരുന്നവൻ,
കിട്ടുന്നു ചില്ലിക്കാശും ചിലരിൽ നിന്നൊക്കെയും.
വിദ്യയും വിജ്ഞാനവും യാതൊരു സംസ്കാരവും
ബുദ്ധിയെ സ്പർശിക്കാത്ത യാചകൻ ചിന്തിക്കയായ്,
“നിർദ്ധനൻ ഞാനെങ്കിലുമെന്നിലുണ്ടെന്തോ മേന്മ
ബുദ്ധിയുള്ളവർ മാത്രമായതു ഗ്രഹിക്കുന്നു.
ഇതിലേ പോകുന്നവർ ബുദ്ധിമാന്മാരാകുകി-
ലതിനുമെന്തെങ്കിലും കാരണമുണ്ടാകണം.
എന്തു സംഗതി? ഇതിലെന്തു സംഗതി?” എന്ന
ചിന്തയോടവൻ നോക്കി ചുറ്റിലും സംഭ്രാന്തനായ്.
അപ്പോഴാണവൻ കാണ്മതവന്റെ പിന്നിൽ തന്നെ
നില്‌പൊരു കുരിശിനെ യനതി വിദൂരത്തിൽ
അക്കുരിശിനേയത്രേ യാളുകൾ നമിപ്പതെ-
ന്നല്പസന്ദേഹം വിനാബോദ്ധ്യമായ്; ലജ്ജിച്ചവൻ.
അവനോ നിരക്ഷരകുക്ഷിയാണതോർക്കുമ്പോ-
ളവന്റെ കാര്യത്തിലീകളിച്ചു നിസ്സാരമാം.
വലിയ വിജ്ഞന്മാർക്കും പലർക്കുമിതേവിധം
കളിപ്പു പറ്റീടുന്നതറിയുന്നുണ്ടോ ലോകം?
ആദരാഞ്ജലികളെ സ്വാഗതം ചെയ്തുകൊണ്ടു-
മാഗതന്മാരേനോക്കിപ്പുഞ്ചിരിതൂകിക്കൊണ്ടും
ഉയർന്ന പീഠങ്ങളിലിരിക്കും സമ്പൂജ്യരേ,-
യുണർത്തിച്ചീടുന്നു ഞാൻ സത്യമൊന്നീ ഘട്ടത്തിൽ.
അനിഷ്ടം തോന്നുന്നെങ്കിൽ ക്ഷമിക്കാനപേക്ഷയു-
ണ്ടെനിക്കോ ദുരുദ്ദേശം ലേശമില്ലെന്നോർക്കണം.
പിന്നിലുണ്ടൊരു കുരിശതുകാണണം നിങ്ങൾ
തന്നിലുണ്ടൊരുമേന്മയെന്നതു മറക്കണം.
പണ്ടൊരു പറയിക്കു പന്തിരു സന്താനങ്ങ-
ളുണ്ടായ കഥ പക്ഷേ പലരും കേട്ടിട്ടുണ്ടാം.
അവരിൽ “നാറാണത്തുഭ്രാന്ത’നെന്നൊരു വിദ്വാ-
നവന്റെ വിഭ്രാന്തിയാലുന്നതസന്ദേശത്തെ
പണ്ഡിതമ്മന്യന്മാർക്കു നല്കിയെന്നല്ലോ കേൾവി
എണ്ണിടാമക്കൂട്ടത്തിൽ യാചകൻ പത്രോസിനെ.
മനഃപൂർവ്വമല്ലെന്നു വന്നിടാം, പക്ഷേ പാരം
കനത്തതത്വം തന്നേ ജഗത്തിന്നവൻ നല്കി.
“പിന്നിലുണ്ടൊരു കുരിശതുകാണണം നിങ്ങൾ
തന്നിലുണ്ടൊരു മേന്മയെന്നതു മറക്കണം.
(കാർമ്മൽ, ഏപ്രിൽ 1963)