സി. മേരീ ബനീഞ്ഞ, മലയാള സാഹിത്യവിഹായസ്സിലെ ഏക മിസ്റ്റിക് കവയിത്രി. വാനമ്പാടി, ഇലഞ്ഞിപ്പൂവ് എന്നീ വിശേഷണങ്ങളാൽ സഹൃദയ ലോകത്തിന് സുപരിചിതയായ മഹാകവി. ഇലഞ്ഞി നാട്ടിലെ തോട്ടം കുടുംബത്തിൽ മേരി ജോണായി ജനിച്ചുവളർന്ന്, കേരള കത്തോലിക്കാ സഭയിലെ ഏതദ്ദേശീയ സന്ന്യാസിനീ സമൂഹമായ സിഎംസിയിൽ സി. മേരി ബനിഞ്ഞയായി വിടർന്നു വികസിച്ച കാവ്യപുഷ്പം. മഹാകാവ്യങ്ങൾ, ഖണ്ഡകാവ്യങ്ങൾ, കവിതാ സമാഹാരങ്ങൾ, ഒറ്റക്കവിതകൾ എന്നിങ്ങനെ വിവിധങ്ങളായ സൗരഭ്യസുമങ്ങളാൽ മലയാള സാഹിത്യ ലോകത്തെ സുരഭിലമാക്കിയ കാവ്യതല്ലജം.